UP
in

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദലിത് പെൺകുട്ടി മരിച്ചു; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

UP

ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ സെപ്റ്റംബർ 14-ന്
ഉയർന്ന ജാതിക്കാർ കൂട്ട ബലാത്സംഗം ചെയ്ത 19 കാരിയായ ദലിത് യുവതി ന്യൂഡൽഹിയിലെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. ക്രൂരമായ പീഡനത്തിനിരയായി പതിനഞ്ച് ദിവസത്തിനു ശേഷമാണ് പെൺകുട്ടി മരണമടയുന്നത്. ആറു ദിവസം മുമ്പുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.UP

നിർഭയയെ മറന്നെന്നും ദളിതുകൾ ക്രൂരമായ അതിക്രമങ്ങൾക്ക് ഇരയാകുകയാണെന്നും ആരോപിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. നിർഭയയെ എല്ലാവരും അറിഞ്ഞു. നാവു പറിക്കപ്പെട്ട്, നട്ടെല്ലു തകർക്കപ്പെട്ട് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ദളിത് പെൺകുട്ടിയുടെ ദുരിതങ്ങൾ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയി എന്നെല്ലാമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾ. ദളിത് പീഡനങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാതെ പോവുന്ന വിഷയം നിരവധി പേർ ഉയർത്തുന്നുണ്ട്.

രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. പശുവിന് പുല്ലു ചെത്താൻ സമീപത്തുള്ള വയലിൽ പോയ പെൺകുട്ടിയെയാണ് പട്ടാപ്പകൽ ഉന്നത ജാതിക്കാർ മാനഭംഗത്തിനിരയാക്കിയത്. ആളൊഴിഞ്ഞ പറമ്പിൽ നാവ് മുറിച്ചുമാറ്റിയ നിലയിൽ കാണപ്പെട്ട യുവതിയുടെ സുഷുമ്‌നാ നാഡിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദുപ്പട്ട വായിൽ കുത്തിത്തിരുകിയ നിലയിലായിരുന്നു പെൺകുട്ടി. അലിഗഢ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് തലസ്ഥാനത്തെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കണ്ടെത്തുമ്പോൾ, മറ്റു പരിക്കുകൾക്ക് പുറമേ ദുപ്പട്ട കൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിൻ്റെ മുറിവുകളും ഉണ്ടായിരുന്നു.

എസ്‌സി, എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ബലാത്സംഗം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി നാല് ഉയർന്ന ജാതിക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 23-ന് ബോധം വീണ്ടെടുത്തപ്പോൾ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സന്ദീപ്, രവി, ലവ്കുശ് എന്നീ മൂന്ന് പേരാണ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പെൺകുട്ടിയുടെ മൊഴി.

പ്രധാന പ്രതി സന്ദീപും കുടുംബവും പ്രദേശത്തെ ദളിതരെ എപ്പോഴും ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് സന്ദീപിന്റെ മുത്തച്ഛൻ എസ്‌സി, എസ്ടി നിയമപ്രകാരം മൂന്ന് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിസ്സാര കാര്യത്തിന് പെൺകുട്ടിയുടെ മുത്തച്ഛനെ ക്രൂരമായി മർദിച്ച സംഭവത്തിലായിരുന്നു കേസ്. പത്തൊമ്പത് വർഷം മുമ്പ് നടന്ന ആ സംഭവം കുടുംബങ്ങൾക്കിടയിൽ എപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി ഇരയുടെ സഹോദരൻ പറഞ്ഞു. അവർ ഉയർന്ന ജാതിക്കാരാണ്. ഞങ്ങളെ എപ്പോഴും ജാതിപ്പേര് വിളിച്ച് കളിയാക്കാറുണ്ട്. ഞങ്ങൾ അത് അവഗണിക്കാറാണ് പതിവ്. മദ്യപാനിയായ സന്ദീപ് സ്ത്രീകളെ ഉപദ്രവിക്കുമായിരുന്നു. പക്ഷേ, അവർ ഉയർന്ന ജാതിക്കാരായതിനാൽ പരാതിപ്പെടാൻ എല്ലാവരും പേടിച്ചു.

ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ദാരുണമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷ അപകടത്തിലാണ്. കുറ്റവാളികൾ പരസ്യമായി കുറ്റകൃത്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടുന്ന അവസ്ഥയിലാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

amnesty international

കേന്ദ്ര സർക്കാർ വേട്ടയാടുന്നതായി ആരോപണം; ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

പണ്ഡിറ്റ് കറുപ്പൻ ആധുനിക കേരളത്തിൻ്റെ സൃഷ്ടിക്ക് അടിത്തറയിട്ട മഹാനെന്ന് മുഖ്യമന്ത്രി