chhattisgarh
ലോക്ഡൗൺ കാലത്ത് ഉപജീവനത്തിനു വകയില്ലാതെ ജീവിതം വഴിമുട്ടിയപ്പോൾ കുട്ടനെയ്ത്തിലേക്ക് തിരിഞ്ഞ അഭിഭാഷകന് സമ്മാനം നല്കി ആദരിച്ച് ഛത്തിസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി ആർ രാമചന്ദ്രമേനോൻ.chhattisgarh
തമിഴ്നാട്ടിൽ നിന്നുള്ള ഉത്തമ കുമാരൻ എന്ന 34 വയസ്സുള്ള അഡ്വക്കറ്റാണ് നയാപൈസ കൈയിലില്ലാതെ ജീവിതം വഴിമുട്ടിയപ്പോൾ കുടുംബത്തിൻ്റെ പരമ്പരാഗത തൊഴിലായ പനയോല കൊണ്ടുള്ള കുട്ട നെയ്ത്തിലേക്ക് തിരിഞ്ഞത്. കാട്ടിൽ നിന്നാണ് പനയോല ശേഖരിക്കുന്നത്.
മലൈ കുറുവർ എന്ന ഗോത്രവർഗക്കാരനാണ് ഉത്തമ കുമാരൻ. 2010-ൽ നിയമബിരുദം നേടിയതിനു ശേഷം തഞ്ചാവൂരിലെ പട്ടു കോട്ടൈ കോടതിയിൽ പ്രാക്റ്റീസ് ചെയ്യുകയാണ്. കോവിഡ് പ്രതിസന്ധിക്കു മുമ്പ് മാസം 25,000 രൂപയോളം വരുമാനം ലഭിച്ചിരുന്നു. ലോക്ഡൗണായതോടെ വരുമാനം നിലച്ചു. ജീവിക്കാൻ മാർഗമില്ലാതായി. അതോടെ വക്കീൽ കുപ്പായം ഊരിവെച്ച് കുട്ടനെയ്യാൻ തുടങ്ങുകയായിരുന്നു.
ഒരു ഇംഗ്ലീഷ് ദിനപത്രത്തിലാണ് തമിഴ്നാട്ടിൽ നിന്നുള്ള ഈ അഭിഭാഷകനെപ്പറ്റി വാർത്ത വന്നത്. തൊഴിലിൻ്റെ മഹത്വം തിരിച്ചറിഞ്ഞ് യാതൊരു മടിയും കൂടാതെ കുട്ട നെയ്ത്തിലേക്ക് തിരിഞ്ഞ അഭിഭാഷകനെപ്പറ്റിയുള്ള വാർത്ത വായിച്ചറിഞ്ഞയുടനെ ജസ്റ്റിസ് രാമചന്ദ്രമേനോൻ അദ്ദേഹത്തിന് കത്തെഴുതി. കത്തിനൊപ്പം പതിനായിരം രൂപയുടെ ചെക്ക് വെയ്ക്കുന്നുണ്ടെന്നും അതൊരു സംഭാവനയോ, സഹാനുഭൂതി മൂലമുള്ള സഹായധനമോ ആയി കാണരുതെന്നും മറിച്ച് ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞ ഒരാളിൻ്റെ ഉന്നതമായ ജീവിതാവബോധത്തിനും അർപ്പണബോധത്തിനുമുള്ള അർഹിക്കുന്ന അംഗീകാരമാണെന്നും അദ്ദേഹം കത്തിൽ കുറിച്ചു.
ലോക്ഡൗൺ കാലത്ത് പ്രതിസന്ധിയിൽ അകപ്പെട്ടുപോയ അഭിഭാഷകൻ്റെ ജീവിതകഥ അഭിഭാഷക സമൂഹത്തിന് മുഴുവനുമുള്ള മുന്നറിയിപ്പാണെന്നും ശുഭാപ്തി വിശ്വാസം കൈവെടിയരുതെന്നും ഏതസ്തമയത്തിന് ശേഷവും ഒരു ഉദയമുണ്ടെന്നുമുള്ള സന്ദേശമാണ് അത് പകർന്ന് നല്കുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രമേനോൻ പറയുന്നു.