in ,

ഷെര്‍ലക്ക്‌ ഹോംസ് സൃഷ്ടാവ് സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ 161-ആം ജന്മവാര്‍ഷികം: വീഡിയോ

ഷെര്‍ലക്ക്‌ ഹോംസ് എന്ന പേര് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. അത്രയ്ക്കും പ്രശസ്തനാണ് സാങ്കല്‍പ്പിക കഥാപാത്രമായ ആ കുറ്റാന്വേഷകന്‍. എന്നാല്‍ ഷെര്‍ലക്ക്‌ ഹോംസ് ജീവിച്ചിരിക്കുന്ന അല്ലെങ്കില്‍ ജീവിച്ചിരുന്ന ഒരാളാണെന്ന് കരുതുന്നവര്‍ ഇന്നും ഉണ്ട്. കഥയിലെ ഷെര്‍ലക്ക്‌ ഹോംസിന്‍റെ വീടായ് 221B ബേക്കര്‍ സ്ട്രീറ്റ് എന്ന മേല്‍വിലാസത്തിലേക്ക് ഇന്നും കത്തുകള്‍ വരുന്നു. കാണാത പോയ പൂച്ചയെ അന്വേഷിച്ചു കണ്ടുപിടിക്കണമെന്ന ആവശ്യം മുതല്‍ സുപ്രധാന കൊലപാതക കേസുകള്‍ കണ്ടു പിടിക്കണമെന്ന ആവശ്യവുമായി വരെ കത്തുകള്‍ വരും. അത്രയ്ക്കായിരുന്നു സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന രചയിതാവിന്‍റെ തൂലികയില്‍ പിറന്ന ഷെര്‍ലക്ക്‌ ഹോംസ് എന്ന കഥാപാത്രത്തിന്‍റെ പ്രശസ്തി.

 

മെയ്‌ 22 ആര്‍തര്‍ കോനന്‍ ഡോയലിന്റെ 161-മത് ജന്മദിനമാണ്. ഈ വേളയില്‍ അദ്ദേഹത്തെ നമുക്ക് അനുസ്മരിക്കാം

മെയ്‌ 22 1859ല്‍ സ്കോട്ട്‌ലാൻഡിലെ എഡിൻബർഗ് എന്ന സഥലത്താണ് അർതർ കോനൻ ഡോയൽ ജനിച്ചത്. അദ്ദേഹം വൈദ്യശാസ്ത്രം പഠിക്കുന്ന സമയത്താണ് എഴുതാന്‍ ആരംഭിച്ചത്.’ദ വൈറ്റ് കമ്പനി” തൊട്ട് പല പ്രസിദ്ധ ചരിത്ര നോവലുകളും ശ്രദ്ധേയങ്ങളായ ശാസ്ത്ര നോവലുകളും അദ്ദേഹം രചിച്ചു. എന്നാല്‍ അദ്ദേഹത്തെ ലോകപ്രശാസ്തനാക്കിയത് ഷെര്‍ലക്ക്‌ ഹോംസ് പരമ്പരകളാണ്. യൂണിവേഴ്സിറ്റി അദ്ധ്യായനകാലം കഴിഞ്ഞതിന് ശേഷം അദ്ദേഹം പടിഞ്ഞാറേ ആഫ്രിക്കൻ തീരപ്രദേശത്തേക്കുള്ള സമുദ്രയാത്ര നടത്തുന്ന ഒരു കപ്പലിൽ കപ്പൽ ഡോകടർ ആയി സേവനം അനുഷ്ടിച്ചു.

ലോകത്തിലെ പല പോലീസ് സേനകളും അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഷെർലക് ഹോംസ് പുസ്തകങ്ങൾ കുറ്റാന്വേഷണ ടെക്സ്റ്റ് ബുക്കുകളായി അംഗീകരിച്ചു കഴിഞ്ഞിരുന്നു എന്ന് പറയുമ്പോള്‍ തന്നെ അറിയാം ഷെര്‍ലക്ക്‌ ഹോംസ് എത്രത്തോളം സമൂഹത്തെ സ്വാധീനിച്ചിരുന്നു എന്ന്. ഗ്രന്ഥരചയിതാവ് എന്ന നിലക്ക് മാത്രമല്ല കോനൻ ഡോയൽ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്.അദ്ദേഹം നല്ലൊരു ശാസ്ത്രകാരനും കളിക്കാരനും ആയിരുന്നു. നേവിയുടെ ലൈഫ് ജാക്കറ്റ് അദ്ദേഹത്തിന്റെ സാഹിത്യേതര സംഭാവനകളിലൊന്നാണ്‌. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്-ഫുട്ബോൾ ടീമുകളിൽ പ്രമുഖാംഗമായിരുന്നു. 1911ൽ നടന്ന പ്രിൻസ് ഹെൻ‍റി മോട്ടോർ ഓട്ടമത്സരത്തിൽ അദ്ദേഹം ബ്രിട്ടീഷ് ടീമിലുണ്ടായിരുന്നു. ഒന്നാംതരം ഗുസ്തിക്കാരനും ബില്ല്യാർഡ് കളിക്കാരനുമായിരുന്നു ഡോയൽ.

ഷെര്‍ലക്ക്‌ ഹോംസ് എന്ന കഥാപാത്ര സൃഷ്ടിയിലേക്ക് അദ്ദേഹം എത്തിയത് വളരെ രസകരമായ ഒരു സംഭവമാണ്. പണത്തിന് ആവശ്യം വന്നപ്പോള്‍ ഒരു പുസ്തക പ്രസാധകര്‍ക്ക് വേണ്ടി അദ്ദേഹം സൃഷ്ടിച്ചതാണ് ഷെര്‍ലക്ക്‌ ഹോംസിനെ. 1887-ലെ ക്രിസ്തുമസ് സുവനീറിൽ പ്രസിദ്ധീകരിച്ച ‘എ സ്റ്റഡി ഇന്‍ സ്കാര്‍ലെറ്റ്’ (A study in Scarlet) എന്ന കഥയിലാണ്‌ ഷെർലക് ഹോംസിനെ അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്. 56 കഥകളും നാല് നോവലുകളും മാത്രമേ ഷെര്‍ലക്ക്‌ ഹോംസ് പരമ്പരയില്‍ അദ്ദേഹം എഴുതിയിട്ടുള്ളൂവെങ്കിലും നാടകവും സിനിമയും ടെലിവിഷന്‍ പരമ്പരയുമായി പിന്നീട് ഇരുപത്തി അയ്യായിരത്തോളം ആവിഷ്ക്കാരം ഹോംസിനെ കഥാപാത്രമാക്കി വന്നു. ഷെര്‍ലക്ക്‌ ഹോംസ് കഥയിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ സഹായിയായ വാട്സണ്‍, ഷെര്‍ലക്ക്‌ ഹോംസിന്‍റെ വീട്ടുടമ മിസ്സിസ് ഹഡ്സണ്‍ പിന്നെ വില്ലന്‍ പ്രോഫസ്സര്‍ മൊറിയാര്‍ട്ടി എന്നിവരാണ്.

ഷെര്‍ലക്ക്‌ ഹോംസ് കഥകള്‍ എഴുതുന്നതിനൊപ്പം തന്നെ കോനന്‍ ഡോയല്‍ മറ്റ് കഥകളും എഴുതിയിരുന്നു. എന്നാല്‍ ഷെര്‍ലക്ക്‌ ഹോംസിന്റെ പ്രശസ്തി കാരണം ഇവ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന കാരണം പറഞ്ഞ് അദ്ദേഹം ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷകൻ നോവലിൽ മരിക്കുന്നതായി ചിത്രീകരിച്ചു. വില്ലനായ മൊറിയാര്‍ട്ടിയുമായുള്ള സംഘട്ടനത്തിനിടയില്‍ രണ്ടു പേരും വെള്ളച്ചാട്ടത്തില്‍ നിന്നും കാല്‍ വഴുതി താഴേക്ക് വീണു മരിക്കുന്നതയാണ് ഡോയല്‍ കഥ എഴുതിയത്. ഇതല്ലാതെ കഥയെഴുത്ത് നിർത്താൻ ആരാധകർ സമ്മതിക്കില്ല എന്നദ്ദേഹത്തിനറിയാമായിരുന്നു. എന്നിരുന്നാലും ആരാധകരുടെ അഭ്യർഥനയും അതിലുപരി ഭീഷണിയും ഏറി വന്നപ്പോൾ അദ്ദേഹത്തിനു തന്റെ കഥാപാത്രത്തെ പുനർജ്ജീവിപ്പിക്കെണ്ടീ വന്നു. അങ്ങനെ ഹോംസ് വീണ്ടും കേസ് അന്വേഷിച്ചു തുടങ്ങി.

1930 ജുലെ 7 ന്‌ സർ ആർതർ കോനൻ ഡോയൽ ഹൃദയാഘാതം മൂലം അന്തരിച്ചു. എങ്കിലും ഒരിക്കലും മരണമില്ലാത്ത ഷെർലക് ഹോംസിലൂടെ അദ്ദേഹം ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു. ഷെർലക് ഹോംസ് ഒരു യഥാർത്ഥ വ്യക്തിയാണെന്നു കരുതി പലരും ഇന്നും അദ്ദേഹത്തിന്റെ വിലാസത്തിലും, കൃതിയിലുള്ള ഹോംസിന്റെ വിലാസത്തിലും കത്തുകളയക്കാറുണ്ടത്രേ. ബ്രിട്ടീഷ് സർക്കാർ ഒരു ചെറിയ തെരുവ് മുഴുവൻ ഹോംസിന്റെ ഓർമ്മക്കായി കഥകളിൽ പറഞ്ഞ അതേപ്രകാരം സജ്ജീകരിച്ചു വച്ചിട്ടുണ്ട്. പല സാഹിത്യകാരന്മാരും പ്രശസ്തരാണെങ്കിലും, തന്റെ കഥാപാത്രംവഴി ഇത്രയും പ്രശസ്തരാകുന്നവർ വിരളമാണ്. ഒരു കഥാപാത്രത്തിനും ഹോംസിനു ലഭിച്ചപോലുള്ള ആനുകൂല്യങ്ങളും പ്രശസ്തിയും കിട്ടിയിട്ടില്ല എന്നുതന്നെ പറയാം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഉം-പുന്‍: രക്ഷാ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി എന്‍ സി എം സി

നിഗുഢതകളുടെ ചുരുളഴിയുമോ, ദൃശ്യം 2 വരുന്നു