Movie prime

എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്

Arundhati Roy “താങ്കൾക്ക് എങ്ങനെയുണ്ടെന്ന് ഞാൻ തിരക്കുന്നില്ല, കാരണം വസന്തയിൽ നിന്ന് എനിക്കതറിയാം. വിശദമായ മെഡിക്കൽ റിപ്പോർട്ട് ഞാൻ കണ്ടുകഴിഞ്ഞു. എന്നിട്ടും ജാമ്യമോ പരോളോ പോലും അനുവദിക്കുന്നില്ല എന്നത് ആലോചിക്കാനേ ആവുന്നില്ല. സത്യത്തിൽ, താങ്കളെപ്പറ്റി ഓർക്കാത്ത ഒറ്റദിവസം പോലും എൻ്റെ ജീവിതത്തിൽ കടന്നുപോകുന്നില്ല. ഇപ്പോഴുമവർ പത്രങ്ങൾ സെൻസർ ചെയ്യുകയും പുസ്തകങ്ങൾ തടഞ്ഞുവയ്ക്കുകയും ചെയ്യുന്നുണ്ടോ? ദിനചര്യയിൽ താങ്കളെ സഹായിക്കുന്ന സഹ തടവുകാർ സെല്ലിൽ തന്നെ തങ്ങുന്നവരാണോ? അതോ ഷിഫ്റ്റനുസരിച്ചാണോ അവർ സെല്ലിലെത്തുന്നത്? അവർ എത്തരക്കാരാണ്? സൗഹൃദത്തോടെ ഇടപെടുന്നവരാണോ? താങ്കളുടെ More
 
എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ  ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്

Arundhati Roy

“താങ്കൾക്ക് എങ്ങനെയുണ്ടെന്ന് ഞാൻ തിരക്കുന്നില്ല, കാരണം വസന്തയിൽ നിന്ന് എനിക്കതറിയാം. വിശദമായ മെഡിക്കൽ റിപ്പോർട്ട് ഞാൻ കണ്ടുകഴിഞ്ഞു. എന്നിട്ടും ജാമ്യമോ പരോളോ പോലും അനുവദിക്കുന്നില്ല എന്നത് ആലോചിക്കാനേ ആവുന്നില്ല. സത്യത്തിൽ, താങ്കളെപ്പറ്റി ഓർക്കാത്ത ഒറ്റദിവസം പോലും എൻ്റെ ജീവിതത്തിൽ കടന്നുപോകുന്നില്ല. ഇപ്പോഴുമവർ പത്രങ്ങൾ സെൻസർ ചെയ്യുകയും പുസ്തകങ്ങൾ തടഞ്ഞുവയ്ക്കുകയും ചെയ്യുന്നുണ്ടോ? ദിനചര്യയിൽ താങ്കളെ സഹായിക്കുന്ന സഹ തടവുകാർ സെല്ലിൽ തന്നെ തങ്ങുന്നവരാണോ? അതോ ഷിഫ്റ്റനുസരിച്ചാണോ അവർ സെല്ലിലെത്തുന്നത്? അവർ എത്തരക്കാരാണ്? സൗഹൃദത്തോടെ ഇടപെടുന്നവരാണോ? താങ്കളുടെ വീൽചെയർ എങ്ങനെയുണ്ട്? അറസ്റ്റിൻ്റെ സമയത്ത് അത് കേടുപറ്റി ഇരിക്കുകയായിരുന്നെന്ന് എനിക്കറിയാം. അപകടകാരിയായ ഒരു കൊടും ക്രിമിനലിനെ എന്ന മട്ടിലായിരുന്നു ആ അറസ്റ്റ്. (“സ്വയം പ്രതിരോധ” ത്തിനായി അവർ താങ്കളെ വികാസ് ദുബെ ആക്കാത്തതിൽ നന്ദിയുള്ളവരാണ് ഞങ്ങൾ. തോക്ക് തട്ടിപ്പറിച്ച്, വീൽചെയർ കൈയ്യിലേന്തി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെന്ന് വരുത്തിയില്ലല്ലോ. പുതിയൊരു സാഹിത്യ ഴോണർ നമുക്ക് വേണം- കാക്കി ഫിക്ഷൻ. അങ്ങനെ തോന്നുന്നില്ലേ? ഒരു ലിറ്റററി ഫെസ്റ്റിനുള്ള മെറ്റീരിയൽ തന്നെ കൈയിലുണ്ട്. പ്രൈസ് മണിയും നന്നായിരിക്കും. നമ്മുടെ നിഷ്പക്ഷ കോടതികളിലെ നിഷ്പക്ഷരായ ന്യായാധിപർക്ക് ഇവിടെയും മികച്ച സേവനം നല്കാനാവും… Arundhati Roy

…എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ(കുറേക്കൂടി കടുപ്പിച്ച് പറഞ്ഞാൽ പേടിപ്പെടുത്തുന്ന തരത്തിൽ മണ്ടന്മാരായ)

ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്. നമ്മുടേതു പോലെ അതിവിശാലമായ ഒരു രാജ്യത്തിന്റെ സർക്കാർ സ്വന്തം എഴുത്തുകാരെയും പണ്ഡിതന്മാരെയും ഭയപ്പെടുന്നത് എത്രമാത്രം പരിതാപകരമാണ് “

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് നാഗ്പൂരിലെ ആൻഡാ ജയിലിലുളള ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ഡോ. ജി. എൻ. സായ് ബാബയ്‌ക്കെഴുതിയ കത്തിലേതാണ് ഈ വരികൾ. നമ്മുടെ രാജ്യത്തിൻ്റെ പേടിപ്പെടുത്തുന്ന രാഷ്ട്രീയാവസ്ഥയുടെ നേർചിത്രമാണ് എഴുത്തുകാരി തൻ്റെ വാക്കുകളിലൂടെ വരച്ചിടുന്നത്.

തൊണ്ണൂറ് ശതമാനവും ശരീരം തളർന്ന് വീൽ ചെയറിൽ സഞ്ചരിക്കുന്ന സായ്ബാബയെന്ന രാജ്യം ആദരിക്കുന്ന പണ്ഡിതനെ മാവോയിസ്റ്റ് ബന്ധം ചുമത്തിയാണ് നരേന്ദ്ര മോദി സർക്കാർ ജയിലിൽ അടച്ചിരിക്കുന്നത്. കോവിഡ് കാലത്തുപോലും അദ്ദേഹത്തിന് പരോൾ അനുവദിച്ചിട്ടില്ല. വിപ്ലവ കവിയെന്ന് അറിയപ്പെടുന്ന വരവരറാവുവിൻ്റെ ആരോഗ്യനില വഷളാവുകയും അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അരുന്ധതിയുടെ കത്ത്.

ദി വയറിൽ പ്രസിദ്ധീകരിച്ച

കത്തിൻ്റെ സ്വതന്ത്രമായ പരിഭാഷ ഇവിടെ വായിക്കാം.

……….

പ്രൊഫസർ ജി എൻ സായിബാബ

ജൂലൈ 17, 2020

ആൻഡ സെൽ

നാഗ്പൂർ സെൻട്രൽ ജയിൽ

നാഗ്പൂർ

മഹാരാഷ്ട്ര

പ്രിയ സായി,

നിരാശപ്പെടുത്തിയതിൽ എനിക്ക് ദുഃഖമുണ്ട്. പക്ഷേ ഇത് ഞാനാണ്, അരുന്ധതി. അഞ്ജുമല്ല. മൂന്നുവർഷം മുമ്പ് താങ്കൾ അവൾക്കൊരു കത്തെഴുതി. അവൾ തീർച്ചയായും അതിന് മറുപടി എഴുതേണ്ടതാണ്. പക്ഷെ എനിക്കെന്ത് ചെയ്യാൻ കഴിയും- അവളുടെ സമയബോധം നമ്മുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

വാട്ട്‌സ്അപ്പിന്റെയും ട്വിറ്ററിന്റെയും വേഗതയേറിയ ലോകത്തെ മാറ്റി നിർത്താം. ഒരു കത്തിന് മറുപടി നൽകാൻ മൂന്ന് വർഷം എടുക്കുന്നതിനെക്കുറിച്ച് അവൾ ഇപ്പോൾ ഒന്നും ചിന്തിക്കുന്നില്ല. ജന്നത്ത് ഗസ്റ്റ് ഹൗസിലെ തൻ്റെ മുറിയിൽ അവൾ ഇപ്പോൾ മുഴുവൻ സമയവും പാടുകയാണ്.

എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ  ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്
ജി.എന്‍.സായിബാബ

കാലങ്ങൾക്കുശേഷം അവൾ വീണ്ടും പാടാൻ തുടങ്ങി എന്നതാണ് ശ്രദ്ധേയമായ കാര്യം. ആ മുറിക്കരികിലൂടെ കടന്നുപോകുമ്പോൾ അവളുടെ ശബ്ദം കേൾക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഓരോ തവണയും ‘തും ബിൻ കോൻ ഖബാരിയ മോറി ലെയ്റ്റ് ‘ (സുഖമാണോ എന്ന് നിങ്ങളല്ലാതെ മറ്റാരാണ് എന്നോട് ചോദിക്കുക) എന്ന വാക്കുകൾ എന്റെ ഹൃദയത്തെ മുറിവേല്പിക്കുന്നു. താങ്കളെപ്പറ്റി ആലോചിക്കാൻ അതെന്നെ പ്രേരിപ്പിക്കുന്നു. ഈ വരികൾ ആലപിക്കുമ്പോൾ, അവളും നിങ്ങളെപ്പറ്റി ഓർക്കുന്നുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ കത്തിന് മറുപടി എഴുതിയില്ലെങ്കിലും, അവൾ മിക്കപ്പോഴും നിങ്ങൾക്കായി പാടുന്നുണ്ട്. ചെവി കൂർപ്പിച്ചു നോക്കൂ- ഒരുപക്ഷേ നിങ്ങൾക്കത് കേൾക്കാൻ കഴിയും.

സമയബോധത്തെപ്പറ്റി സംസാരിച്ചപ്പോൾ “താങ്കളുടേതും എന്റേതും” എന്ന് അത്ര എളുപ്പത്തിൽ പറഞ്ഞുപോയത് തെറ്റാണ്- കാരണം ഭയം ജനിപ്പിക്കുന്ന ആൻഡാ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നത് എൻ്റേതിനേക്കാൾ, താങ്കളുടേയും അവളുടേയും സമയബോധങ്ങളെയാണ് അടുപ്പിക്കുന്നത്. ഒരുപക്ഷേ ഇത് അവളുടേതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കാം. ഇംഗ്ലീഷ് ഭാഷയിലെ “ഡൂയിങ്ങ് ടൈം” എന്ന പ്രയോഗം, നാട്ടുഭാഷയിൽ നാമതിനെ ഉപയോഗിക്കുന്നതിനെക്കാൾ അർഥഗർഭമുള്ളതാണെന്ന് ഞാൻ കരുതുന്നു. എന്തായാലും, ചിന്താശൂന്യമായ ആ പരാമർശത്തിന് താങ്കൾ ക്ഷമിക്കണം. അഞ്ജുമും ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്, “ബുച്ചേഴ്സ് ലക്ക്” ജീവിതത്തിലെ അവളുടെ ശ്മശാനത്തിൽ- പക്ഷേ, തടവറയ്ക്കു പുറകിലല്ല അവൾ ഉള്ളത്. മനുഷ്യരായ ജയിലർമാരും അവിടെയില്ല. അവളുടെ ജയിലർമാർ ജിന്നുകളും സാക്കിർ മിയാന്റെ ഓർമകളുമാണ്.

കാക്കി ഫിക്ഷൻ

താങ്കൾക്ക് എങ്ങനെയുണ്ടെന്ന് ഞാൻ തിരക്കുന്നില്ല, കാരണം വസന്തയിൽ നിന്ന് എനിക്കതറിയാം. വിശദമായ മെഡിക്കൽ റിപ്പോർട്ട് ഞാൻ കണ്ടുകഴിഞ്ഞു. എന്നിട്ടും ജാമ്യമോ പരോളോ പോലും അനുവദിക്കുന്നില്ല എന്നത് ആലോചിക്കാനേ ആവുന്നില്ല. സത്യത്തിൽ, താങ്കളെപ്പറ്റി ഓർക്കാത്ത ഒറ്റദിവസം പോലും എൻ്റെ ജീവിതത്തിൽ കടന്നുപോകുന്നില്ല. ഇപ്പോഴുമവർ പത്രങ്ങൾ സെൻസർ ചെയ്യുകയും പുസ്തകങ്ങൾ തടഞ്ഞുവയ്ക്കുകയും ചെയ്യുന്നുണ്ടോ? ദിനചര്യയിൽ താങ്കളെ സഹായിക്കുന്ന സഹ തടവുകാർ സെല്ലിൽ തന്നെ തങ്ങുന്നവരാണോ? അതോ ഷിഫ്റ്റനുസരിച്ചാണോ അവർ സെല്ലിലെത്തുന്നത്? അവർ എത്തരക്കാരാണ്? സൗഹൃദത്തോടെ ഇടപെടുന്നവരാണോ? താങ്കളുടെ വീൽചെയർ എങ്ങനെയുണ്ട്? അറസ്റ്റിൻ്റെ സമയത്ത് അത് കേടുപറ്റി ഇരിക്കുകയായിരുന്നെന്ന് എനിക്കറിയാം. അപകടകാരിയായ ഒരു കൊടും ക്രിമിനലിനെ എന്ന മട്ടിലായിരുന്നു ആ അറസ്റ്റ്. (“സ്വയം പ്രതിരോധ” ത്തിനായി അവർ താങ്കളെ വികാസ് ദുബെ ആക്കാത്തതിൽ നന്ദിയുള്ളവരാണ് ഞങ്ങൾ. തോക്ക് തട്ടിപ്പറിച്ച്, വീൽചെയർ കൈയ്യിലേന്തി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെന്ന് വരുത്തിയില്ലല്ലോ. പുതിയൊരു സാഹിത്യ ഴോണർ നമുക്ക് വേണം- കാക്കി ഫിക്ഷൻ. അങ്ങനെ തോന്നുന്നില്ലേ? ഒരു ലിറ്റററി ഫെസ്റ്റിനുള്ള മെറ്റീരിയൽ തന്നെ കൈയിലുണ്ട്. പ്രൈസ് മണിയും നന്നായിരിക്കും. നമ്മുടെ നിഷ്പക്ഷ കോടതികളിലെ നിഷ്പക്ഷരായ ന്യായാധിപർക്ക് ഇവിടെയും മികച്ച സേവനം നല്കാനാവും.

താങ്കൾ എന്നെ കാണാൻ വന്നിരുന്ന ആ ദിനങ്ങൾ ഞാൻ ഓർക്കുകയാണ്. വീൽചെയർ ഉരുട്ടി കടന്നു വരാനാവാത്ത എൻ്റെ ഫ്ലാറ്റിലേക്ക് പടിക്കെട്ടിലൂടെ താങ്കളെ ചുമന്ന് വന്നിരുന്ന തെരുവിലെ ആ ക്യാബ് ഡ്രൈവർമാർ. ആ പടിക്കെട്ടുകളിൽ ഓരോന്നിലും ഇപ്പോൾ ഓരോ തെരുവ്നായയുണ്ട്. ചദ്ദ സാഹിബ് (അച്ഛൻ), ബഞ്ചാരിൻ (ജിപ്സി അമ്മ), അവരുടെ നായ്ക്കുട്ടികളായ ലീലയും സീലയും. കോവിഡ് ലോക്ക്ഡൗൺ സമയത്താണ് അവർ ജനിച്ചത്. അവരെന്നെ ദത്തെടുക്കാൻ തീരുമാനിച്ചതായി തോന്നുന്നു. ലോക്‌ഡൗണിനു ശേഷം നമ്മുടെ ഡ്രൈവർ സുഹൃത്തുക്കളാരും ആ തെരുവിലില്ല. ആർക്കും തൊഴിൽ ഇല്ലാതായി. ക്യാബുകളെല്ലാം പൊടിപിടിച്ചു കിടക്കുകയാണ്. വളരുന്ന ശാഖകളും ഇലകളുമായി അവ പതുക്കെ അവിടെത്തന്നെ വേരുറപ്പിക്കുകയാണ്. വലിയ നഗരങ്ങളിലെ തെരുവുകളിൽ നിന്ന് ചെറിയ മനുഷ്യരെല്ലാം അപ്രത്യക്ഷരായിരിക്കുന്നു. എല്ലാവരുമല്ല, പലരും, ദശലക്ഷക്കണക്കിന്…

താങ്കൾ എനിക്കായി കൊണ്ടുവന്ന അച്ചാറിൻ്റെ കുപ്പികൾ ഇപ്പോഴും എന്റെ പക്കലുണ്ട്. താങ്കൾ പുറത്തുവന്നിട്ടുവേണം എനിക്കവ തുറക്കാനും നമുക്കൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും. ഞാൻ കാത്തിരിക്കുകയാണ്. അതുവരെ അവിടെത്തന്നെയിരുന്ന് അവ നന്നായി പാകമാവട്ടെ.

വസന്തയെയും മഞ്‌ജിരയെയും വല്ലപ്പോഴും മാത്രമേ ഞാൻ കാണാറുള്ളൂ. കാരണം കൂട്ടായ സങ്കടത്തിന്റെ ഭാരം ഞങ്ങളുടെ കൂടിക്കാഴ്ചകളെ കഠിനമാക്കുന്നു. തീർച്ചയായും സങ്കടം മാത്രമല്ല, കോപം, നിസ്സഹായത, എൻ്റെ കാര്യമെടുത്താൽ ഒരുതരം നാണക്കേട് എല്ലാമുണ്ട്. ദുരിതപൂർണമായ ഈ സാഹചര്യം എത്ര അന്യായമാണെന്ന് വേണ്ടത്ര ആളുകളെ ബോധ്യപ്പെടുത്താൻ ആവാത്തതിലുള്ള നാണക്കേട് ഞാൻ അനുഭവിക്കുന്നുണ്ട്.

90% വൈകല്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ ഒരു മനുഷ്യനെ, പരിഹാസ്യമായ ചില കുറ്റങ്ങളുടെ പേരിൽ ജയിലിൽ അടച്ചിട്ടിരിക്കുന്നത് എത്ര ക്രൂരമാണ്. നീതിന്യായ വ്യവസ്ഥയുടെ ദുർഘടമായ പാത മുറിച്ചുകടന്ന് താങ്കളുടെ അപ്പീൽ വേഗത്തിലാക്കാൻ കഴിയാത്തതിൽ ലജ്ജിക്കുന്നു. ഈ പ്രക്രിയ തന്നെ കടുത്ത ശിക്ഷയായി മാറുന്നു. പരമോന്നത കോടതി താങ്കളെ കുറ്റവിമുക്തനാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, അത് സംഭവിക്കുമ്പോഴേക്കും, എന്ത് വിലയാണ് നല്കേണ്ടി വന്നിട്ടുണ്ടാവുക.

നമ്മുടെ പല പൊതുസുഹൃത്തുക്കളും- വിദ്യാർഥികളും അഭിഭാഷകരും പത്രപ്രവർത്തകരും ആക്റ്റിവിസ്റ്റുകളും ഉൾപ്പെടെ നിരവധി പേർ – ഒന്നിച്ചിരുന്ന് ചിരിച്ചവരും റൊട്ടി പങ്കുവെച്ച് കഴിച്ചവരും കഠിനമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടിരുന്നവരുമായ ഒട്ടേറെപ്പേർ ഇപ്പോൾ ജയിലിലാണ്. വി.വിയെപ്പറ്റി താങ്കൾക്ക് എന്തെങ്കിലും വിവരം ലഭിച്ചോയെന്ന് എനിക്കറിയില്ല (വരവര റാവുവിനെക്കുറിച്ചാണ് ഞാൻ പറയുന്നത്- വിവി എന്നത് എന്തിന്റെയെങ്കിലും കോഡാണെന്ന് ജയിലിലെ സെൻസർമാർ തെറ്റിദ്ധരിച്ചാലോ) 81 വയസ്സുള്ള മഹാനായ ആ കവിയെ ജയിലിൽ അടയ്ക്കുന്നത് ഒരു ആധുനിക സ്മാരകം ജയിലിൽ അടയ്ക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെപ്പറ്റിയുള്ള വാർത്തകൾ ആശങ്കാജനകമാണ്. ആരോഗ്യം അപകടകരമായ അവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തിന് ചികിത്സ നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വൃത്തിഹീനമായ ഒരു വിരിപ്പിൽ, അടുത്തൊന്നും ആരുമില്ലാത, കിടക്കുകയായിരുന്നു അദ്ദേഹം എന്നാണ്, അദ്ദേഹത്തെ സന്ദർശിച്ച കുടുംബം പറയുന്നത്. പരസ്പര ബന്ധമില്ലാതെ സംസാരിച്ച വി.വിക്ക് നടക്കാനും കഴിയില്ലത്രേ.

എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ  ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്
വരവര റാവു

പരസ്പര ബന്ധമില്ലാതെ സംസാരിക്കുക! അതും വി.വി! പതിനായിരക്കണക്കിന് ആളുകളെ ഒരാലോചനയും കൂടാതെ അഭിസംബോധന ചെയ്യുന്ന മനുഷ്യൻ, ആന്ധ്രയിലും തെലങ്കാനയിലും ഇന്ത്യയിലുടനീളവുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ ചിന്തകളെയും ഭാവനയെയും കവിതകളിലേക്ക് പകർത്തിവെച്ച മനുഷ്യൻ.

താങ്കളുടെ ജീവിതത്തെ കരുതി ഭയപ്പെടുന്നതുപോലെ വി.വിയുടെ ജീവിതത്തെക്കുറിച്ചോർത്തും ഞാൻ ഭയപ്പെടുന്നു. ഭീമ കൊറേഗാവ് കേസിൽ പ്രതികളാക്കപ്പെട്ടവരിൽ- ഭീമ കൊറെഗാവ് ഇലവൻ- പലരും ആരോഗ്യ പ്രശ്നങ്ങളുള്ളവരാണ്. വൈറസ് ബാധയ്ക്ക് സാധ്യത കൂടുതലുള്ളവരാണ് അവരിൽ ചിലർ. ജയിലിൽ വി.വിയെ പരിചരിച്ചിരുന്ന വെർനോൺ ഗോൺസാൽവസ് അപകടാവസ്ഥയിലാണ്. ഗൗതം നവ് ലാഖയും ആനന്ദ് തെൽതുംദെയും അതേ ജയിലിലായിരുന്നു. എന്നാൽ തുടരെത്തുടരെ കോടതികൾ അവർക്ക് ജാമ്യം നിഷേധിക്കുകയാണ്. ഗുവാഹതി ജയിലിൽ അടയ്ക്കപ്പെട്ട അഖിൽ ഗോഗോയിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ  ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്
വെര്‍നോണ്‍ ഗോണ്‍സാല്‍വെസ്

എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും, ക്രൂരന്മാരും, ബുദ്ധിപരമായി ദുർബലരുമായ(കുറേക്കൂടി കടുപ്പിച്ച് പറഞ്ഞാൽ പേടിപ്പെടുത്തുന്ന തരത്തിൽ മണ്ടന്മാരായ) ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്. നമ്മുടേതു പോലെ അതിവിശാലമായ ഒരു രാജ്യത്തിന്റെ സർക്കാർ സ്വന്തം എഴുത്തുകാരെയും പണ്ഡിതന്മാരെയും ഇത്രമാത്രം ഭയപ്പെടുന്നത് എത്രമാത്രം പരിതാപകരമാണ്.

എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ  ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്

സംഗീതം, കവിത, സ്നേഹം

കുറച്ച് മാസങ്ങൾക്ക് മുമ്പ് വലിയൊരു മാറ്റത്തിൻ്റെ പ്രതീതി തോന്നിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനും പൗരന്മാരുടെ ദേശീയ രജിസ്റ്ററിനുമെതിരെ ദശലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി, പ്രത്യേകിച്ചും വിദ്യാർഥികൾ. ആവേശകരമായിരുന്നു ആ അനുഭവം. സംഗീതവും കവിതയും പ്രണയവും അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. വിപ്ലവം അല്ലെങ്കിലും ചെറിയ രീതിയിലെങ്കിലും ഉള്ള ഒരു റെബലിയൻ. താങ്കൾക്കത് തീർച്ചയായും ഇഷ്ടപ്പെടുമായിരുന്നു.

പക്ഷേ, എല്ലാം മോശമായാണ് കലാശിച്ചത്. ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ 53 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ പ്രതി ചേർത്തിരിക്കുന്നത്, സമാധാനപരമായി സമരം ചെയ്ത സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരെയാണ്. ആസൂത്രിതമായ ആക്രമണമാണിതെന്ന് സായുധ സംഘങ്ങളുടെ വീഡിയോകളിൽ നിന്ന് വ്യക്തമാണ്. പൊലീസിന്റെ പിന്തുണയോടെ കലാപമുണ്ടാക്കി തെരുവുകൾ തീയിട്ട് നശിപ്പിച്ച് , തൊഴിലാളികൾ കൂട്ടം കൂടി താമസിക്കുന്ന ഇടങ്ങളിൽ കൊലപാതകങ്ങൾ അരങ്ങേറ്റുകയായിരുന്നു. കുറച്ചുകാലമായി പിരിമുറുക്കം വളർന്നു വരുന്നുണ്ടായിരുന്നു. അതിനാൽ പ്രദേശവാസികൾ തിരിച്ചടിക്കുകയും ചെയ്തു.

എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ  ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്

എന്നാൽ, എല്ലായ്പ്പോഴും എന്നപോലെ ഇരകളെയാണ് കുറ്റവാളികളാക്കി മാറ്റിയിരിക്കുന്നത്. ലോക്ക്ഡൗണിൻ്റെ മറവിൽ, നൂറുകണക്കിന് ചെറുപ്പക്കാർ- ഭൂരിഭാഗവും മുസ്ലീങ്ങൾ തന്നെ- നിരവധി വിദ്യാർഥികളും ഉൾപ്പെടെ, ദില്ലിയിലും ഉത്തർപ്രദേശിലും അറസ്റ്റിലായി. പൊലീസിൻ്റെ കൈയിൽ ഒരു തെളിവുമില്ലാത്ത മറ്റ് മുതിർന്ന പ്രവർത്തകരെ പ്രതിചേർക്കാൻ, ചില യുവാക്കൾ നിർബന്ധിതരാകുന്നുവെന്ന അഭ്യൂഹങ്ങളുമുണ്ട്.

ഫിക്ഷൻ എഴുത്തുകാർ ഒരു പുതിയ തിരക്കഥയുടെ പണിപ്പുരയിലാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിൽ എത്തിയ സമയത്ത്, സർക്കാരിനെ കുഴപ്പത്തിലാക്കാനുള്ള ഗൂഢാലോചനയായിരുന്നു ഡൽഹി കൂട്ടക്കൊലയെന്നാണ് അവരുടെ ഭാവന. ട്രംപിന്റെ സന്ദർശനം സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ പദ്ധതി ആവിഷ്‌കരിച്ചതായി പൊലീസ് കൊണ്ടുവന്ന തീയതികൾ സൂചിപ്പിക്കുന്നു – വൈറ്റ് ഹൗസിൽ എത്ര സുരക്ഷിതത്വമാണ് സി‌എ‌എ വിരുദ്ധ പ്രവർത്തകർ കണ്ടെത്തുന്നതെന്ന് ഓർക്കണം! എന്തൊരു ഗൂഢാലോചനയാണിത്? സർക്കാരിന് ചീത്തപ്പേര് വരുത്താനായി പ്രതിഷേധക്കാർ തങ്ങളെത്തന്നെ പരസ്പരം കൊല്ലുക !

സകലതും കീഴ്മേൽ മറിയുകയാണ്. കൊല്ലപ്പെടുന്നത് കുറ്റകരമായിരിക്കുന്നു. കൊല ചെയ്യപ്പെട്ടാൽ അവർ നമ്മുടെ ശവശരീരത്തെ കേസിൽ പെടുത്തും. പ്രേതത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തും. ഞാൻ ഇത് എഴുതുമ്പോൾ ബീഹാറിലെ അരാരിയയിൽ നിന്നുള്ള ഒരു വാർത്ത വരുന്നുണ്ട്. കൂട്ടമാനഭംഗത്തിന് ഇരയായി എന്ന് പൊലീസിൽ പരാതി നൽകിയ സ്ത്രീയെയും അവർക്കൊപ്പം ഉണ്ടായിരുന്ന വനിതാ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു എന്ന നടുക്കുന്ന വാർത്തയാണത് .

സ്വസ്ഥത കെടുത്തുന്ന ചില കാര്യങ്ങൾക്ക് എപ്പോഴും രക്തച്ചൊരിച്ചിലും ലിഞ്ചിങ്ങും കൂട്ടക്കൊലയും ജയിൽവാസവുമായി ബന്ധമുണ്ടാകണമെന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അലഹബാദിലെ ഒരു തെമ്മാടിക്കൂട്ടം ബലം പ്രയോഗിച്ച്, ഒരു തെരുവിലെ മുഴുവൻ വീടുകൾക്കും കാവി അടിപ്പിച്ച വാർത്ത അത്തരത്തിൽ ഒന്നാണ്. ഹിന്ദു ദൈവങ്ങളുടെ കൂറ്റൻ ചിത്രങ്ങൾ വെച്ച് ആ വീടുകൾ മറയ്ക്കുകയും ചെയ്തു. ഈ വാർത്ത കേട്ടപ്പോൾ വല്ലാത്തൊരു മരവിപ്പാണ് എനിക്ക് അനുഭവപ്പെട്ടത്.

തീർച്ചയായും, ഈ വഴിയിൽ ഇനി എത്രദൂരം ഇന്ത്യ മുന്നോട്ട് പോവുമെന്ന് എനിക്കറിയില്ല.

താങ്കൾ ജയിലിൽ നിന്ന് പുറത്തുവരുമ്പോൾ ഇത് തീർത്തും മാറിയ ഒരു ലോകമായിരിക്കും.

കോവിഡ്-19 ഉം തിടുക്കത്തിൽ തീരുമാനിച്ച്, മോശമായി നടപ്പിലാക്കിയ ലോക്ഡൗണും വിനാശകരമാണ്, പാവങ്ങൾക്ക് മാത്രമല്ല, ഇടത്തട്ടുകാർക്കും. ഹിന്ദുത്വ ബ്രിഗേഡിനും അതങ്ങനെ തന്നെയാണ്. 1.38 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്ത് മാസങ്ങൾ നീണ്ടുനില്ക്കുന്ന, രാജ്യവ്യാപകമായ, കർഫ്യൂ പോലുള്ള ഒരു ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് വെറും നാല് മണിക്കൂർ (രാത്രി 8 മുതൽ അർദ്ധരാത്രി വരെ) മുമ്പത്തെ അറിയിപ്പ് നല്കിയായിരുന്നു എന്ന് നിങ്ങൾക്ക് ഊഹിക്കാനാവുമോ?

എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ  ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്

ജനങ്ങൾ, ചരക്കുകൾ, യന്ത്രങ്ങൾ, വിപണികൾ, ഫാക്ടറികൾ, സ്കൂളുകൾ, സർവകലാശാലകൾ എല്ലാം ഒറ്റയടിക്ക് സ്തംഭിച്ചു. ചിമ്മിനികളിലെ പുകയും റോഡുകളിലെ ട്രക്കുകളും വിവാഹങ്ങളിലെ അതിഥികളും ആശുപത്രികളിലെ ചികിത്സയും ചലനമറ്റ നിലയിലായി- അതും ഒരു മുന്നറിയിപ്പു പോലുമില്ലാതെ. ഈ വലിയ രാജ്യം ഒരു ക്ലോക്ക് വർക്ക് കളിപ്പാട്ടം പോലെ നിശ്ചലാവസ്ഥയിലായി.

അമിതലാളന കൊണ്ട് വഷളായ, സമ്പന്ന ബാലനായ അതിൻ്റെ ഉടമ താക്കോൽ ഊരിയെടുത്തു. എന്തുകൊണ്ട്? അവനതിനുള്ള കഴിവുണ്ട്.

സമൂഹത്തെ വലിയതോതിൽ ബാധിക്കുന്ന ജാതി, വർഗം, മതം, ലിംഗഭേദം എന്നിങ്ങനെയുളള സ്ഥാപനവൽക്കരിക്കപ്പെട്ട അനീതികൾ വെളിവാക്കിയ എക്സ്-റേ ആയി കോവിഡ്-19 മാറി. വിനാശകരമായി ആസൂത്രണം ചെയ്ത

ലോക്ഡൗൺ മൂലം, വൈറസ് അതിൻ്റെ സഞ്ചാരവഴികളിൽ മുന്നേറി. സമ്പദ്‌വ്യവസ്ഥ ഏതാണ്ട് സമ്പൂർണമായി തകർന്നു. ചിലപ്പോൾ ശീതീകരിച്ച ഒരു സ്ഫോടനത്തിലൂടെയാണ് നമ്മുടെ ജീവിതം മുന്നേറുന്നത് എന്ന് തോന്നും. തകർന്ന ഭാഗങ്ങളെല്ലാം, അന്തരീക്ഷത്തിൽ തങ്ങി നില്ക്കുകയാണ്. അവ എവിടെയെല്ലാമാണ് പതിക്കാൻ പോകുന്നതെന്നോ അതിലൂടെയുണ്ടാവുന്ന നാശത്തിന്റെ യഥാർഥ വ്യാപ്തി എന്തായിരിക്കുമെന്നോ ഇപ്പോഴും നമുക്കറിയില്ല.

പാർപ്പിടവും ഭക്ഷണവും പണവും ഗതാഗത സൗകര്യവും ഇല്ലാതെ നഗരങ്ങളിൽ കുടുങ്ങിപ്പോയ ദശലക്ഷക്കണക്കിന് തൊഴിലാളികൾ നൂറുകണക്കിനോ, ആയിരക്കണക്കിനോ മൈലുകൾ ഗ്രാമങ്ങളിലേക്ക് നടക്കേണ്ടി വന്നു. നടക്കുന്നതിനിടയിൽ പൊലീസ് അവരെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു. ആ പലായനക്കാഴ്ചകളിൽ ചിലത് എന്നെ ജോൺ സ്റ്റെയ്ൻബെക്കിന്റെ ‘ദ ഗ്രേപ്സ് ഓഫ് റാത്ത്’ എന്ന കൃതി ഓർമയിൽ കൊണ്ടുവന്നു…അടുത്തിടെ ഞാനത് വീണ്ടും വായിച്ചു. എന്തൊരു പുസ്തകമാണത്.

എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ  ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്

അമേരിക്കൻ സാമ്പത്തിക മാന്ദ്യകാലത്തെ മഹത്തായ കുടിയേറ്റത്തെക്കുറിച്ചാണ് ആ പുസ്തകം. ആ നോവലിൽ സംഭവിച്ചതും ഇവിടെ സംഭവിച്ചതും തമ്മിലുള്ള വ്യത്യാസമായി ഞാൻ കരുതുന്നത് നമ്മുടെ ജനങ്ങൾ ഭരണകൂടത്തോട് ഒട്ടും കോപം പ്രകടിപ്പിക്കുന്നില്ല എന്നതാണ്. ശരിയാണ്, ഇടയ്ക്കിടെ ചില പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ട്, എന്നാൽ അവയൊന്നും നിയന്ത്രണാതീതമായിരുന്നില്ല. അവരവരുടെ ഭാഗധേയം ഓരോരുത്തരും ഇത്തരത്തിൽ സ്വീകരിക്കുന്നത് ഒരു വിറയലോടെയേ നോക്കിക്കാണാൻ ആവുന്നുളളൂ. ആളുകൾ എത്ര അനുസരണയുള്ളവരാണ്. ഇത് അധികാര വർഗത്തിന് (അതിൻ്റെ ക്ലാസ്സിനും കാസ്റ്റിനും) വലിയ രീതിയിൽ ആശ്വാസമായിരിക്കണം- സഹിക്കാനും അടിമകളെപ്പോലെ അനുസരിക്കാനുമുള്ള ‘ജനസാമാന്യ’ ത്തിൻ്റെ അനന്തമായ ശേഷി. എന്നാൽ ഈ ഗുണം- ഒരു അനുഗ്രഹമാണോ ശാപമാണോ? അതേപ്പറ്റിയാണ് എൻ്റെ ആലോചനകളെല്ലാം.

ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ വീട്ടിലേക്കുള്ള ലോങ്ങ് മാർച്ച് കണ്ടപ്പോഴാണ് രാജ്യത്തെ ടിവി ചാനലുകളും മുഖ്യധാരാ മാധ്യമങ്ങളും “കുടിയേറ്റ തൊഴിലാളി” എന്ന പ്രതിഭാസത്തെ കണ്ടെത്തുന്നത്. കോർപ്പറേറ്റ് സ്പോൺസേഡ് മുതലക്കണ്ണീർ ധാരാളമായി ചൊരിയപ്പെട്ടു. മൈക്രോഫോണുകൾ മുഖത്തേക്കുന്തി റിപ്പോർട്ടർമാർ അവരോട് ചോദ്യങ്ങളെറിഞ്ഞു:

“എവിടേക്കാണ് നിങ്ങൾ പോകുന്നത്? കൈയിൽ എത്ര പണമുണ്ട്? എത്ര ദിവസം ഇങ്ങനെ നടക്കും? ”

ജയിലിൽ കിടക്കുന്ന മറ്റു പലരേയും പോലെ താങ്കളും, ദാരിദ്ര്യത്തിനും പലായനത്തിനും കാരണമായ ഈ യന്ത്രത്തിനെതിരെ കാലങ്ങളോളം പ്രചാരണം നടത്തിയതാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന, സ്വന്തം ഗ്രാമങ്ങളിൽനിന്ന് കൂട്ടത്തോടെ പലായനം ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഈ യന്ത്രത്തിനെതിരെ. നീതിക്കായി നിങ്ങൾ ശബ്ദമുയർത്തുമ്പോൾ – ഇതേ ടിവി ചാനലുകളിൽ പലതും, പലപ്പോഴും ഇതേ പത്രപ്രവർത്തകരും കമന്റേറ്റർമാരും- ആ യന്ത്രത്തെ ആഘോഷിക്കുകയായിരുന്നു. അവർ നിങ്ങളെ അധിക്ഷേപിച്ചു, കളങ്കപ്പെടുത്തി, ചില പ്രത്യേക മുദ്രകൾ ചാർത്തിത്തന്നു. ഇപ്പോഴവർ മുതലക്കണ്ണീർ പൊഴിക്കുകയും നെഗറ്റീവ് 9.5 ജിഡിപിയെപ്പറ്റി ആശങ്കപ്പെടുകയും ചെയ്യുമ്പോൾ- നിങ്ങളെല്ലാം ജയിലിലാണ്.

ഈ കണ്ണീരിനിടയിൽ പോലും, സർക്കാരിൻ്റെ ഓരോ നീക്കത്തിനും മാധ്യമങ്ങൾ കരഘോഷം മുഴക്കുന്നുണ്ട്. ഇടയ്ക്കിടെ അത് വലിയൊരു സ്റ്റാൻഡിംഗ് ഒവേഷനായും മാറുന്നു. ലോക്ഡൗൺ സമയത്ത് ഞാൻ ആദ്യമായി വായിച്ചത് വാസിലി ഗ്രോസ്മാൻ എഴുതിയ ‘സ്റ്റാലിൻഗ്രാഡ് ‘ ആയിരുന്നു. (ഗ്രോസ്മാൻ ചെമ്പടയിലെ മുന്നണിപ്പോരാളിയായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമായ ‘ലൈഫ് ആൻഡ് ഫെയ്റ്റ് ‘ സോവിയറ്റ് സർക്കാരിൽ അപ്രീതിയുളവാക്കിയിരുന്നു. അതിൻ്റെ കൈയെഴുത്തുപ്രതി “അറസ്റ്റ് ” ചെയ്യപ്പെട്ടു- അതൊരു മനുഷ്യനാണെന്നപോലെ.) ധീരവും മഹത്തരവുമായ ഒരു പുസ്തകമാണത്. ക്രിയേറ്റീവ് റൈറ്റിംഗ് ക്ലാസുകളിൽ പഠിപ്പിക്കാൻ കഴിയാത്തത്ര ധീരതയുള്ളത്.

എന്തായാലും, ഈ പുസ്തകത്തെപ്പറ്റി ചിന്തിക്കാൻ കാരണമായത് അതിൽ വിവരിച്ചിട്ടുള്ള അസാധാരണമായ ഒരു സന്ദർഭമാണ്. യുദ്ധത്തിന്റെ മുന്നണിയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു മുതിർന്ന നാസി പട്ടാള മേധാവി റഷ്യയിൽ നിന്ന് ബെർലിനിലേക്ക് പറന്ന് അവിടെ വെച്ച് ഹിറ്റ്ലറുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അസാധാരണമായ വിവരണമാണത്.

യുദ്ധം തുടങ്ങിയിരുന്നു. ജർമനിക്ക് പ്രതികൂലമായ വിധത്തിലാണത് മുന്നേറുന്നത്. അടിത്തട്ടിലെ യാഥാർഥ സ്ഥിതി ഗ്രഹിപ്പിക്കാനാണ് ഉദ്യോഗസ്ഥൻ ഹിറ്റ്ലറെ നേരിൽ കാണുന്നത്. എന്നാൽ ഹിറ്റ്ലറുമായി മുഖാമുഖം വരുമ്പോൾ കാര്യങ്ങൾക്ക് മാറ്റം വരുന്നു. യജമാനനെ കണ്ടുമുട്ടിയതിൽ അയാൾ ഭയപ്പെടുന്നു. ആവേശഭരിതനാവുന്നു. ഫ്യൂററെ പ്രസാദിപ്പിക്കാനായി, അദ്ദേഹം കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഉദ്യോഗസ്ഥൻ പറയുന്നത്.

നമ്മുടെ രാജ്യത്തും അതുതന്നെയാണ് സംഭവിക്കുന്നത്. കഴിവുള്ള തലച്ചോറുകൾ പോലും ഭയവും യജമാനനെ പുകഴ്ത്തി വശത്താക്കാനുളള ആഗ്രഹവും കൊണ്ട് മുരടിച്ചു പോയിരിക്കുന്നു. നമ്മുടെ കൂട്ടായ ബൗദ്ധികശേഷി തകർന്നടിയുകയാണ്, യാഥാർഥ്യങ്ങൾ തുറന്നുകാട്ടാൻ അവസരമില്ലാതെ അത് നാശം കാണുകയാണ്.

ഇതിനിടയിൽ പകർച്ചവ്യാധിയുടെ ആക്രമണവും രൂക്ഷമാകുന്നുണ്ട്. വൈറസ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങൾക്കുള്ള പന്തയത്തിലെ വിജയികൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലെ മൂന്ന് പ്രതിഭകളായത് യാദൃശ്ചികമല്ല- മോദി, ട്രംപ്, ബോൾസോനാരോ. അവരുടെ മുദ്രാവാക്യമെന്നത്, ഡൽഹി മുഖ്യമന്ത്രിയുടെ (അദ്ദേഹമിപ്പോൾ പരാഗണം നടത്തുന്ന തേനീച്ചയെപ്പോലെ ഭാരതീയ ജനതാ പാർട്ടിയെ വട്ടമിട്ടുപറക്കാൻ തുടങ്ങിയിട്ടുണ്ട്) വാക്കുകളിൽ പറഞ്ഞാൽ “ഹം അബ് ഫ്രണ്ട്സ് ഹായ് നാ?” എന്നത്രേ.

ട്രംപ് നവംബറോടെ അധികാരത്തിൽ നിന്ന് പുറത്താവാൻ സാധ്യതയുണ്ട്. എന്നാൽ ഇന്ത്യൻ ചക്രവാളത്തിൽ പ്രതീക്ഷയുടെ തരിമ്പു പോലുമില്ല. പ്രതിപക്ഷം തകർന്നടിയുന്നു. നേതാക്കൾ ശാന്തരായി, മയങ്ങുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾ കാപ്പിക്കപ്പിലെ നുരപോലെ ഊതിപ്പറത്തപ്പെടുന്നു.

വിശ്വാസവഞ്ചനയും കൂറുമാറ്റവുമാണ് ദൈനംദിനം കൊണ്ടാടപ്പെടുന്നത്. കോടികൾ കൈക്കൂലി നല്കിയുള്ള കൂറുമാറ്റം തടയാൻ എം‌എൽ‌എമാരെ കൂട്ടായി ആട്ടിത്തെളിച്ച്, അവധിക്കാല റിസോർട്ടുകളിൽ പൂട്ടിയിടുന്നു. ഏറ്റവും കൂടുതൽ കാശിറക്കി ലേലം വിളിച്ചയാൾക്ക് ഇവറ്റകളെ പരസ്യമായി ലേലം ചെയ്തു നല്കണമെന്നാണ്‌ എൻ്റെ അഭിപ്രായം. എന്താണ് താങ്കൾ കരുതുന്നത്? ആർക്കാണ് ഇവറ്റകളെ കൊണ്ട് പ്രയോജനം? അത് പോട്ടെ. നമുക്ക് യഥാർഥ പ്രശ്നത്തെ അഭിമുഖീകരിക്കാം: ഫലത്തിൽ രണ്ടുപേർ ഭരിക്കുന്ന ഏകകക്ഷി ജനാധിപത്യമാണ് നമ്മുടേത്. ഇതൊരു വിരുദ്ധോക്തിയാണെന്ന വിവരം പോലും പലരും മനസ്സിലാക്കുന്നില്ല.

ലോക്ഡൗൺ സമയത്ത് തങ്ങൾ ജയിലിൽ അടയ്ക്കപ്പെട്ടതായി തോന്നുന്നെന്ന് നിരവധി മധ്യവർഗക്കാർ പരാതിപ്പെട്ടു. എന്നാൽ സത്യത്തിൽനിന്ന് എത്ര അകലെയാണ് ഈ പറച്ചിലെന്ന് താങ്കൾക്കറിയാം. അവരെല്ലാം കുടുംബത്തോടൊപ്പം വീട്ടിലായിരുന്നു.(പലർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക്, അത് എല്ലാത്തരം അക്രമങ്ങളിലുമാണ് അവസാനിച്ചതെങ്കിലും). പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ അവർക്ക് കഴിഞ്ഞു. ജോലിയുമായി മുന്നോട്ട് പോയി. സ്മാർട്ട് ഫോണുകൾ ഉണ്ടായിരുന്നു. ഇന്റർനെറ്റ് ഉണ്ടായിരുന്നു. ആരുംതന്നെ താങ്കളുടേത് പോലുള്ള അവസ്ഥയിലായിരുന്നില്ല. കശ്മീരി ജനതയെപ്പോലെ ആയിരുന്നില്ല അവരാരും. കഴിഞ്ഞവർഷം ഓഗസ്റ്റ് 5 മുതൽ 370-ാം വകുപ്പ് റദ്ദാക്കുകയും പ്രത്യേക പദവിയും സംസ്ഥാന പദവിയും നഷ്ടമായ കശ്മീരികളെപ്പോലെ ആയിരുന്നില്ല അവരാരും.

എത്രമാത്രം ഇടുങ്ങിയ മനസ്സുള്ളവരും ക്രൂരന്മാരും ബുദ്ധിപരമായി ദുർബലരുമായ  ഭരണാധികാരികളാണ് നമ്മെ ഭരിക്കുന്നത്

രണ്ട് മാസത്തെ ലോക് ഡൗൺ സമ്പദ്‌വ്യവസ്ഥയെ ഇത്ര ഭീകരമായി ബാധിച്ചിട്ടുണ്ടെങ്കിൽ, ഒരു വർഷത്തോളം നീണ്ടുനിന്ന ഇന്റർനെറ്റ് ഉപരോധവും സൈനിക ലോക്ഡൗണും സഹിക്കേണ്ടി വന്ന കശ്മീരികളെക്കുറിച്ച് ചിന്തിച്ചു നോക്കുക. വ്യാപാര മേഖല തകരുന്നു. രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരെ അനുവദിക്കുന്നില്ല. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് മുമ്പുതന്നെ ആയിരക്കണക്കിന് കശ്മീരികളെ ജയിലിലടച്ചിരുന്നു. ഇത് പ്രീ-എംപ്റ്റീവ്- പ്രിവന്റീവ് ഡിറ്റൻഷൻ ആയിരുന്നു. ഒരു തെറ്റും ചെയ്യാത്തവരെക്കൊണ്ട് നിറഞ്ഞ ആ തടവറകൾ ഇപ്പോൾ കോവിഡ് ഇൻക്യുബേറ്ററുകളായി മാറുകയാണ്. അതെങ്ങനെയുണ്ട്?

അനുച്ഛേദം 370 റദ്ദാക്കിയത് അപഹാസ്യമായ പ്രവൃത്തിയായിരുന്നു. “ഒറ്റയടിക്ക് എന്നന്നേക്കുമായി” വിഷയം പരിഹരിക്കുന്നതിനുപകരം, പ്രദേശത്ത് മുഴുവൻ ഭൂകമ്പങ്ങളും അത് അഴിച്ചുവിട്ടു. വലിയ ഫലകങ്ങൾ(പ്ലേറ്റുകൾ) സ്വയം നീങ്ങുകയും വിഭിന്ന ദിശകളിൽ സഞ്ചരിക്കുകയുമാണ്. ചൈനീസ് സൈന്യം അതിർത്തി കടന്നുവന്ന് ലഡാക്കിലെ പല തന്ത്രപരമായ സ്ഥാനങ്ങളും കൈവശപ്പെടുത്തിയെന്ന് പറയപ്പെടുന്നു. പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ബോൾ ഗെയിമാണ് ചൈനയുമായുള്ള യുദ്ധം. അതിനാൽ, സാധാരണ വീരസ്യം പറച്ചിലിൽ നിന്ന് സൂക്ഷ്മമായ ചില വ്യത്യാസങ്ങൾ ഇവിടെ കാണാം. ചെസ്റ്റ് തമ്പിംഗിനു പകരം പാറ്റിംഗ് പോലെ ചില വ്യത്യാസങ്ങൾ. ചർച്ചകൾ നടക്കുന്നുണ്ട്. ഇതുവരെ, ഇന്ത്യൻ ടെലിവിഷനിൽ,തീർച്ചയായും ഇന്ത്യയാണ് വിജയിച്ചത്. എന്നാൽ ടിവിക്കു വെളിയിൽ ഒരു പുതിയ ലോകക്രമം ആർക്കും കാണാനാകും വിധത്തിൽ സ്വയം വെളിപ്പെടുന്നുണ്ട്.

ഈ കത്ത് ഉദ്ദേശിച്ചതിലും നീണ്ടു പോയിരിക്കുന്നു. തത്ക്കാലം വിട പറയട്ടെ. പ്രിയ സുഹൃത്തേ, ധൈര്യമായിരിക്കുക. ക്ഷമ കൈവിടാതിരിക്കുക. അനീതി എന്നന്നേക്കുമായി നിലനിൽക്കില്ല. തടവറയുടെ വാതിൽ തുറന്ന് താങ്കൾ ഞങ്ങളുടെ അടുത്തേക്ക് വരും. കാര്യങ്ങൾ ഇതേപടി തുടരാനാവില്ല. എല്ലാം തകർക്കപ്പെട്ടതിൻ്റെ നാശാവശിഷ്ടങ്ങളിൽ നിന്ന് കരുണയുള്ളതും വിവേകപൂർണവുമായ ഒന്ന് ഉയർന്നുവരും.

സ്നേഹപൂർവം,

അരുന്ധതി