Bombay High Court
in

ചായ നൽകാൻ വിസമ്മതിച്ചതിന് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്; ഭാര്യ ഭർത്താവിൻ്റെ സ്വത്തല്ലെന്ന് ബോംബെ ഹൈക്കോടതി

Bombay High Court

വിവാഹത്തോടെ ഭാര്യ ഭർത്താവിൻ്റെ സ്വത്തായി മാറുന്നു എന്ന മധ്യകാലഘട്ടത്തിലെ ആശയമാണ് സമൂഹത്തിൽ ബഹുഭൂരിപക്ഷവും പിൻപറ്റുന്നതെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ചായ തയ്യാറാക്കി നൽകാൻ വിസമ്മതിച്ചതിന് ഭാര്യയെ ഭർത്താവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിൽ വിധി പറയുന്നതിനിടയിലാണ് ആധുനിക സമൂഹത്തിലും രൂഢമൂലമായിരിക്കുന്ന പുരുഷാധിപത്യ പ്രവണതകളെ കോടതി നിശിതമായി വിമർശിച്ചത്. Bombay High Court

ഭാര്യ ഭർത്താവിൻ്റെ കീഴിലാണ് എന്ന പഴയകാല ആശയമാണ് ഇപ്പോഴും ഭൂരിപക്ഷം പേരും പിന്തുടരുന്നത്. ഭർത്താവിന് ഇഷ്ടമുള്ളതെന്തും ചെയ്യാമെന്ന സ്ത്രീവിരുദ്ധ കാഴ്ചപ്പാട് സമൂഹത്തിൽ നിലനിൽക്കുന്നു. ലിംഗ അസമത്വവും പുരുഷാധിപത്യവുമാണ് കുടുംബങ്ങളിലുള്ളതെന്ന് ജസ്റ്റിസ് രേവതി മോഹിത് ദേരെയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹോം മേക്കർ എന്ന നിലയിൽ വീട്ടുജോലികളെല്ലാം സ്ത്രീയുടെ ഉത്തരവാദിത്തമാണെന്നാണ് പുരുഷന്മാർ
ധരിച്ചുവെച്ചിരിക്കുന്നത്. വിവാഹബന്ധത്തിൽ തങ്ങളാണ് പ്രധാനികൾ എന്നും സ്ത്രീകൾ അപ്രധാനികളാണെന്നും അവർ കേവലം ജംഗമ വസ്തുക്കളാണെന്നും പുരുഷന്മാർ കരുതുന്നു. അത്തരക്കാരാണ് ചായ നൽകാൻ വിസമ്മതിക്കുന്നതിന് ക്രൂരമായ ദേഹോപദ്രവം ഏൽപ്പിക്കാൻ യാതൊരു മടിയും കാണിക്കാതിരിക്കുന്നത്. നിയമത്തിൻ്റെ കണ്ണിൽ അത്തരക്കാർ യാതൊരു ദയയും അർഹിക്കുന്നില്ല.

മാർഗോ വിൽസണും മാർട്ടിനും ചേർന്ന് എഴുതിയ ‘ദി മാൻ ഹു മിസ്റ്റുക് ഹിസ് വൈഫ് ഫോർ ചാറ്റൽ’ എന്ന പ്രശസ്തമായ കൃതിയിലെ ചില ഭാഗങ്ങൾ കോടതി ഉദ്ധരിച്ചു. സ്ത്രീകൾ പുരുഷന്മാരുടെ ജംഗമ വസ്തുക്കളല്ല. പുരുഷനുള്ള ഏതൊരു അവകാശവും സ്ത്രീക്കുമുണ്ട്. മധ്യകാല ആശയങ്ങൾക്ക് ആധുനിക ലോകത്ത് ഇടം കൊടുക്കരുത്. സ്ത്രീ പുരുഷ സമത്വമാണ് ആധുനിക കാലത്തെ പുരോഗമന സമൂഹം മുന്നോട്ടുവെയ്ക്കുന്നത്.

മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം നടന്നത്. 35 കാരനായ സന്തോഷ് മഹാദേവ് ഭാര്യ മനീഷയുമായി നിരന്തരം കലഹിച്ചിരുന്നു. 2013 ഡിസംബർ 19-നാണ് മനീഷ കൊല്ലപ്പെടുന്നത്. തനിക്ക് ചായയിടാതെ രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ ഒരുങ്ങിയതിന് സന്തോഷ് മനീഷയെ മർദിച്ചു. ചുറ്റിക കൊണ്ട് അവരുടെ തലയ്ക്കു പിന്നിൽ അടിച്ചു. അടിയേറ്റ് വീണ മനീഷയുടെ ദേഹത്തെ രക്തമെല്ലാം കഴുകിക്കളഞ്ഞ് തറ തുടച്ചു വൃത്തിയാക്കിയതിനുശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. 2016 ജൂലായ് 1-ന് പന്താർപുർ അഡീഷണൽ സെഷൻസ് കോടതി പ്രതിയായ സന്തോഷ് മഹാദേവന് പത്തുവർഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.

വിധിക്കെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഭാര്യ ചായയിടാൻ വിസമ്മതിച്ചതാണ് പെട്ടന്നുണ്ടായ പ്രകോപനത്തിലേക്ക് നയിച്ചതെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. എന്നാൽ പ്രതിയുടെ വാദം പരിഹാസ്യമാണെന്ന് കോടതി വിലയിരുത്തി. നീതീകരിക്കാൻ കഴിയാത്തതും അംഗീകരിക്കാനാകാത്തതുമായ വാദമാണ് പ്രതിയുടേത്. അതിനാൽ പ്രതി കുറ്റക്കാരനാണ്. ശിക്ഷ അനുഭവിക്കണം.

ദമ്പതികളുടെ ആറ് വയസ്സുള്ള മകളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. പിതാവ് മാതാവുമായി വഴക്ക് കൂടുന്നതിനും മർദിക്കുന്നതിനും ചുറ്റിക കൊണ്ട് തലയ്ക്കടിക്കുന്നതിനുമെല്ലാം ദൃക്സാക്ഷിയായിരുന്നു കുട്ടി. കുട്ടിയുടെ മൊഴി കണക്കിലെടുക്കാനാവില്ല എന്ന വിചാരണക്കോടതിയുടെ അഭിപ്രായം ഹൈക്കോടതി തള്ളി. സംഭവം നടന്ന് പത്തുപന്ത്രണ്ട് ദിവസത്തിനു ശേഷമാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി കുട്ടിയുടെ മൊഴി നിരസിച്ചത്. എന്നാൽ സിആർപിസി 164 പ്രകാരം കുട്ടി നൽകിയ മൊഴി വിശ്വാസ യോഗ്യമാണെതും ക്രോസ് വിസ്താരത്തിൽ കുട്ടി അതേ മൊഴി ആവർത്തിച്ചതും കോടതി കണക്കിലെടുത്തു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

great indian kitchen

ട്രിഗർ ചെയ്യപ്പെടുമെന്ന ഭീതി മൂലം ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടില്ലെന്ന് ജെ ദേവിക, റിവ്യൂകൾ പോലും വായിച്ചില്ല

പതിനൊന്നു മാസം പ്രായമുള്ള ലോറയുടെ ലാഡർ കയറ്റം, അമ്മ സാറയ്ക്കും കൈയടിച്ച് സോഷ്യൽ മീഡിയ- വീഡിയോ കാണാം