Movie prime

പൊതുമേഖലാ സ്ഥാപനങ്ങ ആധുനീകരണത്തിന്റെ പാതയിൽ 

 

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാവി വികസന പദ്ധതിക്ക് രൂപം നൽകുന്നതിന്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാൻ അവതരണം ആരംഭിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. കെ. ഇളങ്കോവൻ, എ പി എം മുഹമ്മദ് ഹനീഷ്, അതതു മേഖലകളിലെ വിദഗ്ധർ എന്നിവരുടെ മുൻപാകെ ഏഴു സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർമാർ മാസ്റ്റർ പ്ലാൻ അവതരണം നടത്തി.

കെ.എം.എം.എൽ, മലബാർ സിമൻറ്സ്, ട്രാവൻകൂർ ടൈറ്റാനിയം, കളമശ്ശേരി ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കെ.എസ്.ഡി.പി, കേരളാ സ്റ്റേറ്റ് മിനറൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ, ട്രാവൻകൂർ സിമന്റ്സ് എന്നീ സ്ഥാപനങ്ങളാണ് അവതരണം നടത്തിയത്.

ഓരോ സ്ഥാപനങ്ങളുടെയും ആധുനീകരണം, വൈവിധ്യവൽക്കരണം എന്നിവ ലക്ഷ്യമിട്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. അടുത്ത പത്തു വർഷത്തേക്ക് ആവശ്യമായ പ്രവർത്തന പദ്ധതി ഇതിലൂടെ രൂപീകരിക്കും. അതതു മേഖലകളിലെ വിദഗ്ധരും ട്രേഡ് യൂണിയനുകളുമായും ചർച്ച ചെയ്ത ശേഷമായിരിക്കും മാസ്റ്റർപ്ലാനിന് അന്തിമ രൂപം നൽകുക. 

കെമിക്കൽ വ്യവസായ മേഖലയിലെ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ അവതരണം പൂർത്തിയാക്കി. ജൂലൈ 15 ന് മുൻപ് മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളുടേയും അവതരണം പൂർത്തിയാക്കും. ഓരോ സ്ഥാപനങ്ങൾക്കുമുള്ള സർക്കാർ പദ്ധതി വിഹിതം മാസ്റ്റർ പ്ളാനിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.