in

പൊലീസിനെയും ഇന്റലിജന്‍സിനെയും ഞെട്ടിച്ചു കൊണ്ട് ചെന്നൈയില്‍ പൌരത്വ നിയമത്തിനെതിരെ സമരം

പൗരത്വ നിയമഭേദഗതിക്ക് എതിരെ വടക്കന്‍ ചെന്നൈയില്‍ ഇന്നലെ  വൈകിട്ടോടെ അപ്രതീക്ഷിതമായി തുടങ്ങിയ സമരം അ‍ർദ്ധരാത്രി പിന്നിട്ട് ഇപ്പോഴും തുടരുകയാണ്. മറ്റൊരു ഷഹീൻബാഗ് മോഡൽ സമരത്തിന് വേദിയായി മാറുകയാണ് വടക്കൻ ചെന്നൈയിലെ തെരുവുകൾ. ഇന്നലെ വൈകിട്ട് നഗരത്തിലെ വാഷർമാൻപേട്ടിൽ സമരക്കാരെ പൊലീസ് തല്ലിച്ചതച്ച്, പ്രതിഷേധം പിരിച്ച് വിടാൻ ശ്രമിച്ചത് സ്ഥിതി വഷളാക്കി. തീർത്തും അപ്രതീക്ഷിതമായി തുടങ്ങിയ സമരം പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കുകയാണ്. തീർത്തും അപ്രതീക്ഷിതമായി, പൊലീസിനോ ഇന്‍റലിജൻസിനോ ഒരു സൂചനയും നൽകാതെ, പെട്ടെന്നാണ് ഇത്തരമൊരു പ്രതിഷേധം വടക്കൻ ചെന്നൈ തെരുവുകളിൽ പൊട്ടിപ്പുറപ്പെട്ടത്

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഒന്ന്, സംസ്ഥാനസർക്കാർ പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ റജിസ്റ്ററിനെതിരെയും പ്രമേയം പാസ്സാക്കണം. രണ്ട്, ഇക്കാര്യത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ട് ഉറപ്പ് നൽകണം. മൂന്ന്, സിഎഎ പിൻവലിക്കണം.. 

അതേസമയം, പൊലീസ് ലാത്തിച്ചാർജിൽ ഒരു വൃദ്ധൻ മരിച്ചെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മൗണ്ട് റോഡ്, വാഷർമാൻപേട്ട് എന്നിവിടങ്ങളിൽ ഇപ്പോഴും സമരം തുടരുകയാണ്. ദേശീയപതാകകളേന്തി നിരവധിപ്പേർ ഇപ്പോഴും സമരവേദിയിലെത്തുന്നു. ഇതിന് മുമ്പ് ഇതേ മേഖല ഇത്തരമൊരു സമരത്തിന് വേദിയായിട്ടുള്ളത് ജല്ലിക്കട്ട് സമരകാലത്താണ്. അന്ന് മറീന ബീച്ചിൽ സമരവുമായി എത്തിയത് ലക്ഷക്കണക്കിന് പേരാണ്.

തമിഴ്‍നാട്ടിൽ പൊതുവെ സിഎഎ വിരുദ്ധവികാരം നിലനിൽക്കുന്നതിനാലും, പ്രതിപക്ഷപാർട്ടിയായ ഡിഎംകെ സമരത്തിന് പിന്തുണയുമായി എത്താൻ സാധ്യതയുള്ളതിനാലും, ഇതൊരു ഷഹീൻ ബാഗ് മോഡൽ സമരമായി മാറുന്നത് തടയാനാണ് പൊലീസും അണ്ണാ ഡിഎംകെ സർക്കാരും ശ്രമിക്കുന്നത്. എന്നാൽ ഇന്നലെ വൈകിട്ട് സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ വൻ പ്രതിഷേധമാണ് ഇരമ്പിയത്. വൈകിട്ടത്തെ പ്രതിഷേധത്തിനിടെ സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് നേരെ ലാത്തിച്ചാർജ് നടന്നു. സമാധാനപരമായി നടന്ന സമരത്തിന് നേർക്ക് പൊലീസ് ബലപ്രയോഗം നടത്തിയതിൽ കടുത്ത ജനരോഷമുയർന്നു. ലാത്തിച്ചാർജിന്‍റെ വിവരങ്ങൾ പുറത്തുവന്നതോടെ തിരുനെൽവേലിയിലടക്കം തമിഴ്‍നാട്ടിലെ വിവിധ നഗരങ്ങളിലും പിന്തുണയുമായി പ്രതിഷേധപ്രകടനങ്ങൾ നടന്നു. 

രാത്രി മുഴുവൻ സമരം നടക്കുന്ന വേദികളിൽ ‘ആസാദി’ വിളികളുയർന്നു. പല വേദികളിലുമെത്തി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറടക്കം നേരിട്ടെത്തി സമരക്കാരെ അനുനയിപ്പിച്ച് തിരിച്ച് അയക്കാൻ ശ്രമിച്ചെങ്കിലും അവർ പിൻമാറാൻ തയ്യാറായിരുന്നില്ല. 

ഷഹീൻ ബാഗിലേത് പോലെ സ്ത്രീകളെ മുന്നിൽ നിർത്തിത്തന്നെയാണ് വാഷർമാൻപേട്ടിലും സമരം നടക്കുന്നത്. വൻതോതിൽ യുവാക്കളും സമരത്തിന് രാത്രി പിന്തുണയുമായെത്തി. ഇനിയും സമരം തുടരുമെന്ന് തന്നെയാണ് സമരക്കാർ വ്യക്തമാക്കുന്നത്. ജല്ലിക്കട്ട് സമരം പോലെ കൃത്യമായ ഒരു നേതൃത്വമില്ലാതെ തുടങ്ങിയ സമരമാണിത്. അതിനാൽ ആരോട് ചർച്ച നടത്തണമെന്നതിൽ പൊലീസിനും ആശയക്കുഴപ്പമാണ്. മുഖ്യമന്ത്രി തമിഴ്‍നാട് സർക്കാർ സിഎഎയ്ക്ക് എതിരെ നിലപാടെടുക്കുമെന്ന് പറയുംവരെ സമരം തുടരുമെന്ന് സമരക്കാരും വ്യക്തമാക്കുന്നു. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഓഫീസിലിരുന്നും വ്യായാമം ചെയ്യാം 

‘പാരസൈറ്റ്’ കോടതി കയറുന്നു