തങ്ങളുടെ നെറ്റ് ബാങ്കിങ്ങ് അഡ്രസ്സിന് സമാനമായ വ്യാജനുമായി തട്ടിപ്പുകാർ ഇറങ്ങിയിട്ടുണ്ടെന്നും ഉപയോക്താക്കൾ വഞ്ചിക്കപ്പെടരുതെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. www.onlinesbi.com ആണ് എസ്ബിഐ യുടെ ഒഫീഷ്യൽ സൈറ്റ് അഡ്രസ്. അതിനോട് ഏതാണ്ട് സമാനമായ വിധത്തിൽ www.onlinesbi.digital.com എന്നാണ് വ്യാജന്മാർ തട്ടിപ്പ് സൈറ്റിൻ്റെ വിലാസം നല്കിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും എസ്എംഎസോ മെയ്ലോ കിട്ടിയാൽ ഉടനടി [email protected], [email protected] എന്നീ ഇമെയ്ലുകളിൽ ഏതെങ്കിലും ഒന്നിലൂടെ വിവരം നല്കാനാണ് ബാങ്കിൻ്റെ നിർദേശം. ഒരു കാരണവശാലും അവർ നല്കുന്ന ലിങ്കിൽ പ്രവേശിക്കരുത്. കാരണം പാസ് വേഡ് ഉൾപ്പെടെ വിലപ്പെട്ട വിവരങ്ങൾ അതുവഴി ചോരും. ഉപയോക്താവിൻ്റെ പണം നഷ്ടപ്പെടും. ഇത്തരം മെസേജ് കിട്ടിയാൽ ഉടനടി ബാങ്കിനെ വിവരം അറിയിക്കണം.
ഓൺലൈൻ തട്ടിപ്പുകാർ പുതിയ പുതിയ വഴികളും രീതികളും ഉപയോഗിച്ച് കസ്റ്റമേഴ്സിൻ്റെ പണം കവരാൻ ശ്രമിക്കുന്നുണ്ട്. ഉപയോക്താക്കൾ ജാഗ്രത പാലിക്കണം. പാസ് വേഡ് അപ്ഡേറ്റ് ചെയ്യാനോ അക്കൗണ്ട് വിവരങ്ങൾ നല്കാനോ, പുതുക്കാനോ ആവശ്യപ്പെട്ടാണ് വ്യാജന്മാർ കസ്റ്റമേഴ്സിനെ സമീപിക്കുന്നത്. ഈ വിവരം ബാങ്കിനെ അറിയിക്കുന്നതിനൊപ്പം തന്നെ സർക്കാറിൻ്റെ സൈബർ ക്രൈം ബ്രാഞ്ചിൻ്റെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരണമെന്നും നിർദേശമുണ്ട്.