in ,

ഇളവുകള്‍ വന്നാലും അതിജീവിക്കാന്‍ ജാഗ്രത

സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ നിന്നും ആരും പിന്നോട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന് വന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് സൂചിപ്പിച്ചു കഴിഞ്ഞു. പ്രതിരോധ വാക്‌സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികള്‍ നടത്താന്‍ ഓരോരുത്തരും നിര്‍ബന്ധിതരാണ്.
കൂടുതല്‍ മേഖലകളില്‍ ഇളവ് വരുന്നതോടെ സമൂഹവുമായി ഇടപെടേണ്ട അവസ്ഥയുണ്ടാക്കുന്നു.

കൊറോണ വൈറസില്‍ നിന്നും നമ്മുടേയും കുടുംബത്തിന്റേയും മറ്റുള്ളവരുടേയും സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. മാസ്‌ക് ധരിക്കുകയും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുകയും ചെയ്യണം. വയോധികര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ വീട് വിട്ട് പുറത്തിറങ്ങാതിരിക്കാനും രോഗ സാധ്യതയുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകുക, മാസ്‌ക് ധരിക്കുക, വ്യക്തിപരമായി അകലം പാലിക്കുക എന്നിവ എല്ലാവരും പാലിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

എന്തിന് കൈ കഴുകണം?

ലോകത്താകമാനം വ്യാപകമായി പടരുന്ന മാരക രോഗമാണ് കോവിഡ്-19. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന കൊറോണ വൈറസിനെതിരെ അതീവ ജാഗ്രതയാണ് വേണ്ടത്. രോഗബാധിതര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ സ്രവങ്ങളോടൊപ്പം വൈറസ് പുറത്തേക്ക് തെറിച്ചുവീഴാം.

ഈ സ്രവങ്ങളില്‍ സ്പര്‍ശിക്കാനിടയായാല്‍ കൈകളില്‍ നിന്ന് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കും. കൊറോണ വൈറസിന്റെ കണ്ണി പൊട്ടിക്കാന്‍ വേണ്ടിയാണ് കൈകള്‍ കഴുകണമെന്ന് പറയുന്നത്. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകണം. അതിന് കഴിയാത്തവര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

എല്ലാവരും മാസ്‌ക് ധരിക്കണം

കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്. ഇതിനായാണ് മാസ്‌കുകള്‍ ഉപയോഗിക്കുന്നത്. മറ്റ് ആളുകളുടെ കൂടെ നിന്ന് സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തിയിട്ട് സംസാരിക്കരുത്. ഇതേറെ അപകടമാണ്. മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം. ഒരു മാസ്‌ക് 6 മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാവൂ. ഈര്‍പ്പമുള്ളതോ നനഞ്ഞതോ ആയ മാസ്‌കുകള്‍ ധരിക്കരുത്. മാസ്‌ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ല. അബദ്ധവശാല്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ചോ ആള്‍ക്കഹോള്‍ റബ് ഉപയോഗിച്ചോ കഴുകേണ്ടതാണ്. മാസ്‌ക് ഉപയോഗ ശേഷം മാറ്റുമ്പോള്‍ വളരെ ശ്രദ്ധയോടുകൂടി മുന്‍ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ വള്ളികളില്‍ മാത്രം പിടിച്ച് മാറ്റേണ്ടതാണ്. ഉപയോഗിച്ച തുണി മാസ്‌ക് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച ശേഷം വീട്ടിലെത്തിയ ഉടന്‍ തന്നെ സോപ്പുപയോഗിച്ച് കഴുകി ഉണക്കി ഇസ്തിരിയിടണം. മാസ്‌ക് ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ തൂവലകളും മാസ്‌കായി ഉപയോഗിക്കാവുന്നതാണ്.

അതിജീവിക്കാന്‍ സാമൂഹിക അകലം

കൊറോണ വൈറസ് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് നേരിട്ട് പകരുന്നതിനാലാണ് സാമൂഹിക അകലം പാലിക്കണമെന്ന് പറയുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വൈറസ് ഒന്നര മീറ്ററിനപ്പുറം പകരാന്‍ സാധ്യത കുറവാണ്. അതിനാല്‍ സമൂഹവുമായി നേരിട്ടിടപെടേണ്ടി വരുന്ന സമയങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും ഒന്നര മീറ്റര്‍ അകലം പാലിക്കണം. കടകളിലും പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും എല്ലാം സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മാധവന് അമ്പതാം പിറന്നാൾ

വി ട്രാൻസ്ഫർ നിരോധിച്ച് ഇന്ത്യ