Movie prime

ടൈപ്പ്‌ 2 പ്രമേഹം: രോഗികൾ കഴിക്കാവുന്നതും കഴിക്കരുതാത്തതും

പ്രമേഹ രോഗികൾ ഭക്ഷണ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ അവർ തീർത്തും ഒഴിവാക്കേണ്ടതുണ്ട്. അത്തരം വസ്തുക്കൾ രോഗാവസ്ഥയെ കൂടുതൽ വഷളാക്കും. എന്നാൽ പ്രമേഹ [ diabetes ] രോഗികളിൽ മിക്കവരും എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്ന വലിയ ആശയക്കുഴപ്പത്തിലാണ്. ഇത്തരം ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പ്രമേഹ രോഗ വിദഗ്ധരുമായോ പോഷകാഹാര വിദഗ്ധരുമായോ ബന്ധപ്പെടുന്നത് നല്ലതായിരിക്കും. കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷ്യവസ്തുക്കളെപ്പറ്റി അവർ പറഞ്ഞു തരും. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വരുന്ന ക്രമാതീതമായ വ്യതിയാനങ്ങൾ More
 
ടൈപ്പ്‌ 2 പ്രമേഹം: രോഗികൾ കഴിക്കാവുന്നതും കഴിക്കരുതാത്തതും

പ്രമേഹ രോഗികൾ ഭക്ഷണ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ അവർ തീർത്തും ഒഴിവാക്കേണ്ടതുണ്ട്. അത്തരം വസ്തുക്കൾ രോഗാവസ്ഥയെ കൂടുതൽ വഷളാക്കും. എന്നാൽ പ്രമേഹ [ diabetes ] രോഗികളിൽ മിക്കവരും എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്ന വലിയ ആശയക്കുഴപ്പത്തിലാണ്. ഇത്തരം ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പ്രമേഹ രോഗ വിദഗ്ധരുമായോ പോഷകാഹാര വിദഗ്ധരുമായോ ബന്ധപ്പെടുന്നത് നല്ലതായിരിക്കും.

കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷ്യവസ്തുക്കളെപ്പറ്റി അവർ പറഞ്ഞു തരും. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വരുന്ന ക്രമാതീതമായ വ്യതിയാനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കും എന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്.

പ്രമേഹം ഒരു വിട്ടുമാറാത്ത അവസ്ഥയാണ്. പക്ഷേ, ജീവിതശൈലിയിൽ മാറ്റം വരുത്തിയും ഭക്ഷണക്രമത്തിൽ ചിട്ടകൾ പാലിച്ചും ഒരു പരിധിവരെ രോഗാവസ്ഥയെ നിയന്ത്രണ വിധേയമാക്കാം. കഴിക്കാവുന്നതും ഒഴിവാക്കേണ്ടതുമായ ചിലയിനം ഭക്ഷ്യവസ്തുക്കളെ കുറിച്ച് ചുവടെ പറയുന്നു.

ഞാവൽപ്പഴം

വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഞാവൽപ്പഴം. ചർമത്തിൻ്റേയും മോണയുടേയും ആരോഗ്യത്തിന് ഗുണകരമായ ഈ പഴം പ്രമേഹ രോഗികൾക്കും നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഞാവൽ പഴം കൊണ്ടുള്ള വിനാഗിരി ഡയറ്റീഷ്യൻമാർ ശുപാർശ ചെയ്യാറുണ്ട്. അര ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും 15 മിനിറ്റ് മുമ്പ് കുടിക്കണം.

ഉലുവ

ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയയെ മന്ദീഭവിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയുകയും ചെയ്യും. പൊടിച്ച രൂപത്തിലോ വെള്ളത്തിൽ കുതിർത്തോ ഉലുവ കഴിക്കാം. രാത്രിയിൽ 6 ഗ്ലാസ് വെള്ളത്തിൽ 2 ടേബിൾസ്പൂൺ ഉലുവ ചേർത്ത് വെയ്ക്കുക. രാവിലെ ഈ വെള്ളം കുടിക്കുക.

കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള പ്രഭാതഭക്ഷണം

കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ഉള്ള ഭക്ഷണം ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് സാവധാനത്തിലേ ഉയർത്തുകയുള്ളൂ. അതിനാൽ, രാവിലെ അത്തരം ഭക്ഷണം ശീലമാക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കും. ഓട്സ്, ബാർലി എന്നിവ പ്രമേഹ രോഗികൾക്ക് പ്രഭാതത്തിൽ കഴിക്കാവുന്നവയാണ്.

കഴിക്കാവുന്ന പഴങ്ങളും പച്ചക്കറികളും

ചിലയിനം പഴങ്ങളും പച്ചക്കറികളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ തോതിൽ ഉയർത്താത്തതിനാൽ അവ കഴിക്കുന്നത് ഉത്തമമാണ്. വെള്ളരി, തക്കാളി, മുള്ളങ്കി, പപ്പായ, പിയർ, തണ്ണിമത്തൻ, ആപ്പിൾ, ഓറഞ്ച്, മധുര നാരങ്ങ, ചുരയ്ക്ക എന്നിവ നല്ലതാണ്.

ഒഴിവാക്കേണ്ട പഴങ്ങളും പച്ചക്കറികളും

പ്രമേഹ രോഗികൾ ഒഴിവാക്കേണ്ടതോ നിയന്ത്രിതമായ അളവിൽ മാത്രം കഴിക്കേണ്ടതോ ആയ ചിലയിനം പച്ചക്കറികളും പഴങ്ങളുമുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കാര്യമായി വർധിപ്പിക്കും. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചക്ക, മാമ്പഴം, മുന്തിരി, ഈന്തപ്പഴം, വാഴപ്പഴം, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ അവയിൽ ചിലതാണ്.

കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കേണ്ടത് ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. ക്രമരഹിതമായ ഭക്ഷണ രീതി പലപ്പോഴും ഹൈപ്പോ ഗ്ലൈസീമിയ അല്ലെങ്കിൽ ഹൈപ്പർ ഗ്ലൈസീമിയ എന്നീ പ്രശ്നങ്ങളിലേക്ക് നയിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യമായതിലും താഴ്ന്നു പോകുന്ന അവസ്ഥയാണ് ഹൈപ്പോ ഗ്ലൈസീമിയ. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായ അളവിൽ ഉയർന്നിരിക്കുന്ന അവസ്ഥയാണ് ഹൈപ്പർ ഗ്ലൈസീമിയ. രണ്ടും ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണ്.