in

ഞാൻ നിൽക്കുന്ന ആ വലിയ കാട്ടാലിന് താഴെ മറ്റൊരു കാട് രൂപപ്പെടുകയാണ്

Malamuzhakki

‘ഇടിമിന്നലുകളെ ധ്യാനിച്ച് ഭൂമിക്കടിയിൽ കാത്ത് നിന്ന ‘കൂണുകളെ കാണാനുള്ള യാത്ര എത്രമേൽ ആകാംക്ഷാഭരിതമായിരിക്കും… ചുവന്ന നിറത്തിലുള്ള തൊപ്പികൾ വെച്ച കൂണുകൾ നിറഞ്ഞ കാട്, കള്ളിക്കുയിലും പച്ചച്ചുണ്ടൻ കുയിലും പൂന്തത്തയും, ഉണങ്ങിയ പുല്ലിന്റേയും പാറയുടേയും സ്വാദുള്ള വെള്ളവും, കുത്തനെയുള്ള മലകയറ്റവും, മേനിപ്പൊന്മാനെ തേടിയുള്ള കാടലച്ചിലുകളും… Malamuzhakki

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ എ നസീറിൻ്റെ മലമുഴക്കി എന്ന പുസ്തകത്തിൻ്റെ വായനാനുഭവത്തെപ്പറ്റി ബകുൾഗീത്

ആദ്യമായാണ് മാഷിന്റെ പുസ്തകം വാങ്ങിയിട്ട് ഇത്രവേഗം വായിച്ച് തീർക്കുന്നത്. ഒരുപക്ഷേ ലോക്ഡൗണിൽ ഞാനേറ്റവും നഷ്ടപ്പെടുത്തിയ കാടുകളെ എന്നിലേക്ക് എത്തിക്കാൻ ഇതേ മാർഗ്ഗമുള്ളൂ എന്നതുകൊണ്ടാകാം.
എന്ത് കൊണ്ട് എൻ എ നസീർ എന്നൊരു ചോദ്യം നേരിടേണ്ടി വന്നു. പല ഫോട്ടോഗ്രാഫർമാരും നസീറിനേക്കാൾ നന്നായി ചിത്രങ്ങൾ എടുത്തിട്ടുണ്ടല്ലോ എന്നും… അതിനുള്ള ഉത്തരവും പറയേണ്ട ബാധ്യത എനിക്കുണ്ട്.

ക്യാമറയും എടുത്ത് കാട്ടിൽ പോയ ആളല്ല മാഷ്. കാട് കേറിയത് കൊണ്ട് മാത്രം മാഷിന്റെ കയ്യിൽ വന്നതാണ് ക്യാമറ. ആ കണ്ണിലൂടെ കാണുന്നത് കാട് മാത്രമാണ്. ഓരോ ജീവിയെയും വൃക്ഷങ്ങളേയും കൃത്യമായി പഠിച്ച് ഒന്നിനേയും ശല്യം ചെയ്യാതെ “ഞാനാണ് കടന്നു കയറി വന്നവൻ” എന്ന ബോധത്തോടെയുള്ള യാത്രകൾ. ആ യാത്രകളാണ് ഈ എഴുത്തുകളിൽ…കാടുകൾക്ക് പോലും മാറ്റം സംഭവിച്ച് കൊണ്ടിരിക്കുന്നത് നാം അറിയുന്നത് ഇത്തരം കാടനുഭവങ്ങളിലൂടെയാണ്.

മുൾക്കാടുകളിലും ഇലപൊഴിയും വനങ്ങളിലും കാണുന്ന മയിലുകൾ ഷോലക്കാടുകളിലേക്ക് പറന്നെത്തുന്നത് നല്ല സൂചനയല്ല. അഞ്ചോ പത്തോ വർഷം മുമ്പു വരെ നമുക്കിടയിൽ ഉണ്ടായിരുന്ന പല ജീവജാലങ്ങളും ഇന്നില്ല എന്നത് കാട്ടിൽ മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ നേർക്കാഴ്ചയാണ്. വികസനമെന്ന പേരിൽ ഉയർന്നു പൊങ്ങുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ കാടിനകത്തും പുറത്തും ഒരേ പോലെ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. അന്ധവിശ്വാസത്തിന്റെ മറവിൽ ചെറു ജീവികളെ ഇല്ലാതാക്കുന്ന ഒരു കൂട്ടം മനുഷ്യർ വേറെയും (വെള്ളിമൂങ്ങ പോലുള്ളവ ഉദാഹരണം). മരണം വരെ കാട്ടിൽ സുഗന്ധം പരത്താൻ നിയോഗിക്കപ്പെട്ട വൃക്ഷങ്ങളെയും മനുഷ്യൻ കീറി മുറിച്ച് സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി നശിപ്പിച്ച് കൊണ്ടിരിക്കുന്നു. കുന്തിരിക്കമെടുക്കാൻ കീറി മുറിച്ച വൃക്ഷത്തിന്റെ ഉടലിൽ നിന്ന് പുറത്ത് വരുന്നത് രക്തം തന്നെയെന്ന് മാഷ് പറയുമ്പോൾ ആ കാഴ്ച കണ്ണിൽ നിറയുന്നു…

‘ഇടിമിന്നലുകളെ ധ്യാനിച്ച് ഭൂമിക്കടിയിൽ കാത്ത് നിന്ന ‘കൂണുകളെ കാണാനുള്ള യാത്ര എത്ര മേൽ ആകാംക്ഷ ഭരിതമായിരിക്കും… ചുവന്ന നിറത്തിലുള്ള തൊപ്പികൾ വെച്ച കൂണുകൾ നിറഞ്ഞ കാട്, കള്ളിക്കുയിലും പച്ചച്ചുണ്ടൻ കുയിലും പൂന്തത്തയും, ഉണങ്ങിയ പുല്ലിന്റേയും പാറയുടേയും സ്വാദുള്ള വെള്ളവും, കുത്തനെയുള്ള മലകയറ്റവും, മേനിപ്പൊന്മാനെ തേടിയുള്ള കാടലച്ചിലുകളും…

ഇതെല്ലാം മാഷെഴുത്തിൽ മാത്രം കാണുന്നതാണ്. ഒരു കാടിനെ പഠിക്കാൻ മാഷെ പിന്തുടർന്നാൽ മതി എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.
ഒരേ കാട്ടിലേക്ക് തന്നെ വീണ്ടും വീണ്ടും ചെന്ന് കയറുന്ന ഒരാൾക്ക് ഇത്രമേൽ വ്യത്യസ്ത അനുഭവങ്ങളും കാഴ്ചകളും ആ കാട് ഒരുക്കുന്നുണ്ടെങ്കിൽ ഇവയെല്ലാം എത്രമേൽ സമ്പന്നമാണ്. ഇതാണ് നാമിന്ന് ഇല്ലാതാക്കി കൊണ്ടിരിക്കുന്നതും. കാടിനകത്ത് കടന്ന് ചെന്ന് കെണികൾ തീർക്കുന്ന മനുഷ്യൻ അവനെത്തന്നെയാണ് ഇല്ലാതാക്കുന്നത്. Biological Cycle ഇല്ലാതാവുന്നതോടെ മനുഷ്യനും ഈ ലോകവും ഇല്ലാതായിത്തീരും എന്നത് തിരിച്ചറിയാൻ ഇനി എത്ര കാലം. വീണ്ടെടുക്കാനാവാത്ത നാശത്തിലേക്ക് നമ്മുടെ വനസമ്പത്ത് പോയിക്കൊണ്ടിരിക്കുന്നു. ഭൂമിക്കൊരു ചരമഗീതം കവി എന്നേ പാടിയിരിക്കുന്നു…

വേഴാമ്പലുകളുള്ള മരങ്ങൾക്ക് താഴെ വിവിധ ചെടികൾ വീണ്ടും വളർന്ന് ഒരു കാട് രൂപം കൊള്ളും. അവ ഭക്ഷിക്കുന്ന പഴങ്ങളുടെ വിത്തുകൾ… കാട് വീണ്ടും വീണ്ടും നിറഞ്ഞ് സമ്പന്നമാകാൻ അവ പ്രയത്നിക്കുമ്പോൾ അതില്ലാതാക്കാൻ മനുഷ്യന്റെ ശ്രമം, അതിനെതിരെ ആവട്ടെ മാഷിന്റെ എഴുത്തും യാത്രകളും…
ആശംസകൾ മാഷേ… നല്ലെഴുത്തിന്… ചിത്രങ്ങൾക്ക്… കാട്ടിലേക്ക് കൂടെ കൂട്ടിയതിന്…

ഞാൻ നിൽക്കുന്ന ആ വലിയ കാട്ടാലിന് താഴെ മറ്റൊരു കാട് രൂപപ്പെടുകയാണ്…

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഇൻഡിസ്ക്രീൻ എന്ന പേരിൽ സ്വതന്ത്ര സിനിമകളുടെ ഒടിടി പ്ലാറ്റ്ഫോം വരുന്നു

പാഠപുസ്തകത്തില്‍ നിന്ന് അരുന്ധതി റോയിയെ മാറ്റി നിര്‍ത്താനുള്ള നീക്കം പരാജയപ്പെടുത്തണം