in ,

സര്‍ക്കാരിന്റെ കേരളപ്പിറവി സമ്മാനം: നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 4% സംവരണം

സര്‍ക്കാര്‍ നിയമങ്ങളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

2016ലെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ചാണ് 3 ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്ന് ശതമാനം സംവരണമുള്ളപ്പോഴുള്ള പി.എസ്.സി.യിലെ 100 പോയിന്റ് നിയമന റോസ്റ്ററിലെ 1, 34, 67 ഔട്ടോഫ് ടേണുകളാണ് 100 പോയിന്റ് നിയമന റോസ്റ്ററിലെ 1, 26, 51, 76 എന്ന ടേണുകളാക്കി ഉത്തരവായത്.

അധികമായ ഒരു ശതമാനം ഏതെല്ലാം തസ്തികകളില്‍ ഏതെല്ലാം അംഗപരിമിത വിഭാഗങ്ങള്‍ക്ക് അനുവദിക്കാമെന്ന് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി പരിഗണിക്കുന്നതും ഇതു സംബന്ധിച്ച ഉത്തരവ് പ്രത്യേകമായി പുറപ്പെടുവിക്കുന്നതുമാണ്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ ഭിന്നശേഷി സംവരണമെന്നും മന്ത്രി വ്യക്തമാക്കി.

അന്ധതയും കാഴ്ച്ചക്കുറവുമുള്ളവര്‍, ബധിരരോ കേള്‍വിക്കുറവ് വളരെയധികമുള്ളവരോ, ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി അല്ലെങ്കില്‍ സെറിബ്രല്‍ പാള്‍സി, കുഷ്ഠം ഭേദമായവര്‍, പൊക്കക്കുറവുള്ളവര്‍, ആസിഡ് ആക്രമണ ഇരകള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് പുറമേ ഓട്ടിസം, ബുദ്ധിപരമായ ഭിന്നശേഷിയുള്ളവര്‍, പഠനവൈകല്യമുള്ളവരും മാനസിക അസ്വസ്ഥതയുള്ളവരും, ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിയുള്ളവര്‍ എന്നീ രണ്ട് വിഭാഗങ്ങളെക്കൂടി ചേര്‍ത്താണ് അധികമായി ഒരു ശതമാനം സംവരണം അനുവദിക്കുന്നത്.

1995ലെ പി.ഡബ്ല്യു.ഡി. ആക്ട് പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് 3 ശതമാനം സംവരണമാണ് വ്യവസ്ഥ ചെയ്തത്. ഈ നിയമ പ്രകാരം അന്ധതയും കാഴ്ച്ചക്കുറവുമുള്ളവര്‍, ബധിരരോ കേള്‍വിക്കുറവ് വളരെയധികമുള്ളവരോ, ലോക്കോമോട്ടോര്‍ ഡിസബിലിറ്റി അല്ലെങ്കില്‍ സെറിബ്രല്‍ പാള്‍സി എന്നീ വിഭാഗക്കാര്‍ക്ക് 1 ശതമാനം വീതം സംവരണം നല്‍കാന്‍ വ്യവസ്ഥ ചെയ്തിരുന്നു.

ഇത് സംസ്ഥാന സര്‍വീസിലെ തസ്തികകളില്‍ സംവരണം ഉറപ്പാക്കിയും അനുയോജ്യമായ തസ്തികള്‍ കണ്ടെത്തിയും ഉത്തരവായിരുന്നു. എന്നാല്‍ 2016ലെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് 2017 ഏപ്രില്‍ 19ന് നിലവില്‍ വന്ന സാഹചര്യത്തെത്തുടര്‍ന്നാണ് ആക്ടിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ച് തീരുമാനമെടുത്തത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്.) 2016ലെ അംഗപരിമിതാവകാശ നിയമപ്രകാരം 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചുകൊണ്ട് അടുത്ത ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമനങ്ങളിലും സംവരണമേര്‍പ്പെടുത്തുന്നത്.

ഇതോടൊപ്പം ഈയൊരു ഉത്തരവ് നിലവില്‍ വന്ന പശ്ചാത്തലത്തില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗ്രേസ് മാര്‍ക്ക് സിസ്റ്റം നിര്‍ത്തലാക്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക സംവരണം നിലവില്‍ വരുന്നതിന് മുമ്പുള്ളതാണ് 1973ലും 1978ലും ഇറക്കിയ ഈ സര്‍ക്കാര്‍ ഉത്തരവുകള്‍. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സംവരണം നിലവില്‍ വന്ന സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് സിസ്റ്റം ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് നിര്‍ത്തലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

വാട്സാപ്പ് ഹാക്കിങ്ങിന് ഇരയായവരിൽ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലും 

നിർഭയ കേസിൽ ദയാഹർജി നല്കാൻ പ്രതികൾക്ക് നവംബർ 5 വരെ സമയം