in

കൊറോണ : സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകൾ  വിശ്വസനീയമോ? 

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട്  ഒട്ടേറെ സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകൾ ലോകത്ത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. വൈറസിൻ്റെ വ്യാപനം എത്രത്തോളമാകാമെന്നും  എത്രമാത്രം മരണങ്ങൾ ഇതുമൂലം ഉണ്ടാകാമെന്നും പ്രവചിക്കുന്നവ. ചൈന, ഇറ്റലി, സ്പെയിൻ, അമേരിക്ക, ഇന്ത്യ തുടങ്ങി ഓരോ രാജ്യത്തുമുണ്ടാകാവുന്ന രോഗികളുടെ എണ്ണം പ്രവചിക്കുന്നവ. കൊറോണ മൂലം കേരളം ഉൾപ്പെടെ അഭിമുഖീകരിക്കാൻ പോകുന്ന സാമ്പത്തിക നഷ്ടം പ്രവചിക്കുന്നവ. ലോക്ക് ഡൗൺ, സോഷ്യൽ ഡിസ്റ്റൻസിങ്ങ്, കോൺടാക്റ്റ് ട്രേയ്സിങ്ങ്, റാപ്പിഡ് ടെസ്റ്റിങ്ങ് തുടങ്ങി സകല മുന്നൊരുക്കങ്ങളും സുരക്ഷാ കവചങ്ങളും സ്വീകരിക്കുമ്പോഴും,  അല്ലാത്തപ്പോഴും ഉണ്ടാകാവുന്ന രോഗവ്യാപനത്തിൻ്റെയും ജീവഹാനിയുടെയും കണക്കിലെ അന്തരങ്ങൾ വെളിപ്പെടുത്തുന്നവ…

തുടങ്ങി ഈ മോഡലുകൾ വിപുലവും വൈവിധ്യപൂർണവുമാണ്. വരും മാസങ്ങളിലെ രോഗികളുടെ എണ്ണത്തിലെ എക്സ്പൊണൻഷ്യൽ വളർച്ച പ്രവചിക്കുന്ന ചില  മോഡലുകൾ നമ്മെ ഭയപ്പെടുത്തും. ആശങ്കാകുലരാക്കും. അമേരിക്കയിലെ ജോൺ ഹോപ്കിൻസ് സർവകലാ ശാലയുൾപ്പെടെ ഇത്തരം സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകൾ അവതരിപ്പിച്ചു കഴിഞ്ഞു. ഈ മോഡലുകൾ വിശ്വസനീയമാണോ? കൊറോണ മൂലം കോടിക്കണക്കിനോ ലക്ഷക്കണക്കിനോ ആളുകൾക്ക്  ജീവഹാനി സംഭവിക്കും എന്ന സ്റ്റാറ്റിസ്റ്റിക്കൽ വിദഗ്ധരുടെ പ്രവചനങ്ങളെ നാം എങ്ങിനെ കണക്കിലെടുക്കണം. രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റായ ഡോ. ഷാഹിദ് ജമീൽ പ്രതികരിക്കുന്നു.നെയ്ച്ചർ ഇന്ത്യ ചീഫ് എഡിറ്റർ ശുഭ്ര പ്രിയദർശിനി മോഡറേറ്റ് ചെയ്ത ഒരു ചർച്ചയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അവർ നല്കിയ മറുപടിയാണിത്.Scroll.in പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പ്രസക്തഭാഗത്തിൻ്റെ സ്വതന്ത്ര പരിഭാഷ

ഒട്ടേറെ മോഡലുകൾ ഉണ്ട്. അവയെല്ലാം വ്യത്യസ്തമായ നിഗമനങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഒരു മോഡൽ പ്രകാരം 30 മുതൽ 50 വരെ കോടി ഇന്ത്യക്കാരെ കൊറോണ ബാധിക്കും. അതായത് ജനസംഖ്യയുടെ 25% മുതൽ 40% വരെ ഇതുമൂലം ബാധിക്കപ്പെടാം. അതു പ്രകാരം 10 മുതൽ 12 വരെ ലക്ഷം മരണമാണ് ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത്. ഇതല്പം കടന്ന കണക്കായി ഞാൻ കരുതുന്നു. അമേരിക്കയിലുള്ള ഒരു സ്റ്റാറ്റിസ്റ്റിക്സ് ഗ്രൂപ്പ് മറ്റൊരു മോഡൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിൽ പ്രധാനമായും ബയോ അധ്യാപകരും ഇന്ത്യൻ വിദ്യാർഥികളുമാണ് ഉള്ളത്. അവരുടെ കണക്കുകൂട്ടൽ പ്രകാരം 60,000 മുതൽ 65,000 ‌ വരെ ഇന്ത്യക്കാരെയാണ് കോവിഡ് -19 ബാധിക്കുക. 40,000 ത്തോളം മരണങ്ങളും ഉണ്ടാകും. മറ്റൊരു മോഡൽ പ്രകാരം 21 ലക്ഷം പേരെ ബാധിക്കുകയും 13,000 പേർ മരണമടയുകയും ചെയ്യും.

ഇതെല്ലാം നിഗമനങ്ങളെ ആധാരമാക്കിയ മോഡലുകളാണ്. അവയുടെ അടിസ്ഥാനം അനുമാനങ്ങളാണ്. ഇവ മോഡലുകൾ മാത്രമാണ്. കൃത്യമായും അതു പ്രകാരം തന്നെ സംഭവിക്കണമെന്നില്ല. ഒട്ടേറെ വിവരങ്ങളെ ആധാരമാക്കിയാണ് മോഡലുകൾ രൂപപ്പെടുത്തുന്നത്. വിവരങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും പ്രധാനമാണ്. അതേ പോലെ പ്രധാനമാണ്, ആവശ്യമായത്ര അളവിൽ ഡാറ്റ ലഭ്യമായിരുന്നോ എന്നുള്ളത്. ലിമിറ്റഡ് ടെസ്റ്റിങ്ങ് മാത്രമാണ്  നമ്മുടെ രാജ്യത്ത് നടക്കുന്നത്. അതിൻ്റെ പരിമിതിയുമുണ്ട്. മിക്കവാറും മോഡലുകൾ മറ്റു രാജ്യങ്ങളിലെ ഡാറ്റ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയവയാണ്. അതും മോഡലിൻ്റെ വിശ്വാസ്യതയ്ക്ക് തടസ്സമാകും. വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത തരത്തിലാകാം വൈറസിൻ്റെ വ്യാപനം എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്‌.

എന്നാൽ തീർച്ചയുള്ള ഒരു കാര്യമുണ്ട്. അത് നാം നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് വരുത്തിവെച്ച നാശമാണ്. വനനശീകരണം നിർബാധം ഈ രീതിയിൽ തുടർന്നാൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കങ്ങൾ വർധിക്കും. അതു കൊണ്ടു തന്നെ മൃഗങ്ങളിൽ നിന്നുള്ള വൈറസുകൾ മനുഷ്യരിൽ എത്തിച്ചേരാനുള്ള സാധ്യതയും കൂടുകയാണ്. മഞ്ഞുമലകളെല്ലാം ഉരുകുകയാണെന്ന് കാലാവസ്ഥാ വിദഗ്ധരെല്ലാം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇതു മൂലം എന്ത് സംഭവിക്കും എന്ന് പ്രവചിക്കാൻ കൂടി സാധ്യമല്ല. നമ്മുടെ ആവാസവ്യവസ്ഥ  അപകടാവസ്ഥയിലാണ്. നാം ജീവിക്കുന്ന നമ്മുടെ ലോകത്തെ കണക്കിലെടുക്കാതെയുള്ള ഈ യാത്ര അപകടത്തിലേക്കാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഏകോപന ചുമതല ഡോ: വിശ്വാസ് മേത്തയ്ക്ക്

നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന പത്തിൽ മൂന്നുപേരും കൊറോണ വാഹകർ, കേന്ദ്രം സുപ്രീം കോടതിയിൽ