Movie prime

കോവിഡ് കാലത്ത് സഹായ ഹസ്തമേകി യു എസ്  ടി  

 

 കോവിഡ് ബാധിച്ച് മരണമടഞ്ഞ ജീവനക്കാരുടെ ശമ്പളം അവരുടെ കുടുംബത്തിന് തുടർന്നും നൽകുന്നുണ്ട്.

രാജ്യമെങ്ങുമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ്  ടി. സർക്കാരുകൾ, ആശുപത്രികൾ, ദുരിതാശ്വാസ പ്രവർത്തകർ, സർക്കാരിതര സന്നദ്ധ സംഘടനകൾ എന്നിവയുമായി യോജിച്ചാണ് മഹാമാരിക്കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുഎസ്ടി മുന്നിട്ടിറങ്ങുന്നത്. കുറഞ്ഞത് 10 കോടി രൂപയാണ് കമ്പനി ഇതിനായി വകയിരുത്തിയിട്ടുള്ളത്.

മെഡിക്കൽ സാമഗ്രികൾക്കുള്ള വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കാനും ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള സംഭാവനകളെക്കൂടി കമ്പനി  പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജീവനക്കാരുടെ സംഭാവനയ്ക്ക് തുല്യമായ തുക കമ്പനിയും നൽകും. ഫസ്റ്റ്-ലൈൻ ചികിത്സാ കേന്ദ്രങ്ങൾ (എഫ്‌എൽ‌ടി‌സി), സമർപ്പിത കോവിഡ് ചികിത്സാകേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയ്ക്കുള്ള മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും നൽകുന്നതിലാണ് കമ്പനി ഈ വർഷം ശ്രദ്ധ ചെലുത്തുന്നത്.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള
ഓക്സിജൻ വിതരണ ഉപകരണങ്ങൾ, ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, എൻ 95 മാസ്കുകൾ, പിപിഇ കിറ്റുകൾ, ഫെയ്സ് ഷീൽഡുകൾ, സാനിറ്റൈസർ, ഗ്ലൂക്കോമീറ്ററുകൾ, തെർമോമീറ്ററുകൾ, ഡെഫിബ്രില്ലേറ്ററുകൾ, രക്തസമ്മർദം അളക്കാനുള്ള ഉപകരണങ്ങൾ, തെർമൽ സ്കാനറുകൾ, സർജിക്കൽ മാസ്കുകൾ, കയ്യുറകൾ, മരുന്നുകൾ എന്നിവ വിതരണം ചെയ്യുന്നുണ്ട്. സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്കായി ഭക്ഷ്യവസ്തുക്കളും റേഷനും ഉൾപ്പെടെയുള്ള സഹായങ്ങളും നൽകി വരുന്നു.

ആശുപത്രികൾ, വിവിധ സർക്കാർ വകുപ്പുകൾ, സർക്കാരിതര സന്നദ്ധ സംഘടനകൾ, മെഡിക്കൽ സേവനദാതാക്കൾ എന്നിവവഴി രാജ്യത്തുടനീളമുള്ള കോവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കമ്പനി ഭാഗഭാക്കാവുന്നുണ്ട്. 25-ലേറെ സർക്കാർ, ചാരിറ്റി ആശുപത്രികൾ, 30 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 4 പ്രാഥമിക, ദ്വിതീയ കോവിഡ് കെയർ സെന്ററുകൾ, 48 വൃദ്ധസദനങ്ങൾ, 94 ശിശു സംരക്ഷണ കേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള 42 സ്പെഷ്യൽ ഹോമുകൾ, 36 പാലിയേറ്റീവ് യൂണിറ്റുകൾ, 3 ശ്മശാനങ്ങൾ, 5 സർക്കാർ ക്വാറൻ്റൈൻ കേന്ദ്രങ്ങൾ എന്നിവ ഇതിലുൾപ്പെടും. കമ്പനി പ്രവർത്തിക്കുന്ന കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന  സംസ്ഥാനങ്ങളിലെ നഗര, ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ ആളുകൾ ഇതിൻ്റെ ഗുണഭോക്താക്കളാണ്.

വിശ്വശാന്തി ഫൗണ്ടേഷൻ, സമ്പർക്ക് സേവാ ട്രസ്റ്റ്, നിർമാൺ, ഇഎഫ്ഐ, പാൻ ഇന്ത്യ, സിഐഐ തുടങ്ങി നിരവധി സംഘടനകളുമായി കമ്പനിക്ക് പങ്കാളിത്തമുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള സർക്കാർ മെഡിക്കൽ കോളെജുകൾ, ബെംഗളൂരു സെന്റ് ജോൺസ് ആശുപത്രി, ചെന്നൈ രാജീവ്ഗാന്ധി ആശുപത്രി,  ഹൈദരാബാദിലെ ഗാന്ധി ഗവൺമെൻ്റ് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിക്കുന്നുണ്ട്.

കോവിഡ് മഹാമാരിക്കെതിരെ സാധ്യമായ വിധത്തിലെല്ലാം രാജ്യം പൊരുതുകയാണെന്നും നാം ഉറപ്പായും വിജയം കൈവരിക്കുമെന്നും  യു എസ്  ടി  ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെൻ്റ് സെൻ്റേഴ്സ് ഗ്ലോബൽ ഹെഡുമായ സുനിൽ ബാലകൃഷ്ണൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. "ആരോഗ്യ പ്രവർത്തകരും  മുന്നണിപ്പോരാളികളും യുഎസ്ടി കുടുംബാംഗങ്ങളും ഉൾപ്പെടെ മഹാമാരിക്കെതിരെ ചെറുത്തുനില്പുകൾ ഉയർത്തുന്ന എല്ലാവരോടും ഞങ്ങൾ ഐക്യപ്പെടുന്നു. രാജ്യത്തുടനീളമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും സംഭാവനകൾ നൽകുകയും ചെയ്യുന്നു.ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ  പ്രതിജ്ഞാബദ്ധമായ  യു എസ്  ടി  യിൽ ഏറ്റവുമധികം മുൻ‌ഗണന സുരക്ഷയ്ക്കാണ്. ഇത്തരം പ്രവർത്തനങ്ങൾ മഹാമാരിക്കെതിരായ പോരാട്ടത്തിന് ആക്കം കൂട്ടുമെന്നും കരുത്തു പകരുമെന്നുമാണ്  പ്രതീക്ഷിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.

മഹാമാരിക്ക് തുടക്കമിട്ട് അത്  ജനങ്ങളുടെ ജീവിതത്തിനും ഉപജീവന മാർഗങ്ങൾക്കും ഭീഷണിയായതുമുതൽ യു‌എസ്‌ടി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു വരികയാണ്. “2020-ൽ ഇന്ത്യയിലും അമേരിക്കയിലും അപെക് മേഖലയിലും നടന്ന കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കമ്പനി സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. ജീവനക്കാരുടെ സംഭാവനകൾക്കൊപ്പം കമ്പനി ഫണ്ടും ഉപയോഗിച്ച് ഭക്ഷണവും മെഡിക്കൽ സാമഗ്രികളും വിതരണം ചെയ്തു. 80,000-ത്തിൽപ്പരം ആളുകൾക്കാണ് അതിൻ്റെ പ്രയോജനം ലഭിച്ചത്. മെഡിക്കൽ ഉപകരണങ്ങളും  അവശ്യ വസ്തുക്കളും വിതരണം ചെയ്തതുവഴി ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവരിലേക്കും മരുന്നും ഭക്ഷ്യവസ്തുക്കളും മറ്റു ആരോഗ്യരക്ഷാ സേവനങ്ങളും വഴി സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളിലേക്കും എത്തിച്ചേരാൻ ഞങ്ങൾക്കായി."- സുനിൽ ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളമുള്ള കമ്പനിയുടെ ജീവനക്കാർക്കും 18 വയസ്സിന് മുകളിൽ പ്രായമുള്ള അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും  ആശ്രിതർക്കും സൗജന്യ വാക്സിനേഷൻ നൽകിവരുന്നു. കോവിഡ് മൂലം ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാർക്ക് സാധാരണ അവധിക്കു പുറമേ 'കോവിഡ് സ്പെഷ്യൽ ലീവ് ' അനുവദിക്കുന്നുണ്ട്. 10 പ്രവൃത്തിദിവസം വരെ ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിക്കുന്നത്. 

സുരക്ഷാ പ്രോട്ടോക്കോളുകൾ സംബന്ധിച്ച സംശയ നിവാരണത്തിനും മാർഗ നിർദേശങ്ങൾക്കുമായി ഒരു ഡെഡികേറ്റഡ് ഹെൽപ്പ് ഡെസ്ക് കഴിഞ്ഞ വർഷം മുതൽ കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രമുഖ ഹെൽത്ത് കെയർ സ്ഥാപനങ്ങളുമായി സഹകരിച്ച് തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്,  എന്നിവിടങ്ങളിൽ  ജീവനക്കാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കുമായി മികച്ച രീതിയിലുളള കോവിഡ് ഫസ്റ്റ്-ലൈൻ ചികിത്സാ സൗകര്യങ്ങളും ക്വാറൻ്റൈൻ കേന്ദ്രങ്ങളും  സജ്ജീകരിച്ചിട്ടുണ്ട്.

യുഎസ്ടി യുടെ ഓരോ കേന്ദ്രത്തിലും ഒരു സെൽഫ്-ഹെൽപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. രോഗ പകർച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വിവരങ്ങളും വസ്തുതകളും കോവിഡ് ബാധിതരായ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും  പകർന്നു നല്കാനും തെറ്റിദ്ധാരണകൾ അകറ്റാനും വൈകാരിക പിന്തുണ ഉറപ്പാക്കാനുമാണ് സ്വയം സഹായ സംഘങ്ങൾ ശ്രമിക്കുന്നത്. സഹായം ആവശ്യമായവർക്കൊപ്പം  സേവന സന്നദ്ധതയുള്ളവർക്കും ഗ്രൂപ്പിൽ അംഗമാകാം.  

ജീവനക്കാർക്കിടയിലെ കോവിഡ് ബാധ നിരീക്ഷിക്കുന്നതിനായി ഒരു പോർ‌ട്ടലിനും രൂപം കൊടുത്തിട്ടുണ്ട്. ഓരോ കേന്ദ്രത്തിലെയും ജീവനക്കാരുടെ സുരക്ഷയ്ക്കൊപ്പം അവിടെ  സന്ദർശനത്തിനെത്തുന്ന വിദൂരകേന്ദ്രങ്ങളിൽ നിന്നുള്ള  ജീവനക്കാരുടെ സുരക്ഷകൂടി മുൻനിർത്തിയാണ് പോർട്ടലിൻ്റെ പ്രവർത്തനം.  വ്യാപനം തടയാനും അപായ സാധ്യത പരമാവധി കുറയ്ക്കാനും ഇതുവഴി സാധിക്കുന്നു.

കോവിഡ് ബാധിച്ച് മരണമടഞ്ഞ ജീവനക്കാരുടെ ശമ്പളം അവരുടെ കുടുംബത്തിന് തുടർന്നും നൽകുന്നുണ്ട്. മരണമടഞ്ഞ ദിവസം മുതൽ രണ്ടുവർഷം വരെയാണ് ഇത് ലഭിക്കുന്നത്.  യു‌എസ്‌ടി ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസും നിയമ പ്രകാരമുള്ള ആനുകൂല്യങ്ങളും ഉൾപ്പെടെ മരണമടയുന്നവർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെയാണിത്.