ഇന്ത്യൻ പാർലമെന്റിൽ ഉള്ളതിനേക്കാൾ കൂടുതൽ സിഖുകാർ കനേഡിയൻ പാർലമെന്റിൽ. സിഖുകാരുടെ സ്വന്തം നാടായ ഇന്ത്യയിൽ ലോക് സഭയിലെ സിഖ് വംശജരുടെ എണ്ണം പതിമൂന്ന് ആണെങ്കിൽ അവരുടെ കുടിയേറ്റ രാജ്യമായ കാനഡയിലെ അധോസഭയായ ഹൌസ് ഓഫ് കോമൺസിൽ അവരുടെ എണ്ണം പതിനെട്ടാണ്. രണ്ടുരാജ്യങ്ങളിലും ജനസംഖ്യയുടെ ഏതാണ്ട് 2 ശതമാനം വരും സിഖുകാരുടെ എണ്ണം.
ഈയിടെ നടന്ന കനേഡിയൻ ഫെഡറൽ തെരഞ്ഞെടുപ്പിലാണ് എക്കാലത്തേക്കാളും കൂടുതൽ സിഖ് വംശജർ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
338 -ൽ 157 സീറ്റ് സീറ്റ് നേടിയാണ് ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി രണ്ടാമതും അധികാരത്തിൽ എത്തുന്നത്. കൺസർവേറ്റീവുകൾ 121 സീറ്റ് നേടിയതോടെ കേവലഭൂരിപക്ഷമായ 170 -ൽ എത്താൻ ലിബറൽ പാർട്ടിക്കായില്ല. ന്യൂപക്ഷ സർക്കാരിനെ നിലനിർത്താൻ ട്രൂഡോക്ക് ഏറെ പണിപ്പെടേണ്ടിവരും.
തിരഞ്ഞെടുക്കപ്പെട്ട 18 സിഖ് എം പി മാരിൽ 13 പേർ ലിബറൽ പാർട്ടിക്കാരാണ്. നാലുപേർ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും ഒരാൾ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയിൽനിന്നുമാണ്.
സിഖ് നേതാക്കളിൽ പ്രധാനിയാണ് ജഗ്മീത് സിംഗ്. കിംഗ് മേക്കർ എന്നാണ് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നത് തന്നെ . കാരണം രണ്ടാം ഘട്ട സർക്കാർ രൂപീകരണത്തിന് ജസ്റ്റിൻ ട്രൂഡോക്ക് സിംഗിന്റെ സഹായം നിർണായകമാണ്.