in

പിതാവിനെ പിറകിലിരുത്തി 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പതിനഞ്ചുകാരി ദളിത് പെൺകുട്ടി

ഒരു ബിഹാറി ദളിത് പെൺകുട്ടിയുടെ കദന കഥയാണിത്. കോവിഡ് കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ വിവരണാതീതമായ ദുരിതങ്ങളുടെ അസംഖ്യം കഥകളിൽ ഒന്നുകൂടി എന്ന് ഇതിനെ ചുരുക്കാനാവില്ല. പലായനത്തിൻ്റെ ഈ വീരഗാഥയിൽ അപാരമായ ഇച്ഛാശക്തിയുടെയും അതിരില്ലാത്ത നിശ്ചയദാർഢ്യത്തിൻ്റെയും കനൽപ്പൊലിമ തെളിഞ്ഞു കാണാനാവും.   

രാത്രിയും പകലുമില്ലാതെ ആറു ദിവസം… ആയിരത്തി ഇരുന്നൂറ് കിലോമീറ്റർ സൈക്കിൾ ചവിട്ടുക…അതും കാലിന് വയ്യാത്ത പിതാവിനെ പുറകിലിരുത്തി. 

ഡൽഹിയിൽ റിക്ഷയോടിക്കുന്ന പണിയിലായിരുന്നു പിതാവ്. രാജ്യം സമ്പൂർണമായി ലോക്ക് ഡൗണിലായ മാർച്ച് അവസാന വാരത്തോടെ റിക്ഷയുടെ ഉടമസ്ഥൻ അയാളെ പറഞ്ഞു വിട്ടു. വാടക കൊടുക്കാൻ കഴിയാതായതോടെ മുറി ഒഴിയാൻ കെട്ടിട ഉടമയും ആവശ്യപ്പെട്ടു. ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ജീവിതം പെരുവഴിയിലായ ലക്ഷക്കണക്കായ കുടിയേറ്റ തൊഴിലാളികളുടെ നിരയിലേക്ക്  അച്ഛനും മകളും എടുത്തെറിയപ്പെട്ടു.

അതിനിടയിൽ പിതാവിൻ്റെ കാലിനും പരിക്കുപറ്റി. പട്ടിണി കിടന്ന് മരിക്കാതിരിക്കാൻ ഏതുവിധേനയും നാട്ടിലെത്തിയേ മതിയാവൂ എന്ന് ഇരുവരും തീരുമാനമെടുത്തു. ഒരു ട്രക്ക് ഡ്രൈവറുടെ സഹായം തേടിയപ്പോൾ 6000 രൂപയാണ് യാത്രാക്കൂലിയായി ആവശ്യപ്പെട്ടത്. കയ്യിൽ ആകെ അവശേഷിച്ചിരുന്നത് 600 രൂപയാണ്. 

അപ്പോഴാണ് ജ്യോതി സൈക്കിൾ വാങ്ങുന്ന കാര്യം അച്ഛനോട് പറയുന്നത്. ദൂരത്തെക്കുറിച്ചും, ഒരു പെൺകുട്ടിക്കൊപ്പമുള്ള യാത്രയിൽ ഉടനീളം പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റിയും ചിന്തിച്ചപ്പോൾ ആദ്യമൊന്ന് മടിച്ചു നിന്നെങ്കിലും മകൾ പകർന്ന ധൈര്യത്തിൽ നിസ്സഹായനായ ആ പിതാവിന് സമ്മതം മൂളേണ്ടിവന്നു. 

പിന്നീടുള്ളത് ജ്യോതികുമാരിയെന്ന പതിനഞ്ചുകാരി പെൺകുട്ടിയുടെ ‘ഭയം ജനിപ്പിക്കുന്ന’ ഇച്ഛാശക്തിയുടെ കഥയാണ്. 500 രൂപ കൊടുത്ത് പഴയൊരു സൈക്കിൾ വാങ്ങി. മെയ് 10ന് യാത്ര തുടങ്ങി. രണ്ടും മൂന്നും മണിക്കൂർ സൈക്കിൾ ചവിട്ടി ക്ഷീണിക്കുമ്പോൾ അല്പനേരം വഴിയരികിൽ വിശ്രമിക്കും. രാജ്യ തലസ്ഥാനത്തു നിന്ന് ബിഹാറിലെ ദർബാംഗയിലേക്കാണ് ആ യാത്ര. ഉറക്കം വരുമ്പോൾ പെട്രോൾ പമ്പുകളിൽ കയറി കിടക്കും. 

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നാണ് മിക്കപ്പോഴും ഭക്ഷണം കഴിച്ചത്. അതു കൂടാതെ വഴിയിൽ ചിലരെല്ലാം ആഹാരം നല്കി. ഈ സാഹസിക സഞ്ചാരപാതയിൽ ഒരിക്കൽ പോലും ഭയം തോന്നിയില്ലെന്ന് ജ്യോതി പറയുന്നു. നൂറു കണക്കിന് കുടിയേറ്റ തൊഴിലാളികളെയാണ് വഴിയിൽ ഉടനീളം കണ്ടുമുട്ടിയത്. പലായനങ്ങൾ ഒഴിഞ്ഞു നിന്ന സമയം ഇല്ലായിരുന്നു. വഴിയിൽ എന്തെങ്കിലും ആക്സിഡൻ്റു പറ്റിയാലോ എന്നതുമാത്രമായിരുന്നു ഏക ആശങ്ക. ഭാഗ്യവശാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. 

ആറാം നാൾ, ആയിരത്തി ഇരുന്നൂറോളം കിലോമീറ്റർ പിന്നിട്ട് പിതാവും പുത്രിയും സ്വന്തം ഗ്രാമത്തിലെത്തിയപ്പോൾ ഗ്രാമീണർ അന്ധാളിച്ചു പോയെന്ന് ജ്യോതി പറയുന്നു. നേരെ വീട്ടിലേക്ക് പോകാനായില്ല. ഗ്രാമത്തിലെ ലൈബ്രറി കെട്ടിടത്തിൽ ഒരുക്കിയ ക്വാറൻ്റീൻ സെൻ്ററിൽ കഴിയാനായിരുന്നു നിർദേശം. എന്നാൽ അവിടെ പെണ്ണായി അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അധികൃതർ അവളെ സ്വന്തം വീട്ടിലേക്ക് മാറ്റി. 

ഇതൊരു കഥയല്ല. ഉള്ളു പൊള്ളിക്കുന്ന ഇന്ത്യൻ യാഥാർഥ്യമാണ്. ഇത്തരം നൂറു കണക്കിന് സംഭവങ്ങളുണ്ടാവും വർത്തമാനകാല ഇന്ത്യനവസ്ഥയിൽ.  അസാമാന്യമായ ധീരതയുടെയും മനക്കരുത്തിൻ്റെയും നെഞ്ചു നീറ്റുന്ന അനുഭവ യാഥാർഥ്യമാണ് ജ്യോതികുമാരിയെന്ന ബീഹാറി പെൺകുട്ടി നമുക്ക് പറഞ്ഞുതരുന്നത്. 

ദുരിതകാലത്തെ കണ്ണീരിനും വിയർപ്പിനും നൊമ്പരപ്പാടുകൾക്കുമിടയിൽ, പലായനത്തിൻ്റെ പാതിരാവുകളിൽ  ചിതറിവീണ കണ്ണീർ കാഴ്ചകൾക്കിടയിൽ  ഉളളുറപ്പിൻ്റെയും മനക്കട്ടിയുടെയും അപാര തേജസ്സാർന്ന ഈ വടക്കൻ വീരഗാഥയെ, കരുത്തുറ്റ പെൺകരുത്തിനെ നമുക്കും വാഴ്ത്താം. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

നിഗുഢതകളുടെ ചുരുളഴിയുമോ, ദൃശ്യം 2 വരുന്നു 

‘ലോക്ക്ഡൗണ്‍ മാഹാത്മ്യം’: ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മ ഒരുക്കിയ ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു