avatar 2
in

അവതാർ 2: വൈറലായി കേറ്റ് വിൻസ്‌ലെറ്റിന്റെ അണ്ടർവാട്ടർ ചിത്രം

Avatar 2

2009-ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം അവതാറിൻ്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്ത അന്നു മുതൽ ആഗോള തലത്തിൽ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. അവതാർ ആരാധകരെ ആഹ്ലാദത്തിലാക്കി റൊണാൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുപ്രസിദ്ധ ഹോളിവുഡ് താരം കേറ്റ് വിൻസ്‌ലെറ്റിന്റെ അണ്ടർവാട്ടർ ചിത്രം നിർമാതാക്കൾ ട്വിറ്ററിൽ പങ്കുവെച്ചു. Avatar 2

വിൻസ്‌ലെറ്റ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് അടിക്കുറിപ്പായി ചിത്രത്തോടൊപ്പം ചേർത്തിരിക്കുന്നത്. “അവതാറിലെ വേഷം ചെയ്യാൻ ഫ്രീ-ഡൈവ് എങ്ങനെയെന്ന് പഠിക്കണമായിരുന്നു. അത് തികച്ചും അവിശ്വസനീയമായിരുന്നു. ഏഴ് മിനിറ്റ് 14 സെക്കൻഡ് ശ്വാസം അടക്കിപ്പിടിക്കേണ്ടി വന്നു. ഭ്രാന്തു പിടിച്ച ഒരു വീർപ്പുമുട്ടൽ പോലെ, ” എന്നാണ് വിൻസ്‌ലെറ്റിൻ്റെ വാക്കുകൾ.

അവതാർ രണ്ടും മൂന്നും ഭാഗങ്ങൾ തുടർച്ചയായി ന്യൂസിലന്റിൽ ചിത്രീകരിക്കുകയാണെന്ന് ജെയിംസ് കാമറൂൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അവതാർ രണ്ടിൻ്റെ പ്രിൻസിപ്പൽ ഫോട്ടോഗ്രഫി പൂർത്തിയായെന്നും അവതാർ മൂന്നിൻ്റേത് ഏകദേശം 95 ശതമാനവും പൂർത്തിയായെന്നും അർനോൾഡ് ഷ്വാർസെനഗറുമായുള്ള യു ട്യൂബ് ചാനൽ അഭിമുഖത്തിൽ കാമറൂൺ സൂചിപ്പിച്ചിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് സിനിമകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുന്നത്.

കോവിഡ് കാരണം ലോകമെമ്പാടും ചലച്ചിത്ര നിർമാണവും ഷൂട്ടിംഗും നിലച്ചപ്പോഴും, ന്യൂസിലന്റിൽ ആയതിനാൽ ചിത്രീകരണം നേരത്തേ പുനരാരംഭിക്കാൻ അവതാർ ടീമിന് കഴിഞ്ഞിട്ടുണ്ട്. കോവിഡ് നിയന്ത്രണം ഏറ്റവും ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലൻ്റ്. മറ്റ് ഏത് രാജ്യത്തേക്കാളും മികച്ച രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ന്യൂസിലൻ്റ് കാഴ്ചവെയ്ക്കുന്നത്.

പുറത്തിറങ്ങിയ സമയത്ത് ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു അവതാർ. 2019-ൽ അവഞ്ചേഴ്‌സ് എൻഡ് ഗെയിം വന്നപ്പോഴാണ് ആ റെക്കോർഡ് നഷ്ടപ്പെട്ടത്. സാം വർത്തിംഗ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാംഗ്, മിഷേൽ റോഡ്രിഗ്സ്, സിഗോർണി വീവർ എന്നിവരാണ് അവതാർ ഒന്നാം ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അവതാർ രണ്ടിലും ഇതേ താരങ്ങൾ വേഷമിടുന്നുണ്ട്. കേറ്റ് വിൻസ്‌ലെറ്റ്, ക്ലിഫ് കർട്ടിസ്, എഡി ഫാൽക്കോ, ബ്രണ്ടൻ കോവൽ, മിഷേൽ യെഹ്, ജെമെയ്ൻ ക്ലെമന്റ്, ഊന ചാപ്ലിൻ, ഡേവിഡ് തെവ്‌ലിസ്, സിജെ ജോൺസ്, വിൻ ഡീസൽ എന്നിവരാണ് അവതാർ 2-ൽ പുതിയതായി കടന്നു വരുന്നത്.

അവതാർ 2, 2022 ഡിസംബർ 16-നും അവതാർ 3, 2024 ഡിസംബർ 20-നും റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സമ്പർക്കരഹിത സ്തനാർബുദ പരിശോധനയുമായി ഡോ. അമ്പാടീസ് കാലിക്കറ്റ് സെന്റർ ഫോർ സർജറി  

covid vaccine

ഒന്നാം തലമുറ കോവിഡ് വാക്സിൻ അപൂർണമാവാൻ സാധ്യതയുണ്ടെന്ന് യു കെ ടാസ്ക് ഫോഴ്സ്