Movie prime

​ഇന്ത്യയിലെ അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുക ലക്ഷൃം

ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസെൻഡ് 2020 നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ രംഗത്തിന്റെ വളർച്ചയ്ക്കായി വികസനത്തിനുതകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളത്തിൽ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. വ്യാവസായിക വളർച്ചയിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനും സാമ്പത്തിക മുന്നേറ്റത്തിനുമാണ് സർക്കാർ ശ്രമിക്കുന്നത്. അടുത്ത 10 വർഷത്തിനകം തൊഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. കേരളം കൈവരിച്ച More
 
​ഇന്ത്യയിലെ അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുക ലക്ഷൃം
ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസെൻഡ് 2020 നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായ രംഗത്തിന്റെ വളർച്ചയ്ക്കായി വികസനത്തിനുതകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളത്തിൽ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. വ്യാവസായിക വളർച്ചയിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനും സാമ്പത്തിക മുന്നേറ്റത്തിനുമാണ് സർക്കാർ ശ്രമിക്കുന്നത്. അടുത്ത 10 വർഷത്തിനകം തൊഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.

കേരളം കൈവരിച്ച നേട്ടങ്ങൾ നിക്ഷേപക വർധനയ്ക്ക് സഹായകരമാണ്. കേരളത്തിന്റെ പ്രത്യേകതകൾ, പ്രകൃതി വിഭവങ്ങൾ, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, സീപോർട്ടുകൾ എന്നിവ കേരളത്തിലുണ്ട്. ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂർത്തിയായി വരികയാണ്. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാതയിൽ ഈ വർഷം തന്നെ ബോട്ട് സർവീസ് ആരംഭിക്കും. തിരുവനന്തപുരം – കാസർഗോഡ് സെമി ഹൈസ്പീഡ് ട്രെയിനും തത്വത്തിൽ അംഗീകാരം ലഭിച്ചു കഴിഞ്ഞു. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ കേരളത്തിലെ മുഴുവൻ റോഡുകളും മികച്ച രീതിയിൽ ഗതാഗത യോഗ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി കുറഞ്ഞ സാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിക്ഷേപം തുടങ്ങാൻ എത്തുന്നവർക്ക് മറ്റു രീതിയിൽ പണം ചെലവഴിക്കേണ്ട സാഹചര്യമില്ല. വിവിധ ഏജൻസികളുടെ റാങ്കിംഗിലും കേരളം മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഫെസിലിറ്റേഷൻ ആക്ട്, കെ-സ്വിഫ്റ്റ്, ഇൻവെസ്റ്റ്മെൻറ് കേരള പോർട്ടൽ തുടങ്ങിയ നിരവധി നടപടികൾ സംസ്ഥാനം സ്വീകരിച്ചു കഴിഞ്ഞു. വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സുഗമവും സുതാര്യവും അതിവേഗത്തിലുമാക്കുന്നതിനായി 7 നിയമങ്ങളും 10 ചട്ടങ്ങളും സർക്കാർ ഭേദഗതി ചെയ്തു. വ്യവസായം ആരംഭിക്കുന്നതിന് സർക്കാരുമായുള്ള ഇടപെടലുകൾ ഇ പ്ലാറ്റ്ഫോം വഴി ഏകജാലക സംവിധാനത്തിലൂടെയാണ് ഇപ്പോൾ നടന്നു വരുന്നത്.

ഇത്തരത്തിൽ വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിന് സംവിധാനം വേഗത്തിലാക്കാൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്. തൊഴിൽ ശേഷിയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും നൈപുണ്യം വർധിപ്പിക്കുന്നതിനും സ്കിൽ ഡെവലപ്മെന്റ് നടപടികൾ കൈക്കൊള്ളും. സംരംഭം തുടങ്ങാൻ അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞാൽ അനുമതി ലഭിച്ചതായുള്ള ഡീംഡ് ലൈസൻസ് സംവിധാനം നിലവിലുണ്ട്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിക്ഷേപകരെ ആകർഷിക്കാനായി നിരവധി ആലോചനാ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ യോഗങ്ങളിൽ പങ്കെടുത്ത നിക്ഷേപകർ മുന്നോട്ടുവെച്ച ആശങ്കകളും പരാതികളും പരിഗണിച്ച് അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരളത്തെ തൊഴിൽ രഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുക എന്നത് സർക്കാർ ലക്ഷ്യമാണ്. മികച്ച തൊഴിൽ അന്തരീക്ഷവും ഉറപ്പു വരുത്തണം. തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ബിപിസിഎൽ മാതൃക പരീക്ഷിക്കും. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശം സംക്ഷിക്കുന്നതിന് സമിതികൾ ഉണ്ടാക്കണം. തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തും. തദ്ദേശ സ്ഥാപന പരിധിയിലെ ആയിരത്തിൽ അഞ്ചുപേർക്ക് വീതം തൊഴിലുറപ്പാക്കുന്ന രീതിയിൽ പദ്ധതി ആവിഷ്കരിക്കും.

വൻ വ്യവസായങ്ങൾക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നൽകുന്ന കാര്യവും പരിഗണനയിലാണ്. 15 ഏക്കറിലധികം ഭൂമി കൈവശം വെക്കരുതെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും 250 കോടിയിൽപ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് സർക്കാർ നടപടിയെടുക്കും.

റോഡിന്റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിർമിക്കാവൂ എന്ന നിയമം ഇളവു ചെയ്യാനും ഉടൻ നടപടി സ്വീകരിക്കും. നിലവിൽ എട്ട് മീറ്റർ വീതിയിലുള്ള റോഡിനു സമീപം 18,000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള കെട്ടിടം അനുവദിക്കില്ല.

സ്ത്രീകൾക്ക് വൈകിട്ട് 7 മുതൽ രാവിലെ 6 വരെ ജോലി ചെയ്യാൻ അനുമതി നൽകും. സുരക്ഷിത താമസം അടക്കമുള്ള നടപടികൾ സ്ഥാപന ഉടമ സജ്ജീകരിക്കണം. വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികൾ വേഗത്തിലാക്കും. 20,000 ചതുരശ്ര അടിയിൽ അധികമുള്ള സിംഗിൾ ഫാക്ടറി കോംപ്ലക്സുകൾക്കുള്ള അനുമതി, ജിയോളജി വകുപ്പിന്റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തും. വൈദ്യുതി കണക്ഷൻ അപ്ഗ്രേഡ് ചെയ്യപ്പോൾ കെട്ടിവെക്കുന്ന തുക ഭാവിയിലേക്കുള്ള താരിഫിൽ നിന്ന് തുക കുറവ് ചെയ്ത് നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന നിക്ഷേപകർക്ക് തൊഴിലാളിയെ അടിസ്ഥാനമെടുത്തി 5 വർഷത്തേക്ക് സബ്സിഡി നൽകുന്ന പുതിയ പദ്ധതിയും സർക്കാർ വിഭാവനം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാർഷിക അഭിവൃദ്ധിയിലൂടെയും വ്യാവസായിക വളർച്ചയിലുടെയും സാമ്പത്തിക മുന്നേറ്റമാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.

കേരളത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. കിൻഫ്രയെക്കറിക്കുള്ള കോഫീ ടേബിൾ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. രവി പിള്ള, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് തുടങ്ങിയവർ പങ്കെടുത്തു.