in ,

രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിൻ വൈകിയാൽ പ്രശ്നമാകുമോ?

Covid
കോവിഡ്-19 വാക്സിൻ്റെ രണ്ടാമത്തെ ഡോസ് എടുക്കുന്നത് ഏതാനും ദിവസം നീണ്ടുപോയാലും വിഷമിക്കേണ്ടതില്ലെന്ന് വിദഗ്ധർ. എന്നാൽ ആദ്യ ഡോസ് എടുത്ത് 6 ആഴ്ചയ്ക്കുള്ളിൽ ഫോളോ അപ്പ് ഡോസ് പൂർത്തിയാക്കണം എന്നാണ്  ശുപാർശ ചെയ്യുന്നത്. കോവിഡ്-19 വകഭേദങ്ങളുടെ ആവിർഭാവം കാരണം രണ്ടാമത്തെ ഡോസ് ഇപ്പോൾ കൂടുതൽ പ്രധാനമാണെന്നും അവർ പറയുന്നു. സിംഗിൾ ഡോസ് മാത്രം എടുക്കേണ്ട ജോൺസൺ ആൻ്റ് ജോൺസൺ പോലുള്ള വാക്സിനുകൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതായും അവർ അഭിപ്രായപ്പെട്ടു. Covid

വാക്‌സിൻ ക്ഷാമം മൂലം രണ്ടാം ഡോസിനായുള്ള കാത്തിരിപ്പ് നീളുന്നതിനിടയിൽ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലാണ് ഇതു സംബന്ധിച്ച് വിദഗ്ധരുടെ വിശദീകരണം വന്നിട്ടുള്ളത്. വാക്സിനു വേണ്ടി കാത്തിരിക്കുന്നവർ, അത് ഏതാനും ദിവസങ്ങളോ ആഴ്ചയോ നീണ്ടു പോയതു കൊണ്ട് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.

ഫൈസർ, മോഡേണ വാക്സിനുകൾ രണ്ട് ഡോസ് എടുക്കേണ്ട വിഭാഗത്തിലാണ് വരുന്നത്. ഫൈസർ വാക്സിന് 21 ദിവസത്തെ ഇടവേളയും മോഡേണയ്ക്ക് 28 ദിവസത്തെ ഇടവേളയുമാണ് നിർദേശിച്ചിട്ടുള്ളത്.

വാക്സിൻ ക്ഷാമം മൂലം വിദേശങ്ങളിൽ രണ്ടാമത്തെ ഡോസ് വിതരണത്തിന് കാലതാമസം വരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. നിശ്ചയിക്കപ്പെട്ട ദിവസം രണ്ടാമത്തെ ഡോസ് എടുക്കാൻ കഴിയാതിരുന്നാൽ വാക്സിനേഷൻ കൊണ്ട് പ്രയോജനമില്ലെന്ന തരത്തിലും വാർത്തകൾ ഉണ്ടായി. അപ്പോഴാണ് രണ്ടാമത്തെ   ഷോട്ടിനായി കാത്തിരിക്കുന്നവർ അൽപം വൈകിയാൽ പോലും വിഷമിക്കേണ്ടതില്ലെന്ന വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.

രണ്ടാമത്തെ ഡോസ് കുറച്ച് ദിവസങ്ങളോ ഏതാനും ആഴ്ചകളോ തന്നെ വൈകിയാൽ പോലും അതേപ്പറ്റി ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കാലിഫോർണിയ ഡേവിസ് യൂണിവേഴ്സിറ്റിയിലെ പീഡിയാട്രിക് പകർച്ചവ്യാധി വിഭാഗത്തിൻ്റെ തലവൻ ഡോ. ഡീൻ ബ്ലംബർഗ് പറഞ്ഞതായി ഹെൽത്ത് ന്യൂസ് പോർട്ടലായ  ഹെൽത്ത്ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടാമത്തെ ഡോസും കൃത്യസമയത്ത് ലഭിക്കുന്നത് തന്നെയാണ് നല്ലത്. എന്നാൽ  അൽപം വൈകിയെന്നു കരുതി വാക്സിൻ സീരീസ് പുനരാരംഭിക്കേണ്ട ആവശ്യമില്ല. ഫൈസർ-ബയോ‌ടെക്, മോഡേണ വാക്സിനുകളുടെ കാര്യത്തിൽ ഒറ്റ ഡോസ് തന്നെ 90 ശതമാനം സംരക്ഷണം ഉറപ്പു നൽകുന്നുണ്ട്. ആദ്യത്തെ കുത്തിവെപ്പിന് ശേഷം ഏകദേശം 2 ആഴ്ചയ്ക്കുള്ളിൽ തന്നെ രോഗ പ്രതിരോധശേഷി ആർജിക്കുമെന്ന് ബ്ലംബർഗ് പറഞ്ഞു.

സെൻ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) കണക്ക് പ്രകാരം, അമേരിക്കയിൽ 60 ദശലക്ഷത്തിലധികം ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 31 ദശലക്ഷത്തിലധികം പേർക്ക് രണ്ട് ഡോസുകൾ നൽകിയിട്ടുണ്ട്.

കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഗ്രേസ് ലീയുടെ അഭിപ്രായത്തിൽ രണ്ടാമത്തെ ഡോസ് വൈകുമ്പോൾ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാവുന്നതിൻ്റെ ഒരു കാരണം ഒറ്റ ഡോസിൽ നിന്നുള്ള ദുർബലമായ രോഗപ്രതിരോധ ശേഷിയെപ്പറ്റിയുള്ള ആശങ്കകളാണ്. കൂടുതൽ ആളുകൾക്ക് ആദ്യ ഡോസ് ലഭ്യമാക്കുന്നതാണോ അതോ രണ്ട് ഡോസും നൽകി സീരീസ് പൂർത്തിയാക്കുന്നതാണോ  കൂടുതൽ പ്രധാനം എന്ന ചോദ്യവും ഇതിനിടയിൽ ഉയർന്നുവരുന്നുണ്ട്.

ഇത് വളരെ സങ്കീർണമായ ഒരു പ്രശ്നമാണ്. ഒരു വശത്ത്, കോവിഡ് വാക്സിൻ മോഡലിംഗ് സൂചിപ്പിക്കുന്നത് ആദ്യത്തെ ഡോസ് രണ്ടാമത്തെ ഡോസിനേക്കാൾ പ്രധാനമാണെന്നും ആദ്യത്തെ ഡോസ് കൂടുതൽ ആളുകൾക്ക് ലഭിക്കുന്നത് ജനസംഖ്യയിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നുമാണ്. അതേ സമയം പ്രായമായ വ്യക്തികൾ‌, ഗുരുതരമായ രോഗങ്ങളുള്ളവർ, ആരോഗ്യ പരിപാലന തൊഴിലാളികൾ തുടങ്ങി‌ അപകടസാധ്യതയുള്ളവർക്ക് മുൻ‌ഗണന നൽകേണ്ടതും വളരെ പ്രധാനമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ടെന്നസിയിലെ വണ്ടർ‌ബിൽറ്റ് സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനാണ് ഡോ. വില്യം ഷാഫ്‌നർ. വൈറസിന്റെ പുതിയ വകഭേദങ്ങളുടെ ആവിർഭാവം മൂലം രണ്ട് ഡോസുകളും എടുക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. ആദ്യത്തെ ഡോസിൽനിന്ന് പാരൻ്റ് സ്ട്രെയിനിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാമെന്നും രണ്ടാമത്തെ ഡോസിലൂടെ വകഭേദങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നും
ഷാഫ്‌നർ പറഞ്ഞതായി  ഹെൽത്ത്‌ലൈൻ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഡോസ് എടുക്കുന്നതോടെ കൂടുതൽ ആന്റിബോഡി ലഭിക്കും. ഇത് വേരിയന്റുകളിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകും. പുതിയ പുതിയ  വകഭേദങ്ങൾ വരുന്നതിനാൽ രണ്ടാമത്തെ ഡോസ് എടുക്കേണ്ടതിൻ്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മോദിക്ക് പഞ്ചതന്ത്രം കഥയിലെ വവ്വാലിൻ്റെ ഗതി വരുമെന്ന് സുബ്രഹ്മണ്യം സ്വാമി

ഹൃദ്രോഗമുള്ളവർ  ആഴ്ചയിൽ രണ്ട് തവണയെങ്കിലും മത്സ്യം കഴിക്കണമെന്ന് പഠനം