in

ആളുകൾ കോട്ടിടുന്നില്ലേ, പിന്നെന്ത് മാന്ദ്യമെന്ന് ബി ജെ പി നേതാവ് 

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്ന വിദഗ്‌ധരുടെ വിശകലനങ്ങൾ തള്ളി ഉത്തർപ്രദേശ് ബി ജെ പി എം പി വീരേന്ദ്ര സിങ്ങ് മസ്ത്ത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല. അതൊക്കെ പ്രതിപക്ഷം വെറുതെ പറയുന്നതാണ്. ആളുകൾ ജാക്കറ്റുകളും കോട്ടുകളും വാങ്ങുന്നുണ്ട്. ഡൽഹിയിലും മറ്റെല്ലായിടത്തുമുള്ള ചർച്ച സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചാണ്.

മാന്ദ്യമുണ്ടായിരുന്നെങ്കിൽ ആളുകൾ ഇവിടെ വരിക കുർത്തയും ധോത്തിയും ധരിച്ചാവുമായിരുന്നു. മാന്ദ്യമുണ്ടായിരുന്നെങ്കിൽ പാന്റ്സും പൈജാമയുമൊന്നും ആളുകൾ വാങ്ങില്ലായിരുന്നു. അങ്ങനെയല്ലല്ലോ സംഭവിക്കുന്നത്. ആളുകൾ പാന്റ്സും ജാക്കറ്റും കോട്ടുമെല്ലാം ധരിച്ചാണ് ഇവിടെ വന്നിരിക്കുന്നത്. അതിനർഥം സാമ്പത്തിക മാന്ദ്യമില്ലെന്നാണ്- തന്റെ മണ്ഡലമായ ബല്ല്യയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ എം പി പറഞ്ഞു. 

കഴിഞ്ഞ വർഷം ഡിസംബറിലും സാമ്പത്തിക മാന്ദ്യത്തെപ്പറ്റി വിചിത്രമായ വാദവുമായി മസ്ത്ത് രംഗത്തെത്തിയിരുന്നു. വാഹനമേഖലയിൽ പ്രതിസന്ധിയെന്ന വാർത്തയെ തള്ളി അന്ന് മസ്ത്ത് ചോദിച്ചത് അങ്ങിനെയെങ്കിൽ ട്രാഫിക് ജാമുകൾ ഉണ്ടാവുമോ എന്നാണ്. വാഹനമേഖലയിൽ യാതൊരു പ്രശ്നങ്ങളും ഇല്ല എന്നതിന് തെളിവാണ് ട്രാഫിക് ജാമുകൾ. ഇതെല്ലാം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം മനഃപൂർവം കെട്ടിച്ചമക്കുന്ന ആരോപണങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 

സാമ്പത്തികമാന്ദ്യ വാർത്തകളെ പ്രതിരോധിക്കാൻ ഇത്തരത്തിൽ അസംബന്ധ വാദങ്ങളുമായി രംഗത്തുവരുന്ന ആദ്യത്തെയാളല്ല വീരേന്ദ്ര സിങ്ങ് മസ്ത്ത്. ബോളിവുഡ് സിനിമകളുടെ വിജയം ചൂണ്ടിക്കാട്ടി രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് നിയമ മന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. ഒക്ടോബർ രണ്ടിന് വാർ, ജോക്കർ, സയ്റാ എന്നീ  മൂന്നു സിനിമകൾ റിലീസ് ചെയ്തതും മൂന്നിനും കൂടി 120 കോടി രൂപ കളക്ഷൻ ലഭിച്ചതും രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന ആരോപണത്തെ തള്ളിക്കളയുന്നു എന്നാണ് അന്ന് നിയമമന്ത്രി പറഞ്ഞത്. സെപ്റ്റംബറിൽ ധനമന്ത്രി നിർമലാ സീതാരാമൻ തന്നെ മറ്റൊരു വിചിത്ര വാദവുമായി മുന്നോട്ടുവന്നിരുന്നു. ആളുകൾ ഊബറും ഒലയും ഉപയോഗിച്ച് ട്രിപ്പുകൾ ബുക്ക് ചെയ്യുന്നതാണ് വാഹന നിർമാണ മേഖലയിലെ പ്രതിസന്ധിക്കു കാരണമെന്നാണ് ധനമന്ത്രി പറഞ്ഞത്. ബി ജെ പി നേതാവും ബീഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോഡിയും ഇതേ സമയത്ത് പരിഹാസ്യമായ മറ്റൊരു വാദം മുന്നോട്ടുവച്ചിരുന്നു. ഹിന്ദു കലണ്ടർ പ്രകാരം അഞ്ചും ആറും  മാസങ്ങളിൽ കണ്ടുവരുന്ന ചാക്രിക പ്രതിഭാസമാണ് സാമ്പത്തിക മാന്ദ്യമെന്നായിരുന്നു മോഡിയുടെ കണ്ടെത്തൽ.    

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സീഡിംഗ് കേരള 2020: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത്  70 കോടി രൂപയുടെ നിക്ഷേപം

ഓസ്കാര്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു: ചരിത്രം തിരുത്തിയെഴുതി ‘പാരസൈറ്റ്’