in

മൂന്നോ നാലോ തവണ കൂടി കണ്ടാലേ ‘ടെനറ്റ്‌ ‘ തനിക്ക്  മുഴുവനായി മനസ്സിലാകൂ എന്ന് ഡിംപിൾ കപാഡിയ

Dimple Kapadia
സ്ക്രിപ്റ്റ് മുഴുവൻ വായിക്കുകയും സിനിമ ഒരു തവണ കാണുകയും ചെയ്തിട്ടും ടെനറ്റിലൂടെ സംവിധായകൻ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാവാതെ ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷനിലായി ഡിംപിൾ കപാഡിയ. സിനിമ മുഴുവനായി മനസ്സിലാക്കാൻ ഇനിയും മൂന്നോ നാലോ തവണ കൂടി കാണേണ്ടി വരുമെന്നാണ് ടെനറ്റിൽ സുപ്രധാന വേഷം ചെയ്ത പ്രശസ്ത ബോളിവുഡ് അഭിനേത്രി പറയുന്നത്. ലോകപ്രശസ്ത ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്രകാരനായ ക്രിസ്റ്റഫർ നോളൻ സംവിധാനം ചിത്രമാണ് ടെനറ്റ്. മുംബൈയിലെ ആംസ് ഡീലർ പ്രിയ സിങ്ങിൻ്റെ വേഷത്തിലാണ് ഡിംപിൾ ചിത്രത്തിലെത്തുന്നത്. Dimple Kapadia

ജീവിതം മാറ്റിമറിച്ച അനുഭവമെന്നാണ് ടെനറ്റിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തെപ്പറ്റി ഡിംപിളിൻ്റെ അഭിപ്രായം. മനോഹരമായ ഒരു സ്വപ്നം പോലെ ആയിരുന്നു അത്. ഡാർക്ക് നൈറ്റ് സിരീസും ദി പ്രസ്റ്റീജും ഇൻസെപ്ഷനും ഇൻ്റർസ്റ്റെല്ലാറും പോലെ അത്ഭുതങ്ങൾ സൃഷ്ടിച്ച ഒരു ലോകോത്തര സംവിധായകനുമായി ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. എങ്കിലും അത് സംഭവിച്ചു.

ആഗോളതലത്തിലുള്ള ചാരവൃത്തി പ്രമേയമാക്കുന്ന ചിത്രത്തിൻ്റെ ചില ഭാഗങ്ങൾ മുംബൈയിലാണ് ചിത്രീകരിച്ചത്. ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ, കഫേ മോൻഡിഗർ, കൊളാബ കോസ് വേ, കൊളാബ മാർക്കറ്റ്, ഗ്രാൻ്റ് റോഡ്, ഗേറ്റ് വേ ഓഫ് ഇന്ത്യ, റോയൽ ബോംബെ യാച്ച് ക്ലബ്, താജ് മഹൽ പാലസ് ഹോട്ടൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

സ്ക്രിപ്റ്റ് വായിച്ചപ്പോഴുണ്ടായ രസകരമായ അനുഭവത്തെപ്പറ്റിയും അവർ പറഞ്ഞു. നാലു മണിക്കൂർ എടുത്താണ് ആദ്യത്തെ 20-30 പേജ് വായിച്ചു തീർത്തത്. എന്നിട്ടും എന്താണ് വായിക്കുന്നത് എന്നതിനെപ്പറ്റി ഒരു പിടിയും ഉണ്ടായിരുന്നില്ല. സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു തീർന്നിട്ടും നോളൻ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് പിടി കിട്ടിയില്ല.

ഒരിക്കൽ ഒരു നീണ്ട സീൻ ഷൂട്ട് ചെയ്തു. അതിൻ്റെ ഏറ്റവും ഒടുവിലായി രണ്ടു ലൈൻ വോയ്സ് ഓവർ മാത്രമാണ് ഉണ്ടായിരുന്നത്. വെറും രണ്ട് ലൈൻ വോയ്സ് ഓവർ ആയതിനാൽ കാര്യമായ ശ്രദ്ധ കൊടുത്തില്ല. അന്നത്തെ വർക്ക് മുഴുവൻ കഴിഞ്ഞപ്പോഴാണ് ആ വോയ്സ് ഓവറിൻ്റെ പ്രാധാന്യം ശരിക്കും തിരിച്ചറിഞ്ഞത്. പിറ്റേന്ന് സെറ്റിലെത്തിയപ്പോൾ ആ രണ്ട് ലൈൻ രണ്ടാമതും എടുത്താലോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. വേണ്ടെന്നും താനതിൽ തൃപ്തനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതാണ് അദ്ദേഹത്തിൻ്റെ രീതി. തനിക്ക് വേണ്ടത് എന്താണ് എന്നതിനെപ്പറ്റി അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്.  

സ്ക്രിപ്റ്റ് വായിച്ചതു കൂടാതെ സിനിമയും മുഴുവനായി കണ്ടു. പക്ഷേ ശരിക്ക് മനസ്സിലായില്ല. ഇനി കുറഞ്ഞത് മൂന്ന് തവണയെങ്കിലും കാണണം. എങ്കിലേ സിനിമ പൂർണമായും മനസ്സിലാവൂ എന്നാണ് ഡിംപിൾ പറയുന്നത്.

ഡിസംബർ 4-നാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.
തിയേറ്റർ റിലീസിൻ്റെ അതിയായ സന്തോഷത്തിലാണ് താനെന്ന് ഡിംപിൾ പറഞ്ഞു. ബിഗ് സ്‌ക്രീനിൽ മാത്രം ആസ്വദിക്കാനാകുന്ന അതിമനോഹരമായ ആക്ഷൻ സീക്വൻസുകളും ഒട്ടേറെ  ട്വിസ്റ്റുകളും ടേണുകളും
ചിത്രത്തിലുണ്ട്. കോവിഡ് മൂലം ആറു മാസം താമസിച്ചാണ് ഇന്ത്യയിൽ സിനിമ റിലീസിന് ഒരുങ്ങുന്നത്. വാർണർ ബ്രദേഴ്സാണ് ചിത്രത്തിൻ്റെ നിർമാണം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ്‌ ഭാഷകളിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

ജോൺ ഡേവിഡ് വാഷിംഗ്ടൺ നായകനായി അഭിനയിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും നോളൻ്റേതാണ്.  അന്താരാഷ്ട്ര തലത്തിലുള്ള  അഭിനേതാക്കളാണ് ടെനറ്റിൽ വേഷമിടുന്നത്. റോബർട്ട് പാറ്റിൻസൺ, എലിസബത്ത് ഡെബിക്കി, ഡിംപിൾ കപാഡിയ, മാർട്ടിൻ ഡൊനോവൻ, ഫിയോണ ഡൂറിഫ്, യൂറി കൊളോകോൾനികോവ്, ഹിമേഷ് പട്ടേൽ, ക്ലമൻസ് പോസി, ആരോൺ ടെയ്‌ലർ ജോൺസൺ, മൈക്കൽ കെയ്ൻ, കെന്നത്ത് ബ്രനാഗ് ഉൾപ്പെടെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

വ്യാജ റെയിൽവേ ടിക്കറ്റ് – യാത്രക്കാർക്ക് മുന്നറിയിപ്പുമായി റെയിൽവേ

വിജയ് ചിത്രം ‘മാസ്റ്റർ’   നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും