in

ഫ്യൂജിമോഡിയല്ല! ഫ്യൂജിമോറി!! – സച്ചിദാനന്ദൻ്റെ കഥയെപ്പറ്റി ദീപാ നിശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ജനാധിപത്യത്തെ പ്രാണവായു പോലെ കരുതുന്ന ആളുകൾ ജനാധിപത്യത്തിനെതിരെയുള്ള ഫ്യൂജിമോറിയൻ തന്ത്രങ്ങളെ എത്ര ഗംഭീരമായാണ് എഴുത്തിലൂടെ തുറന്നു കാട്ടുന്നത്!

എത്രയെത്ര പാരായണതലങ്ങളാണ്, നാഗ്പൂരിൽ നിന്നു വാങ്ങി സ്വന്തം വീട്ടിൽ പോറ്റി വളർത്തിയ, കറുത്ത പൂച്ചകളോട് വൈരാഗ്യമുള്ള, യാത്രാ പ്രിയനായ, നിയമപുസ്തകങ്ങൾ കീറിപ്പറിക്കുന്ന ആ ബ്രഹ്മചാരിപ്പൂച്ചയ്ക്കുള്ളത് !!

ഗംഭീര കഥ!തെറ്റി വായിക്കരുത്! 

ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സച്ചിദാനന്ദൻ്റെ  ഫ്യൂജിമോറി എന്ന കഥയെക്കുറിച്ച് ദീപാ നിശാന്ത് എഴുതുന്നു


‘A President Like You’ (നിങ്ങളെപ്പോലൊരു പ്രസിഡന്റ്’ )എന്ന മുദ്രാവാക്യവുമായാണ് ആൽബർട്ടോ കെന്യ ഫ്യൂജിമോറി പെറുവിലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം  ‘തങ്ങളെപ്പോലെ,തങ്ങളിലൊരുവനായ ഒരു നേതാവ്!’ എന്നത് എത്ര മനോഹരമായ  ജനാധിപത്യസ്വപ്നമാണ്!
ഫ്യൂജിമോറിമാർ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതങ്ങനെയൊണ്! ജനങ്ങളുടെ വ്യാജപ്രതീക്ഷകളിലാണ് അവരുടെ നിലനിൽപ്പ്.
പെറുവിലെ നാൽപ്പത്തി അഞ്ചാമത് പ്രസിഡണ്ടായിരുന്ന ഫ്യൂജിമോറി അഴിമതിയുടേയും മനുഷ്യാവകാശ ധ്വംസനങ്ങളുടേയും സ്വേച്ഛാധിപത്യത്തിന്റേയും പേരിലാണ് പിന്നീട്  കുപ്രസിദ്ധി നേടിയത്.
ഈ ലക്കത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ഫ്യൂജിമോറി’ എന്ന പേരിലൊരു കഥയുണ്ട്. കവി സച്ചിദാനന്ദൻ എഴുതിയത്.

എന്തൊരു കഥയാണത് !

അനേകം വായനാസാധ്യതകൾ ഒളിഞ്ഞിരിക്കുന്ന ഒരു കഥ!
പൂച്ചപ്രേമിയായ മഹേഷിന്റെ കഥ! വെളുത്ത നിറമുള്ള ഒരു പൂച്ചയെ ‘നാഗ്പൂരിൽ ‘ നിന്നും അറുപതിനായിരം രൂപയ്ക്കാണ് മഹേഷ് സ്വന്തമാക്കുന്നത്… ഫ്യൂജിമോറി എന്നു പേരിട്ട് അയാളതിനെ തന്റെ വീട്ടിൽ ഓമനിച്ചു വളർത്തുന്നു..
ഫ്യൂജിമോറിയുടെ വളർച്ച പെട്ടെന്നായിരുന്നു!
വെളുത്ത നിറമുള്ള നഖങ്ങൾ നീണ്ട് കുന്തങ്ങൾ പോലെയായി… ഒരു ബലാത്സംഗിയെപ്പോലെ ഫ്യൂജിമോറി തന്റെ നഖങ്ങൾ ചുറ്റുമുള്ളവരിലാഴ്ത്തി.. മഹേഷിന്റെ വീട്ടിൽ  നിന്നും അതിന്റെ ആക്രമണം അടുത്ത വീടുകളിലേക്കും നീണ്ടു.

പാൽ കുടിക്കാൻ ഫ്യൂജിമോറിക്കിഷ്ടമേയല്ലായിരുന്നു! രക്തമായിരുന്നു പ്രിയം…
‘കറുത്ത’ പൂച്ചകളെ കാണുമ്പോഴേ ഫ്യൂജിമോറിയുടെ നഖങ്ങൾ അവയ്ക്കു മേലെ കുന്തം പോലെ ആഴ്ന്നിറങ്ങും.

സ്വന്തം നിറത്തിലുള്ള പൂച്ചകളെ മാത്രമേ അതിനിഷ്ടമുള്ളൂ…
ഫ്യൂജിമോറി സഞ്ചാരപ്രിയനായിരുന്നു..
ഫ്യൂജിമോറിക്ക് പെൺപൂച്ചകളെ ഇഷ്ടമല്ലായിരുന്നു…
പ്രണയത്തേക്കാൾ കൊലപാതകത്തിൽ വിശ്വസിച്ച ഒരു ബ്രഹ്മചാരിയായിരുന്നു ഫ്യൂജിമോറി.

എഴുത്തുകാരുടെ പേനകളും ചിത്രകാരന്മാരുടെ ബ്രഷുകളുമെല്ലാം ഫ്യൂജിമോറി നശിപ്പിച്ചു… നിയമഗ്രന്ഥങ്ങൾ കീറി നിലത്തു വിതറി… ഫോണും ടെലിവിഷനുമെല്ലാം മറിച്ചിട്ടു…
മൂന്നു വയസ്സുകാരി ഷാഹിനയുടെ നെഞ്ചിലേക്ക് നഖമുനകളാഴ്ത്തിക്കൊന്ന കാഴ്ച കണ്ടപ്പോഴാണ് മഹേഷ് താൻ പോറ്റി വളർത്തിയ പൂച്ചയുടെ പുറകെ കത്തിയുമായി പാഞ്ഞുചെന്നത്.

ആ കത്തി പിടിച്ചു വാങ്ങി മഹേഷിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറക്കുന്ന ഫ്യൂജിമോറി!

കാശ് കൊടുത്തു വാങ്ങി വീട്ടിൽ കൊണ്ടുപോയി മഹേഷ് ലാളിച്ചു വളർത്തിയ അതേ ഫ്യൂജിമോറി!!

ജനാധിപത്യത്തെ പ്രാണവായു പോലെ കരുതുന്ന ആളുകൾ ജനാധിപത്യത്തിനെതിരെയുള്ള ഫ്യൂജിമോറിയൻ തന്ത്രങ്ങളെ എത്ര ഗംഭീരമായാണ് എഴുത്തിലൂടെ തുറന്നു കാട്ടുന്നത്!
എത്രയെത്ര പാരായണതലങ്ങളാണ്, നാഗ്പൂരിൽ നിന്നു വാങ്ങി സ്വന്തം വീട്ടിൽ പോറ്റി വളർത്തിയ, കറുത്ത പൂച്ചകളോട് വൈരാഗ്യമുള്ള, യാത്രാ പ്രിയനായ , നിയമപുസ്തകങ്ങൾ കീറിപ്പറിക്കുന്ന ആ ബ്രഹ്മചാരിപ്പൂച്ചയ്ക്കുള്ളത് !!
ഗംഭീര കഥ!തെറ്റി വായിക്കരുത്!

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

നാല് എപ്പിസോഡ് കൊണ്ട് 17 കോടി പ്രേക്ഷകർ: ലോക്ക്ഡൗണിൽ രാമായണത്തെ ഏറ്റെടുത്ത് പ്രേക്ഷകർ

കൊറോണ വൈറസിനെക്കുറിച്ച് പഠിക്കാന്‍ അനലോഗ് സര്‍ക്യൂട്ടുമായി ഐഐഐടിഎം-കെ