in ,

മുഖ്യമന്ത്രി ജനവിധി അംഗീകരിക്കുന്നില്ല: രമേശ് ചെന്നിത്തല 

തിരുവനന്തപുരം:  ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ജനവിധി മുഖ്യമന്ത്രി അംഗീകരിക്കുന്നില്ല എന്നാണ് 
അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

മറിച്ച് ജനങ്ങള്‍ക്ക് എന്തോ തെറ്റ് പറ്റിപ്പോയി. അതുകൊണ്ടുണ്ടാണ്  വിധി ഇങ്ങനെയായത് എന്നാണ് അദ്ദേഹം പറയുന്നത്.

തങ്ങള്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ല തങ്ങളുടെ ശൈലി മാറ്റില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങളുടെയും ആഗ്രഹം മുഖ്യമന്ത്രി ശൈലി മാറ്റരുത്  എന്നാണ്. ഇതേ ശൈലിയില്‍ തന്നെ മുഖ്യമന്ത്രി മുന്നോട്ട് പോകണം.

മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ്. ഈ വിധി മോദി സര്‍ക്കാരിനും പിണറായി സര്‍ക്കാരിനും എതിരായിട്ടുള്ള ജനവിധിയാണ്. അത് മറച്ചുവയ്ക്കാന്‍ എത്ര ശ്രമിച്ചാലും നടക്കില്ല.  പ്രവര്‍ത്തിക്കാത്ത സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരം ഈ തിരഞ്ഞെപ്പില്‍ പ്രതിഫലിച്ചു.  അത് മനസ്സിലാകാത്ത ഒരേയൊരു വ്യക്തി കേരളത്തിലെ മുഖ്യമന്ത്രിയാണ്.

അദ്ദേഹത്തിന് ഈ ജനവിധിയില്‍നിന്ന് ഒരു പാഠവും പഠിക്കാന്‍ താത്പര്യമില്ല.  ഇത്രയും വലിയ ജനവിധി കിട്ടിയിട്ടും തിരുത്തലുകള്‍ക്ക് തയ്യാറല്ല എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ആ മുന്നണിയുടെ  അപചയത്തിന്റെ ആഴം എത്രമാത്രം വലുതാണെന്ന് മനസ്സിലാക്കണം.  

ശബരിമല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നെങ്കില്‍ ബി.ജെ.പി പത്തനംതിട്ടയില്‍ ജയിക്കുമായിരുന്നില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.  അറിയാതെ അദ്ദേഹത്തിന്റെ മനസ്സിലുള്ള ആഗ്രഹം പുറത്തുവന്നതാണ്. ബി.ജെപിയെ ശക്തിപ്പെടുത്തി യു.ഡി.എഫിനെ ദുര്‍ബ്ബലപ്പെടുത്തുക എന്ന അദ്ദേഹത്തിന്റെ തന്ത്രം ഫലിക്കാതെ വന്നപ്പോഴുള്ള വിഷമം കൊണ്ടാണ് അതു പറഞ്ഞത്.

ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ഏറ്റവും പ്രധാനപ്പെട്ട വിഷയം തന്നെയായിരുന്നു. വിശ്വാസികളുടെ വികാരങ്ങളെ ചവിട്ടിമെതിച്ച മുഖ്യമന്ത്രിക്കും ഗവണ്‍മെന്റിനും എതിരായിട്ടുള്ള  ജനവികാരം വളരെ ശക്തമായിരുന്നു. മാത്രവുമല്ല. കേരളത്തിലെ മതന്യുനപക്ഷങ്ങളും ഭൂരിപക്ഷ ജനവിഭാഗങ്ങളും ഒരുപോലെ നിന്നുകൊണ്ട് യു.ഡി.എഫിന് വോട്ട് ചെയ്ത മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. അത് മനസ്സിലാക്കാന്‍ ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും കഴിയാതെ പോകുന്നു എന്നതാണ് സത്യം.

കേരളത്തിലെ ഇടതുമുന്നണി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍ ജനങ്ങള്‍ ഗവണ്‍മെന്റ് മേല്‍ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരു നിമിഷം പോലും പിണറായി വിജയന് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല. ഈ വിധി മോദിക്കും പിണറായിക്കും എതിരായുള്ള ജനവിധിയാണ്. ധര്‍മ്മികമായി ഭരിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കില്ല.

ശബരിമല ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്കും തെറ്റുപറ്റി, അല്ലാതെ തങ്ങള്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ കാണുന്നത്. സമാനതകള്‍ ഇല്ലാത്ത വിജയമാണ് യു.ഡി.എഫിന് ലഭിച്ചിരിക്കുന്നത്.

എല്ലാ ജനിവഭാഗങ്ങളും ഒരേ പോലെ നിന്നുകൊണ്ട് വോട്ട് ചെയ്തിട്ടും മുഖ്യമന്ത്രി കണ്ണുതുറക്കാന്‍ തയ്യാറാകുന്നില്ല. കൂടുതല്‍ കൂടുതല്‍ പരാജയങ്ങളിലേക്ക് ഇടതുപക്ഷം പോകുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍നിന്നും വ്യക്തമാകുന്നത്. യു.ഡി.എഫിന് ഈ വിജയം സമ്മാനിച്ച ജനങ്ങളോട് ഞങ്ങല്‍ക്ക്  നന്ദിയുണ്ട്. വലിയ ഉത്തരവാദിത്തമാണ് യു.ഡി.എഫിന് ഇന്ന് ഏറ്റെടുക്കാനുള്ളത്. ജനവിധിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെയും ചുമതലാ ബോധത്തോടെയും യു.ഡി.എഫ്. മുന്നോട്ടുപോകും.

രാഹുല്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ല

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  കോണ്‍ഗ്രസിന് ഇതിന് മുമ്പും പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാജയങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ശക്തിയായി തിരികെ വന്ന ചരിത്രമാണ് ഉള്ളത്.

രാഹുല്‍ ഗാന്ധിയുയെ രാജി പരിഹാരമല്ല. കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ജനവിശ്വാസം കൂടുതല്‍ ആര്‍ജ്ജിക്കത്തനിലയിലുള്ള   പ്രവര്‍ത്തന പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയുമാണ് വേണ്ടത്.

രാഹുല്‍ ഗാന്ധി പങ്കെടുത്ത എല്ലാ പൊതുപരിപാടികളിലും വന്‍പിച്ച ജനക്കൂട്ടമുണ്ടായിരുന്നു. പക്ഷേ, അത് വോട്ട് ആക്കി മാറ്റാന്‍ സംഘടനാപരമായി കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ സംഘടനയെ കൂടുതല്‍ ചലനാത്മകമാക്കി മുന്നോട്ടു കൊണ്ടുപോകുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അത് ഞങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അല്ലാതെ രാഹുല്‍ ഗാന്ധിയുടെ രാജി അല്ല പരിഹാരം എന്നാണ് എന്റെ അഭിപ്രായം.

കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരുന്ന  നരേന്ദ്രമോദി ഗവണ്‍മെന്റ് അവരുടെ നയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. രാജ്യത്തിന് വെല്ലിവിളിയുണ്ടാകാന്‍ പോകുന്ന അടുത്ത അഞ്ചുവര്‍ഷമാണ് ഉണ്ടാകാന്‍ പോകുന്നത്. ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും അജണ്ടയ്ക്കെതിരായി യു.ഡി.എഫിന്റെ പോരാട്ടം കൂടുതല്‍ പാര്‍ലമെന്റിലും നിയമസഭയിലും ശക്തിപ്പെടുത്തും.

ബി.ജെ.പിക്ക് ഗണ്യമായ വോട്ട് വര്‍ദ്ധന ഉണ്ടായിട്ടില്ല. എന്നാല്‍ ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് പോയത് സി.പി.എമ്മില്‍ നിന്നാണ്. ബംഗാളില്‍ സി.പി.എമ്മിന് 30 ശതമാനം വോട്ട് ഉണ്ടായിരുന്നത് ഇപ്പോള്‍ 8 ശതമാനം മാത്രമാണ്. ആ വോട്ട് മുഴുവന്‍ പോയത് ബി.ജെ.പിക്കാണ്. ഈ വസ്തുതകള്‍ കാണാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരല്ല: മുഖ്യമന്ത്രി

വനിതകളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇനി നല്ല കാലം