Movie prime

‘ഡോക്ടർ ഭീകരർ’ അശാസ്ത്രീയ ഭീതി പടർത്തുന്നു

ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെ കൊണ്ടുവരുന്നതിനെ പരിമിതപ്പെടുത്തണം എന്ന ഐ എം എ യുടെ നിർദേശത്തെ വിമർശിച്ചു കൊണ്ട് പി ജെ ബേബി. കോവിഡിനെക്കാൾ അപകടകരമായ മനുഷ്യത്വ വിരുദ്ധതയാണ് ഐ എം എ യും അവരുടെ വാക്കുകളെ മുഖവിലയ്ക്കെടുക്കുന്ന മധ്യവർഗ, അരാഷ്ട്രീയ ബുദ്ധിജീവികളും പിന്തുടരുന്നതെന്ന് അദ്ദേഹം പറയുന്നു. കേരളത്തിനു വേണ്ടി പുറത്തു പോയ യുവതീയുവാക്കളെ ഇനിയും മുൾമുനയിൽ നിർത്താൻ അനുവദിക്കരുതെന്നും മരണഭീതി പരത്തലിനെ നേർക്കുനേർ നേരിടാൻ യുവജനങ്ങൾ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിക്കുന്നു. ………… അന്യ സംസ്ഥാനങ്ങളിൽ More
 
‘ഡോക്ടർ ഭീകരർ’ അശാസ്ത്രീയ ഭീതി പടർത്തുന്നു

ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെ കൊണ്ടുവരുന്നതിനെ പരിമിതപ്പെടുത്തണം എന്ന ഐ എം എ യുടെ നിർദേശത്തെ വിമർശിച്ചു കൊണ്ട് പി ജെ ബേബി. കോവിഡിനെക്കാൾ അപകടകരമായ മനുഷ്യത്വ വിരുദ്ധതയാണ് ഐ എം എ യും അവരുടെ വാക്കുകളെ മുഖവിലയ്‌ക്കെടുക്കുന്ന മധ്യവർഗ, അരാഷ്ട്രീയ ബുദ്ധിജീവികളും പിന്തുടരുന്നതെന്ന് അദ്ദേഹം പറയുന്നു. കേരളത്തിനു വേണ്ടി പുറത്തു പോയ യുവതീയുവാക്കളെ ഇനിയും മുൾമുനയിൽ നിർത്താൻ അനുവദിക്കരുതെന്നും മരണഭീതി പരത്തലിനെ നേർക്കുനേർ നേരിടാൻ യുവജനങ്ങൾ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിക്കുന്നു.

‘ഡോക്ടർ ഭീകരർ’ അശാസ്ത്രീയ ഭീതി പടർത്തുന്നു

…………

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളീയരെ തിരിച്ചു കൊണ്ടുവരുന്നതിനെ പരിമിതപ്പെടുത്തണം എന്ന ഐ എം എ എന്ന ട്രേഡ് സംഘടനയുടെ ആവശ്യവും അതിനെ ബലപ്പെടുത്താനായി ചാനൽ സാമൂഹ്യ വിരുദ്ധർ വളർത്തുന്ന കോവിഡ് “പിടിവിട്ടുപോകു”മെന്ന ഭീതിയുമാണ് ഈ കുറിപ്പിനാധാരം.

കേരളം കോവിഡിനെ പിടിച്ചുകെട്ടി സുരക്ഷിതരായി ലോകത്തിനു തന്നെ മാതൃകയായിരിക്കുന്നു. ഇനി സ്വന്തം തന്തയോ തള്ളയോ ആയാലും പുറത്തുനിന്ന് വന്ന് നമ്മുടെ ജീവിതത്തെ അപകടപ്പെടുത്താൻ നാമനുവദിക്കരുത്. അവരവിടെക്കിടന്ന് കോവിഡ് പിടിച്ചോ, ആധി കയറിയോ, പട്ടിണി കിടന്നോ മരിച്ചാൽ അതവരുടെ വിധി എന്നു കണക്കാക്കുക. ഒരു മഹാമാരിക്കാലത്ത് എല്ലാവരെയും രക്ഷിക്കാൻ പറ്റിയെന്നു വരില്ല.

ഈയൊരു “വെളിവും വിവേകവും” കൊണ്ടുവരാൻ കേരളത്തിലെ മധ്യവർഗം ആഞ്ഞുപിടിക്കുകയാണ്.

അതിന്റെ ഫലവും വ്യക്തമാണ്. സർക്കാർ വീണ്ടും ഏതാണ്ട് കരണം മറിഞ്ഞിരിക്കുന്നു. അവരെല്ലാം നമ്മുടെ സ്വന്തക്കാരാണ്, എന്നെങ്കിലും അവരെക്കൊണ്ടു വന്നേ പറ്റൂ എന്ന ശരിയായ നിലപാടിനു പകരം “അവരെല്ലാം ക്വാറൻ്റൈൻ തെറ്റിക്കുന്നു, കേരളം അപകടത്തിന്റെ വക്കിൽ, അര നിമിഷത്തെ അശ്രദ്ധ സകലതും തകിടം മറിക്കും” എന്ന അതിജാഗ്രതാ പ്രബോധനങ്ങളാണ് അന്തരീക്ഷത്തിൽ അലയടിക്കുന്നത്. അതിന്റെ ഫലമായി കേരളത്തിലേക്കുള്ള തീവണ്ടികൾ റദ്ദാക്കപ്പെടുന്നു, ഗൾഫിൽ നിന്നുള്ള വിമാനങ്ങൾ വൈകുന്നു. പാസു കിട്ടി വളരെക്കുറച്ച് ഭാഗ്യവാന്മാരായ മധ്യവർഗം മാത്രം വരുന്നു. പാസില്ലാതെ അതിർത്തിയിലെത്തുന്ന ആദിവാസിയും അവരെ പ്രവേശിപ്പിക്കണമെന്നു പറയുന്ന മനുഷ്യപ്പറ്റുള്ളവരും കേരളത്തിൽ കോവിഡു പടർത്താനിറങ്ങിയവരും “മരണത്തിന്റെ വ്യാപാരി”കളുമാകുന്നു.

ഇതേവരെ കിട്ടിയ വാർത്തകൾ വച്ച് ഒരു ലക്ഷത്തിനു താഴെ ആളുകൾ വന്നു. അതിൽ ദിവസം അറുപത് എന്ന തോതിൽ വരെ കോവിഡ്ബാധ വരുന്നു. മറ്റു രോഗങ്ങൾ പിടിച്ച് മരണാസന്നരായവരൊഴികെ ഒരാൾ പോലും മരിക്കുന്നില്ല. ആകെ മരണം രണ്ടോ മൂന്നോ.

ഈ തികച്ചും ആശ്വാസകരമായ സ്ഥിതിയെയാണ് “അയ്യോ, കോവിഡ് പെരുകുന്നേ! ഞാൻ ചത്തുപോകുമേ! ഓടിവായോ” എന്ന നിലവിളിയായി പരിവർത്തിപ്പിക്കുന്നത്.

അമ്പതിനും അറുപതിനും പകരം അഥവാ പുറത്തു നിന്നു വരുന്ന 1000 ഉം 2000 ഉം പേർക്കു തന്നെ പ്രതിദിനം കോവിഡു വന്നാലും രണ്ടര ലക്ഷം പേർക്ക് ക്വാറന്റൈൻ ഒരുക്കിയ കേരളമെന്തിനു പേടിക്കുന്നു?

ICMR പറയുന്നതനുസരിച്ച് മൂന്നു ദിവസം പനിയില്ലെങ്കിൽ അവരെ 11-ാം ദിവസം പുറത്തു വിടാം. അതിൽ 50 പേരെ പുറത്തു വിടാൻ പറ്റുന്നില്ലെങ്കിലും പ്രശ്നമില്ല.11 ദിവസം

11x 2000= 22000 പേരെയല്ലേ ക്വാറൻ്റൈനിൽ വെക്കേണ്ടതുള്ളൂ?

ടെസ്റ്റുകൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞ 85 ദിവസം കേരളമെന്തു ചെയ്തു?

ഇനിയെങ്കിലും പ്രതിദിനം 50000 റാപ്പിഡ് ടെസ്റ്റുകൾക്ക് സൗകര്യമുണ്ടാക്കി 50000 പേരെ വച്ച് കൊണ്ടുവരികയാണ് വേണ്ടത്.

IMA പറയുന്നതിനെ മുഖവിലക്കെടുത്ത് ദിവസം 5000 പേരിൽ താഴെ മാത്രമേ കൊണ്ടുവരൂ എന്നതിനായി എല്ലാ കുടിലതന്ത്രങ്ങളും പയറ്റിയാൽ എന്തു സംഭവിക്കും?

ഒടുവിൽ മൂന്നോ നാലോ മാസത്തിനകം ജീവനുള്ളവരും മരിച്ചവരുമായി ദിനംപ്രതി പതിനായിരമോ ഇരുപതിനായിരമോ പേരെ വച്ച് കൊണ്ടുവരേണ്ടി വരില്ലേ?അവരിൽ എന്നന്നേക്കുമായി സമനില തെറ്റിയ എത്ര പേരുണ്ടാകും? അവരുടെ എത്ര ഉറ്റബന്ധുക്കൾ രോഗികളാകും?

ഞങ്ങളിവിടെ തിന്നും കുടിച്ചും ;മുണ്ട് ചലഞ്ച്, സാരി ചലഞ്ച്, ഷഡ്ഡി ചലഞ്ച്, ചക്കപ്പായസ ചലഞ്ച് തുടങ്ങിയവ നടത്തിയും ആഘോഷമാക്കിയ ലോക്ക് ഡൗൺ ജീവിതം

“മഹാത്യാഗ” മായിരുന്നു, കോവിഡുകാരനൊപ്പം ഇടുങ്ങിയ മുറിയിൽ വെന്തുരുകി കഴിഞ്ഞുകൂടിയ സൗദിയിലെ ലേബർ ക്യാമ്പുകാരൻ വന്ന് അതിന്റെ ഫലം ഇല്ലാതാക്കരുത് എന്ന മുറവിളിക്കപ്പുറം ഒരു മനുഷ്യത്വ വിരുദ്ധത എവിടെയുണ്ടാകാനാണ്?

കോവിഡിനേക്കാൾ എത്ര അപകടകരമാണ് ഈ രോഗം?

ഭാവി കേരളത്തിലെന്തെല്ലാം വേണം എന്നതിനെപ്പറ്റി തങ്ങളുടെ വരുമാനത്തിനും സുഖജീവിതത്തിനും ബാധിക്കാത്ത കാര്യങ്ങളിൽ ഗംഭീര അഭിപ്രായം പറയുന്ന മധ്യവർഗ-അരാഷ്ട്രീയ ബുദ്ധിജീവികളും ഒരു പങ്ക് (ഭൂരിപക്ഷം) ഇടത് ബുദ്ധിജീവികളുമാണ് ഈ മുറജപത്തിൽ മുന്നിൽ എന്നത് വല്ലാതെ ഞെട്ടിക്കുന്നു.

ഇറ്റാലിയൻ മോഡൽ മരണവും വ്യാപനവും എന്ന് ഈ ഐ എം എക്കാരക്കടക്കം കുറെ “ഡോക്ടർ ഭീകരർ” പരത്തിയ അങ്ങേയറ്റം അശാസ്ത്രീയമായ ഭീതി ആവാഹിച്ചെടുത്ത 60 കഴിഞ്ഞ ബുദ്ധിജീവികളുടെ കടുത്ത മരണഭീതിയാണോ ഒരു കോടിയോളം വരുന്ന പുറത്ത് നിന്ന് കൊടിയ പീഡനമനുഭവിക്കുന്ന കേരളീയരുടെ വിധി തീരുമാനിക്കേണ്ടത് എന്നതാണ് പ്രശ്നം.

യുവജനങ്ങൾ മുന്നോട്ടു വരണം, ഈ മരണഭീതി പരത്തലിനെ നേർക്കുനേർ നേരിടണം.

കേരളത്തിനു വേണ്ടി പുറത്തു പോയ യുവതീയുവാക്കളെ ഇനിയും മുൾമുനയിൽ നിർത്താനനുവദിക്കരുത്.