in

കിറ്റ് കോ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച എം ഡി സിറിയക് ഡേവീസ് വിരമിച്ചു

കൊച്ചി:  1970-80 കളിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിശീലനം നൽകിയും, പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്തിരുന്ന  പൊതുമേഖലാ സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ് കോ യെ വലിയ പദ്ധതികൾ ഏറ്റെടുത്ത് ‘ആശയം മുതൽ കമ്മീഷനിംഗ്’ വരെ നടപ്പാക്കാനുള്ള ശക്തി ആർജ്ജിക്കുന്നതിൽ നേതൃത്വം നൽകിയ സിറിയക് ഡേവീസ് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാർച്ച് 30 ന് വിരമിച്ചു. 

2011 മുതൽ ഈ പദവി വഹിക്കുകയായിരുന്നു.  1983 ൽ കോതമംഗലത്തെ മാർ അത്തനേഷ്യന്സ് കോളേജിൽ  നിന്നും സിവിൽ എൻജിനിയറിങ്ങിൽ  ബിരുദം നേടിയ ശേഷം കിറ്റ് കോയിൽ ജോലിയിൽ പ്രവേശിച്ച  സിറിയക് ഡേവീസ് പിന്നീട് ബിൽഡിംഗ് ടെക്നോളജിയിൽ എം ടെക് ബിരുദവും നേടി.

ഹിന്ദുസ്ഥാൻ ലാറ്റെക്സിന്റെ ഗർഭ നിരോധന ഉറകൾ നിർമിക്കുന്ന യൂണിറ്റ് ബെൽഗാമിൽ സ്ഥാപിക്കാനുള്ള സാങ്കേതിക കൺസൾട്ടൻസി കരാർ ലഭിച്ചതോടെയാണ് വൻകിട പദ്ധതികൾ നടപ്പാക്കുന്നതിലേക്ക് കിറ്റ് കോ കടന്നത്. തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ചവറ കെ എം എം എം എൽ ടൈറ്റാനിയം സ്പോഞ്ജ് അയൺ പദ്ധതി, കണ്ണൂർ അന്താരാഷ്ട വിമാനത്താവളം, വൈറ്റില മൊബിലിറ്റി ഹബ്ബ്, നിരവധി റോഡുകൾ, പാലങ്ങൾ , തുറമുഖ പദ്ധതികൾ തുടങ്ങിയവ വിജയകരമായി നടപ്പാക്കി പ്രശംസ നേടി.

കഴിഞ്ഞ സാമ്പത്തിക വർഷം 60 കോടി രൂപയുടെ വരുമാനം നേടിയ കിറ്റ് കോയുടെ വാർഷിക വളർച്ചാ നിരക്ക് 20 ശതമാനമാണ്. അതി വേഗം വാർഷിക വരുമാനം 100 കോടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സിറിയക് ഡേവിസ് സംരംഭകത്വ പരിശീലനം നൽകാനായി ‘മൈ എന്റർപ്രൈസ്’എന്ന പദ്ധതിയും ആവിഷ്കരിച്ചു. 

ഇപ്പോൾ കിറ്റ് കോ കേരളം കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി പദ്ധതികൾ  രൂപകല്പന ചെയ്തു നടപ്പാക്കി വരുന്നത് കൂടാതെ വിദേശത്ത് ചില പദ്ധതികളും ലഭിക്കുന്നുണ്ട്.ശ്രി സിറിയക് ഡേവിസിന്റെ നേതൃത്വത്തിൽ  മുൻ വർഷങ്ങളിൽ ദേശിയ തലത്തിൽ ചെറുതും വലുതുമായ അനേകം പദ്ധതികൾ മറ്റ് കൺസൾട്ടൻസി സ്ഥാപനങ്ങളെ പിന്തള്ളി കരസ്ഥമാക്കി. അടുത്തകാലത്ത് ലഭിച്ച ഭെൽ -എച് എൽ, യു പീ എക്സ്പ്രസ്സ് വേ, ഇംഫാൽ വിമാനത്താവള കരാറുകൾ അദ്ദേഹത്തിന്റെ കാലയളവിൽ കൈവരിച്ച നേട്ടങ്ങളാണ്.

പുതിയ എം ഡി യെ കണ്ടെത്തുന്നത് വരെ ഉദ്യോഗസ്ഥരായ  ജോസ് ഡേവിസ്, ജനറൽ മാനേജർ; ജി പ്രമോദ് ജോ. ജനറൽ മാനേജർ; ബെന്നി പോൾ, ജോ ജനറൽ മാനേജർ; എന്നിവർ ഉൾപ്പെട്ട  മൂന്ന് അംഗ സമിതിക്കാണ്  ഭരണ ചുമതല.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

വിസ്മയിപ്പിക്കുന്ന പ്രകടനവുമായി കേരള പോലീസ് ഡോഗ് സ്‌ക്വാഡ് കനകകുന്നിൽ 

മോദിയുടെ ‘കറുത്ത പെട്ടി’ വിവാദത്തിൽ