Movie prime

പുകവലിക്കാർക്ക് കോവിഡ് സാധ്യത കൂടുതലെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം

Cigarett പുകവലിക്കുന്നവരിൽ കോവിഡ് വൈറസ് ബാധയ്ക്ക് സാധ്യത കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലിക്കുന്നവരുടെ വിരലുകൾ ചുണ്ടുകളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നു. ഇത് കൈയിൽ നിന്ന് വായിലേക്ക് വൈറസ് പകരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. കൂടാതെ പുകയിലയുടെ ഉപയോഗം ശ്വാസകോശത്തെ ബാധിക്കുന്ന നിരവധി രോഗങ്ങൾക്കിടയാക്കും. ഇത് പ്രതിരോധശേഷി കുറയ്ക്കുകയും രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ‘കോവിഡ്-19 മഹാമാരിയും പുകയിലയുടെ ഉപയോഗവും ഇന്ത്യയിൽ’ എന്ന പേരിൽ മന്ത്രാലയം പുറത്തിറക്കിയ രേഖയിലാണ് കോവിഡ് രോഗസാധ്യത വർധിപ്പിക്കുന്നതിൽ പുകവലിയുടെ പങ്കിനെപ്പറ്റി വിശദീകരിക്കുന്നത്. പുകവലിക്കുമ്പോൾ More
 
പുകവലിക്കാർക്ക് കോവിഡ് സാധ്യത കൂടുതലെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം

Cigarett

പുകവലിക്കുന്നവരിൽ കോവിഡ് വൈറസ് ബാധയ്ക്ക് സാധ്യത കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലിക്കുന്നവരുടെ വിരലുകൾ ചുണ്ടുകളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നു. ഇത് കൈയിൽ നിന്ന് വായിലേക്ക് വൈറസ് പകരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. കൂടാതെ പുകയിലയുടെ ഉപയോഗം ശ്വാസകോശത്തെ ബാധിക്കുന്ന നിരവധി രോഗങ്ങൾക്കിടയാക്കും. ഇത് പ്രതിരോധശേഷി കുറയ്ക്കുകയും രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

‘കോവിഡ്-19 മഹാമാരിയും പുകയിലയുടെ ഉപയോഗവും ഇന്ത്യയിൽ’ എന്ന പേരിൽ മന്ത്രാലയം പുറത്തിറക്കിയ രേഖയിലാണ് കോവിഡ്
രോഗസാധ്യത വർധിപ്പിക്കുന്നതിൽ പുകവലിയുടെ പങ്കിനെപ്പറ്റി വിശദീകരിക്കുന്നത്. പുകവലിക്കുമ്പോൾ വിരലുകൾക്കുപുറമേ ഒരുപക്ഷേ, വൈറസുമായി സമ്പർക്കത്തിലായ സിഗാറും ചുണ്ടുമായി സ്പർശിക്കുന്നുണ്ട്. ഇത് രോഗപ്പകർച്ചയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതോടൊപ്പം, ഹുക്ക പോലുള്ള പുകവലി ഉപകരണങ്ങൾ പങ്കിട്ട് ഉപയോഗിക്കുന്നത് ഒരാളിൽ നിന്ന് അനേകം പേരിലേക്ക് രോഗം പടരാനിടയാക്കും.

ഹൃദയസംബന്ധമായ അസുഖങ്ങൾ,കാൻസർ, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശരോഗം എന്നീ നാല് പ്രധാന സാംക്രമികേതര രോഗങ്ങൾ(എൻ‌സി‌ഡികൾ) ഉള്ളവരിൽ പുകയിലയുടെ ഉപയോഗം അതീവ അപകടകരമാണ്. ഇത്തരം രോഗികൾക്ക് കോവിഡ് ബാധിക്കുമ്പോൾ മാരകമാവാനുള്ള സാധ്യത കൂടുതലാണ്.

രാജ്യത്തെ മരണങ്ങളിൽ 63 ശതമാനവും സാംക്രമികേതര രോഗങ്ങൾ മൂലമാണെന്നാണ് കണക്കാക്കപ്പെടുന്നത്. എൻസിഡി മൂലമുള്ള മരണനിരക്ക് ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ. പുകയിലയിൽ അടങ്ങിയിട്ടുള്ള വിവിധ രാസവസ്തുക്കൾ പ്രതിരോധ കോശങ്ങളെ (ഇമ്മ്യൂൺ സെല്ലുകൾ) മുഴുവൻ ബാധിക്കും. പൊതുവായതും, പ്രത്യേക തരത്തിലുള്ളതുമായ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിവിധതരം രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ അപ്പാടെ ബാധിക്കാനും അവയെ നശിപ്പിക്കാനുമുള്ള ശേഷി പുകയിലയിലെ വിഷപദാർഥങ്ങൾക്ക് ഉണ്ട്.

പുകവലി ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ കാര്യമായി തടസ്സപ്പെടുത്തുന്നതായി രേഖയിൽ പറയുന്നു. ശ്വാസകോശത്തിന് അസുഖം ബാധിക്കുന്നതോടെ ശരീരത്തിൻ്റെ രോഗ പ്രതിരോധശേഷി അപകടാവസ്ഥയിലാവുന്നു. ഇ-സിഗരറ്റ്, പുകയില, പാൻമസാല എന്നിവയുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ അണുബാധയുടെ അപകടസാധ്യതയും കാഠിന്യവും വർധിപ്പിക്കുന്നു.

വിവിധ രാജ്യങ്ങളിൽനിന്നുള്ള കണക്കുകൾ ഉദ്ധരിച്ച്, ഹൃദ്രോഹം, കാൻസർ, പ്രമേഹം, ശ്വാസകോശ രോഗം എന്നിവ ഉള്ളവരിൽ കോവിഡ് ഗുരുതരമാവാനുളള സാധ്യത വളരെ കൂടുതലാണ് എന്ന് രേഖ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വൈറസ് പ്രാഥമികമായി ബാധിക്കുന്നത് ഉമിനീർ തുള്ളികളിൽ നിന്നോ മൂക്കിലെ സ്രവങ്ങളിലൂടെയോ ആകയാൽ പുകവലിയുടെ അപകട സാധ്യത വർധിക്കുകയാണ്.പുകയില ഉത്‌പന്നങ്ങളായ ഖൈനി, ഗുട്ട്ക, പാൻ‌, സർ‌ദ എന്നിവ ഉപയോഗിച്ചതിനു ശേഷം പൊതു ഇടങ്ങളിൽ ‌തുപ്പുന്നതിലെ അപകടങ്ങൾ‌ക്കെതിരെ മുന്നറിയിപ്പ് നൽകുന്ന രേഖ, കോവിഡ്-19 നു പുറമേ ക്ഷയം, പന്നിപ്പനി, മസ്തിഷ്ക വീക്കം (എൻ‌സെഫലൈറ്റിസ്) തുടങ്ങിയ രോഗങ്ങളും പടർന്നു പിടിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഏതു തരത്തിലുള്ള പുകയില ഉത്പന്നത്തിൻ്റെ ഉപയോഗവും അപകടകരമാണെന്ന് മുന്നറിയിപ്പ് നല്കുന്ന രേഖ, പുകവലി ഉപേക്ഷിച്ചാൽ 12 മണിക്കൂറിനുള്ളിൽ രക്തത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് സാധാരണ നിലയിലേക്ക് താഴുന്നത് പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. 2 മുതൽ 12 വരെ ആഴ്ചകൾക്കുള്ളിൽ, രക്തചംക്രമണം മെച്ചപ്പെടും. ശ്വാസകോശത്തിന്റെ പ്രവർത്തനവും മെച്ചപ്പെടും. 1-9 മാസം കഴിഞ്ഞാൽ ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇല്ലാതാകും.

പുകയിലയുടെ ഉപയോഗത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന 2020 മെയ് 11-ന് പുറത്തിറക്കിയ ഡോക്യുമെൻ്റിലെ വസ്തുതകളെയും നിഗമനങ്ങളെയും അടിസ്ഥാനമാക്കിയാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസ്തുത രേഖ പുറത്തിറക്കിയത്. 2020 ഏപ്രിൽ 29-ന് ലോകാരോഗ്യ സംഘടന വിളിച്ചുചേർത്ത പൊതുജനാരോഗ്യ വിദഗ്ധരുടെ പഠനങ്ങളുടെ വിശദമായ അവലോകനവും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുകവലി ശീലം ഇല്ലാത്തവരെ അപേക്ഷിച്ച് പുകവലിക്കാരിൽ വൈറസ് ബാധ ഗുരുതരമാവാനുള്ള സാധ്യത മുൻനിർത്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

പുകയില അഥവാ നിക്കോട്ടിൻ്റെ ഉപയോഗം കോവിഡ്-19 ന്റെ അപകടസാധ്യത കുറയ്ക്കുമെന്ന തരത്തിൽ ഒട്ടേറെ വ്യാജ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. വസ്തുതാപരമല്ലാത്ത ഇത്തരം അവകാശവാദങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നതിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന ഗവേഷകരോടും ശാസ്ത്രജ്ഞരോടും മാധ്യമങ്ങളോടും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

e smoker