Movie prime

കടൽക്ഷോഭത്തിനും തകർക്കാൻ പറ്റാത്ത മിയാവാക്കി വനം 

 

തൃശൂര്‍ മുനയ്‌ക്കല്‍ ബീച്ചില്‍ തീര്‍ത്ത മിയാവാക്കി വനം കഴിഞ്ഞയാഴ്ച ഉണ്ടായ കടലാക്രമണത്തെ അത്ഭുതകരമായി അതിജീവിച്ചു. ഒരു വര്‍ഷം കഷ്‌ടിച്ചു പൂര്‍ത്തിയാക്കുന്ന ഈ ചെറുവനത്തിലെ 3250 ചെടികളില്‍ ഇരുപതെണ്ണം മാത്രമാണ്‌ കാറ്റില്‍ കടപുഴകിയത്‌. പൂര്‍ണ്ണമായും നശിച്ചത്‌ അഞ്ചെണ്ണം മാത്രം. പതിനഞ്ചെണ്ണം വീണ്ടും തളിര്‍ക്കുമെന്നു പ്രതീക്ഷിക്കുന്നു.

2020 മെയ്‌ 15 നാണ്‌ മുസിരിസ്‌ പദ്ധതിയ്‌ക്കു കീഴിലുള്ള മുനയ്‌ക്കല്‍ പാര്‍ക്കില്‍ മിയാവാക്കി മാതൃകാ വനവല്‌ക്കരണം നടത്തിയത്‌. കേരള ഡെവലപ്പ്‌മെന്റ്‌ ആന്റ്‌ ഇന്നവേഷന്‍ സ്‌ട്രാറ്റജിക്‌ കൗണ്‍സില്‍ (കെ-ഡിസ്‌ക്‌) കേരളത്തിലുടനീളം മിയാവാക്കി മാതൃകാ വനങ്ങള്‍ സൃഷ്‌ടിച്ചതിന്റെ ഭാഗമായാണ്‌ മുനയ്‌ക്കലിലും വനം തീര്‍ത്തത്‌. ഇരുപതു സെന്റ്‌ സ്ഥലത്തായിരുന്നു വനമാതൃക നട്ടു പിടിപ്പിച്ചത്‌. കടലിനു വളരെ അടുത്ത്‌ ചൊരിമണലില്‍ ജൈവവളങ്ങളും ചകരിച്ചോറും ഉമിയും മറ്റും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ്‌ ചെടികള്‍ നട്ടത്‌.
അത്ഭുതകരമായ വളര്‍ച്ചയായിരുന്നു ചെടികള്‍ക്കുണ്ടായത്‌. പന്ത്രണ്ടു മാസം കൊണ്ട്‌ പകുതിയിലധികം ചെടികളും പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെ അടിയില്‍ അധികം ഉയരം വച്ചു.

ഒരു വര്‍ഷവും രണ്ടു ദിവസവും പൂര്‍ത്തിയാക്കിയപ്പോഴാണ്‌ ചുഴലിക്കാറ്റിന്റെ ഭാഗമായ കാറ്റും കടലാക്രമണവും ഉണ്ടായത്‌. കടല്‍ വെള്ളം ബീച്ചും പാര്‍ക്കും കടന്ന്‌ റോഡിലെത്തി. എന്നാല്‍ മിയാവാക്കി മാതൃകാ വനത്തിന്‌ വളരെ കുറച്ചു നാശനഷ്‌ടങ്ങളേ സംഭവിച്ചുള്ളൂ എന്നതാണ്‌ അത്ഭുതകരമായ കാര്യം. എന്തായാലും കടപ്പുറത്ത്‌ ഇവ എത്രമാത്രം ഫലപ്രദമാകുമെന്നറിയാന്‍ രണ്ടു മൂന്നു വര്‍ഷം കൂടി കാത്തിരിക്കേണ്ടതുണ്ട്‌.
നേച്ചേഴ്‌സ്‌ ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷന്‍, കള്‍ച്ചര്‍ ഷോപ്പി, ഇന്‍വിസ്‌ മള്‍ട്ടിമീഡിയ ഈ സംഘടനകളുടെ കണ്‍സോര്‍ഷ്യമാണ്‌ കെ-ഡിസ്‌കിനു വേണ്ടി വനം വച്ചു പിടിപ്പിച്ചത്‌.
ഇന്നു ജീവിച്ചിരിക്കുന്ന സസ്യശാസ്‌ത്രജ്ഞരില്‍ പ്രമുഖനായ പ്രൊഫ. അകിരാ മിയാവാക്കിയാണ്‌ 25-30 വര്‍ഷം കൊണ്ടു 100 വര്‍ഷം പ്രായമായ സ്വാഭാവിക വനത്തിനു തുല്യമായ വനം സൃഷ്‌ടിക്കാന്‍ കഴിയുന്ന ഈ മാതൃക ആവിഷ്‌ക്കരിച്ചത്‌. കഴിഞ്ഞ അന്‍പതു വര്‍ഷം കൊണ്ട്‌ ജപ്പാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 1400 ല്‍ അധികം ചെറുവനങ്ങള്‍ പ്രൊഫ. മിയാവാക്കി തന്നെ സൃഷ്‌ടിച്ചിട്ടുണ്ട്‌.