Depression
in

സുശാന്തിന്‍റെ ജീവന്‍ കവര്‍ന്നത് ഇനിയും സമൂഹം അംഗീകരിക്കാത്ത വിഷാദരോഗമെന്ന വില്ലനോ?

Depression

സുശാന്ത് സിങ്ങ് രജപുത്തിന്‍റെ മരണവാര്‍ത്ത വളരെ ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇന്ത്യയ്ക്ക് ലോകകപ്പ്‌ നേടി തന്ന മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ കഥ സിനിമയാക്കിയപ്പോള്‍ അതില്‍ ധോണിയെ അവതരിപ്പിച്ച സുശാന്ത് പക്ഷെ, തന്‍റെ ജീവിതത്തിന്‍റെ ഇന്നിങ്ങ്സ് പാതി വഴിയില്‍ അവസാനിപ്പിച്ച് വളരെ പെട്ടന്നാണ് ഇറങ്ങി പോയത്. Depression

ബോളിവുഡിലെ യുവതാരങ്ങള്‍ക്കിടയിലെ പ്രതിഭയ്ക്ക് ഇനിയും അനേകം കഥാപാത്രങ്ങള്‍ ലഭിക്കുമായിരുന്നു. കൈ നിറയെ ചിത്രങ്ങളും പണവും പ്രശസ്തിയും എല്ലാം ഉണ്ട്. ഇനിയും അതിലും എത്രയോ അധികം ലഭിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ മുന്നോട്ട് ഇനിയെന്തെന്നുള്ള ചോദ്യമോ അല്ലെങ്കില്‍ ഭൂതകാലത്തില്‍ സംഭവിച്ച മറക്കാനാകാത്ത കാര്യങ്ങളോ സുശാന്തിന്‍റെ മനസ്സിനെ അലട്ടിയിരിക്കാം.

ഈ ഒരു പ്രശ്നം എല്ലാ മനുഷ്യരും ജീവിതത്തിന്‍റെ ഏതെങ്കിലുമൊക്കെ അവസരത്തില്‍ അനുഭവിച്ചിട്ടുണ്ടാകാം, അല്ലെങ്കില്‍ അനുഭവിക്കാം. പക്ഷെ ഇതിലെ ഏറ്റവും വലിയ കാര്യമെന്നത് നമ്മളിത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്.

എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങള്‍ വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് സമ്പത്തും ഉയര്‍ന്ന ജോലിയും സമൂഹത്തില്‍ ഉന്നത സ്ഥാനവും എല്ലാം ഉണ്ടായിരിക്കാം. എന്നാല്‍ തന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും ആരുമില്ലെന്ന തോന്നല്‍ ഉണ്ടായാല്‍ അത് ചിലരെ വലിയ മനോവിഷമത്തിലേക്കും പിന്നീട് വിഷാദത്തിലേക്കും നയിക്കാം. മറ്റ് ചിലര്‍ക്ക് ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയാകാം വിഷാദത്തിലേക്ക് നയിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു പക്ഷെ മറ്റുള്ളവര്‍ക്ക് അയാള്‍ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് പൂര്‍ണമായും മനസ്സിലാകണമെന്നില്ല. ഒരുപക്ഷെ അവര്‍ പറഞ്ഞാല്‍ കൂടി അതാ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കേള്‍ക്കുന്ന ഒരാള്‍ക്ക് കഴിയണമെന്നില്ല.

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ, അല്ലെങ്കില്‍ അതിനെക്കാളും എത്രയോ മുകളിലാണ് മനസ്സിന്‍റെ ആരോഗ്യം. മനസ്സാണ് നമ്മള്‍ എന്തായി തീരണമെന്നു നിശ്ചയിക്കുന്നത്. മനസ്സിന്‌ രോഗം ബാധിച്ചാല്‍ പിന്നെ എത്ര ആരോഗ്യമുള്ള ശരീരമുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. 

“ശരീരം ഒരു കുടവും (പാത്രം) മനസ്സ് നെയ്യുമാണ്. ചൂടുള്ള നെയ്യ് കുടത്തിലൊഴിച്ചാല്‍ കുടം ചൂടാകും. കുടത്തിനെ ചൂട് പിടിപ്പിച്ചാല്‍ അതിലൊഴിച്ചിരിക്കുന്ന നെയ്യ് ചൂടാകും. ഇപ്രകാരമാണ് മാനസിക പ്രശ്നങ്ങള്‍ ശരീരത്തെയും ശാരീരിക പ്രശ്നങ്ങള്‍ മനസിനെയും ബാധിക്കുന്നത് ” എന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതപ്പട്ട ആയുര്‍വേദ പ്രാമാണിക ഗ്രന്ഥമായ ‘ചരകസംഹിത’ യില്‍ സൂചിപ്പിക്കുന്നുണ്ട്.    

പല ദുഃഖങ്ങളും ഉത്കണ്ഠകളും ചിന്തകളും അതിന്‍റെ കൂടെ രാത്രിയില്‍ ഉറക്കമില്ലായ്മയും ചേരുമ്പോഴാണ് ആത്മഹത്യയെക്കുറിച്ച് പലരും ചിന്തിക്കുന്നത്. ഇങ്ങനെ ആത്മഹത്യ ചെയ്തവരുടെ 90 ശതമാനം കേസുകള്‍ എടുക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉള്ളുതുറന്നു ആത്മാര്‍ഥമായി സംസാരിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഉണ്ടായിരുന്നവരോട് ഇവര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ എന്തുകൊണ്ടോ സംസാരിച്ചില്ല.

ആരോടെങ്കിലും മനസ് തുറന്നു സംസാരിച്ചാല്‍ പലരുടെയും 90 ശതമാനം പ്രശ്നങ്ങളും തീരും. ഇതില്‍ കേള്‍വിക്കാരന്‍ പ്രത്യേകം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. അവര്‍ പറയുന്ന പ്രശ്നങ്ങള്‍ ഒരു പക്ഷെ കേള്‍ക്കുന്നവര്‍ക്ക് ഒരു പ്രശ്നമായി തോന്നണമെന്നില്ല. പക്ഷെ നമ്മള്‍ മനസ്സിലാക്കേണ്ടത് അയാള്‍ ഇപ്പോള്‍ അത്തരമൊരു മാനസികാവസ്ഥയിലാണെന്നും അത് കൊണ്ട് തന്നെ ആ പരിഗണന നല്‍കി സംസാരിക്കുകയാണ് വേണ്ടതെന്നുമാണ്.

വിഷാദ രോഗം ആര്‍ക്ക് വേണമെങ്കിലും വരാം. അതിന് പ്രായഭേദമില്ല. ചെറിയ കുട്ടികള്‍ മുതല്‍ ഏറ്റവും മുതിര്‍ന്നവരെ വരെ വിഷാദം ബാധിക്കാം. വീട് വിട്ടു പഠിക്കുവാന്‍ വേണ്ടി മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്ന വിദ്യാര്‍ത്ഥികളില്‍ വിഷാദ രോഗം വളരെ പെട്ടന്ന് വരാം. ഗ്രഹാതുര ഓര്‍മകളും പുതിയ സ്ഥലവുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും അതിന്‍റെ കൂടെ പുതിയ സ്ഥലത്ത് സഹപാഠികളുടെയോ കൂടെ താമസിക്കുന്നവരുടെയോ കളിയാക്കലുകളോ മറ്റോ ഉണ്ടായാല്‍ അത് വിഷാദത്തിലേക്ക് നയിക്കാം. ഇങ്ങനെയുള്ളവര്‍ക്ക് ബന്ധുക്കളും സുഹൃത്തുക്കളും ദിവസേന വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യണം. വീട്ടിലോ മറ്റോ ആണെങ്കില്‍ വീട്ടുകാരുടെ ഒരു ശ്രദ്ധ എപ്പോഴും ഇവരുടെ മേല്‍ വേണം. സുഹൃത്തുക്കള്‍ അടിക്കടി സന്ദര്‍ശനം നടത്തുന്നതും ഇവരുമായി പുറത്തു പോകുന്നതും ആശ്വാസം നല്‍കും.

മാനസിക പിരിമുറുക്കം അല്ലെങ്കില്‍ വിഷാദ രോഗം ഉള്ളവരില്‍ പലവിധ ശാരീരിക രോഗങ്ങളും സാധാരണയാണ്. ശാരീരികമായ രോഗങ്ങളില്‍ അന്‍പത് ശതമാനവും മാനസികമായ കാരണങ്ങളാലാണ് ഉണ്ടാകുന്നത്. ഇത്തരം രോഗങ്ങളെ ‘ സൈക്കോസൊമാറ്റിക് ഡിസോഡേഴ്സ്’ എന്ന് വിളിക്കുന്നു. അരിമ്പാറ മുതല്‍ ആമാശയത്തിലെ അമ്ലാധിക്യം വരെ മാനസികമായ കാരണങ്ങളാലാണ് ഉണ്ടാകുന്നത്. അത് പോലെ ശരീരത്തിലെ, പ്രത്യേകിച്ചും തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് മാനസികമായ പല രോഗങ്ങള്‍ക്കും കാരണം. 

അന്തരിച്ച പ്രശസ്ത പോലീസ് സര്‍ജനും മെഡിക്കോ ലീഗല്‍ ഉപദേശകനുമായ ഡോ.ബി.ഉമാദത്തന്‍ തന്‍റെ ‘ഒരു പൊലീസ് സര്‍ജന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ വിഷാദരോഗത്തെയും അതിനെത്തുടര്‍ന്നുള്ള ആത്മഹത്യകളെപ്പറ്റിയും ദീര്‍ഘമായി വിവരിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം  ആത്മഹത്യാശ്രമത്തിൽനിന്നും രക്ഷപ്പെട്ട ഒരു

പെൺകുട്ടിയുടെ കഥ പറയുന്നുണ്ട്. അതിപ്രകാരമാണ്‌…

“എന്റെ ഒരു സ്നേഹിതന്റെ മകൾക്ക് പ്രീഡിഗ്രി പാസ്സായപ്പോൾ നഴ്സിങ്ങിനു ചേരാനായിരുന്നു ആഗ്രഹം. മാർക്കു കുറവായിരുന്നതിനാൽ ഒരു പ്രൈവറ്റ് കോളജിൽ വലിയ തലവരി കൊടുത്ത്പ്രവേശനം നേടി. ഈ തുക ഉണ്ടാക്കാൻ അവളുടെ അച്ഛന് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു. ഹോസ്റ്റലിൽ താമസം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ ഹോസ്റ്റൽ മുറിയിലെ സീലിങ് ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാൻ ശ്രമിച്ചു. ഭാഗ്യവശാൽ സഹപാഠികളിലൊരാൾ കണ്ടതിനാൽ അവളെ രക്ഷിക്കാൻ കഴിഞ്ഞു. അവളെ സ്വന്തം വീട്ടിൽ കൊണ്ടുവന്നു. ബന്ധുക്കളുടെ അഭിപ്രായപ്രകാരം ചില പൂജകളും മന്ത്രവാദവുമൊക്കെ നടത്തി അവളെ തിരികെഹോസ്റ്റലിലാക്കി. ഒരാഴ്ചയ്ക്കകം അവൾ വീണ്ടും ആത്മഹത്യയ്ക്കു ശ്രമിച്ചു. അത്തവണയും സഹപാഠികൾ കണ്ടതിനാൽ ശ്രമം വിഫലമായി.

എന്റെ സ്നേഹിതൻ മകളോടൊപ്പം എന്നെ കാണാൻ വന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്തിനാണെന്നു ഞാൻ അവളോട് ചോദിച്ചു.

അവൾ പറഞ്ഞതിങ്ങനെ: “അങ്കിൾ, എന്റെ മനസ്സിനുള്ളിലിരുന്ന് ആരോ എപ്പോഴും പറയുന്നു: നീ മരിക്കൂ, നീ മരിക്കൂ, നീ എന്തിനാണ് നിന്റെ അച്ഛനു ഭാരമായി ജീവിക്കുന്നത്? മരിക്കൂ, മരിക്കൂ… ഞാൻ ആ ചിന്ത അകറ്റാൻ വളരെയധികം ശ്രമിച്ചു; സാധിക്കുന്നില്ല. ഞാൻ മരിച്ചാൽ എന്റെ അച്ഛനും അമ്മയ്ക്കുംസങ്കടമാണെന്ന് എനിക്കറിയാം. പക്ഷേ ആ ശക്തമായ ചിന്ത, ഒരു അദൃശ്യശക്തി എന്നെ നിർബന്ധിക്കുന്നു.”

ആ അദൃശ്യശക്തി, ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ആ ശക്തി,സ്വന്തം മനസ്സുതന്നെയാണ്. മനസ്സെന്നു പറഞ്ഞാൽ രോഗഗ്രസ്തമായ തലച്ചോറാണ്. ഇത്തരം ഒരു ചിന്ത ഉണ്ടായാൽ ആരും അതിനെക്കുറിച്ച് മറ്റുള്ളവരോടു പറയാറില്ല. പറഞ്ഞാൽ തന്നെ ആരും കാര്യമായിട്ടെടുക്കാറില്ല. ചിലപ്പോൾ പരിഹസിച്ചുവെന്നും വരാം. ഇത്തരം രോഗലക്ഷണങ്ങൾ ഒരു മനോരോഗചികിത്സകന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. “അക്യൂട്ട് മെന്റൽ ഡിപ്രഷൻ’ എന്നറിയപ്പെടുന്ന ഈ വിഷാദരോഗം ഒരു ‘സൈക്യാട്രിക് എമർജൻസി’ (സത്വര ചികിത്സ വേണ്ടുന്ന അവസ്ഥയാണ്. എത്രയും പെട്ടെന്ന് ചികിത്സ ആരംഭിക്കേണ്ട  അവസ്ഥയാണ്”.

വിശപ്പില്ലായ്മ, ഉറക്കക്കുറവ്, അസ്വസ്ഥത, നിരാശബോധം, വിനോദങ്ങളോട് വിരക്തി, തളര്‍ച്ച, ക്ഷീണം എന്നിവയാണ് വിഷാദ രോഗത്തിന്‍റെ പ്രകടമായ ലക്ഷണങ്ങള്‍. സാധാരണ വൈദ്യപരിശോധനയില്‍ ശാരീരികമായ ഒരു തകരാറും ഇങ്ങനെയുള്ളവര്‍ക്ക് കാണാറില്ല.  എന്നാല്‍ ജനറല്‍ ഫിസിഷ്യന്‍മാരോ മറ്റ് ഡോക്ടര്‍മാരോ ഈ ലക്ഷണമുള്ളവരോട് തുറന്നു സംസാരിച്ചു അവരെ ഒരു കൗണ്‍സിലറുടെ അടുത്തോ അല്ലെങ്കില്‍ ഒരു മനശാസ്‌ത്രജ്ഞന്‍റെ അടുത്തേക്ക് അയയ്ക്കുകയാണ് ചെയ്യേണ്ടത്. സാധാരണയായി ആ വ്യക്തിക്കോ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ക്കോ അതില്‍ താല്പര്യമുണ്ടാകില്ല. മനോരോഗ വിദഗ്‌ദ്ധനെ കാണുന്നത് എന്തോ വലിയ കുഴപ്പമാണെന്ന് കരുതുന്ന ഒരു വലിയ സമൂഹം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്‍റെ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണത്.  

ശരീരത്തിന് രോഗം ബാധിക്കുന്ന പോലെ മനസ്സിനും രോഗം ബാധിക്കുമെന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. രോഗാതുരമായ മനസ്സിന് കൃത്യ സമയത്ത് ചികിത്സ നല്‍കിയാല്‍ രക്ഷപെടുന്നത് വിലപ്പെട്ട ഒരു ജീവനാണ്.

കടപ്പാട്: https://timesofindia.indiatimes.com/, ഡോ.ബി.ഉമാദത്തന്‍

 

 

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Facebook

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വ്യാപക  കാമ്പെയ്‌നുമായി  ഫേസ്ബുക്ക് 

App

ചൈനീസ് ബന്ധമുള്ള 52 മൊബൈൽ ആപ്പുകളെ റെഡ്ഫ്ലാഗ് ചെയ്ത് ഇൻ്റലിജൻസ് ഏജൻസികൾ