Movie prime

സ്വാമി അഗ്നിവേശിന് അന്ത്യാഞ്ജലി അർപ്പിച്ച് സാംസ്കാരിക കേരളം

Swami Agnivesh പ്രമുഖ ചിന്തകനും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും ഫാസിസ്റ്റ് വിരുദ്ധ പോരാളിയുമായിരുന്ന സ്വാമി അഗ്നിവേശിന് ആദരാഞ്ജലികൾ നേർന്ന് കേരളം. സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെപ്പേർ അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.Swami Agnivesh നീതിയാണ് ആത്മീയതയുടെ അന്തിമമായ അർഥമെന്ന് തിരിച്ചറിഞ്ഞ സന്യാസിയായിരുന്നു സ്വാമി അഗ്നിവേശ് എന്ന് സുനിൽ പി ഇളയിടം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫാസിസ്റ്റുകളുടെ അടിയേറ്റു വീണപ്പോഴും അത് ഉറപ്പിച്ചു പറയുകയും പൊരുതുകയും ചെയ്ത ഒരാളായിരുന്നു അദ്ദേഹം. സ്വാമിയുമായുള്ള അടുത്ത വ്യക്തിബന്ധത്തെ അനുസ്മരിക്കുന്നതാണ് More
 
സ്വാമി അഗ്നിവേശിന് അന്ത്യാഞ്ജലി അർപ്പിച്ച് സാംസ്കാരിക കേരളം

Swami Agnivesh

പ്രമുഖ ചിന്തകനും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും ഫാസിസ്റ്റ് വിരുദ്ധ പോരാളിയുമായിരുന്ന സ്വാമി അഗ്നിവേശിന് ആദരാഞ്ജലികൾ നേർന്ന് കേരളം. സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെപ്പേർ അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.Swami Agnivesh

നീതിയാണ് ആത്മീയതയുടെ അന്തിമമായ അർഥമെന്ന് തിരിച്ചറിഞ്ഞ സന്യാസിയായിരുന്നു സ്വാമി അഗ്നിവേശ്‌ എന്ന് സുനിൽ പി ഇളയിടം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫാസിസ്റ്റുകളുടെ അടിയേറ്റു വീണപ്പോഴും അത് ഉറപ്പിച്ചു പറയുകയും പൊരുതുകയും ചെയ്ത ഒരാളായിരുന്നു അദ്ദേഹം.

സ്വാമിയുമായുള്ള അടുത്ത വ്യക്തിബന്ധത്തെ അനുസ്മരിക്കുന്നതാണ് സി ആർ നീലകണ്ഠൻ്റെ ഫേസ്ബുക്ക് കുറിപ്പ്. ഇന്ത്യൻ മതേതരത്വത്തിന്റേയും നീതിബോധത്തിന്റേയും പ്രതീകമായ സ്വാമി അഗ്നിവേശിന്റെ നിര്യാണം അക്ഷരാർത്ഥത്തിൽ നമ്മെ തളർത്തുന്നതാണെന്ന് കുറിപ്പിൽ സി ആർ എഴുതുന്നു. കപട ഹിന്ദുത്വവും കാവിയും ഉപയോഗിച്ച് ഒരു ജനതക്കുമേൽ താണ്ഡവമാടുന്ന ഭരണകൂടത്തെ എതിരിടാൻ യഥാർഥ മതവും ആത്മീയതയും മുൻ നിർത്തി അദ്ദേഹം ജീവിതകാലം മുഴുവൻ പോരാടി. പോരാട്ടങ്ങൾ ഏറ്റവും അനിവാര്യമായ കാലഘട്ടമാണിത്. വളരെ അടുത്ത വ്യക്തി ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. പ്ലാച്ചിമട അടക്കം നിരവധി സമരഭൂമികളിൽ അദ്ദഹത്തോടൊപ്പം ഉണ്ടാകാൻ കഴിഞ്ഞു എന്നത് തന്നെ ആവേശകരമാണ്. സമധാനത്തിന്റേയും നീതിയുടേയും അഹിംസയുടേയും വഴികളിലൂടെ ദളിതർക്കും സ്ത്രീകൾക്കും ആദിവാസികൾക്കും നീതി നിഷേധിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടിയുള്ള പോരാട്ടം തുടരും എന്ന പ്രഖ്യാപനം തന്നെയാകും അദ്ദേഹത്തിനു നൽകുന്ന ആദരാഞ്ജലികളെന്ന് സി ആർ അഭിപ്രായപ്പെട്ടു.

സ്വാമി അഗ്നിവേശ് വിട്ടുപിരിഞ്ഞതായി അറിയുന്നെന്നും
ഇന്ത്യൻ സംസ്കാരത്തിൻ്റെ യഥാർത്ഥ പ്രതിനിധിക്ക്
ആദരാഞ്ജലികളെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഫാഷിസ്റ്റ് വിരുദ്ധ മുന്നണി പോരാളി സ്വാമി അഗ്നിവേശ് അന്തരിച്ചു; ആ ധീര ജീവിതത്തിന് മുമ്പിൽ ഒരു പിടി രക്തപുഷ്പങ്ങൾ എന്നാണ് ഇടതുപക്ഷ നിരീക്ഷകനും വാഗ്മിയുമായ ഇഖ്ബാൽ കൊടുങ്ങല്ലൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്വാമി അഗ്നിവേശിൻ്റെ വിടവാങ്ങൽ ഏറെ ദു:ഖകരമാണെന്ന് യാത്രികനും എഴുത്തുകാരനുമായ നൗഷാദ് കുനിയിൽ പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമായി മതേതരത്വത്തെ നിര്‍വചിച്ച സ്വാമിജി മതനിരപേക്ഷതയുടെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ മനുഷ്യസ്നേഹിയായിരുന്നു.

ഇരുട്ടു കനത്ത ഭാവിയിലേക്കുള്ള വഴിയിൽ പ്രകാശ സ്തംഭങ്ങളോരോന്നായി നിലംപൊത്തുകയാണെന്ന് ഷിജു ദിവ്യ അനുസ്മരിച്ചു. സമഭാവനയുടെ, സഹജീവി സ്നേഹത്തിൻ്റെ ഒരു മിന്നാമിനുങ്ങു വെട്ടമെങ്കിലുമാവുക എന്നതാണ് നമുക്ക് നമ്മോട് തന്നെ ചെയ്യാവുന്ന നീതി.

നിരവധിയായ മനുഷ്യാവകാശ പ്രശ്നങ്ങളിൽ മുന്നണി പോരാളിയായിരുന്നു സ്വാമി അഗ്നിവേശ് എന്ന് ആക്റ്റിവിസ്റ്റും മറുവാക്ക് മാസികയുടെ പത്രാധിപരുമായ അംബിക പറഞ്ഞു. നീതിക്കുവേണ്ടി എപ്പോഴും ഉയർന്നിരുന്ന ശബ്ദമാണ് നിലച്ചിരിക്കുന്നത്. പതിറ്റാണ്ടു മുമ്പാണ് അദ്ദേഹത്തെ തൃശൂരിൽ ഗ്രീൻ ഹണ്ടിനെതിരായ ഒരു പരിപാടിയിൽവെച്ച് കേൾക്കുന്നത്. അന്ന് ആ പ്രസംഗം പകർത്തിയെടുത്ത് ജനശക്തി മാസികയ്ക്ക് കൊടുത്തതും ഓർക്കുന്നു. ഏറ്റവും അവസാനം കണ്ടത് തിരുവനന്തപുരത്തു വച്ചായിരുന്നു. ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് 25 ദിവസമായി നിരാഹാര സമരം നടത്തുന്ന റമ്പാച്ചൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ട് ലക്ഷത്തോളം മനുഷ്യർ പങ്കെടുത്ത ഒരു റാലിയെ അഭിസംബോധന ചെയ്യാൻ എത്തിയതായിരുന്നു അന്നദ്ദേഹം. താനും വേദിയിലുണ്ടായിരുന്നു. മതം രാഷ്ട്രീയ അധികാരം കൈയാളിയാൽ എന്തു സംഭവിക്കുമെന്നതിൻ്റെ ഉദാഹരണമാണ് ഇപ്പോഴത്തെ ഇന്ത്യ എന്നും ഇന്ത്യൻ ആത്മീയതയുടെ സത്തയും കരുത്തും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മതത്തിൻ്റെ ജനാധിപത്യവൽക്കരണം പ്രധാനമാണെന്നും മതാധികാര കേന്ദ്രങ്ങൾക്കെതിരെ വിശ്വാസികൾ സംഘടിക്കണമെന്നും അന്നദ്ദേഹം പറഞ്ഞു.
നക്സൽ ബാരി ഉണർന്ന സമയത്തായിരുന്നു അദ്ദേഹവും മുഴുവൻ സമയ പൊതുപ്രവർത്തകനാവുന്നതും കാഷായമണിഞ്ഞ വിപ്ലവകാരിയാവുന്നതും.
നീതിക്കായുള്ള ഇന്ത്യൻ ജനതയുടെ പോർ മുഖങ്ങളിൽ ഇനി താങ്കളുണ്ടാവില്ല എന്നത് ഏറെ ദു:ഖകരമാണ്.

സ്വാമി അഗ്നിവേശിനെ വ്യക്തിപരമായി അടുത്തറിയാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് ഡോക്യുമെൻ്ററി ചലച്ചിത്രകാരൻ ഗോപാൽ മേനോൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 2018-ലും 2019-ലും തന്റെ രണ്ട് സിനിമകൾക്കായി അദ്ദേഹത്തിൻ്റെ അഭിമുഖം എടുത്തിരുന്നു. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തിരുവനന്തപുരത്ത് സി‌എ‌എയ്‌ക്കെതിരായ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കിലും ആരോഗ്യം മോശമായതിനാൽ അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. വളരെക്കാലമായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് അറിയാമായിരുന്നു. എന്നാൽ അന്തരിച്ച വാർത്ത കേട്ടപ്പോൾ വലിയ ഞെട്ടലുണ്ട്. കുങ്കുമപ്പൂ ധരിച്ച തികച്ചും മതേതരനായിരുന്ന ഒരു വലിയ ഫാസിസ്റ്റ് വിരുദ്ധ പോരാളിയെ നമുക്ക് നഷ്ടമായി. ശാരീരിക ആക്രമണങ്ങളെ വകവെയ്ക്കാതെ കൂടുതൽ മാനുഷികമായ ഒരു സമൂഹം സൃഷ്ടിക്കാനുള്ള ദൗത്യത്തിലായിരുന്നു സ്വാമിജി. ബോണ്ടഡ് തൊഴിലാളികൾക്കായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നമുക്കെല്ലാവർക്കും അറിയാം, അതിന് അദ്ദേഹത്തിന് റൈറ്റ് ലൈവ് ലി ഹുഡ് ബഹുമതി ലഭിച്ചു. ബദൽ നോബൽ എന്നാണ് ഇത് അറിയപ്പെടുന്നത്. അദ്ദേഹം വിശ്വാസമർപ്പിക്കുകയും ജീവിതകാലം മുഴുവൻ പോരാടുകയും ചെയ്തതിനായി പോരാടുമെന്ന് ഏവരും പ്രതിജ്ഞയെടുക്കണം. മഹാത്മാവിനുള്ള യഥാർത്ഥ ആദരാഞ്ജലി അതായിരിക്കും.