in

ഇത് അഭയസ്മൃതി. ജോമോനുള്ള കീര്‍ത്തനം. എന്റെ മുറ്റത്ത് ഞാനൊരു നക്ഷത്രം നാട്ടുന്നു 

Dr Azad
സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് ഇന്നലെ വിധിച്ച സിബിഐ കോടതി ഇന്ന് ഇരുവർക്കുമുള്ള ശിക്ഷ വിധിച്ചു. ആ വിധി കേട്ട് ആശ്വാസം കൊള്ളാത്ത മലയാളികളില്ല. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ. കോട്ടൂർ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സെഫി അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും ശിഷ്ടകാലം ചെലവഴിക്കാൻ പോകുമ്പോൾ ആശ്വാസം കൊള്ളുന്നതും നീതിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നതും കേരളത്തിൻ്റെ മന:സാക്ഷിയാണ്.Dr Azad

സത്യം എപ്പോഴും വിജയിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു പറ്റം സാധാരണ മനുഷ്യരാണ്. കേരളത്തിൻ്റെ നീതിന്യായ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം അധികാരത്തിൻ്റെ ഹുങ്കും അപ്രമാദിത്വവും കൊലയാളികളെ സംരക്ഷിക്കാനും വെള്ളപൂശാനും, തെളിവുകൾ കൂട്ടത്തോടെ  തേച്ചുമാച്ച് കളയാനും സകലവിധ അടവുകളും തന്ത്രങ്ങളും പയറ്റിയപ്പോൾ,  നിഗൂഢതകളും  ദുരൂഹതകളും നിറഞ്ഞ ഒരു കൊലക്കേസിൽ സത്യത്തിനും നീതിക്കും വേണ്ടി മൂന്നു പതിറ്റാണ്ടുകാലം മനസ്സിടറാതെ പോരാടിയ സാധാരണക്കാരായ ചില മനുഷ്യർ വാഴ്ത്തപ്പെടേണ്ടതുണ്ട്. ദൈവം മോഷ്ടാവിൻ്റെ രൂപത്തിലും മനുഷ്യാവകാശ പോരാളിയുടെ രൂപത്തിലും അവതരിച്ചതായി അവിശ്വാസികൾ പോലും വിശ്വസിച്ചു പോകുന്ന അപൂർവ സന്ദർഭമാണിത്. അടയ്ക്ക രാജു എന്ന പഴയകാല മോഷ്ടാവിനും ജോമോൻ പുത്തൻപുരയ്ക്കൽ എന്ന മനുഷ്യാവകാശ പ്രവർത്തകനും അഭിനന്ദനങ്ങൾ ചൊരിയുകയാണ് സോഷ്യൽ മീഡിയ.  ജോമോനു വേണ്ടി ഒരു കീർത്തനം എഴുതുകയാണ് ഇടതു നിരീക്ഷകനായ ഡോ. ആസാദ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.       

പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം

ജോമോന് ഒരു കീര്‍ത്തനം.

ജോമോനേ, നീ നട്ട നീതിയുടെ വൃക്ഷം പൂത്തു നില്‍ക്കുന്നു. നീണ്ട ഇരുപത്തിയെട്ടു വര്‍ഷത്തെ സഹനത്തിനും കാത്തിരിപ്പിനും ഫലമുണ്ടായിരിക്കുന്നു. പ്രതീക്ഷയുടെ ഇലകള്‍ കൊഴിഞ്ഞ് ഉണങ്ങിയും അടര്‍ന്നും തുടങ്ങിയ ശിഖരങ്ങളില്‍ പെട്ടെന്ന് പ്രകാശം പരന്നിരിക്കുന്നു. ഇനി മേല്‍ ഒരാളും നിരാശകൊണ്ടു മരിക്കുകയില്ല.

ജോമോനേ, ഒരാള്‍ക്കിങ്ങനെ ദീര്‍ഘകാലം ഒരൊറ്റച്ചിന്തയില്‍ ജീവിതത്തെ അണച്ചു നിര്‍ത്താനാവുമോ? ഒരൊറ്റ ലക്ഷ്യത്തില്‍ സകലതും പരുവപ്പെടുത്താനാവുമോ? വിളിച്ചുകൊണ്ടേയിരുന്നാല്‍ പാതാളത്തില്‍ ആണ്ടുപോയ നീതി അരിച്ചരിച്ചു കയറിവരുമെന്ന് നീയെങ്ങനെ അറിഞ്ഞു?

ഞാനിന്ന് അഭയയെക്കുറിച്ചായിരുന്നു ചിന്തിക്കേണ്ടത്. അഭയക്കു നീതി കിട്ടുന്നു എന്നായിരുന്നു എഴുതേണ്ടത്. പക്ഷെ, അഭയയെ മരണത്തിനോ മറവിക്കോ വിട്ടു കൊടുക്കാതെ കൊലയാളികളുടെ വെണ്‍മാടങ്ങള്‍ക്കു മുന്നില്‍ കൈപിടിച്ചു നടത്തിച്ച ഒരാളെപ്പറ്റി ഓര്‍ക്കാതെ അതു സാദ്ധ്യമാകുമോ?

കൊലചെയ്യപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നവരോട് ദൈവത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നു. മനുഷ്യരുടെ നിസ്സാരമായ മോഹങ്ങള്‍ക്കും ക്രോധങ്ങള്‍ക്കും വഴങ്ങാത്ത ഭാഷയില്‍ അവര്‍ പറഞ്ഞുകൊണ്ടിരിക്കും. അതു കേള്‍ക്കാന്‍ വ്യക്തികള്‍ക്കും സഭകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കാതുകളുണ്ടാവണം. ജോമോന്‍ അതു കേട്ട മനുഷ്യക്കാതാണ്. 

ഞാനോര്‍ക്കുന്നത് കേള്‍ക്കപ്പെടാത്ത രക്തസാക്ഷികളെപ്പറ്റിയാണ്. അളന്നുതീരാത്ത ചോരക്കുതിപ്പുകളെപ്പറ്റിയാണ്. സ്തംഭിച്ചുപോയ നീതിയെക്കുറിച്ചാണ്. അധികാരത്തിന്റെ ധവളപ്രഭയില്‍ മൂടിവെക്കപ്പെട്ട കൊലക്കത്തികളെപ്പറ്റിയാണ്. ചോരക്കറ മറച്ച് മാന്യരെന്ന് വിശുദ്ധപ്പെട്ടവരും വാഴ്ത്തപ്പെട്ടവരുമുണ്ട്. അവരെ പേര്‍ ചൊല്ലി വിളിക്കുന്ന നീതിബോധത്തിന്റെ തമസ്കൃത രൂപങ്ങളുണ്ട്. ശ്രദ്ധിച്ചാല്‍ മാത്രം കേള്‍ക്കുന്ന പ്രകൃതിയുടെ സംഗീതമാണത്.

വലിയ കുപ്പായവും താടിയും പാറിച്ച് ഏകാകിയായി നടന്നുപോയ നവാബുമാരുണ്ടായിരുന്നു. അവര്‍ ശല്യക്കാരായ വ്യവഹാരികളായിരുന്നു. വെറുക്കപ്പെട്ടവരായിരുന്നു. ഒരു പ്രസ്ഥാനവും തണല്‍ വിരിച്ചിട്ടില്ലാത്ത വഴികളില്‍ മാത്രം സഞ്ചരിച്ചവര്‍. അവര്‍ നീതിയെക്കുറിച്ചു മാത്രം ചിന്തിച്ചു. ജോമോനേ, നീ ഒറ്റയ്ക്കല്ല. പക്ഷെ, നിന്റെ കാലത്ത് നീ ഒറ്റപ്പെട്ടവന്‍ തന്നെ. മുള്‍ക്കിരീടവും കുരിശുമേറ്റവന്‍.

നീതിക്കുവേണ്ടി വാ തുറക്കാന്‍ ഭാഷയോ വിദ്യാഭ്യാസമോ തൊഴിലോ പദവിയോ ആവശ്യമില്ലെന്ന് നീ ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ, ആ അപൂര്‍വ്വമായ ശ്രവണശേഷിയും ഭ്രാതൃ സ്നേഹവും ഇക്കാലത്ത് ഏതുറവകളിലൂടെ വരുന്നു ജോമോന്‍? അലച്ചിലുകളിലേക്ക് സ്വയം തുറന്നുവിടാനുള്ള ധൈര്യം എങ്ങനെ നേടുന്നു? മതവാഴ്ച്ചയുടെ ആഗോളത്തൂണില്‍ ഇടിച്ചിടിച്ചു നീതിയെ പുറത്തു ചാടിച്ച വൈഭവത്തിന് എന്റെ സ്തുതി.

ഇത് അഭയസ്മൃതി. ജോമോനുള്ള കീര്‍ത്തനം. എന്റെ മുറ്റത്ത് ഞാനൊരു നക്ഷത്രം നാട്ടുന്നു. ഈ ഡിസംബറിന്റെ തണുപ്പിലും ഉയിര്‍പ്പിലും.

https://www.facebook.com/malayattil/posts/10208720270361693

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ അമ്മയ്ക്കും ആരാധ്യയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഐശ്വര്യറായ്

ബിക്കിനി മോഡലിൻ്റെ അർധനഗ്ന ചിത്രത്തിന് വീണ്ടും “ലൈക്ക് “; മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടും വിവാദത്തിൽ