Pope
in ,

ഏകാന്തതയുടെ കോവിഡ് നിമിഷങ്ങൾ; പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ

ജീവിതത്തിൽ അനുഭവപ്പെട്ട ഏകാന്തതയുടെ മൂന്ന് ഘട്ടങ്ങളെപ്പറ്റി ഫ്രാൻസിസ് മാർപ്പാപ്പയുടെ വെളിപ്പെടുത്തൽ. പുറത്തിറങ്ങാനിരിക്കുന്ന ലെറ്റ് അസ് ഡ്രീം- ദി പാത്ത് റ്റു എ ബെറ്റർ ഫ്യൂച്ചർ (നമുക്ക് സ്വപ്നം കാണാം, മികച്ച ഭാവിയിലേക്കുള്ള പാത) എന്ന കൃതിയിലാണ് ഏകാന്തതയുടെ മൂന്ന് നിമിഷങ്ങളെപ്പറ്റി പരിശുദ്ധ പിതാവ് വിശദീകരിക്കുന്നത്.

ഫ്രാൻസിസ് മാർപ്പാപ്പയുടെ നേരത്തേ പുറത്തിറങ്ങിയ രണ്ട് ജീവചരിത്ര ഗ്രന്ഥങ്ങളും തയ്യാറാക്കിയ ബ്രിട്ടീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഓസ്റ്റൺ ഐവറിഗ് ആണ് ലെറ്റ് അസ് ഡ്രീം ദി പാത്ത് ടു എ ബെറ്റർ ഫ്യൂച്ചർ എന്ന ഗ്രന്ഥവും തയ്യാറാക്കിയിരിക്കുന്നത്. 

ദി ഗ്രേറ്റ് റിഫോർമർ: ഫ്രാൻസിസ് ആൻഡ് മേക്കിംഗ് ഓഫ് എ റാഡിക്കൽ പോപ്പ്; വൂണ്ടഡ് ഷെപ്പേർഡ്: പോപ്പ് ഫ്രാൻസിസ് ആൻ്റ് ഹിസ് സ്ട്രഗ്ൾ ടു കൺവെർട്ട് ദി കാത്തലിക് ചർച്ച് എന്നിവയാണ് നേരത്തേ ഇറങ്ങിയ രണ്ട് കൃതികൾ.

പുതിയ പുസ്തകം പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഇറ്റാലിയൻ പത്രമായ ‘ലാ റിപ്പബ്ലിക്ക’ യാണ്  പ്രസക്തമായ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. അതിലാണ് തന്റെ മൂന്ന് വ്യക്തിഗത “കോവിഡ് ” ഏകാന്തതകളെ പ്പറ്റിയുള്ള പോപ്പിൻ്റെ വിവരണം. തന്റെ രോഗവും ജർമനിയും കോർഡോബയുമാണ് ജീവിതത്തിലെ കോവിഡ് എകാന്തതകളെന്ന് പോപ്പ് പറയുന്നു.

21-ാം വയസ്സിലാണ് ജീവിതത്തിലെ ആദ്യത്തെ ഏകാന്തത അനുഭവിച്ചത്. ബ്യൂണസ് അയേഴ്സിലെ സെമിനാരിയിൽ വെച്ച് ശ്വാസകോശത്തിൽ അസുഖം ബാധിച്ച് മരിച്ചു പോകുമെന്ന് കരുതിയ നാളുകളായിരുന്നു അത്. ജീവിതത്തെ താൻ നോക്കിക്കണ്ട രീതിയെത്തന്നെ അത് മാറ്റിമറിച്ചു. ഇന്ന് കോവിഡ് ബാധിതർ വെന്റിലേറ്ററുകളിൽ ശ്വസിക്കാൻ പാടുപെടുന്നതിനെപ്പറ്റി നല്ല ധാരണ നൽകിയത് അന്നത്തെ അനുഭവമാണ്.  അമ്മയെ കെട്ടിപ്പിടിച്ച് താൻ മരിച്ചു പോകുമോ എന്ന് ചോദിച്ചത് ഓർക്കുന്നു.

ആശുപത്രിയിൽ രണ്ട് നഴ്‌സുമാർ തന്നെ വളരെയധികം സഹായിച്ചതായി മാർപ്പാപ്പ പറയുന്നു. സിസ്റ്റർ കോർനെലിയ കാരാഗ്ലിയോ ആണ് ഒരാൾ. ഡോക്ടറുടെ അറിവില്ലാതെ തന്നെ അവർ മരുന്നുകളുടെ അളവ് വർധിപ്പിച്ചതിനാലാണ് താൻ രക്ഷപ്പെട്ടത്. മറ്റൊരാൾ, മൈക്കീല. കഠിനമായ വേദന കൊണ്ട് പുളയുമ്പോൾ  വേദനസംഹാരി തന്ന് അവരും തന്നോട് സമാനമായ കരുണ കാണിച്ചു. സുഖം പ്രാപിക്കുന്നതുവരെ അവർ തനിക്കുവേണ്ടി പോരാടി.

1986-ൽ ജർമനിയിൽ കഴിയുമ്പോഴാണ് രണ്ടാമത്തെ ഏകാന്തത അനുഭവിക്കുന്നത്.ഫ്രാങ്ക്ഫർട്ടിലെ ഒരു സെമിത്തേരിയിൽ വിമാനങ്ങൾ വന്നിറങ്ങുന്ന കാഴ്ച നോക്കി നിന്നത് അനുസ്മരിക്കുന്നു. ജന്മനാടിനെ കുറിച്ചുള്ള ഓർമകൾ അന്ന് തന്നെ ഏറെ വേദനിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന സമയത്താണ് അർജൻ്റീന ലോകകപ്പ് നേടുന്നത്. പങ്കിടാൻ കഴിയാത്ത വിജയത്തിന്റെ ഏകാന്തതയാണ് അന്ന് താൻ അനുഭവിച്ചത്.

1990-നും 1992-നും ഇടയിൽ അർജന്റീനയിലെ കോർഡോബയിൽ ജീവിച്ച കാലത്താണ് ഏകാന്തതയുടെ മൂന്നാമത്തെ കോവിഡ് അനുഭവം ഉണ്ടായത്. ഒരു വർഷവും പത്തുമാസവും പതിമൂന്ന് ദിവസവും അവിടെ ജെസ്യൂട്ട് വസതിയിൽ ചെലവഴിച്ചു. ധാരാളം എഴുതുകയും പ്രാർഥനയിൽ മുഴുകുകയും ആശയങ്ങൾ വികസിപ്പിക്കുകയും ചെയ്ത കാലമാണ് അത്.
അന്ന് മുതൽ മൂന്ന് കാര്യങ്ങൾ തന്നെ ബാധിച്ചതായി അദ്ദേഹം പറയുന്നു.  ആദ്യത്തേത് പ്രാർഥിക്കാനുള്ള  കഴിവായിരുന്നു.

രണ്ടാമത്തേത് അനുഭവപ്പെട്ട പ്രലോഭനങ്ങളായിരുന്നു.  മൂന്നാമതായി, ലുഡ്‌വിഗ് പാസ്റ്ററുടെ ഹിസ്റ്ററി ഓഫ് പോപ്പിന്റെ 37 വാല്യങ്ങളും വായിക്കാൻ ദൈവം തന്നെ പ്രചോദിപ്പിച്ചതാണ്.  പോപ്പിൻ്റെ ചരിത്രം അറിഞ്ഞാൽ വത്തിക്കാനിലും റോമൻ ക്യൂറിയയിലും ആശ്ചര്യപ്പെടാൻ അധികമൊന്നുമുണ്ടാകില്ലെന്ന് പോപ്പ് പറയുന്നു.

കോർഡോബ വാസ്തവത്തിൽ ഒരു ശുദ്ധീകരണമായിരുന്നു.അത് കൂടുതൽ സഹിക്കാനും ക്ഷമിക്കാനുള്ള കഴിവ് നൽകി. കൂടുതൽ അറിവും അവബോധവും പകർന്നു തന്നു. അശരണരോട് കൂടുതൽ സഹാനുഭൂതിയോടെ പെരുമാറാൻ പഠിപ്പിച്ചു. ക്ഷമിക്കാനുള്ള കരുത്ത് നൽകി. ക്ഷമ എന്നഈ അവസാന പാഠം പറഞ്ഞു തന്നത്, മാറ്റം ജൈവികമാണെന്നും ചില പരിധികൾക്ക് ഉള്ളിലാണ് അത് സംഭവിക്കുന്നതെന്നുമാണ്. എന്നാൽ, യേശു ചെയ്തതുപോലെ  ചക്രവാളത്തിലേക്ക് തന്നെയാവണം നമ്മുടെ ശ്രദ്ധയും.

ചെറിയ കാര്യങ്ങളിൽ വലിയതിനെ കാണേണ്ടതിന്റെ പ്രാധാന്യവും വലിയ കാര്യങ്ങളിലെ ചെറിയവയിൽ ശ്രദ്ധ ചെലുത്തേണ്ടതിൻ്റെ പ്രാധാന്യവും താൻ പഠിച്ചുവെന്നും മാർപ്പാപ്പ കൂട്ടിച്ചേർക്കുന്നു.  ജീവിതത്തിലെ വലിയ  കഷ്ടപ്പാടുകൾക്കും പ്രയാസങ്ങൾക്കും നമ്മെ മാറ്റിത്തീർക്കാൻ ശക്തിയുണ്ടെന്നാണ് സ്വകാര്യമായ മൂന്ന് കോവിഡ് ഏകാന്തതകളും തന്നെ പഠിപ്പിച്ചതെന്ന്  പുസ്തകത്തിൽ അദ്ദേഹംപറയുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കാന്തനു ശേഷം’ആണ്ടാൾ’ എന്ന ചിത്രവുമായി ഷെറീഫ് ഈസ

Moon

പാറക്കല്ലുകൾ ശേഖരിക്കാൻ പുതിയ ചാന്ദ്ര ദൗത്യം|