in

ഒരില വൃക്ഷത്തിൽ നിന്ന് അടരുന്നതുപോലെ ലളിതമാണ് മരണം”, ഡോ. സതീഷ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Dr. Satish Kumar
പ്രാണനഷ്ടം സംഭവിച്ച ആ ശരീരം കാട്ടു മഞ്ചലിൽ അന്ത്യയാത്ര ചെയ്യുമ്പോൾ ഒരു കാര്യം മാത്രം എനിക്ക്‌ ഉറപ്പ്‌ പറയാൻ കഴിയും.ഭൂമിയിൽ നിന്ന് എടുത്തതിലുമധികം അയാൾ തിരിച്ചുവെച്ചിട്ടുണ്ടാകും. കഴിച്ചുതീർത്തതിലുമധികം ഭക്ഷണം അയാൾ ഉത്പാദിപ്പിച്ചിട്ടുണ്ടാകും. Dr. Satish Kumar

ബ്രഹ്മഗിരിയുടെ താഴ്‌വരയിൽ കണ്ട കാട്ടുമഞ്ചലിലെ അന്ത്യയാത്രയെപ്പറ്റി
ഡോ. സതീഷ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരില അതിന്റെ വൃക്ഷത്തിൽ നിന്ന് അടരുന്നത്‌ പോലെ ലളിതമാണ്‌ മനുഷ്യരുടെ മരണം. പുൽമേട്ടിൽ ഒരു കുഞ്ഞൻ പൂ വിരിയുന്നത്‌ പോലെയാണ്‌ ഓരോ ജനനവും.

സ്വാഭാവികമായി ഭൂമിയിൽ സംഭവിക്കേണ്ട ഇവ രണ്ടിലും പരിഷ്കൃതരായ നാം കാണിക്കുന്ന പോലുള്ള നാട്യങ്ങളില്ല, വയനാട്ടിലെ ഗോത്രവർഗക്കാർക്കിടയിൽ.

ദുഖം, സന്തോഷം എന്നിങ്ങനെയുള്ള  അനുബന്ധ വികാരങ്ങളെക്കുറിച്ചല്ല,
അവയുടെ പ്രകടനത്തെക്കുറിച്ചാണ്‌ ഞാൻ സംസാരിക്കുന്നത്‌.

ഈ വിധം ഇപ്പോൾ സംസാരിക്കാൻ കാരണം അവിചാരിതമായി കണ്ണിൽ വന്നുപെട്ട ഒരു കാഴ്ചയാണ്.‌

ബ്രഹ്മഗിരിയുടെ താഴ്‌വരയിലെ കാട്ടിൽ നിന്ന് മൂന്ന് പേർ ചുമലിൽ ഏന്തിയ എന്തോ ഒന്നുമായി നടന്ന് വരുന്നത്‌ കണ്ടപ്പോൾ കൗതുകത്തോടെ അതെന്താണ്‌ എന്ന് നോക്കിയതാണ്‌…

‌കാട്ടുമരത്തിന്റെ കമ്പുകൾകൊണ്ടും കാട്ടുവള്ളികൾ കൊണ്ടും കെട്ടിയുണ്ടാക്കിയെടുത്ത ഒരു മഞ്ചലായിരുന്നു അത്, തോളിലെടുക്കാവുന്ന ഒരു തൂക്കുകട്ടിൽ പോലെയുള്ള ഒന്ന്.

അവരുടെ കൂട്ടത്തിൽ ഒരാൾ മരിച്ചു പോയിരുന്നു,അയാളുടെ അവസാന യാത്രക്ക്‌ വേണ്ടി അവർ നിർമ്മിച്ചു കൊണ്ട്‌ വരികയായിരുന്നു അത്‌.

ഇന്നലെ വരെ അയാൾ രണ്ട്‌ കാലുകളിൽ നടന്ന വഴികളിലൂടെ മറ്റ്‌ രണ്ടുമനുഷ്യരുടെ തോളൂഞ്ഞാലിൽ അയാൾക്ക്‌ അവസാന യാത്ര പോകാനുള്ള  ഒരു കട്ടിലായിരുന്നു അത്.‌

അപ്പോൾ വെട്ടിയ പച്ചമരക്കൊമ്പുകളാൽ  അയാളുടെ പ്രിയപ്പെട്ടവർ കെട്ടിയുണ്ടാക്കിയ ലളിതമായ ഒരു സംവിധാനംഅയാൾക്ക്‌ മാത്രമായി ഉണ്ടാക്കിയെടുത്തത്‌.

വാക്കത്തിയുമായി അവർ കാട്ടിലേക്ക്‌ പോയിഅപ്പോൾ തന്നെ നിർമിച്ചു കൊണ്ടുവരുന്നത്.‌കാട്ടുകിഴങ്ങുകൾ പൊതിഞ്ഞെടുക്കാനുള്ള കാട്ട്‌ കൂവയുടെ ഇലകൾ പോലെ ലളിതമായത്.‌

കുറച്ച്‌ പ്രായമായ ഒരാളാണ്‌ മരിച്ചിട്ടുള്ളത്‌.ചെറിയ കുന്നിറങ്ങി അൽപം ഇടുങ്ങിയ വഴികളിലൂടെ കുറച്ച്‌ നടന്നു വേണം ശ്മശാനത്തിലെത്താൻ.

അൽപസമയത്തിമുള്ളിൽ ആ മഞ്ചലിൽ അവസാനയാത്രപോകാനുള്ള ആ മനുഷ്യനെക്കുറിച്ച്‌ ഞാൻ വെറുതേ ഒന്ന് ഓർത്തുപോയി.

അയാളുടെ കാലുകൾ എത്രയോ തവണ നടന്ന വഴികളിലൂടെയാവും അയാളെ അവർ എടുത്തുകൊണ്ടുപോവുക?

മറ്റാരെയെങ്കിലുമൊക്കെ തോളിൽ ചുമന്ന് അയാളും പലവട്ടം പോയിട്ടുണ്ടാവില്ലേ ഈ ശ്മശാനത്തിൽ.

ജനിച്ച്‌ മരിക്കും വരെയുള്ള ഒരു ജീവിത കാലത്ത്‌ അയാൾ ഭൂമിയുടെ എത്ര ഭാഗം കണ്ടിട്ടുണ്ടാവും?

ബ്രഹ്മഗിരിയുടെ താഴ്‌വരയിലെ തിരുനെല്ലി വിട്ട്‌ അയാൾ എവിടെ വരെ പോയിട്ടുണ്ടാവും?

കുടകിലെ ഇഞ്ചിപ്പാടങ്ങൾക്കും വള്ളിയൂർക്കാവിനും  കൂടിവന്നാൽ കോഴിക്കോടിനപ്പുറത്തേക്കുമുള്ള ഒരു ലോകം അയാൾ കണ്ടിട്ടുണ്ടാവുമോ?
എത്രവെയിലിലും മഴയിലും അധ്വാനിച്ചിട്ടുണ്ടാകും അയാളുടെ ശരീരം?

തിരുനെല്ലി കാട്ടിലെ എത്രവഴികളറിയുമായിരുന്നിരിക്കണം അയാൾക്ക്…‌
പ്രകൃതിയിൽ നിന്ന് പഠിച്ച എത്ര അറിവുകളുണ്ടായിരുന്നിരിക്കണം അയാളിൽ?

അതിനൊന്നും ഉത്തരമില്ലെങ്കിലും,പ്രാണനഷ്ടം സംഭവിച്ച ആ ശരീരം ആ കാട്ടു മഞ്ചലിൽ അന്ത്യയാത്ര ചെയ്യുമ്പോൾ ഒരു കാര്യം മാത്രം എനിക്ക്‌ ഉറപ്പ്‌ പറയാൻ കഴിയും.

ഭൂമിയിൽ നിന്ന് അയാൾ എടുത്തതിലുമധികം അയാൾ തിരിച്ചുവെച്ചിട്ടുണ്ടാകും.
അയാൾ കഴിച്ചു തീർത്തതിലുമധികം ഭക്ഷണം അയാൾ ഉത്പാദിപ്പിച്ചിട്ടുണ്ടാകും.

ഉച്ചയായിട്ടും ഒരുതരം നനവ്‌ പടർന്നുനിന്നിരുന്നു, അന്തരീക്ഷത്തിൽ.
ഇത്തരം മനുഷ്യരുടെ മരണത്തിൽ മാത്രമായിരിക്കും ഭൂമി ഒരുപക്ഷേ സത്യത്തിൽ സങ്കടപ്പെടുന്നത്‌ അല്ലേ?

ഒരില അതിന്റെ വൃക്ഷത്തിൽ നിന്ന് അടരുന്നത്‌ പോലെ ലളിതമാണ്‌ മനുഷ്യരുടെ മരണംപുൽമേട്ടിൽ ഒരു കുഞ്ഞൻ പൂ വിരിയുന്നത്‌ പോലെയാണ്‌…

Posted by Satheesh Kumar on Sunday, 4 October 2020

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഗൂഗിളിനെ വെല്ലുവിളിച്ച് സ്വന്തമായി ആപ്പ് സ്റ്റോർ ആരംഭിച്ച് പേടിഎം

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളം ഏറ്റുവാങ്ങി