in ,

ബോണ്ടായി വീണ്ടും ഡാനിയേൽ ക്രെയ്ഗ്, വില്ലനായി റാമി മാലിക്കും

ജെയിംസ് ബോണ്ടായി വീണ്ടും ഡാനിയേൽ ക്രെയ്ഗ്. വില്ലനായി റാമി മാലിക്കും. ജെയിംസ് ബോണ്ട് സീരീസിലെ ഇരുപത്തഞ്ചാമത്തെ ചിത്രത്തിലാണ് ബൊഹീമിയൻ  റാപ്‌സൊഡിയിലൂടെ  ഇത്തവണത്തെ മികച്ച നടനുള്ള ഓസ്കർ നേടിയ റാമി മാലിക് വില്ലൻ വേഷത്തിൽ എത്തുന്നത്.

ഇയാൻ ഫ്ലെമിങ്ങിന്റെ ജമൈക്കൻ എസ്റ്റേറ്റിൽ ഇന്നലെ നടന്ന ചടങ്ങിലാണ് പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്തുവിട്ടത്. സംവിധായകൻ കാരി ജോജി ഫുകുനാഗ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന് എത്തിയില്ലെങ്കിലും  ജെയിംസ് ബോണ്ടിനുള്ള മാലികിന്റെ സന്ദേശം വായിച്ചു. ഇരുപത്തഞ്ചാമത്തെ ഔട്ടിങ്ങിൽ ജെയിംസ് ബോണ്ടിന് കാര്യങ്ങൾ അത്ര അനായാസമാവില്ലെന്ന് താൻ ഉറപ്പുവരുത്തുമെന്നായിരുന്നു മാലികിന്റെ രസകരമായ സന്ദേശം. 

അഞ്ചാം തവണയാണ് ക്രെയ്ഗ് ബോണ്ടിന്റെ വേഷമണിയുന്നത്. ക്യൂബൻ- സ്പാനിഷ് നടി അന സീലിയ ഡി അർമാസ് കാസോ, ഡാലി ബെൻസല, ഇൻറ്റു ദി വുഡ്‌സ് താരം ബില്ലി മഗ്നൂസൻ, ക്യാപ്റ്റൻ മാർവെൽ താരം ലഷാന ലിഞ്ച് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ബോണ്ട് 25  എന്ന് തല്ക്കാലം അറിയപ്പെടുന്ന ചിത്രത്തിന്റെ പേര് ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. 2020 ഏപ്രിൽ 8 ന് ചിത്രം റിലീസ് ചെയ്യും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എം, ക്യൂ, മണി പെന്നി  എന്നീ റോളുകളിൽ റാൽഫ് ഫിയന്നസ്, ബെൻ വിഷോ, നവോമി ഹാരിസ് എന്നിവർ മടങ്ങിയെത്തും. ബോണ്ടിന്റെ കൂട്ടാളി ടാനറുടെ  വേഷത്തിൽ റോറി കിന്നിയർ തന്നെയാണ്. ലീ സീദോ, ഫ്രഞ്ച് മനഃശാസ്ത്രജ്ഞ ഡോ. മദലീൻ സ്വാൻ ആയും സി ഐ എ ഓപ്പറേറ്റീവ് ഫെലിക്സ് ലീറ്ററായി ജഫ്‌റി റൈറ്റും എത്തുന്നു. 

ജമൈക്ക, നോർവെ, ലണ്ടൻ, ഇറ്റലി എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ക്രെയ്ഗ് അഭിനയിച്ച ബോണ്ട് ചിത്രങ്ങൾക്കെല്ലാം തിരക്കഥ ഒരുക്കിയ നീൽ പർവിസും റോബർട്ട് വെയ്‌ഡും ഉൾപ്പെടെ നാലുപേരാണ് ബോണ്ട് 25 ന് തിരക്കഥ തയ്യാറാക്കുന്നത്.  അവസാന ഘട്ടത്തിൽ  വാലർ ബ്രിഡ്ജ് കൂടി ടീമിനൊപ്പം ചേർന്നെന്നാണ് റിപ്പോർട്ടുകൾ. തിരക്കഥ പരമാവധി “ചലനാത്മക”മാക്കാനുള്ള  ഡാനിയേൽ ക്രെയ്ഗിന്റെ പ്രത്യേക നിർദേശപ്രകാരമാണ് വാലർ ബ്രിഡ്ജിനെ കൊണ്ടുവന്നതെന്ന് പറയപ്പെടുന്നുണ്ട് . ബ്രിട്ടീഷ് ഡാർക്ക് കോമഡി ഫ്‌ളീബാഗും അമേരിക്കൻ സ്പൈ ഡ്രാമ കില്ലിംഗ് ഈവും ബ്രിഡ്ജിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

ജോൺ ഹോഡ്‌ജിന്റെ രചനയിൽ ഡാനി ബോയിലാവും ബോണ്ട് 25 സംവിധാനം ചെയ്യുന്നതെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബോയിലിന്റെ 1996 ലെ കൾട്ട് ഫിലിം ട്രെയിൻസ്‌പോട്ടിങ് ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ഇരുവരും ചേർന്ന് ഒരുക്കിയിട്ടുണ്ട്. എന്നാൽ നിർമാതാക്കൾക്ക് തിരക്കഥ ഇഷ്ടമായില്ല എന്ന കാരണത്താൽ ഇരുവരും പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു. 2018 ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം രണ്ടുവർഷം കൂടി വൈകാൻ ഇടയായത് അങ്ങിനെയാണ്. 

നിരൂപക പ്രശംസ ഏറെ നേടിയ എച്ച് ബി ഒ  പരമ്പര ട്രൂ ഡിറ്റക്ടീവ് ഉൾപ്പെടെ ശ്രദ്ധേയ ചിത്രങ്ങൾ ചെയ്തിട്ടുള്ള സംവിധായകനാണ് ഫുകുനാഗ. 

2006 ൽ കാസിനോ റോയലെയിലൂടെയാണ് ഡാനിയേൽ ക്രെയ്ഗ് ബോണ്ടായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ക്വാണ്ടം ഓഫ് സൊലേസ് (2008 ), സ്കൈ ഫോൾ ( 2012 ), സ്പെക്ട്രെ ( 2015 ) എന്നീ ചിത്രങ്ങളിലും വേഷമിട്ടു.  സ്പെക്ട്രെക്കു ശേഷം ഇനിയൊരു ബോണ്ട് ചിത്രത്തിൽ താനുണ്ടാവില്ല എന്ന മട്ടിലുള്ള  ക്രെയ്ഗിന്റെ പ്രതികരണങ്ങൾ പുറത്തുവന്നതോടെ പുതിയ നായകനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമായിരുന്നു.

എന്നാൽ 2017 ൽ സ്റ്റീഫൻ കോൾബെർട്ടിന്റെ ലേറ്റ് ഷോ യിൽ പങ്കെടുത്ത് സംസാരിക്കവേ ഒരു ബോണ്ട് സിനിമ കൂടി താൻ  ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതെ വർഷം  ജൂലൈയിൽ ഇന്റലിജൻസ് ഏജൻസികളുടെ  പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനായി വെർജീനിയയിലെ സി ഐ എ ആസ്ഥാനം സന്ദർശിക്കുകയും ചെയ്തു.  

ഡാനിയേൽ ക്രെയ്ഗിന്റെ സന്ദർശനത്തിന് ശേഷം സി ഐ എ തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ ഇങ്ങനെ കുറിച്ചു : നേതൃത്വവുമായും ജീവനക്കാരുമായും ക്രെയ്ഗ് കൂടിക്കാഴ്ച നടത്തി. സിനിമയിൽ കാണുന്നതുപോലെ ചാരന്മാരുടെ നേരിട്ടുള്ള ഏറ്റുമുട്ടൽ  യഥാർഥ ജീവിതത്തിൽ ഇല്ല. അവിടെ  ചാരപ്രവർത്തനം കൂടുതലായും ഒളിപ്രവർത്തനമാണ്. ആയുധോപയോഗം വളരേ  കുറവുമാണ്. അവരത് അദ്ദേഹത്തോട് വിശദീകരിച്ചു. 

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കടല്‍ക്ഷോഭം: തീരത്തു നിന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

വാരാണസി: പ്രിയങ്ക മത്സരിക്കില്ല