Movie prime

വിദേശത്തുനിന്ന് വരുന്നവരിൽ വൈറസ് ബാധ കണ്ടെത്താൻ മലദ്വാര സ്രവപരിശോധനയുമായി ചൈന; അങ്കലാപ്പും നാണക്കേടും ഉണ്ടാക്കുന്നതായി പ്രതികരണങ്ങൾ

china കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിക്കാൻ ചൈനയിൽ മലദ്വാരത്തിൽ നിന്നുള്ള സ്രവങ്ങൾ പരിശോധിക്കുന്നു.വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ, ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അനൽ സ്വാബ് ടെസ്റ്റുകൾ നടത്തുന്നത്. china മലദ്വാരത്തിലും വിസർജ്യത്തിലും വൈറസ് കൂടുതൽ കാലം നിലനിൽക്കുന്നു എന്നും അതുകൊണ്ടുതന്നെ അത് കൂടുതൽ കൃത്യതയുള്ള ഫലങ്ങൾ നൽകുന്നു എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേത്തുടർന്നാണ് അനൽ സ്വാബ് ടെസ്റ്റിലേക്ക് മാറാൻ സർക്കാർ തീരുമാനിച്ചത്. തൊണ്ട, മൂക്ക് തുടങ്ങി ശരീരത്തിൻ്റെ മുകൾ ഭാഗങ്ങളിൽ നിന്ന് എടുക്കുന്നവയേക്കാൾ, മലദ്വാരത്തിൽ More
 
വിദേശത്തുനിന്ന് വരുന്നവരിൽ വൈറസ് ബാധ കണ്ടെത്താൻ മലദ്വാര സ്രവപരിശോധനയുമായി ചൈന; അങ്കലാപ്പും നാണക്കേടും ഉണ്ടാക്കുന്നതായി പ്രതികരണങ്ങൾ

china
കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിക്കാൻ ചൈനയിൽ മലദ്വാരത്തിൽ നിന്നുള്ള സ്രവങ്ങൾ പരിശോധിക്കുന്നു.വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ, ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അനൽ സ്വാബ് ടെസ്റ്റുകൾ നടത്തുന്നത്. china

മലദ്വാരത്തിലും വിസർജ്യത്തിലും വൈറസ് കൂടുതൽ കാലം നിലനിൽക്കുന്നു എന്നും അതുകൊണ്ടുതന്നെ അത് കൂടുതൽ കൃത്യതയുള്ള ഫലങ്ങൾ നൽകുന്നു എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേത്തുടർന്നാണ് അനൽ സ്വാബ് ടെസ്റ്റിലേക്ക് മാറാൻ സർക്കാർ തീരുമാനിച്ചത്. തൊണ്ട, മൂക്ക് തുടങ്ങി ശരീരത്തിൻ്റെ മുകൾ ഭാഗങ്ങളിൽ നിന്ന് എടുക്കുന്നവയേക്കാൾ, മലദ്വാരത്തിൽ നിന്നുള്ള സ്രവങ്ങളിലാണ് വൈറസിൻ്റെ സാന്നിധ്യം കൂടുതൽ കാലം കാണപ്പെടുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിലെ കൃത്യത വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അധികൃതർ പറയുന്നു.

എന്നാൽ അനൽ സ്വാബ് ടെസ്റ്റിന് വിധേയരാകേണ്ടി വരുന്നത് നാണക്കേടാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ചൈനീസ് സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച് നിരവധി പ്രതികരണങ്ങൾ വന്നിട്ടുണ്ട്. മറ്റു ഭാഗങ്ങളിൽ നിന്നുള്ള സ്രവങ്ങൾക്കൊപ്പം മലദ്വാരത്തിൽ നിന്നുള്ള സ്രവവും കൂടി ആവശ്യപ്പെട്ടതോടെ താൻ അന്ധാളിച്ചു പോയതായി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ സിയാഹോങ്‌ഷുവിൽ നടത്തിയ പ്രതികരണത്തിൽ ഒരു വനിത പറഞ്ഞു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അവർക്ക് 28 ദിവസത്തെ ക്വാറൻ്റൈനാണ് അധികൃതർ നിർദേശിച്ചത്.

അനൽ സ്വാബ് എടുത്തപ്പോൾ അസ്വസ്ഥത തോന്നിയില്ലെങ്കിലും ലജ്ജ തോന്നിയതായി മറ്റൊരാൾ പ്രതികരിച്ചു. ഇത്തരം പരിശോധനകൾ നടത്തുമ്പോൾ ഉണ്ടാകുന്ന അസുഖകരമായ അനുഭവങ്ങൾ കണക്കിലെടുത്ത് ഫലപ്രദമെന്ന് കണ്ടെത്തിയ മറ്റു പരിശോധനകളിലേക്ക് തിരിച്ചു പോകണമെന്ന് ചിലർ അഭിപ്രായപ്പെട്ടതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. മലദ്വാരത്തിൽ നിന്നുള്ള സ്രവ പരിശോധന പോലെ ആളുകൾക്ക് അങ്കലാപ്പും നാണക്കേടും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന രീതികളിലേക്ക് തിരിയുന്നതിനെ പലരും എതിർക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഇത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് പീക്കിംഗ് യൂണിയൻ മെഡിക്കൽ കോളെജ് ഹോസ്പിറ്റലിലെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കാവോ വെയ് അഭിപ്രായപ്പെട്ടു. കോവിഡ് ബാധിച്ച ആളുകളുടെ ഫോളോ അപ്പ് ഡാറ്റയിൽ നിന്നും 2003-ൽ പൊട്ടിപ്പുറപ്പെട്ട സാർസ് വൈറസിനെ കുറിച്ചുള്ള പഠനത്തിൽനിന്നും ചില സുപ്രധാന കാര്യങ്ങൾ വെളിപ്പെട്ടിട്ടുണ്ട്. മനുഷ്യശരീരത്തിൽ നിന്നും വിഷാംശം പുറന്തള്ളുന്ന പ്രക്രിയയ്ക്ക് (ഡീടോക്സിഫിക്കേഷൻ) വൈറസ് ബാധയുടെ സമയത്ത് ആക്കം കൂടുന്നു എന്നതാണ് അതിലൊന്ന്. അതിനാൽ ഈ പരിശോധന വഴി കൂടുതൽ കൃത്യതയാർന്ന ഫലങ്ങൾ ലഭിക്കും.

അനൽ സ്വാബ് പരിശോധന നിലവിലുള്ള രീതികളെക്കാൾ കൂടുതൽ കാര്യക്ഷമമാണെന്ന് ബീജിംഗ് യുവാൻ ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലി ടോങ്‌സെങ് പറഞ്ഞു. മലദ്വാരത്തിലും വിസർജ്യത്തിലും വൈറസ് കൂടുതൽ കാലം ജീവിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. പുറമേക്ക് ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത നിശബ്ദ വാഹകർ(സൈലൻ്റ് കാരിയേഴ്സ്) ഉണ്ട്. അവരുടെ തൊണ്ടയിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ മാത്രമേ വൈറസിൻ്റെ സാന്നിധ്യം ഉണ്ടാകൂ. ഇതുമൂലം തെറ്റായ നെഗറ്റീവ് (ഫോൾസ് നെഗറ്റീവ്) ഫലങ്ങളാവും ലഭിക്കുന്നത്. എന്നാൽ വൈറസിനെ കുറിച്ചുള്ള നമ്മുടെ ധാരണകൾ വികസിച്ചു വരുന്നതേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ മലദ്വാരത്തിലൂടെ പുറത്തു വരുന്നത് ശരിക്കും ഇൻഫെക്ഷ്യസ് ആയ വൈറസാണോ എന്നത് കൂടുതൽ പഠനങ്ങൾക്കു ശേഷമേ സ്ഥിരീകരിക്കാനാവൂ.

അതിനിടെ ഫെബ്രുവരിയിൽ നടക്കുന്ന ചൈനീസ് പുതുവത്സര അവധി ആഘോഷങ്ങൾക്ക് മുന്നോടിയായി ചൈന 22.77 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിനുകൾ നൽകിയതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദൈനംദിന പരിശോധന ശേഷി 15 ദശലക്ഷമായി ഉയർത്തിയിട്ടുണ്ട്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വസ്തുതാന്വേഷണ ദൗത്യത്തിൻ്റെ ഭാഗമായി രാജ്യത്തെത്തിയ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരുടെ സംഘം നിലവിൽ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാൻ നഗരത്തിൽ ഫീൽഡ് തല പഠനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

54 കേസുകളാണ് ചൈനയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. 41 പേരിലും കണ്ടെത്തിയത് വൈറസിൻ്റെ പ്രാദേശിക വകഭേദമാണെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 89,326 ആയി. വൈറസ് ബാധിച്ച് ഇതുവരെ 4,636 പേരാണ് മരിച്ചത്.