Movie prime

യു എസ് ടി ഗ്ലോബലിന് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ സി എസ് ആർ അവാർഡ്

തിരുവനന്തപുരം, ജൂലായ് 12: ആഗോള തലത്തിൽ ഡിജിറ്റൽ സാങ്കേതിക രംഗത്തെ മുൻനിര കമ്പനിയായ യു എസ് ടി ഗ്ലോബലിന് കേരള മാനേജ്മെന്റ അസോസിയേഷന്റെ (കെ എം എ) സി എസ് ആർ പുരസ്കാരം. കൊച്ചിയിൽ ഈയിടെ നടന്ന കെ എം എ സി എസ് ആർ കോൺക്ലേവിലാണ് വിദ്യാഭ്യാസ രംഗത്ത് ആദ്യ റണ്ണർ അപ്പായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടത്. സാധാരണക്കാരും അടിസ്ഥാന ജീവിതസൗകര്യങ്ങൾ നിഷേധിക്കപ്പെട്ടവരുമായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ ഭൗതികവും മാനസികവും സാമ്പത്തികവുമായ വളർച്ചയും ക്ഷേമവും ലക്ഷ്യമിട്ട് വിദ്യാഭ്യാസ രംഗത്ത് യു എസ് ടി ഗ്ലോബൽ നടപ്പിലാക്കിവരുന്ന സമഗ്രമായ പ്രവർത്തനങ്ങളെ More
 
യു എസ് ടി ഗ്ലോബലിന് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ സി എസ് ആർ അവാർഡ്

തിരുവനന്തപുരം, ജൂലായ് 12: ആഗോള തലത്തിൽ ഡിജിറ്റൽ സാങ്കേതിക രംഗത്തെ മുൻനിര കമ്പനിയായ യു എസ് ടി ഗ്ലോബലിന് കേരള മാനേജ്മെന്റ അസോസിയേഷന്റെ (കെ എം എ) സി എസ് ആർ പുരസ്‌കാരം.

കൊച്ചിയിൽ ഈയിടെ നടന്ന കെ എം എ സി എസ് ആർ കോൺക്ലേവിലാണ് വിദ്യാഭ്യാസ രംഗത്ത് ആദ്യ റണ്ണർ അപ്പായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടത്. സാധാരണക്കാരും അടിസ്ഥാന ജീവിതസൗകര്യങ്ങൾ നിഷേധിക്കപ്പെട്ടവരുമായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ ഭൗതികവും മാനസികവും സാമ്പത്തികവുമായ വളർച്ചയും ക്ഷേമവും ലക്ഷ്യമിട്ട് വിദ്യാഭ്യാസ രംഗത്ത് യു എസ് ടി ഗ്ലോബൽ നടപ്പിലാക്കിവരുന്ന സമഗ്രമായ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം.

കമ്പനിയുടെ തുടക്കം മുതൽ തന്നെ, പ്രവർത്തിക്കുന്ന ഇടങ്ങളിലെല്ലാം പ്രാദേശിക സമൂഹങ്ങളുടെ വളർച്ചയിലും വികാസത്തിലും ഇടപെട്ട് അതിൽ ആവുന്നത്ര സംഭാവന ചെയ്യാനുള്ള ശ്രമം തങ്ങൾ നടത്തിവരുന്നുണ്ടെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് വാല്യൂ ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡുമായ സുനിൽ ബാലകൃഷ്‌ണൻ അഭിപ്രായപ്പെട്ടു.

“ഇടപാടുകാരുടെ വിജയത്തിൽ വഹിക്കുന്ന പങ്കിനൊപ്പം പ്രധാനമാണ് വരുംതലമുറയുടെ ജീവിത ഗുണനിലവാരം ഉയർത്തുന്നതിൽ നൽകേണ്ട സംഭാവന എന്ന സമഗ്രതയാർന്ന കാഴ്ചപ്പാടോടെയാണ് കമ്പനിയുടെ പ്രവർത്തനം. അടിത്തട്ടിൽ കഴിയുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യമൂലധനം ഉയർത്താനുള്ള കമ്പനിയുടെ എളിയ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് കേരള മാനേജ്‌മെന്റ് അസോസിയേഷൻ നൽകുന്ന ഉന്നതമായ പുരസ്‌കാരം. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ ജീവിത സ്വപ്‌നങ്ങൾക്ക്‌ നിറം പകരാനുള്ള കമ്പനിയുടെ നിരന്തര പരിശ്രമങ്ങൾക്ക് വലിയ തോതിൽ പ്രചോദനമാവാൻ ഈ അംഗീകാരത്തിനാവും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷമാണ് കെ എം എ പുരസ്‌കാരങ്ങൾക്ക് തുടക്കം കുറിച്ചത്. കോർപറേറ്റുകളുടെയും എൻ ജി ഒ കളുടെയും ഇടയിലുള്ള മാതൃകാപരമായ സി എസ് ആർ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. തുടർച്ചയായ രണ്ടാം വർഷമാണ് കെ എം എ നൽകുന്ന സി എസ് ആർ പുരസ്‌കാരം യു എസ് ടി ഗ്ലോബലിന് ലഭിക്കുന്നത്.

കമ്പനി നടപ്പിലാക്കിവരുന്ന ‘അഡോപ്റ്റ് എ സ്‌കൂൾ’ പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ പിന്നാക്കം നിൽക്കുന്ന സർക്കാർ സ്‌കൂളുകളെ ഏറ്റെടുക്കുകയും വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതും ക്ഷേമവും വികാസവും ഉറപ്പുവരുത്തുന്നതുമായ പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു. കളേഴ്സ് എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ സംഘാടനവും നിർവഹണവുമെല്ലാം ജീവനക്കാരുടെ മുൻകൈയിലാണ് നടക്കുന്നത്.

യു എസ് ടി വെൽഫെയർ ഫൗണ്ടേഷൻ വഴി നൽകുന്ന സാമ്പത്തികമായ സംഭാവനകൾക്ക് പുറമേ ഓരോ വർഷവും ജോലിസമയത്തിൽനിന്ന് ആയിരക്കണക്കിന് മണിക്കൂറുകളാണ് സന്നദ്ധപ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കുന്നത്. തിരുവനന്തപുരത്തെ പതിമൂന്നും കൊച്ചിയിലെ പതിനഞ്ചും സർക്കാർ സ്‌കൂളുകൾ പദ്ധതിക്കു കീഴിൽ വരുന്നുണ്ട്. പഠനനിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കു പുറമേ വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ സാങ്കേതികവൽക്കരണം, എംപ്ലോയബിലിറ്റി അഥവാ ജോലിക്കെടുക്കാനുള്ള യോഗ്യത മെച്ചപ്പെടുത്തൽ, വ്യക്തിഗത മികവിനും പാരിസ്ഥിതിക നേട്ടത്തിനുമുള്ള സുസ്ഥിര നടപടികൾ എന്നിവയും സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്പനി നിർവഹിച്ചുവരുന്നു.

വിദ്യാഭ്യാസ മേഖലയ്ക്ക് പുറമേ ആരോഗ്യരക്ഷ, ജീവനോപാധികളുടെ മുന്നോട്ടുവെപ്പ്, സ്ത്രീശാക്തീകരണം തുടങ്ങി വൈവിധ്യമാർന്ന രംഗങ്ങളിലെ പ്രവർത്തനങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് കമ്പനി അതിന്റെ പ്രഖ്യാപിത ലക്ഷ്യമായ ജീവിതങ്ങളെ പരിവർത്തിപ്പിക്കൽ (ട്രാൻസ്‌ഫോമിങ് ലൈവ്‌സ്) എന്ന ദൗത്യം നിറവേറ്റിവരുന്നത്. വിഭിന്നശേഷിയുള്ളവർക്ക് സാങ്കേതിക മേഖലയിൽ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ തലത്തിൽ ‘ഇമ്പാക്റ്റ് ഇന്ത്യ’ എന്ന പദ്ധതിയും വിജകരമായി നടപ്പിലാക്കുന്നു. സാമൂഹ്യ പരിവർത്തനം ലാക്കാക്കി യു എസ് ടി ഗ്ലോബൽ ആഗോള തലത്തിൽ നടപ്പിലാക്കുന്ന ‘ഗ്രാൻഡ് ട്രാൻസ്ഫൊർമേഷൻ മെക്സിക്കോ’, ‘സ്റ്റെപ്പ് ഇറ്റ് അപ്പ് അമേരിക്ക’ എന്നീ പദ്ധതികളുടെ ഭാഗമാണ് ‘ഇമ്പാക്റ്റ് ഇന്ത്യ’.