ഡൽഹിയിലെ ഒരു കൂൺ കർഷകൻ തൊഴിലാളികളെ സ്വന്തം നാട്ടിലേക്കയച്ചത് വിമാനത്തിൽ!
ട്രെയ്ൻ കേറിയും ട്രക്കിടിച്ചും ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനട യാത്ര ചെയ്യുന്നതിനിടയിൽ വഴിയോരത്ത് തളർന്നുവീണും ജീവൻ നഷ്ടമാകുന്ന കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള വാർത്തകൾ രാജ്യത്ത് പെരുകുന്നതിനിടയിലാണ് കാരുണ്യത്തിൻ്റെയും സഹാനുഭൂതിയുടെയും വെളിച്ചം പരത്തുന്ന ഒരു വാർത്ത രാജ്യതലസ്ഥാനത്തു നിന്നും വരുന്നത്.
ഡൽഹിയിലെ തിഗിപുർ ഗ്രാമത്തിലെ ഒരു സാധാരണ കർഷകനാണ് പപ്പൻ ഗഹ് ലോട്ട്. 1993 മുതലാണ് അയാൾ കൂൺകൃഷിയിലേക്കിറങ്ങിയത്. ആഗസ്റ്റ് മുതൽ മാർച്ച് വരെയാണ് കൂൺ സീസൺ. ബിഹാറിലെ സമസ്തിപുർ ജില്ലയിൽ നിന്നുള്ളവരാണ് അയാളുടെ തൊഴിലാളികൾ. 20 വർഷത്തോളമായി ഈ തൊഴിലാളികളെല്ലാം അയാൾക്കൊപ്പമാണ്. 27 വർഷമായി കൂടെയുള്ളവരും ഉണ്ട്.
ഏപ്രിൽ ആദ്യം നാട്ടിൽ പോയി മടങ്ങിവരാനായിരുന്നു തൊഴിലാളികൾ ആലോചിച്ചിരുന്നത്. എന്നാൽ ലോക് ഡൗൺ മൂലം അത് നടന്നില്ല.
ട്രെയ്ൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് ആദ്യം ശ്രമിച്ചത്. അത് നടന്നില്ല. അപ്പോഴാണ് അവരെ വിമാനത്തിൽ യാത്രയാക്കുന്നതിനെപ്പറ്റി ചിന്തിച്ചത്. രണ്ടു പതിറ്റാണ്ടായി ഒപ്പമുളളവരാണ് അവർ. സുരക്ഷിതരായി നാട്ടിലെത്തിക്കേണ്ടത് കടമയായി തോന്നി. എല്ലാവർക്കുമുള്ള വിമാന ടിക്കറ്റെടുത്തു. 68,000 രൂപയായി. ഓരോരുത്തർക്കും അത്യാവശ്യ കാര്യങ്ങൾക്ക് ഉപകരിക്കാൻ 3000 രൂപ വീതം കൊടുത്തു. എല്ലാവർക്കും മെഡിക്കൽ പരിശോധന നടത്തി സന്തോഷപൂർവമാണ് യാത്രയാക്കിയത് – പപ്പൻ ഗെഹ് ലോട്ടിൻ്റെ സഹോദരൻ നിരഞ്ജൻ ഗെഹ് ലോട്ട് പറഞ്ഞു.
തങ്ങളുടെ വലിയൊരു സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. വിമാനത്തിൽ കയറാനാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്നോ, സൈക്കിളിലോ, തിക്കിത്തിരക്കി ബസിലോ ട്രെയ്നിലോ അല്ല, മറിച്ച് ഒരു വിമാനത്തിലാണ് തങ്ങൾ സമസ്തിപൂരിൽ എത്തിച്ചേരുന്നതെന്ന് വിശ്വസിക്കാൻ ആവുന്നില്ല.
സന്തോഷം പ്രകടിപ്പിക്കാൻ ഉചിതമായ വാക്കുകൾ കിട്ടുന്നില്ലെന്ന് തൊഴിലാളികളിൽ ഒരാൾ പറഞ്ഞു. 27 വർഷമായി താൻ ഗെഹ് ലോട്ടിൻ്റെ അടുക്കലെത്തിയിട്ട്. ലോക് ഡൗൺ ആരംഭിച്ചതു മുതൽ വേലയില്ല. എന്നാൽ താമസവും ഭക്ഷണവുമടക്കം എല്ലാ സൗകര്യങ്ങളും അദ്ദേഹം ചെയ്തു തന്നിട്ടുണ്ട്. ഇപ്പോൾ ഇതാ വിമാനത്തിലാണ് നാട്ടിലേക്കയയ്ക്കുന്നത്. അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ട്.