Movie prime

രണ്ടുമുഖമുള്ള വിചിത്ര ജീവിയാണോ സിപിഎം എന്ന ചോദ്യവുമായി ഡോ. ആസാദ്

Dr.Asad യുഎപിഎ, എന്എസ്എ, രാജ്യദ്രോഹ നിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കുക എന്ന ആവശ്യമുന്നയിച്ച് ദേശീയ തലത്തിൽ സമരത്തിനൊരുങ്ങുകയാണ് സിപിഎം. അതേ സിപിഎമ്മിൻ്റെ കേരള ഘടകത്തിന്, യുഎപിഎ ചുമത്തി തടവിലിട്ടിരിക്കുന്ന അലൻ, താഹ എന്നീ വിദ്യാർഥികളെ വിട്ടയയ്ക്കണം എന്ന അഭിപ്രായമില്ല. ഇഐഎ- 2020 പിൻവലിക്കണം എന്നാണ് സിപിഎം അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാൽ സിപിഎം നേതൃത്വം കൊടുക്കുന്ന കേരള സർക്കാർ അത്തരം ഒരു ആവശ്യമേ ഉന്നയിക്കുന്നില്ല. അഖിലേന്ത്യാ നേതൃത്വം ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ പ്രസക്തമാണെന്നും അവയോട് More
 
രണ്ടുമുഖമുള്ള വിചിത്ര ജീവിയാണോ സിപിഎം എന്ന ചോദ്യവുമായി  ഡോ. ആസാദ്

Dr.Asad

യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹ നിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കുക എന്ന ആവശ്യമുന്നയിച്ച് ദേശീയ തലത്തിൽ സമരത്തിനൊരുങ്ങുകയാണ് സിപിഎം. അതേ സിപിഎമ്മിൻ്റെ കേരള ഘടകത്തിന്, യുഎപിഎ ചുമത്തി തടവിലിട്ടിരിക്കുന്ന അലൻ, താഹ എന്നീ വിദ്യാർഥികളെ വിട്ടയയ്ക്കണം എന്ന അഭിപ്രായമില്ല. ഇഐഎ- 2020 പിൻവലിക്കണം എന്നാണ് സിപിഎം അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാൽ സിപിഎം നേതൃത്വം കൊടുക്കുന്ന കേരള സർക്കാർ അത്തരം ഒരു ആവശ്യമേ ഉന്നയിക്കുന്നില്ല. അഖിലേന്ത്യാ നേതൃത്വം ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ പ്രസക്തമാണെന്നും അവയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഡോ. ആസാദ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. Dr.Asad

ഭരണമുള്ളിടത്ത്‌ ഒരു നിലപാടും ഭരണമില്ലാത്തിടത്ത് മറ്റൊരു നിലപാടും സ്വീകരിക്കുന്ന പാർട്ടിയുടെ ഇരട്ടത്താപ്പിനെ നിശിതമായി വിമർശിക്കുന്നതാണ് ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

…………
കേരളത്തിലെ സി പി എം തമിഴ്നാടും കര്‍ണാടകയും തെലങ്കാനയുമൊക്കെ ഉള്‍പ്പെടുന്ന ഇതര ഇന്ത്യന്‍ സി പി എമ്മിനൊപ്പം സമരം ചെയ്യുന്നതായി പോസ്റ്റര്‍ കണ്ടു. നല്ല കാര്യം. അഭിവാദ്യം.

യു എ പി എ, എന്‍ എസ് എ, രാജ്യദ്രോഹ നിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക എന്ന ആവശ്യം പ്രസക്തം തന്നെ. ഒരു തെളിവും കിട്ടാതിരുന്നിട്ടും അലന്‍ താഹമാരുടെ പേരില്‍ യു എ പി എ ചുമത്തി കേസ് എന്‍ ഐ എയ്ക്കു വിട്ടുകൊടുക്കാന്‍ ഉത്സാഹിച്ച സര്‍ക്കാറാണ് കേരളത്തിലേത്. അതിനു നേതൃത്വം കൊടുക്കുന്ന സി പി ഐ എം എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ യു എ പി എ പ്രകാരം അറസ്റ്റു ചെയ്തവരെ വിട്ടയക്കണം എന്നു പറയുന്നത്! മറ്റൊരു കേസില്‍ യു എ പി എ ഒഴിവാക്കിയ കോടതിവിധിക്കെതിരെ അപ്പീല്‍ പോകുന്നതായും ഈ സര്‍ക്കാറിനെപ്പറ്റി കേട്ടിട്ടുണ്ട്. രണ്ടു മുഖമുള്ള വിചിത്ര ജീവിയാണോ ഈ സി പിഎം?

പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തല്‍ വിജ്ഞാപനം (കരട്) പിന്‍വലിക്കണമെന്നും കേന്ദ്ര സി പി എമ്മിന്റെ അതേ ആവശ്യം കേരള സി പി എമ്മും ഉയര്‍ത്തുന്നു. വളരെ നല്ല കാര്യം. പക്ഷെ, ആളുകള്‍ ചോദിച്ചുപോകും ‘ എല്‍ ഡി എഫ് സര്‍ക്കാര്‍ എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിച്ചില്ല’ എന്ന്. കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ട കാര്യമായിരുന്നില്ലേ അത്? എന്നാല്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി എന്ന നാണംകെട്ട നിലപാടാണ് കേരള സിപിഎം സ്വീകരിച്ചത്. പക്ഷെ അഖിലേന്ത്യാ പാര്‍ട്ടിയുടെ ഭാഗമാണെന്ന് നടിക്കാതെ തരമില്ലല്ലോ!

ദളിതര്‍, ആദിവാസികള്‍, എന്നിവര്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു ശിക്ഷ ഉറപ്പാക്കുക എന്ന ആവശ്യവും കൊള്ളാം. കേരളത്തില്‍ അത്തരം കേസുകളിലെ അനുഭവം നമുക്കു മുന്നിലുണ്ട്. വാളയാറും പാലത്തായിയും അവസാനത്തെ ഉദാഹരണങ്ങളാണ്. വാസ്തവത്തില്‍ കേരള സി പി എമ്മിന്റെ കണ്ണു തുറപ്പിക്കാനാവുമോ ഈ കേന്ദ്ര സമരപദ്ധതി? കോളേജ് സര്‍വ്വകലാശാലാ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ സെമസ്റ്ററുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബിരുദം നല്‍കുക എന്ന ആവശ്യത്തോടും എനിക്കു യോജിപ്പ്. പക്ഷെ കേരളത്തിലെ സി പി എം അതിനോടും യോജിക്കാന്‍ സാദ്ധ്യത കുറവാണ്. സംഘടനാ പ്രവര്‍ത്തകരെ അതു പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ടല്ലോ.

ഏതായാലും സി പി ഐ എം അഖിലേന്ത്യാ നേതൃത്വം ഉന്നയിച്ച മുദ്രാവാക്യം പ്രസക്തമാണ്. ആ സമരത്തിന് ഐക്യദാര്‍ഢ്യം. ഒപ്പം കേരള ഘടകത്തെ തിരുത്താന്‍ ത്രാണിയില്ലാതെ പോയ നേതൃത്വത്തെക്കുറിച്ച് അല്‍പ്പം അനുതാപവും രേഖപ്പെടുത്താതെ വയ്യ.