sunil p ilayidam
in

“ഇന്നാകട്ടേ, സുനിൽ പി ഇളയിടത്തിന് സ്വന്തം ഫാൻസൈന്യം പോലുമുണ്ട് ” ; ശ്രദ്ധേയമായി ഡോ. ജെ ദേവികയുടെ ഫേസ്ബുക്ക് പോസ്റ്റ്

Sunil P Ilayidam

അധികാരസ്ഥാനങ്ങൾക്ക് സമീപസ്ഥരായ അക്കാദമിക പുരുഷന്മാർ അവർക്ക് ഇഷ്ടമുള്ളവരെ അക്കാദമിക ജോലികളിൽ നിയമിക്കുന്ന പതിവ് 1990കൾ വരെയെങ്കിലും സർവ സാധാരണമായിരുന്നു എന്ന് ഡോ. ജെ ദേവിക തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. മര്യാദയ്ക്കുള്ള അഭിമുഖങ്ങൾ പോലും അക്കാലത്ത് നടത്താറില്ല. ഒരു ടീം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്, അല്ലാതെ യോഗ്യത മാത്രം പരിഗണിച്ചല്ല ഇതെന്നാണ് അവർ പറയാറ്.Sunil P Ilayidam

എംജിയു വിൽ വിദ്യാർഥിനിയായിരിക്കെ അവിടെ അകാലത്തിൽ മരിച്ചുപോയ ഒരു അധ്യാപകൻ്റെ ഭാര്യയ്ക്ക് അക്കാദമിക് പോസ്റ്റ് വാങ്ങിക്കൊടുക്കാൻ പിടിവലി നടത്തിയത് കേരളത്തിലെ പ്രമുഖനായ ഒരു ഇടത് ബുദ്ധിജീവിയായിരുന്നു എന്ന വെളിപ്പെടുത്തലും പോസ്റ്റിലുണ്ട്. സി ഡി എസിലെ അഭിമുഖ അനുഭവങ്ങളും ഡോ. ജെ ദേവിക തൻ്റെ കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

ഒന്നാം റാങ്കും ഒന്നാന്തരം കവിതയും കൈമുതലായ കവി വിജയലക്ഷ്മിക്ക് അദ്ധ്യാപകജോലി ചെയ്യാൻ യോഗ്യത പോര എന്നു കല്പിച്ച അക്കാദമിക ലോകമാണ് കേരളത്തിലേതെന്ന് എഴുത്തുകാരി കുറ്റപ്പെടുത്തുന്നു.

ഇന്നാകട്ടേ, സുനിൽ പി ഇളയിടത്തിന് സ്വന്തം ഫാൻസൈന്യം പോലുമുണ്ട്. എന്തുകൊണ്ടാണ് ഇതെന്ന് സ്വയം ചിന്തിക്കാൻ സുനിൽസ്റ്റൈൽ വക്താക്കളും അദ്ദേഹത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കിയ പ്രമുഖ ബുദ്ധിജീവികളും ശ്രമിച്ചാൽ നന്നായിരിക്കും എന്ന ഓർമപ്പെടുത്തലോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഡോ. ജെ ദേവികയുടെ പോസ്റ്റ് പൂർണ രൂപത്തിൽ താഴെ വായിക്കാം

……….
സുനിൽ പി ഇളയിടം ജോലി നേടിയതിനെപ്പറ്റിയുള്ള വിവാദം കണ്ടപ്പോൾ പഴയകാലങ്ങൾ ഓർത്തുപോയി. സത്യത്തിൽ ഇതിൽ സുനിലിനെ മാത്രമല്ല, കേരളത്തിലെ മുതിർന്ന അക്കാദമിക ബുദ്ധിജീവികളെ മാത്രമല്ല, ഇവിടെ സർവ്വ സാധാരണം മാത്രമായിരുന്ന, ഇന്നും ഏറെക്കുറേ നിലനിൽക്കുന്ന, അക്കാദമിക സംസ്കാരത്തെക്കൂടി പഴിക്കുക തന്നെ വേണം.

മുതിർന്ന–അതായത്, അധികാരസ്ഥാനങ്ങൾക്ക് സമീപസ്ഥരായ– അക്കാദമികപുരുഷന്മാർ അവർക്ക് ഇഷ്ടമുള്ളവരെ അക്കാദമിക ജോലികളിൽ നിയമിക്കുന്ന പതിവ് 1990കൾ വരെയെങ്കിലും സർവ്വസാധാരണമായിരുന്നു– ചിലപ്പോൾ മര്യാദയ്ക്കുള്ള ഒരു അഭിമുഖം പോലും നടത്താതെ. ഞാൻ ഏറെ ബഹുമാനിക്കുന്ന, എൻ്റെ ഗുരുക്കളായവർ തന്നെ ഈ രീതിയെ അനുകൂലിക്കുന്നത് നേരിട്ടു കേട്ടിട്ടുണ്ട്. ഒരു ടീം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്, അല്ലാതെ യോഗ്യത മാത്രം പരിഗണിച്ചല്ല ഇതെന്നാണ് അവർ പറയാറ്. സംവരണ മാനദണ്ഡങ്ങൾ പാലിക്കുന്നിടത്തോളം, കേവലം സൗഹൃദത്തെ പരിഗണിക്കൽ അല്ലാതിരിക്കൽ ആയിരിക്കുന്നിടത്തോളം അത് ശരി എന്ന് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ അത് ഏതറ്റം വരെ പോകുമെന്നതാണ് പ്രശ്നം.

എംജിയു വിൽ വിദ്യാർത്ഥിനിയായിരിക്കെ അവിടെ അകാലത്തിൽ മരിച്ചു പോയ ഒരു അദ്ധ്യാപകൻ്റെ ഭാര്യ സെക്ഷൻ ഓഫീസർ ജോലി പോരാ, അക്കാദമിക പോസ്റ്റ് തന്നെ വേണമെന്ന് വാശിപിടിച്ചപ്പോൾ അതു ശരിയോ എന്നു ചോദിച്ചുപോയതിനു കിട്ടിയ ശകാരം എത്രയായിരുന്നുവെന്ന് ഇന്നും ഓർക്കുന്നു. മരിച്ചുപോയ ആളിൻ്റെ ആത്മസുഹൃത്തും കേരളത്തിലെ പ്രമുഖ ഇടതുബുദ്ധിജീവിയുമായ ഒരാളാണ് ഉന്നതങ്ങളിൽ പിടിവലി നടത്തി അവർക്ക് ആ ജോലി വാങ്ങിക്കൊടുത്തത്. അക്കാദമിക യോഗ്യത പേരിനു കഷ്ടിച്ച് ഉണ്ടെന്നു വരുത്തിത്തീർത്താണ് തികച്ചും അയോഗ്യയായ ഈ സ്ത്രീ ഫാക്കൽറ്റിയുടെ ഭാഗമായത്. അത് സ്വകാര്യസംഭാഷണത്തിൽ ശരിയോ എന്നു ചോദിച്ചതിനായിരുന്നു ഈ ബുദ്ധിജീവിയുടെ ശകാരം. സ്ക്കൂൾ ഒഫ് സോഷ്യൽ സയൻസസിൽ അല്ലെങ്കിൽത്തന്നെ ഞാനേറെയും അനുഭവിച്ചത് മറ്റുള്ളവരുടെ പുച്ഛമോ ചോദിക്കാതെ ചൊരിയപ്പെട്ട സഹതാപമോ ആയിരുന്നതുകൊണ്ട് ഇത് എന്നെ അത്ഭുതപ്പെടുത്തിയില്ല.

സുനിലിനെപ്പോലുള്ളവരുടെ സാദ്ധ്യതകളൊന്നും ഇല്ലാത്തതുകൊണ്ടാണ് കേരളത്തിലൊരിടത്തും ഞാൻ ജോലിക്കപേക്ഷിക്കാത്തത്. സെൻറർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസിൽ മാത്രമേ ഞാൻ ജോലിക്ക് അപേക്ഷിച്ചിട്ടുള്ളൂ. അപേക്ഷിക്കാനുള്ള റഫറൻസ് ചോദിച്ചത് ഞാൻ സമീപിച്ചവരോട് എൻ്റെ എഴുത്തിൻ്റെ സാംപിൾ വായിച്ചശേഷം എഴുതിയാൽ മതി എന്ന് പ്രത്യേകം പറഞ്ഞുകൊണ്ടായിരുന്നു. എന്നെ ഇൻറർവ്യൂ ചെയ്തവരിൽ ഒരു മലയാളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചരിത്രത്തിൽ, അതു ലിംഗബന്ധങ്ങളുടെ ചരിത്രത്തിൽ ഡോക്ടറൽ ബിരുദം ഉള്ള ഒരാൾക്ക് പ്രധാനമായും ഇക്കണോമിക്സ് വിഷയങ്ങളെ കേന്ദ്രീകരിക്കുന്ന സിഡിഎസ്സിൽ ജോലി കിട്ടില്ല എന്ന് പലരും പറഞ്ഞു. മാത്രമല്ല, അവർ ജൻറർ സ്റ്റഡീസിൽ സ്പെഷിലൈസ് ചെയ്യുന്ന ഒരാളെ നിയമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അവിടെത്തന്നെ താത്ക്കാലിക ജോലി ചെയ്യുന്ന ഒരാളെ അവർ കണ്ടുവച്ചിട്ടുണ്ടെന്നും, മാത്രമല്ല, അവിടുത്തെ പ്രഫസർമാരുടെ തന്നെ വിദ്യാർത്ഥികൾ ഉണ്ടെന്നും… (അതായത്, കേരളത്തിലെ സർവകലാശാലകളിൽ നിന്നും അവർ അധികം വ്യത്യസ്തമല്ലെന്ന്). എങ്കിലും സുഹൃത്ത് കെ ടി രാംമോഹൻ തന്ന ധൈര്യത്തിൽ ഞാൻ പോയി.

ആ അഭിമുഖം ഒരിക്കലും മറക്കാൻ കഴിയില്ല. കിട്ടില്ല എന്ന് ഏതാണ്ടു തീർച്ചയായിരുന്നതുകൊണ്ട് എനിക്കു പൊതുവെ അഭിനയം അത്ര വശമല്ലാത്തതുകൊണ്ടും എൻറെ മറുപടി പലപ്പോഴും തറുതലയായി.

ചരിത്രഗവേഷണത്തിൽ താത്പര്യമുള്ളവർക്ക് വേണ്ട വിഭവങ്ങൾ ഇവിടില്ലെന്ന് ഡോ കെ പി കണ്ണൻ പറഞ്ഞപ്പോൾ സിഡിഎസ് ലൈബ്രറിയിലെ ചരിത്ര ജേണലുകളുടെ ലിസ്റ്റ് മുഴുവൻ പറഞ്ഞുതരട്ടെ എന്നു തിരിച്ചു ചോദിച്ചു. വികസനവുമായി എൻറെ ഗവേഷണത്തെ എങ്ങനെ ബന്ധപ്പെടുത്തുമെന്ന ചോദ്യത്തിന് – അന്ന് സിഡിഎസ് ഡയറക്ടറായ ഡോ ചന്ദൻ മുഖർജിയാണ് ചോദിച്ചത് —
എനിക്ക് നല്ല ഉത്തരമുണ്ടായിരുന്നു, കാരണം അപ്പോൾ കേരളത്തിലെ ജനസംഖ്യാനിയന്ത്രണ പരിശ്രമങ്ങളെപ്പറ്റിയുള്ള ഗവേഷണം ഞാൻ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഡോ കണ്ണൻ ഏറെ താത്പര്യത്തോടെയാണ് അതേപ്പറ്റി പിന്നെ ചോദിച്ചത്. ഡോ വൈദ്യനാഥൻ പക്ഷേ നരവംശ ശാസ്ത്രഗവേഷണത്തിൻറെ രീതിശാസ്ത്രത്തെപ്പറ്റി സംശയാലുവായിരുന്നു — കൂടുതൽ വാദിക്കാനൊന്നും നിൽക്കാതെ ഞാനദ്ദേഹത്തോടു പറഞ്ഞു, സർ, താങ്കൾക്ക് — ഒരു ഇക്കോണമിസ്റ്റ് എന്ന നിലയിൽ — കാഴ്ച കൊണ്ടു മാത്രം എൻറെ വർഗം ഏതെന്നു പറയാൻ കഴിയും, പക്ഷേ ജാതിയേതെന്ന് പറയാനാവില്ല. അതെങ്ങനെ, അദ്ദേഹം കൌതുകത്തോടെ ചോദിച്ചു — എൻറെ മൂക്ക് കുത്തിയിരിക്കുന്നത് നോക്കി, ഞാൻ പറഞ്ഞു. നരവംശ ശാസ്ത്രം പഠിച്ചാലുള്ള ഗുണം, ഇത്തരം ഡീറ്റേയ്ൽസിൻറെ പ്രാധാന്യം നാം കുറച്ചുകാണില്ല. ഇക്കണോമെട്രിഷ്യനായ ഡോ കൃഷ്ണകുമാർ അധികവും നിശബ്ദനായിരുന്നെങ്കിലും അവസാനം ഗവേഷണ രീതിശാസ്ത്രങ്ങളെപ്പറ്റി ചോദ്യങ്ങൾ ചോദിച്ചു. എൻറെ രീതിശാസ്ത്രധാരണകൾ അദ്ദേഹത്തിൽ നിന്നു വ്യത്യസ്തമായിരുന്നെങ്കിലും അവ ഉറപ്പുള്ളവയാണെന്നു കണ്ട് അദ്ദേഹം ബഹുമാനപൂർവ്വം തന്നെ പിൻമാറി.

മറ്റു ഉദ്യോഗാർത്ഥികളെയപേക്ഷിച്ച് ഒരുപാടു നീണ്ടതായിരുന്നു ഞാനുമായുള്ള അഭിമുഖം. ജോലി കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു (പൊതുവേ പ്രതീക്ഷയറ്റ കാലമായിരുന്നു)വെങ്കിലും ആ അഭിമുഖത്തിനു ശേഷം ജോലി കിട്ടണേ എന്നു പ്രാർത്ഥിച്ചു. കിട്ടുകയും ചെയ്തു.

ഇക്കണോമിക്സിലോ സംഘ്യാപരമായ രീതിശാസ്ത്രത്തിനു മുൻതൂക്കം നൽകുന്ന മറ്റു വിഷയങ്ങളിലോ ബിരുദമുള്ളവരെ മാത്രം ജോലിക്കെടുത്തിരുന്ന സെൻറഡർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസിൽ ആദ്യമായി ക്വാളിറ്റേറ്റിവ് — ടെക്സ്ച്ചുവൽ അനാലിസിസ് രീതിശാസ്ത്രം ചരിത്രപഠനത്തിൽ വിനിയോഗിക്കുന്ന ഒരാൾ നിയമിതയായി.

അതായത്, വലിയ അക്കാദമിക അപ്പന്മാരുടെയും അമ്മാമന്മാരുടെയും ഒന്നും സഹായമില്ലാതെ. ഇന്നും ആ ധൈര്യത്തിൽ തന്നെയാണ് നിൽക്കുന്നതും. സിഡിഎസ്സിൽ എന്നും ആ ചെറിയ സാദ്ധ്യത ഉണ്ടായിരുന്നിരിക്കാം, അല്ലെങ്കിൽ വൻപ്രഫസർമാരുടെ നോമിനികൾ തമ്മിലുള്ള മത്സരത്തെ നേരിടാൻ പുറത്തുനിന്നുള്ള ഒരാളെ എടുക്കാമെന്ന് തീരുമാനിച്ചതാവാം. ഭാഗ്യം എന്നു മാത്രമേ ഞാൻ പറയൂ.

കാരണം കവി വിജയലക്ഷ്മിയുടെ അനുഭവം ഓർത്തുപോകുന്നു. ഒന്നാം റാങ്കും ഒന്നാന്തരം കവിതയും കൈമുതലായ വിജിച്ചേച്ചിക്ക് അദ്ധ്യാപകജോലി ചെയ്യാൻ യോഗ്യത പോര എന്നു കല്പിച്ച അക്കാദമിക ലോകമല്ലേ ഇത്. ബാലൻറെ കൂടെയായതുകൊണ്ടു മാത്രമല്ല, ബാലനെക്കാൾ ഉറച്ച മനസ്സുള്ളവൾ എന്നതുകൂടിക്കൊണ്ടായിരിന്നിരിക്കണം. അവരെപ്പോലുള്ളവർക്ക് ജോലി കൊടുക്കാത്ത സ്ഥലത്ത് ബാക്കിയുള്ളവരുടെ കാര്യം പറയണോ.

ഇന്നാകട്ടേ, സുനിൽ പി ഇളയിടത്തിന് സ്വന്തം ഫാൻസൈന്യം പോലുമുണ്ട് (ഒരു പക്ഷേ അദ്ദേഹം അറിയാതെയാണെങ്കിലും). അദ്ദേഹത്തെ വിമർശിക്കുന്ന സ്ത്രീകളെ സ്വന്തം കാലിനിടയിലെ ലിംഗത്തെപ്പറ്റി ഉറക്കേ പ്രഖ്യാപിച്ചു പേടിപ്പിക്കാൻ ശ്രമിക്കുന്ന കണ്ണൂരിലെ കൃഷ്ണമേനോൻ വനിതാ കോളേജിലെ അദ്ധ്യാപകനെ പോലെ. എന്തുകൊണ്ടാണ് ഇതെന്ന് സ്വയം ചിന്തിക്കാൻ സുനിൽ-സ്റ്റൈൽവക്താക്കളും, അദ്ദേഹത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കിയ പ്രമുഖ ബുദ്ധിജീവികളും ശ്രമിച്ചാൽ നന്നായിരിക്കും.

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

anupam kher

ശരീരം കാട്ടി, മസിൽ പെരുപ്പിച്ച് അനുപം ഖേറിൻ്റെ ട്വീറ്റ്, ഇന്ധന വില വർധനവിനെപ്പറ്റി വാ തുറക്കുന്നില്ലെന്ന് കമൻ്റുകൾ

ശ്രീരാമൻ ഹിന്ദുക്കളുടെ ഹൃദയത്തോട് ചേർന്നുനില്ക്കുന്ന വികാരമാണെന്ന് മദ്രാസ് ഹൈക്കോടതി