Movie prime

Video എന്താണ് ബിഎച്ച് രജിസ്‌ട്രേഷന്‍?

 

ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത  നമ്മുടെ വാഹനങ്ങള്‍ മറ്റൊരു സംസ്ഥാനത്തുപയോഗിക്കാന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വാഹന വകുപ്പിന്റെ അനുമതി വാങ്ങുന്നതടക്കം നിരവധി നൂലാമാലകളുണ്ട്. നിലവില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് നിന്ന് ഒരു എന്‍ഒസി ലഭിക്കുകയും തുടര്‍ന്ന് വാഹനം മാറ്റുന്ന അടുത്ത സംസ്ഥാനത്ത് വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യുകയും വേണം.

വീണ്ടും അടുത്ത സംസ്ഥാനത്ത് റോഡ് നികുതി അടയ്ക്കണമെന്ന പ്രശ്‌നവുമുണ്ട്..ഇതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയിരുന്നത് രണ്ടു സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവരായിരുന്നു.എന്നാല്‍ ഇതിനു പരിഹാരമെന്നോണം രാജ്യത്തെ വാഹന രജിസ്‌ട്രേഷന് ഏകീകൃത സംവിധാനവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.  കേന്ദ്ര റോഡ് , ഹൈവേ ഗതാഗതമന്ത്രാലയം പുറത്തിറക്കിയ പുതിയ പദ്ധതിയാണ് ഭാരത് സീരീസ് അഥവ''ബിഎച്ച്'' രജിസ്‌ട്രേഷന്‍ .1989 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങലെ 47ാം ചട്ടം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ സമ്പ്രദായം വരുന്നത്. നമുക്ക് പരിശോധിക്കാം എന്താണ് ബിഎച്ച്'' രജിസ്‌ട്രേഷന്‍ എന്ന്.

വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന പുതിയ സംവിധാനം വഴി വാഹന ഉടമയ്ക്ക് സങ്കീര്‍ണമായ രജിസ്‌ട്രേഷന്‍ നൂലാമാലകളില്‍ നിന്നും ഒഴിവായി, ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കാനാവും. ബി എച്ച് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമല്ല.

ഇത്തരത്തില്‍ ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രണ്ടോ അതിലധികമോ വര്‍ഷത്തേക്ക് ഉള്ള നികുതി അടച്ച് ഉപഭോക്താവിന് ആവശ്യമെങ്കില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം. രാജ്യത്ത് നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതത് സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ ആണ് നല്‍കുന്നത് . എന്നാല്‍ ബി എച് സീരീസ് രെജിസ്‌ട്രേഷനിലൂടെ വാഹനത്തിന്റെ നമ്പര്‍ അടക്കം മാറ്റാം , പുതിയ സംവിധാനം വരുമ്പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് ഏത് വര്‍ഷമാണോ ആ വര്‍ഷത്തിന്റെ അവസാന രണ്ടക്കങ്ങളില്‍  ആകും രജിസ്റ്റര്‍ നമ്പര്‍ ആരംഭിക്കുക . .വാഹനം വാങ്ങിയ വര്‍ഷത്തെ സൂചിപ്പിക്കുന്ന രണ്ട് അക്കം, ബി എച്ച് എന്നീ അക്ഷരങ്ങള്‍, നാല് അക്കങ്ങള്‍, ഏറ്റവും ഒടുവില്‍ രണ്ട് ഇംഗ്ലീഷ് സീരിയല്‍ അക്ഷരങ്ങള്‍ ഇതായിരിക്കും ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്ബരുകളുടെ രൂപം.ഈ സെപ്റ്റംബര്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഇത് ആര്‍ക്കെല്ലാം പ്രയോജനപ്പെടുത്താം?

സൈനികര്‍ ,സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍, നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സ്ഥാപനമുള്ള സ്വകാര്യ വ്യക്തികള്‍ എന്നിവര്‍ക്കാണ് ബി എച്ച് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക.

അവര്‍ ഫോം 60 പൂരിപ്പിച്ച് ഓണ്‍ലൈനില്‍ സാധുവായ തൊഴില്‍ ഐഡി തെളിവായി നല്‍കണം. സംസ്ഥാന അധികാരികള്‍ തെളിവ് പരിശോധിച്ച് ബിഎച്ച് രജിസ്‌ട്രേഷന്‍ നല്‍കും. രജിസ്‌ട്രേഷന്‍ നമ്പര്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയിരിക്കും. 

നികുതി അടക്കുന്നതിലെ മാറ്റം...

ബിഎച്ച് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് റോഡ് നികുതി ഈടാക്കും, അതിനുശേഷം രണ്ടിന്റെ മടങ്ങായുള്ള വര്‍ഷങ്ങളിലേക്കും നികുതി ഈടാക്കും.വാഹന ഉടമ 15 വര്‍ഷത്തെ റോഡ് നികുതിയുടെ മുഴുവന്‍ തുകയും മുന്‍കൂറായി അടയ്ക്കുന്നതിനുപകരമാണിത്. 14 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനത്തിനുള്ള നികുതി വര്‍ഷംതോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നല്‍കേണ്ടി വരിക.  നികുതി മുന്‍കൂറായി അടച്ചിട്ടില്ലാത്തതിനാല്‍ സ്ഥലംമാറ്റത്തിന് മുമ്പോ ശേഷമോ റീഫണ്ട് തേടുന്ന പ്രക്രിയയില്‍ നിന്ന് ഇത് ഉടമയെ മോചിപ്പിക്കുന്നു. അതായത് 10 ലക്ഷം രൂപയുടെ വാഹനം ബി എച് സീരീസ് വഴി രജിസ്‌റര്‍ ചെയ്യുന്നതിന്‍ 8 % നികുതിയാണ് നല്‍കേണ്ടത് . 10-20 ലക്ഷം രൂപ വരെ വിലയുള്ളവര്‍ക്ക് ഇത് 10 ശതമാനമാണ്. കൂടാതെ 20 ലക്ഷത്തിലധികം വിലയുള്ള വാഹനങ്ങള്‍ക്ക് 12 ശതമാനമാണ് നികുതി.

നിലവില്‍ ഭാരത് സീരീസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമല്ലെങ്കിലും ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനം യാഥാര്‍ഥ്യമാക്കാന്‍ ഉള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് തുടക്കം കുറിക്കുകയാണ് ബി എച്ച് സീരീസ്.

ബി എച്ച്‌സീരീസ് വരുന്നതോടെ നമ്മുടെ വാഹനങ്ങള്‍ക്ക് രാജ്യത്തെവിടെയും തടസ്സമില്ലാതെ സഞ്ചരിക്കാന്‍ കഴിയും.