in

പീഡിതരായ പെണ്‍കുട്ടികള്‍ക്കൊപ്പമല്ല  ആഭ്യന്തര വകുപ്പ്, സ്വാധീനമുള്ള ഏതു പ്രതിക്കുമൊപ്പം ചാഞ്ഞും കുനിഞ്ഞും വീഴും

Dr.Asad

പീഡിതരായ പെണ്‍കുട്ടികള്‍ക്കൊപ്പമല്ല  ആഭ്യന്തര വകുപ്പ്, സ്വാധീനമുള്ള ഏതു പ്രതിക്കുമൊപ്പം ചാഞ്ഞും കുനിഞ്ഞും വീഴും

 

പാലത്തായി പീഡനക്കേസിൽ ആഭ്യന്തര വകുപ്പിനെതിരെ നിശിത വിമർശനവുമായി ഡോ. അസാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് Dr.Asad

………

ആഭ്യന്തരം ഭരിക്കുന്നത് ദില്ലിയില്‍നിന്നോ നാഗ്പൂരില്‍നിന്നോ ആണെന്നുതോന്നും കേരള പൊലീസിന്റെ പല നടപടികളും കണ്ടാല്‍. പാലത്തായി കേസ് അതുറപ്പിക്കുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ കേസാണ്. പ്രതി ബി ജെ പിയുടെ പ്രാദേശിക നേതാവ്. പൊലീസും നിയമവും അവിടെ മുട്ടിലിഴഞ്ഞു.

മജിസ്ത്രേട്ടിനു മുന്നില്‍ പെണ്‍കുട്ടി കൊടുത്ത മൊഴിയില്‍ പൊലീസിനു വിശ്വാസം വരുന്നില്ല. അഞ്ചു തവണയാണ് കുട്ടിയെ ചോദ്യം ചെയ്തത്. കുട്ടിയുടെ മാനസികാരോഗ്യത്തിലും പൊലീസിനു സംശയം! പ്രതിയെയല്ല വാദിയെയാണ് പൊലീസ് പിന്തുടര്‍ന്നത്. പോക്സോ നിയമം എന്താണെന്ന് അവര്‍ക്കു നിശ്ചയമില്ല. അതു പഠിപ്പിക്കാന്‍ ആഭ്യന്തര വകുപ്പിലെ മേലാളര്‍ക്കും തീരെ താല്‍പ്പര്യമില്ല.

വാളയാറില്‍നിന്ന് പാലത്തായിയിലേക്കും ഒട്ടും ദൂരമില്ല. അവിടെയും സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് പെണ്‍കുട്ടിയുടെ മനോനിലയായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ സോജന്‍ അതു പരസ്യമായി പറയുകയും ചെയ്തു. പോക്സോ കേസ് ആവിയായി പോകുന്നതാണ് വാളയാറില്‍ കണ്ടത്. പ്രതികളൊക്കെ കുറ്റ വിമുക്തരായി. സോജന് പ്രമോഷന്‍! ഒമ്പതും പതിമൂന്നും വയസ്സുള്ള രണ്ടു ദളിത് പെണ്‍കുട്ടികളാണ് പീഡനശേഷം കെട്ടിത്തൂക്കപ്പെട്ടത്. കേരളം നടുങ്ങിയ സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പം നിന്നു. ആഭ്യന്തര വകുപ്പിന് ലജ്ജ തോന്നിയില്ല.

അതേ നിലപാടിലാണ് പാലത്തായിയിലും പൊലീസ്. ഇവിടെ പെണ്‍കുട്ടിക്കു ജീവന്‍ ബാക്കിയുണ്ട്. ആ ജീവനില്‍ കയറി മൊഴി വാങ്ങല്‍ ഭീകരതയാണ് അവര്‍ സൃഷ്ടിച്ചത്. പോക്സോ നിയമത്തിന്റെ ആമുഖം വായിച്ച അറിവു മതി ആ വകുപ്പു ചാര്‍ത്താന്‍. കുറ്റപത്രം വൈകിപ്പിച്ച് പ്രതിയെ പുറത്തിറക്കാന്‍ കഴിയുമോ എന്നായിരുന്നു ആദ്യനോട്ടം. കടുത്ത വിമര്‍ശനം ഉയര്‍ന്നു വന്നതോടെ അവസാന മണിക്കൂറില്‍ പോക്സോ വകുപ്പൊഴിവാക്കി ദുര്‍ബ്ബലമായ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി കെ. പത്മരാജന് ജാമ്യത്തിലിറങ്ങാന്‍  വഴി തുറന്നുകൊടുത്തു.

പീഡിതരായ പെണ്‍കുട്ടികള്‍ക്കൊപ്പമല്ല കേരളത്തിലെ ആഭ്യന്തര വകുപ്പ്. സ്വാധീനമുള്ള ഏതു പ്രതിക്കുമൊപ്പം ചാഞ്ഞും കുനിഞ്ഞും വീഴും. 

ബിജെപി, ആര്‍എസ്എസ് പ്രതികള്‍ വരുന്ന കേസുകളിലൊക്കെ അവര്‍ക്കൊപ്പം നില്‍ക്കും. പോക്സോ കേസില്‍ പ്രതികള്‍ക്കു വേണ്ടി വാദിക്കുന്നവരെ ബാലാവകാശ കമ്മീഷന്റെ ജില്ലാ ചുമതല ഏല്‍പ്പിക്കും. കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനമാവട്ടെ, പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം വളയാന്‍ കഴിയുന്നവര്‍ക്ക് സംവരണം ചെയ്യും!

വാളയാറിലെ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്കും പാലത്തായിയിലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും നീതി ലഭിക്കണം. കേസില്‍ പോക്സോ വകുപ്പു ചേര്‍ക്കണം. കേസു ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കണ്ണടച്ചിരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും മന്ത്രിയുടെയും കണ്ണു തുറപ്പിക്കാന്‍ ജനരോഷം ഉയരണം. ആര്‍ക്കൊപ്പമാണ് താനെന്ന് ഓരോരുത്തരും സ്വയം വിചാരണ ചെയ്ത് രംഗത്തിറങ്ങണം. വൈകരുത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Treatment center

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ: സർക്കാർ ഉത്തരവായി

Rajnath Singh

ചൈനയുമായി ചർച്ച തുടരുന്നു, ഒന്നും ഉറപ്പുനൽകാനാവില്ലെന്ന് രാജ്‌നാഥ് സിങ്ങ്