in

വിജയ രാഘവന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ.ഗീത

ആലത്തൂരിലെ വനിതാ സ്ഥാനാർഥിയെ അപമാനിച്ച സി പി എം നേതാവ് എ  വിജയരാഘവനെതിരെ കേസെടുക്കണം എന്ന ആവശ്യം പൊതുസമൂഹത്തിൽ  ശക്തിപ്പെടുകയാണ്. ഒരു സാധാരണ പാർട്ടി പ്രവർത്തകനോ അനുഭാവിയോ അല്ല  എ വിജയരാഘവൻ. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാനും ജനപ്രതിനിധിയെന്ന നിലയിൽ അവരുടെ സംരക്ഷണത്തിന്ഉത്തരവാദിത്തവുമുള്ള ഉന്നതനായ പൊതുപ്രവർത്തകനാണ്.  എസ് എഫ് ഐയുടെ  പ്രസിഡന്റ്, ലോക് സഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട  എം പി , എം എൽ എ , സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി പൊതുരംഗത്തും സ്വന്തം പാർട്ടിക്കുള്ളിലും വിജയരാഘവൻ വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പദവികൾ നിരവധിയാണ്. നിലവിൽ എൽ ഡി എഫ് കൺവീനറായ ഇദ്ദേഹം നിയമബിരുദധാരി കൂടിയാണ് എന്നത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യത്തിന്റെ സ്വഭാവമുള്ള  ഈ വിഷയത്തിന്റെ  ഗൗരവം വർധിപ്പിക്കുന്നു. 

രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണെന്നും അത് സ്ത്രീയെ കേവല ശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണെന്നും നിശ്ചയമായും തിരുത്തപ്പെടണമെന്നും ആവശ്യപ്പെട്ട്  സുനിൽ പി ഇളയിടം രംഗത്ത് വന്നിരിക്കുന്നു.

വിജയരാഘവന്റെ വിവാദ പ്രസംഗത്തിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഡോ. ഗീത. ഇക്കാര്യത്തിൽ  നിയപരമായി കൈക്കൊള്ളേണ്ട  മാർഗത്തെപ്പറ്റിയാണ് അവർ പറയുന്നത്. എതിർ സ്ഥാനാർഥിനികൾക്കെതിരെ വിജൃംഭിക്കുന്ന പൗരുഷത്തിന്റെ വീരപ്രകടനങ്ങൾ ആഭാസകരവും പരിഹാസ്യവും അശ്ലീലവുമാണ് എന്ന് അവർ തുറന്നടിക്കുന്നു.

ഡോ. ഗീതയുടെ ഫേസ് ബുക്ക് പോസ്റ്റ്  

രാഷ്ട്രീയ എതിരാളികളെ നേരിടാൻ സ്ത്രീകളെ അപമാനിക്കുന്ന പുരുഷാധികാര രീതിയോട് തികച്ചും വിയോജിപ്പാണ്.

 

ഈ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന രമ്യാ ഹരിദാസിനെ എൽ ഡി എഫ് കൺവീനർ ഒരു പൊതുവേദിയിൽ അശ്ലീലച്ചുവയുള്ള ശരീര-മുഖ ഭാഷകൾ കൊണ്ട് അപമാനിച്ചത് ഇതിന് ഒരുദാഹരണം മാത്രം. ഭരണഘടനയിലെ മൗലികാവകാവകാശ ലംഘനമാണിത്. ഉത്തരവാദപ്പെട്ട ഒരു പൊതു പ്രവർത്തകയെന്ന മട്ടിൽ അവരതിനെ നിയമപരമായിത്തന്നെ നേരിടണം എന്നാണ് എന്റെ അഭിപ്രായം. അതേ സംഘടനയിൽപ്പെട്ട പുരുഷന്മാരോടുള്ള ഇത്തരക്കാരുടെ പെരുമാറ്റം തീർത്തും മറ്റൊന്നാണ്. സ്ഥാനാർഥിനികളായ സ്ത്രീകളുടെ നേരെയുള്ള പുരുഷന്മാരുടെ തിണ്ണമിടുക്കു പ്രകടനം വളരെ പ്രത്യക്ഷവും മനുഷ്യത്വരഹിതവും നീചവുമായി മാറിക്കൊണ്ടിരിക്കുന്നു.

നീ ഒരു വെറും പെണ്ണാണ് എന്ന സുപ്പർ ഹീറോ പ്രകടനമായി മാറുന്ന ദയനീയത ഇത്തരം പുരുഷ കേസരി നാട്യങ്ങൾക്കുണ്ട്. എതിർ സ്ഥാനാർഥിനികൾക്കെതിരെ വിജൃംഭിക്കുന്ന പൗരുഷത്തിന്റെ വീരപ്രകടനങ്ങൾ ആഭാസകരവും പരിഹാസ്യവും അശ്ലീലവുമാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

“മോദിയുടെ സേന” പ്രയോഗത്തിനെതിരെ നാവികസേന മുൻമേധാവി 

ശത്രുഘ്‌നൻ സിൻഹ കലിപ്പിലാണ്