asad
in

“ഷാജി എന്‍ കരുണ്‍ ഏതു നാട്ടുകാരനാണ്!”; ചലച്ചിത്ര മേളയുടെ മാറിയ രാഷ്ട്രീയത്തെ വിമർശിച്ച് ഡോ. ആസാദ്

Shaji N Karun

കേരളത്തിൻ്റെ വികസന ബോധവും രാഷ്ട്രീയവും മാറ്റത്തിന് വിധേയമായതു പോലെ ചലച്ചിത്ര മേളയും ദിശമാറിപ്പോയെന്നും അതിൽ പരിഭവിച്ചിട്ട് കാര്യമില്ലെന്നും ഷാജി എൻ കരുൺ ഏത് നാട്ടുകാരനാണെന്നും പ്രമുഖ ഇടതുപക്ഷ നിരീക്ഷകൻ ഡോ. ആസാദ്. Shaji N Karun

ഏഷ്യൻ, ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ സിനിമകൾക്ക് മുൻതൂക്കം നൽകുകയെന്ന ലക്ഷ്യം കൈവിട്ടു, കച്ചവട സിനിമകൾക്ക് മുൻതൂക്കം നൽകുന്നു, സ്വതന്ത്ര സിനിമകളെ തഴയുന്ന തരത്തിൽ ഷെഡ്യൂൾ ഉണ്ടാക്കുന്നു, ദേശീയ അവാർഡ് ജേതാവായ സലിം കുമാറിനെ തഴഞ്ഞു, ഷാജി എൻ കരുണിനെ ക്ഷണിച്ചില്ല തുടങ്ങി വിവാദങ്ങളുടെ പെരുമഴ പെയ്യുന്നതിനിടയിലാണ് മേളയുടെ രാഷ്ട്രീയം മാറിപ്പോയെന്ന് ഓർമിപ്പിച്ചു കൊണ്ട് ഇടതുപക്ഷ നിരീക്ഷകനായ ഡോ. ആസാദ് മുന്നോട്ട് വരുന്നത്.

ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്ന അക്കാദമിയെ ആസാദ് വിമർശിക്കുന്നത്. നേരത്തേ പ്രശസ്ത സംവിധായകൻ ഡോ. ബിജുവും ചലച്ചിത്ര അക്കാദമിയുടെ മാറ്റത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. കച്ചവട സിനിമാക്കാരെ കൂട്ടുപിടിച്ച് മേളയ്ക്ക്  ആളെക്കൂട്ടുന്നതിനെതിരെയായിരുന്നു ഡോ. ബിജുവിൻ്റെ പരിഹാസം. ഇരുപത്തിയഞ്ചാം വർഷമെത്തിയപ്പോൾ മേളയ്ക്ക് പടവലങ്ങാ വളർച്ചയായി എന്നാണ് അദ്ദേഹം കളിയാക്കിയത്.

“അന്താരാഷ്ട്ര ചലച്ചിത്ര മേള ഡെലിഗേറ്റുകളേ…കടന്നു വരൂ…കടന്നു വരൂ…ആകർഷകമായ ഓഫറുകൾ…മനോഹരമായ പരസ്യങ്ങൾ…ഇരുപത്തി അഞ്ചാമത്തെ വർഷത്തെ മേളയാണ്…പടവലങ്ങയോട് സാമ്യം…15000 ത്തോളം ഡെലിഗേറ്റുകൾ കഴിഞ്ഞ 24 വർഷമായി മേളയ്ക്ക് എത്തിയത് ചലച്ചിത്ര സാക്ഷരത ഉള്ളത് കൊണ്ടാണ്…പറഞ്ഞിട്ട് കാര്യമില്ല…ഇതൊന്നും അറിയാതെ മുഖ്യധാരാ സിനിമയുടെ പരസ്യങ്ങളും ചാനൽ മെഗാഷോ മാർക്കറ്റിങ്ങും മാത്രം അറിയുന്ന ആളുകൾ അക്കാദമി ഭരിക്കുമ്പോൾ ഇതിലുമപ്പുറം സംഭവിക്കും…അപ്പോൾ പ്രിയ ഡെലിഗേറ്റുകളെ നിങ്ങൾ വരില്ലേ…വരൂ…വന്നു സെൽഫി എടുക്കൂ… ആനന്ദിക്കൂ…” എന്നായിരുന്നു ഇത്തവണത്തെ മേളയെ വിമർശിച്ചുകൊണ്ട് ഡോ. ബിജു ഫേസ് ബുക്കിൽ എഴുതിയത്.

ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ താഴെ

……….
ചലച്ചിത്ര അക്കാദമി ലക്ഷ്യത്തില്‍നിന്നു മാറി എന്ന് സ്ഥാപകാദ്ധ്യക്ഷനും ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍ കരുണ്‍ ആരോപിക്കുന്നതായി വാര്‍ത്ത കണ്ടു.

മാറുന്നത് ഷാജിയാവാം, അക്കാദമിയാവാം. അക്കാദമിയുടെ അദ്ധ്യക്ഷനായ കമലും മറ്റംഗങ്ങളും ആവാം. അക്കാദമിയുടെ ലക്ഷ്യം ഓരോ ഭരണ സമിതിയും പുതുക്കി നിശ്ചയിക്കുന്നുണ്ടാവാം. സര്‍ക്കാറുകളുടെ നയം അക്കാദമികളില്‍ സ്വാധീനിക്കുമല്ലോ.

ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും ചലച്ചിത്രങ്ങള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി പ്രവര്‍ത്തനം തുടങ്ങിയത്. ചലച്ചിത്രകലയുടെ ലാവണ്യ ധാരകളെ ഭിന്ന രാഷ്ട്രീയാസ്പദങ്ങളോടെ തിരിച്ചറിയാനും സ്വയം നവീകരിക്കാനും നമ്മുടെ ചലച്ചിത്ര ശിക്ഷണത്തിനും പരിചരണത്തിനും വാതിലുകള്‍ കിട്ടി. കേരള മേള ലോകശ്രദ്ധയില്‍ അതിവേഗം പതിയുകയും ചെയ്തു.

രാജ്യാന്തര മേളയെ കേവല രാഷ്ട്രീയത്തിന്റെയും മുഖ്യധാരാ സിനിമാ ഗ്ലാമറിന്റെയും തൊഴുത്തില്‍ കൊണ്ടുപോയി കെട്ടി എന്നാണ് സംവിധായകനായ ഡോ. ബിജു കൂട്ടിച്ചേര്‍ത്തത്. ഷാജി എന്‍ കരുണിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. റേയും കുറസോവയും ഗൊദാര്‍ദുമൊക്കെ നിറഞ്ഞു നിന്ന ബോര്‍ഡുകളിലും ഹോര്‍ഡിങ്ങുകളിലും മന്ത്രിമാര്‍ കയറിപ്പറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ പുരോഗമന രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയംകൊണ്ടു നിര്‍വീര്യമാക്കുന്ന അല്‍പ്പത്തമാണോ ഇപ്പോഴത്തെ നേതൃത്വം പിന്തുടരുന്നതെന്ന് ആലോചിക്കാവുന്നതാണ്.

പാര്‍ട്ടിക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചെയര്‍മാന്‍ എഴുതിയ കത്ത് അദ്ദേഹത്തിന്റെ വ്യക്തിതാല്‍പ്പര്യമാവാം. പാര്‍ട്ടി പ്രതിബദ്ധതയാവാം. എന്നാല്‍ സിനിമയുടെ പുരോഗമന രാഷ്ട്രീയം തിരിച്ചറിയാതെ പോകുന്നതിനും കക്ഷി രാഷ്ട്രീയത്തിന്റെ കേവലലീലകളില്‍ അതിന്റെ നിറം കെടുത്തുന്നതിനും എന്തു ന്യായീകരണമുണ്ട്? കാല്‍ നൂറ്റാണ്ടു പിന്നിടുന്ന മേളയില്‍ വിമര്‍ശനം ഉയര്‍ത്തിയത് പുറത്താരുമല്ല, ചലച്ചിത്ര രംഗത്തെ പ്രമുഖരായ ഇടതനുഭാവികള്‍ തന്നെയാണ്. അതിനാല്‍ വിശദീകരണവും അവരില്‍നിന്നു വേണം കേള്‍ക്കാന്‍.

ഷാജി എന്‍ കരുണ്‍ പുരോഗമന കലാ സാഹിത്യ സംഘം അദ്ധ്യക്ഷനാണ്. കമല്‍ സംസ്ഥാന കമ്മറ്റി അംഗവും. അവര്‍ക്കിടയില്‍ അഭിപ്രായഭേദമുണ്ടാകുന്നതില്‍ തെറ്റില്ല. അതു പരസ്യമായ വിവാദങ്ങളിലേക്കു കടക്കും വിധം രൂക്ഷമാകുന്നത് ഭൂഷണമാണോ എന്ന് അവര്‍ ആലോചിക്കണം. അവര്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ പു ക സ സെക്രട്ടറി അശോകന്‍ ചെരുവിലിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ലാറ്റിനമേരിക്കന്‍ ഏഷ്യന്‍ ആഫ്രിക്കന്‍ സിനിമാലോകങ്ങളില്‍നിന്ന് ഇതര ഭൂഖണ്ഡങ്ങളിലേക്ക് അത്യാസക്തിയോടെ വഴിമാറിപ്പോകുന്നുണ്ടോ നമ്മുടെ സിനിമാ രാഷ്ട്രീയമെന്നത് മേളകളുടെ ഷെഡ്യൂളുകള്‍ പറയും. കേരളത്തിന്റെ വികസനബോധവും രാഷ്ട്രീയവും ഈ മാറ്റത്തിനു വഴിപ്പെട്ടപോലെ ചലച്ചിത്ര സമീപനം മാറാതിരിക്കുമോ? അതില്‍ പരിഭവിച്ചിട്ടെന്ത്? ഷാജി എന്‍ കരുണ്‍ ഏതു നാട്ടുകാരനാണ്!

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

salim kumar

ഐ എഫ് എഫ് കെ കൊച്ചി മേളയിൽ സലിം കുമാറിനെ തഴഞ്ഞതായി ആരോപണം

K Sudhakaran

“ചെത്തുകാരനായ പിതാവ് പിണറായി അങ്ങാടിയിൽ കള്ളുകുടിച്ച് നടക്കുകയായിരുന്നു”, പിണറായിക്കെതിരെ അധിക്ഷേപ വാക്കുകളുമായി വീണ്ടും സുധാകരൻ