in ,

അര്‍ധ അതിവേഗ റെയില്‍: ആകാശ സര്‍വെയ്ക്ക് ഡിജിസിഎ അനുമതി

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിനുവേണ്ടി ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആകാശ സര്‍വെ നടത്തുന്നതിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അനുമതി നല്‍കി. 

ഇതോടെ ആകാശ സര്‍വെ നടത്തുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഡിജിസിഎ അനുമതിക്കു മുന്നോടിയായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ വികസന കോര്‍പറേഷന് (കെആര്‍ഡിസിഎല്‍) ലഭിച്ചിരുന്നു. 

തന്ത്രപ്രധാനമായ മേഖലകള്‍ ഉള്‍പ്പെട്ടിരിക്കുന്നതുകൊണ്ടാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി വേണ്ടിവന്നത്. ആകാശ സര്‍വെ തുടങ്ങുന്നതിനുമുമ്പ് സര്‍വെ നടത്തുന്ന ഹൈദരാബാദിലെ ജിയോനോ എന്ന സ്ഥാപനവും പ്രതിരോധ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തും. നിശ്ചിത പ്രദേശങ്ങളില്‍ ഫോട്ടോകളെടുക്കാന്‍ അനുമതിയുണ്ടാവുകയില്ല.  ഒരാഴ്ച കൊണ്ട് സര്‍വെ പൂര്‍ത്തിയാക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. അഞ്ചു സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങേണ്ടിവരും. അതതു സ്ഥലങ്ങളിലെ ജില്ലാ കലക്ടര്‍മാരാണ് ഇതിനുള്ള അനുമതി നല്‍കുന്നത്. ആകാശ സര്‍വെയ്ക്കായി ഗ്രൗണ്ട് പോയിന്‍റുകളും സെന്‍റര്‍ പോയിന്‍റുകളും ഇടുന്ന ജോലി പൂര്‍ത്തിയായിട്ടുണ്ടെന്ന്   കെആര്‍ഡിസിഎല്‍ മാനേജിങ് ഡയറക്ടര്‍  വി. അജിത്കുമാര്‍ അറിയിച്ചു.  

ജിയോനോ തന്നെയാണ് അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് റെയില്‍ ലൈനിനുവേണ്ടി സര്‍വെ നടത്തിയത്. ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ് (ലിഡാര്‍) എന്ന സാങ്കേതികവിദ്യയിലൂടെ ഹെലികോപ്റ്ററില്‍ ഘടിപ്പിച്ച ലേസര്‍ സ്കനാറുകളും സെന്‍സറുകളും ഉപയോഗിച്ചാണ് സര്‍വെ നടത്തുന്നത്. സര്‍വെ നടത്തുന്ന ഭൂമിയുടെ കിടപ്പിനെക്കുറിച്ചുള്ള കൃത്യമായ ത്രിമാന രൂപമാണ് ലഭിക്കുക. 

ആകാശ സര്‍വെ നടത്തി അലൈന്‍മെന്‍റ് സൂക്ഷ്മമായി പരിശോധിച്ച് തീരുമാനമെടുത്തശേഷം  സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരത്തോടുകൂടി മാത്രമെ സില്‍വല്‍ ലൈനിന് ഇരുവശവുമുള്ള അതിര്‍ത്തി നിശ്ചയിക്കുകയുള്ളു. 25 കിലോമീറ്റര്‍ ഇടവിട്ട് അത്രയും തന്നെ വീതിയിലാണ് ഗ്രൗണ്ട് പോയിന്‍റുകളിട്ടിരിക്കുന്നത്. സെന്‍ട്രല്‍ പോയിന്‍റുകള്‍ 600 മീറ്റര്‍ വീതിയില്‍ അഞ്ചു കിലോമീറ്റര്‍ ഇടവിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.  വെറും 25 മീറ്റര്‍ വീതിയില്‍ മാത്രമാണ് റെയില്‍പാതയ്ക്കുവേണ്ടി സ്ഥലമെടുക്കുന്നത്.  

കെആര്‍ഡിസിഎല്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പ്രാഥമിക സാധ്യതാപഠനത്തില്‍ വിജയകരമായി നടപ്പാക്കാനാവുമെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്‍റെ ഭാഗമായി വിവിധ സര്‍വെകളും പഠനങ്ങളും നടന്നുവരികയാണ്. 

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന അര്‍ധ അതിവേഗ റെയില്‍ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്.

ഈ പരിസ്ഥിതി സൗഹൃദ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ റോഡപകടങ്ങള്‍ക്കുപുറമെ ബസുകളടക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനാകും. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് കാസര്‍കോടു വരെ 11 ജില്ലകളിലൂടെ കടന്നുപോകുന്ന റെയില്‍പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ട്രെയിന്‍ ഓടുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Twitter , password, change, share market, value, glitch, bug, exposed, unmasked, twitter users, advised, change, social media, company, issue, problem,

രാഷ്ട്രീയ പരസ്യങ്ങൾ ഇനി വേണ്ടെന്ന് ട്വിറ്റർ 

വാട്സാപ്പ് ഹാക്കിങ്ങിന് ഇരയായവരിൽ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലും