in ,

ഇസ്രയേൽ ഐഎംടിഎമ്മില്‍ ആകര്‍ഷണീയമായ വിഭവങ്ങളുമായി കേരള ടൂറിസം

മെഡിറ്ററേനിയന്‍ പ്രദേശത്ത് കൂടുതലായി കടന്നുചെല്ലുന്നതിനും ഇസ്രയേല്‍  ടൂറിസം മേഖലയുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുമായി ഇസ്രയേലിലെ ടെല്‍ അവീവില്‍ നടന്ന ദ്വിദിന ഇന്‍റര്‍നാഷണല്‍ മെഡിറ്ററേനിയന്‍ ടൂറിസം മാര്‍ക്കറ്റില്‍ (ഐഎംടിഎമ്മില്‍) ആകര്‍ഷകമായ സ്വന്തം പ്രത്യേകതകളുമായി കേരള ടൂറിസം. ഇസ്രയേലിലെ ടൂറിസം വിപണിയുടെ ഔദ്യോഗികവും ഏക പ്രൊഫഷണല്‍ പ്രദര്‍ശനവുമായ ഐഎംടിഎമ്മില്‍ ഇത് രണ്ടാം തവണയാണ് കേരളം സാന്നിധ്യമറിയിച്ചത്.

ഫെബ്രുവരി 11, 12 തിയതികളിലായിരുന്നു മേള. ആഗോള, പ്രാദേശിക വിനോദസഞ്ചാര വ്യവസായത്തില്‍ പുത്തന്‍ വഴികള്‍ തെളിച്ച  കേരളത്തിന്‍റെ പവിലിയന്‍ കാണാന്‍ ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് കുമാര്‍ സിംഗ്ലയടക്കം പ്രമുഖ വ്യക്തികളെത്തിയിരുന്നു. പ്രമുഖ വ്യാപാര പങ്കാളികളായ കേരള വോയേജസ്, ഈസ്റ്റെന്‍ഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, കൈരളി ആയുര്‍വേദ, ഈസ്റ്റ്ബൗണ്ട് ഡിസ്കവറീസ്, സ്പൈസ് ലാന്‍ഡ് ഹോളിഡൈയ്സ്, ഫ്രാഗ്രന്‍റ് നേച്ചര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ  പ്രതിനിധികളടക്കമുള്ള ഔദ്യോഗിക സംഘത്തെ കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു ബി.എസ്. നയിച്ചു. 

വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി “ഹ്യൂമന്‍ ബൈ നേച്ചര്‍” എന്ന പ്രമേയത്തിേല്‍ തയ്യാറാക്കിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രചാരണ ചിത്രം അടിസ്ഥാനമാക്കിയായിരുന്നു കേരള പവിലിയന്‍. ഇത് ഏറെ  സന്ദര്‍ശക പ്രശംസ നേടി. കിഴക്കന്‍ മെഡിറ്ററേനിയനിലെ ഏറ്റവും വലിയ വാര്‍ഷിക പ്രൊഫഷണല്‍ ടൂറിസം മേളയായ ഐഎംടിഎം ടൂറിസം വിപണിയില്‍  ഇസ്രയേലിലുള്ള വിദൂരയാത്രികരെയും വിതരണക്കാരെയും കണ്ടുമുട്ടുന്നതിനുള്ള വേദിയാണ്.ഐഎംടിഎമ്മില്‍ 2019 ലാണ് കേരള ടൂറിസം ആദ്യസാന്നിധ്യം അറിയിച്ചത്.

പശ്ചിമേഷ്യയിലെ പുതിയ വിപണികള്‍ ലക്ഷ്യമിടുന്നതിനും ആ പ്രദേശത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശക്തമായ പദ്ധതികളുടെ ഭാഗമായാണിതെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇസ്രയേലിലേയും മെഡിറ്ററേനിയന്‍ മേഖലയിലെ മറ്റ് രാജ്യങ്ങളിലേയും വിനോദസഞ്ചാരികള്‍ക്ക് മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള എല്ലാ ആകര്‍ഷണീയതകളും കേരളത്തിലുണ്ടെന്ന സന്ദേശം നല്‍കുന്നതിനാണ് ഈ വര്‍ഷത്തെ ഐഎംടിഎമ്മിലും പങ്കെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള സംഘം ഇസ്രയേലിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ ആര്‍ക്കിയ എയര്‍ലൈന്‍ സിഇഒ-യുമായി ടൂറിസം മേഖലയിലെ വിവിധ പ്രമുഖ വ്യക്തികളുമായും ചര്‍ച്ച നടത്തി. ഇസ്രയേലില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അടുത്തിടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 2016 ല്‍ 10,927 വിനോദസഞ്ചാരികളായിരുന്നു പശ്ചിമേഷ്യയില്‍ നിന്നെത്തിയതെങ്കില്‍  2017 ല്‍ ഇത് 11,892 സഞ്ചാരികളായും 2018 ല്‍ 15,339 സഞ്ചാരികളായും വര്‍ദ്ധിച്ചു. 
ഇസ്രയേലുമായുള്ള നൂറ്റാണ്ടുകളുടെ ബന്ധമാണ് സംസ്ഥാനത്തിനുള്ളത്. ഇസ്രയേലിനു പുറത്തുള്ള പ്രമുഖ യഹൂദ കുടിയേറ്റ കേന്ദ്രം കൂടിയാണ് കേരളം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

അവധി, പണിമുടക്ക്: മാര്‍ച്ചില്‍ ബാങ്കുകള്‍ തുടര്‍ച്ചയായി 6 ദിവസം അടഞ്ഞു കിടക്കും

തന്നെ സ്വീകരിക്കാന്‍ 50 ലക്ഷം പേര്‍ വിമാനത്താവളത്തില്‍ വരുമെന്ന് മോദിയറിയിച്ചെന്ന് ട്രംപ്