ജീവിതത്തിൽ ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും മോശം ഫെസ്റ്റിവലാണ് ഇത്തവണത്തെ ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്ന് കാനേഡിയൻ ചലച്ചിത്രകാരിയും മേളയിലെ സർക്കാർ അതിഥിയുമായ അലിസൺ റിച്ചാർഡ്സ്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഐ എഫ് എഫ് ഐ മേളയെ സംബന്ധിച്ച നൂറുകൂട്ടം പരാതികളുടെ കെട്ട് അവർ അഴിച്ചിട്ടത്.
ഇതേപോലൊരു മേള താൻ ജീവിതത്തിൽ കണ്ടിട്ടില്ല. കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മേളകളിൽ പങ്കെടുക്കാറുണ്ട്. ഇത്ര മോശം സമീപനം വേറൊരിടത്തും ഉണ്ടായിട്ടില്ല. അതിഥിയെപ്പോലെയല്ല ഒരു കുറ്റവാളിയെപ്പോലെയാണ് സംഘാടകർ പെരുമാറുന്നത്. ഗോവയിലെ ചലച്ചിത്രമേളയെ അന്താരാഷ്ട്ര ചലച്ചിത്ര മേളയെന്ന് വിളിക്കരുത്-അവർ പറഞ്ഞു.
ഇത് ഗോവക്കാർക്കു വേണ്ടി സർക്കാർ നടത്തുന്നതാണെന്നും അന്താരാഷ്ട്ര മേളയാവണമെങ്കിൽ അതിനുള്ള രീതികൾ വേറെയാണെന്നും അലിസൺ അഭിപ്രായപ്പെട്ടു. ഗോവയിലേത് മോശം സംഘാടനമാണ്. ഗുണ്ടകളെപ്പോലെയാണ് സംഘാടകർ പെരുമാറുന്നത്. അതിഥികളോട് എങ്ങനെ പെരുമാറണം എന്ന് അവർക്കറിയില്ല.
ബാഡ്ജ് ശരിയായി വർക്ക് ചെയ്യുന്നില്ല, ഓൺലൈനിലൂടെയുള്ള ടിക്കറ്റ് ബുക്കിംഗ് ശരിക്കു നടക്കുന്നില്ല. താമസിക്കുന്ന ഹോട്ടലിൽ നിന്ന് പ്രദർശന നഗരിയിലേക്ക് സൈക്കിളിൽ എത്തിയപ്പോൾ പാർക്കിംഗ് സ്പേസ് പോലും തന്നില്ല തുടങ്ങി റിച്ചാർഡ്‌സിനു പരാതികൾ മാത്രമേയുള്ളൂ. ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ താൻ പറയുന്നത് ഒറ്റയെണ്ണത്തിന് മനസ്സിലാകുന്നില്ലെന്നും അതിനാൽ അവർ ഫോൺ കട്ട് ചെയ്യുകയാണെന്നും അവർ കുറ്റപ്പെടുത്തി.