Movie prime

സ്വന്തം മരണം മാത്രമാണ് ഭയപ്പെടുത്തുന്നത്. അന്യൻ്റെ മരണത്തിൽ നാം സഹതപിക്കുന്നു!

ഇവാൻ ഇല്ലിച്ചിൻ്റെ മരണ വാർത്ത കേട്ട സഹപ്രവർത്തകർ പുറമേക്ക് ദുഃഖം ഭാവിച്ചെങ്കിലും, അവരുടെ ചിന്തയത്രയും അടുത്തിടെ വരാനുള്ള ഉദ്യോഗകയറ്റത്തെക്കുറിച്ചായിരുന്നു! ഞാനല്ലല്ലോ, അയാളല്ലേ മരണപ്പെട്ടത് എന്ന ചിന്ത അവരിൽ ഗൂഢമായൊരാനന്ദം പകർന്നു. അയാൾക്കൊപ്പം കഴിഞ്ഞ നാളുകളെക്കുറിച്ചുള്ള ഓർമ്മയായിരുന്നില്ല ഭാര്യയിൽ അവശേഷിച്ചത്, തനിക്കിനിയും കിട്ടാനുള്ള പെൻഷനും മറ്റാനുകൂല്യങ്ങളും വൈകുമോയെന്ന ചിന്തയാണ്… ദസ്തയേവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’, ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’, ‘ഇവാൻ ഇല്ലിച്ചിൻ്റെ മരണം’, താരാശങ്കർ ബാനർജിയുടെ ‘ ആരോഗ്യനികേതനം’ എന്നീ വിശ്വപ്രസിദ്ധ സാഹിത്യ കൃതികളുടെ വായനാനുഭവത്തെ മുൻനിർത്തി സുധീഷ് കെ More
 
സ്വന്തം മരണം മാത്രമാണ് ഭയപ്പെടുത്തുന്നത്. അന്യൻ്റെ മരണത്തിൽ നാം സഹതപിക്കുന്നു!

ഇവാൻ ഇല്ലിച്ചിൻ്റെ മരണ വാർത്ത കേട്ട സഹപ്രവർത്തകർ പുറമേക്ക് ദുഃഖം ഭാവിച്ചെങ്കിലും, അവരുടെ ചിന്തയത്രയും അടുത്തിടെ വരാനുള്ള ഉദ്യോഗകയറ്റത്തെക്കുറിച്ചായിരുന്നു! ഞാനല്ലല്ലോ, അയാളല്ലേ മരണപ്പെട്ടത് എന്ന ചിന്ത അവരിൽ ഗൂഢമായൊരാനന്ദം പകർന്നു. അയാൾക്കൊപ്പം കഴിഞ്ഞ നാളുകളെക്കുറിച്ചുള്ള ഓർമ്മയായിരുന്നില്ല ഭാര്യയിൽ അവശേഷിച്ചത്, തനിക്കിനിയും കിട്ടാനുള്ള പെൻഷനും മറ്റാനുകൂല്യങ്ങളും വൈകുമോയെന്ന ചിന്തയാണ്…

ദസ്തയേവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’, ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’, ‘ഇവാൻ ഇല്ലിച്ചിൻ്റെ മരണം’, താരാശങ്കർ ബാനർജിയുടെ ‘ ആരോഗ്യനികേതനം’ എന്നീ വിശ്വപ്രസിദ്ധ സാഹിത്യ കൃതികളുടെ വായനാനുഭവത്തെ മുൻനിർത്തി സുധീഷ് കെ എൻ എഴുതുന്നു.

നോവലുകൾ അധികമൊന്നും വായിച്ചിട്ടില്ല. വിശ്വസാഹിത്യത്തിലെ മഹത്തായ രചനകളിൽ ചിലതെല്ലാം പരിചയപ്പെടാനായെന്നു മാത്രം. എന്നെ ഏറ്റവും സ്വാധീനിച്ചത്‌ ദസ്‌തയേവ്സ്കിയുടെ രചനകളാണ്‌. നിന്ദിതരും പീഡിതരും, കുറ്റവും ശിക്ഷയും, ഇഡിയറ്റ്‌, കാരമസോവ്‌ സഹോദരന്മാർ ഇവ നൽകിയ വായനാനുഭവം എന്റെ മനസ്സിൻ്റെ താളക്രമം ചിട്ടപ്പെടുത്തുന്നു. മനുഷ്യ ജീവിതത്തിൻ്റെ എല്ലാ സങ്കീർണ്ണതകളും അതിൽ നിഴലിക്കുന്നു, ശോകത്തെ ഉത്തുംഗ സോപാനമാക്കിയ കഥാപാത്രങ്ങളെ അതിലെങ്ങും കണ്ടുമുട്ടാനിടയാകുന്നു. കുറ്റവും ശിക്ഷയുമെന്ന നോവലിൽ റസ്‌ക്കോൾ നിക്കോഫ്‌ ഉരുവിടുന്ന വാക്കുകൾ ‘ഞാൻ നിൻ്റെ മുന്നിലല്ല മുട്ടു കുത്തുന്നത്‌; മനുഷ്യ സമുദായത്തിൻ്റെ യാകെ വേദനയുടെ മുന്നിലാണ്‌.’ ഒരു ദാർശനിക ഗ്രന്ഥത്തിനും പകർന്നു നൽകാനാവാത്ത ഉൾക്കാഴ്‌ച്ചകൾ അവയിൽ നിന്നും എനിക്ക്‌ കിട്ടി

സ്വന്തം മരണം മാത്രമാണ് ഭയപ്പെടുത്തുന്നത്. അന്യൻ്റെ മരണത്തിൽ നാം സഹതപിക്കുന്നു!

ടോൾസ്റ്റോയിയുടെ ഏറ്റവും മഹത്തായ രചന ‘യുദ്ധവും സമാധാനവും’ ആയി കരുതപ്പെടുന്നെങ്കിലും, എൻറെ മനസ്സിനെ മഥിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്‌തത്‌ ‘ഇവാൻ ഇല്ലിച്ചിൻ്റെ മരണം’ ആണ്‌. ഓരോ വ്യക്തിയുടെയും നിഗൂഢമായ ആന്തരജീവിതത്തിൻറെ സൂക്ഷ്മതലങ്ങളെ സ്‌പർശിക്കുന്ന ഈ രചന എന്നെ ആകവെ പിടിച്ചുലച്ചു. കഥ വായിച്ചു തീരുമ്പോൾ ജീവിതത്തെയും മരണത്തെയും പ്രതിയുള്ള പുതിയൊരവബോധം നമ്മിലേക്കെത്തും. അലസമായ നമ്മുടെ കാഴ്ച്ചകൾക്കറിയാതെ ഉൾക്കനം വെയ്ക്കും

സെന്റ് പീറ്റേഴ്‌സ്‌ ബർഗ്ഗിലെ തൻ്റെ പുതിയ വാടക വീട് മോടികൂട്ടാനുള്ള ശ്രമത്തിനിടെ അയാൾ കോണിയിൽ നിന്നും കാൽതെന്നി വീണു. പുതിയ ഉദ്യോഗത്തിൻ്റെ തിരക്കുകൾക്കിടെ അയാളതത്ര കാര്യമാക്കിയില്ല. പതിയെ പതിയെ വേദനയുടെ വേരുകൾ അയാളിൽ ആഴ്ന്നിറങ്ങുന്നു. കോടതി മുറിയിലെ വാദങ്ങൾ കേൾക്കുമ്പോൾ അയാളുടെ ശ്രദ്ധ പതറുന്നു. അന്നോളം ആദരവോടെ നോക്കിയ കണ്ണുകളിൽ സഹതാപം മിന്നുന്നത് അയാൾ കണ്ടു. നിസ്സാര കാര്യങ്ങൾക്കായി ഭാര്യയോടും മക്കളോടും ബഹളം കൂടുമ്പോൾ, അയാളുടെ രോഗം കൊണ്ടാകുമെന്ന് അവർ പരസ്പരം അടക്കം പറഞ്ഞു. ഈ അവഗണനയും അയാളെ കൂടുതൽ ഉന്മത്തനാക്കുന്നു.

ആരോഗ്യവും അധികാരവും കൈയ്യിലുള്ളപ്പോൾ അപ്രമാദിയായ ഒരുവനിൽ നിന്നും കാലം അതു കവർന്നെടുക്കുമ്പോൾ അവനേറ്റം നിസ്സഹായനായി പോകും. തനിക്കും ചുറ്റും താൻ കെട്ടിപൊക്കിയതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുമ്പോൾ, അതിലെ നീതികേട് തന്നെയല്ലാതെ ആരെയും അസ്വസ്ഥമാക്കുന്നില്ല. ജീവിതത്തിനുമേൽ ഉണ്ടായിരുന്ന പിടി ഊർന്നുപോയി, നിലയില്ലാത്ത കയങ്ങളിലേയ്ക്ക് ആണ്ടുപോകുമ്പോഴും, ചുറ്റുമുള്ള പ്രിയപ്പെട്ടവർ, അനുതാപശൂന്യരായി നിത്യ ജീവിത തിരക്കുകളിലേക്കും, തമാശകളിലേക്കും നീങ്ങുന്ന കാഴ്‌ച്ചയാണ് അയാൾ കാണുന്നത് ” “ഞാനില്ലാതെയാകുമ്പോൾ ഞാൻ എവിടെയാകും? ഒന്നിലും കാര്യമില്ല – എങ്ങിനെയായാലെന്ത് – അവർക്കാർക്കും അറിയണമെന്നുമില്ല” മറ്റുള്ളവർക്കാകട്ടെ, എല്ലാം അയാളുടെ കുഴപ്പമായിരുന്നു, വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ട്, വേണ്ടപോലെ മരുന്ന് കഴിക്കാത്തത് കൊണ്ട്, ചെറിയ ചെറിയ കാര്യങ്ങൾ പോലും ഊതിപെരുപ്പിക്കുന്നതു കൊണ്ട് – എല്ലാമെല്ലാം അയാളുടെ ദോഷം കൊണ്ടു തന്നെ!

സ്വന്തം മരണം മാത്രമാണ് ഭയപ്പെടുത്തുന്നത്. അന്യൻ്റെ മരണത്തിൽ നാം സഹതപിക്കുന്നു!

ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ തന്നെ, താനും താനല്ലാത്തവരുമായി ലോകം വഴിപിരിയുകയാണെന്ന സത്യം അയാൾ മനസ്സിലാക്കുന്നുണ്ട്. ഒരു മാറാരോഗം നിർണ്ണയം ചെയ്യപ്പെടുമ്പോഴൊക്കെയും ഇതിങ്ങനെ അല്ലെ? ഡോക്ടറുടെ ദുർഗ്രഹമായ വൈദ്യശാസ്ത്ര ഭാഷ അയാളെ കുഴക്കി. ഒന്നും തെളിച്ച് പറയാതിരിക്കയും, അതേസമയം രോഗത്തിൻ്റെ നിജസ്ഥിതി തന്നിൽനിന്നും മറച്ചു പിടിക്കുന്നതിൽ വിജയിച്ചൂവെന്ന മട്ടിലുള്ള ഡോക്ടറുടെ നിസ്സംഗമായ മുഖഭാവം അയാളെ മടുപ്പിച്ചു. പിന്നീടൊരിയ്ക്കലും അയാൾ ഡോക്ടർമാരെ വിശ്വസിച്ചില്ല. അനുദിനം മോശമായിക്കൊണ്ടിരിയ്ക്കുന്ന തൻ്റെ ആരോഗ്യസ്ഥിതിയിലും, സ്വന്തം വൈദ്യശാസ്ത്ര പ്രാവീണ്യവും, ആർക്കും മനസ്സിലാകാത്ത വിശദീകരങ്ങളാൽ പുകമറ സൃഷ്ടിയ്ക്കാനുള്ള ശ്രമങ്ങളും അയാളിൽ സഹതാപം ഉളവാക്കി. താൻ ജീവിക്കുമോ മരിക്കുമോയെന്ന ചോദ്യത്തിനിതുവരെ അവർ നേരെ ചൊവ്വേ ഉത്തരം പറഞ്ഞില്ലെന്നത് അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. ” ഈ നുണ പറച്ചിലൊന്നു നിർത്തൂ, ഞാൻ മരിക്കാൻ പോവുകയാണെന്ന കാര്യം നിങ്ങൾക്കുമറിയാം എനിക്കുമറിയാം, ചുരുങ്ങിയ പക്ഷം എന്നോട് നുണപറയാതെയെങ്കിലുമിരിക്കൂ ” എന്നുറക്കെയുറക്കെ വിളിച്ചു പറയാൻ അയാളെത്ര തവണ ആഗ്രഹിച്ചതാണ്!

ഈ നാളുകളിൽ അയാൾ അൽപ്പമെങ്കിലും ആശ്വാസം കണ്ടെത്തുന്നത് മകൻ വാസ്യയിലും, പരിചാരകനായ ഗെറാസിമിലുമാണ്. വാസ്യ നിഷ്കളങ്കനായ കുട്ടിയാണ്, മരണം എന്തെന്ന് അവനിനിയും അറിഞ്ഞൂടാ. അവന് അയാളിൽ നിന്നും
ഒളിക്കാനൊന്നുമില്ല. ഗെറാസിമാകട്ടെ പഠിപ്പും പത്രാസുമില്ലാത്ത ഒരു പാവം കൃഷീവലൻ. രോഗവും മരണവും, സൗഖ്യവും സങ്കടവുമെല്ലാം അയാളുടെ ജീവിതത്തിൽ അകറ്റിനിർത്താനാകാത്ത വിധം ഇഴചേർന്നിരിയ്ക്കുന്നു. “എല്ലാരും എന്തായാലും മരിയ്ക്കും, എനിയ്ക്കു പിന്നെ അങ്ങയെ സഹായിച്ചാലെന്താ” എന്നാണയാൾ ചോദിയ്ക്കുന്നത്…രാത്രി മുഴുവൻ അയാൾ ഇവാനില്ലിച്ചിൻ്റെ കഴയ്ക്കുന്ന കാലുകൾ തടവിക്കൊണ്ടിരിക്കും. താൻ ആരെയോ സഹായിക്കുകയാണെന്ന ഭാവമൊന്നും അയാൾക്കില്ല. മരണം എത്രമേൽ അനിവാര്യമാകട്ടെ, അതു ഭയപ്പെടുത്തേണ്ട ഒന്നല്ലെന്നാണ് അയാൾക്ക് തോന്നുന്നത്. വീണുപോയൊരാളെ പരിചരിക്കുമ്പോൾ, ഇതുപോലെ തൻ്റെ അവസാനകാലത്ത് തന്നെയും ആരെങ്കിലും ശ്രുശ്രൂഷിച്ചേക്കാമെന്ന സരളമായൊരു യുക്തിയാണത്!

മരണത്തേയും ജീവിതത്തിൻ്റെ സ്വാഭാവിക പരിണതിയായി വീക്ഷിക്കുന്നൊരു സമീപനം നമുക്കെന്തേ ഇനിയും അന്യമായി പോകാൻ? തൻ്റെ രോഗം മാറ്റിത്തരണമെന്ന ആവശ്യവുമായ് സമീപിക്കുന്ന അയൽക്കാരിയായ വൃദ്ധയോട്, ജീവൻ മശായ് (ആരോഗ്യനികേതനം- താരാശങ്കർ ബാനർജി) പറയുന്നുണ്ട്, “അമ്മേ, ഒരു ജീവിതത്തിൻ്റെ സുഖമത്രയും അമ്മയെന്നേ അനുഭവിച്ചു കഴിഞ്ഞു. മക്കളായി, അവർക്കു മക്കളായി ഇനിയും എന്തുണ്ട് ആഗ്രഹിയ്ക്കുവാനായി.. തിരിഞ്ഞു നോക്കാതെ ഗംഗാ തീരത്തേയ്ക്ക് പോകൂ…ഇനി ലക്ഷ്യം ഒന്നുമാത്രമാകട്ടെ ശാന്തമായ മരണം”

സ്വന്തം മരണം മാത്രമാണ് ഭയപ്പെടുത്തുന്നത്. അന്യൻ്റെ മരണത്തിൽ നാം സഹതപിക്കുന്നു!

നാൾക്കു നാൾ കൂടി കൂടി വരുന്ന പരാശ്രയം ഇവാനില്ലിച്ചിനെ മാനസികമായി തളർത്തി. ഓരോ തവണയും തൻ്റെ വിസർജ്യപാത്രം ഗോറാസിം എടുത്തു മാറ്റുമ്പോഴും അയാൾ അട്ടയെ പോലെ ചുരുണ്ടു പോകുന്നുണ്ട്. ‘ഈ പാനപാത്രം എന്നിൽ നിന്നും നീക്കേണമേ’ എന്നയാൾ അകമേ നിലവിളിക്കുന്നുണ്ട്. ജീവിക്കണമെന്ന് അയാൾ അത്യന്തം ആഗ്രഹിക്കുന്നതും ആ നിമിഷങ്ങളിൽ തന്നെയാണ്. “എനിയ്ക്കിനിയും ജീവിയ്ക്കണം, മുമ്പ് ജീവിച്ച പോലെ സുഖമായി, സന്തോഷമായി” എന്നാലിത്രയും കാലം ശരിയ്ക്കും സന്തോഷമായാണോ ജീവിച്ചത് എന്ന ചിന്തയും അയാളുടെ അന്തരാത്മാവിലുയരുന്നുണ്ട്. അയാൾ പതുക്കെ പതുക്കെ തിരിച്ചറിയുകയായിരുന്നു. തൻറെ ജീവിതമാകെ ഒരു വലിയ നുണയായിരുന്നു. അധികാരത്തിനും, പണത്തിനും, പ്രശസ്തിക്കും പുറകേയുള്ള ഭ്രാന്തമായ പാച്ചിൽ, നിഷ്ക്കളങ്കമായ സ്നേഹം ഒരിയ്ക്കലും തനിക്ക് കിട്ടിയില്ല… താനാർക്കുമൊട്ടു കൊടുത്തുമില്ല. ബാല്യത്തിനിപ്പുറം, വരണ്ട മണൽപ്പരപ്പുകളിലൂടെയാണ് താനിത്രയും കാലം അലഞ്ഞത്. മോഹിപ്പിച്ച ദാഹജലമൊക്കെയും മരീചികയായിരുന്നു. ജീവിത്തത്തിൻ്റെ മുൾപ്പടർപ്പിലാണ് കാലുടക്കിയതൊക്കെയും.

ക്ഷയരോഗികളുടെ സാനിറ്റോറിയത്തിലിരുന്ന് ജീവൻ്റെ അവസാന ചിറകടികൾക്കായ് കാതോർക്കെ, ‘ഋത്വിക്ക് ഘട്ടക്കിന്റെ – മേഘധാക്കതാര’ നായികയും ഇത് തന്നെ പറയുന്നതു കേൾക്കാം, “എനിക്ക് ജീവിക്കണം, എനിക്കിനിയും ജീവിച്ചു കൊതി തീർന്നിട്ടില്ല…”

സ്വന്തം മരണം മാത്രമാണ് ഭയപ്പെടുത്തുന്നത്. അന്യൻ്റെ മരണത്തിൽ നാം സഹതപിക്കുന്നു!

മരണത്തിൽ നിന്നും കുതറി നോക്കാൻ ഇവാൻ ഇല്ലിച്ച് അവസാന ശ്രമവും നടത്തി നോക്കുന്നുണ്ട്. ഒടുക്കമയാൾ അവസാനത്തെ കൂടിക്കാഴ്ചയ്ക്കായി ഒരുങ്ങുന്നു. തൻ്റെ ആയുസ്സും ആരോഗ്യവും കൊടുത്തു നേടിയതൊക്കെയും പ്രയോജനശൂന്യമായി കിടക്കുമ്പോഴും, സാധുവായ ഗുറാസിമിൻ്റെ ഉറങ്ങുന്ന മുഖമാണയാളിൽ തെളിയുന്നത്, നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന കൊച്ചുവാസ്യയുടെ കണ്ണുകളിൽ അയാൾ ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്തുന്നു… ആരോടെന്നില്ലാത്ത വെറുപ്പിൻ്റെയും, നൈരാശ്യത്തിന്റെയും കറകളൊക്കെയും അയാളിൽ നിന്നുമെങ്ങോ പോയ് മറഞ്ഞു. മുഴുവൻ ലോകത്തോടും സ്നേഹവും, അനുതാപവും ഉള്ളിൽ നിറഞ്ഞ നിമിഷങ്ങളിൽ മരണഭയം വിട്ടകന്നു… മരണം വെളിച്ചമായി തോന്നിയ ആ നിമിഷങ്ങളിൽ അയാൾ മരിക്കുകയും ചെയ്തു.

ഇവാൻ ഇല്ലിച്ചിൻ്റെ മരണ വാർത്ത കേട്ട സഹപ്രവർത്തകർ പുറമേക്ക് ദുഃഖം ഭാവിച്ചെങ്കിലും, അവരുടെ ചിന്തയത്രയും അടുത്തിടെ വരാനുള്ള ഉദ്യോഗകയറ്റത്തെക്കുറിച്ചായിരുന്നു! ഞാനല്ലല്ലോ, അയാളല്ലേ മരണപ്പെട്ടത് എന്ന ചിന്ത അവരിൽ ഗൂഢമായൊരാനന്ദം പകർന്നു. അയാൾക്കൊപ്പം കഴിഞ്ഞ നാളുകളെക്കുറിച്ചുള്ള ഓർമ്മയായിരുന്നില്ല ഭാര്യയിൽ അവശേഷിച്ചത്, തനിക്കിനിയും കിട്ടാനുള്ള പെൻഷനും മറ്റാനുകൂല്യങ്ങളും വൈകുമോയെന്ന ചിന്തയാണ്!

സ്വന്തം മരണം മാത്രമാണ് ഓരോരുത്തരെയും ഭയപ്പെടുത്തുന്നത്. അന്യൻ്റെ മരണത്തിൽ നമ്മൾ വെറുതെ സഹതപിക്കുന്നു!