Movie prime

മലബാർ ലബിയോ വിത്തുൽപാദനം വിജയം

 
വംശനാശ ഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യമായ പുല്ലന്റെ (മലബാർ ലബിയോ)  വിത്തുൽപാദനം വിജയം

വംശനാശ ഭീഷണി നേരിടുന്ന കേരളത്തിലെ പ്രാദേശിക മത്സ്യമായ പുല്ലൻ എന്ന് അറിയപ്പെടുന്ന മലബാർ ലബിയോയുടെ വിത്തുൽപാദനം വിജയം. ഹാച്ചറി സാഹചര്യങ്ങളിൽ കൃത്രിമ പ്രജനനം നടത്തിയാണ് വിത്ത് ഉൽപാദിപ്പിച്ചത്. നാടൻ മത്സ്യയിനങ്ങളുടെ സംരക്ഷണത്തിൽ സുപ്രധാന നേട്ടമാണിത്. ഐസിആർ-നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനിറ്റിക് റിസോഴ്‌സസിന്റെ (എൻബിഎഫ്ജിആർ) കൊച്ചിയിലെ പ്രാദേശിക കേന്ദ്രമായ പെനിൻസുലർ മറൈൻ ഫിഷ് ജനിതക വിഭവ കേന്ദ്രമാണ് (പിഎംഎഫ്ജിആർ) വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന തനത് മത്സ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് വിത്തുൽപാദനം നടത്തിയത്.

ഒരു വർഷത്തിലേറെയായി കുളങ്ങളിൽ വളർത്തി വലുതാക്കിയ  മത്സ്യങ്ങളെ, പ്രജനന കാലയളവിൽ ഹോർമോൺ കുത്തിവയ്പ്പു നൽകി കൃത്രിമ പ്രജനനം നടത്തിയാണ് കുഞ്ഞുങ്ങളെ  ഉൽപാദിപ്പിച്ചത്. ഹാച്ചറിയിൽ ഉൽപാദിപ്പിച്ച കുഞ്ഞുങ്ങൾ സംസ്ഥാന ഫിഷറീസ് വകുപ്പിന് നൽകി. പമ്പ, മണിമല അടക്കമുള്ള കേരളത്തിന്റെ തെക്കൻ നദികളിലും, വേമ്പനാട്ടു കായലിലും കാണപ്പെടുന്ന മത്സ്യമായ പുല്ലൻ, മറ്റ് കാർപ് മത്സ്യങ്ങളെ അപേക്ഷിച്ചു വളരെ സ്വാദിഷ്ടമായ മീനാണ്. 

ഈ മീനിൻറെ ബീജ ശീതീകരണ സാങ്കേതിക വിദ്യയും പിഎംഎഫ്ജിആർ സ്വായത്തമാക്കിയിട്ടുണ്ട്. സാധാരണയായി  മഴ ആരംഭിക്കുന്ന കാലങ്ങളിലാണ്  ഈ മത്സ്യങ്ങൾ ജലാശയങ്ങളിൽ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. മുട്ട ഇടുന്നതിനായി പുഴകളിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഇവ കയറി വരികയാണ് പതിവ്. ഇക്കാലയളവിൽ, ആളുകൾ ഇവയെ വെട്ടി പിടിക്കുന്നത് കാരണം പ്രജനനം നടത്താൻ കഴിയാതെ പോകുന്നു. ഈ മീനുകളുടെ വംശനാശ ഭീഷണിക്ക് പ്രധാന കാരണം ഇത്തരം അശാസ്ത്രീയ മീൻപിടിത്ത രീതികളാണ്. പിഎംഎഫ്ജിആർ വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ കൃത്രിമമായ പ്രജനനത്തി ഇനിമുതൽ ഇവയെ സംരക്ഷിച്ചുനിർത്താനാകും.

ഹാച്ചറി സാഹചര്യങ്ങളിൽ കൃത്രിമ പ്രജനനം നടത്തിയാണ് വിത്ത് ഉൽപാദിപ്പിച്ചത്.

കാർഷിക-ജൈവവൈവിധ്യ പദ്ധതിയെക്കുറിച്ചുള്ള ഐസിഎആർ കൺസോർഷ്യം റിസർച്ച് പ്ലാറ്റ്‌ഫോമിന് കീഴിൽ ഫിഷറീസ് സർവകലാശാല ക്യാമ്പസ്സിന് അകത്തുള്ള, പിഎംഎഫ്ജിആർ ഹാച്ചറിയിലാണ് ഈ മത്സ്യത്തിന്റെ പ്രജനനവും വളർത്തു രീതികളും നടത്തിക്കൊണ്ടിരിക്കുന്നത്.

കൊച്ചിയിലെ പി.എം.എഫ്.ജി.ആർ സെന്ററിന്റെ സയന്റിസ്റ്റ് ഇൻ ചാർജ് ഡോ. ടി ടി അജിത് കുമാർ ത്രിശൂരിലെ പീച്ചി ഹാച്ചറിയിലെ ഉദ്യോഗസ്ഥർക്ക് വിത്ത് കൈമാറി. തദ്ദേശീയ മത്സ്യങ്ങളുടെ വിത്തുകൾ പ്രാദേശിക തലത്തിൽ വ്യാപകമാക്കാനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് പുതുതായി പ്രജനനം നടത്തിയ പുല്ലൻ കുഞ്ഞുങ്ങളെ നൽകിയത്. ഇതുപോലെ, കൃത്രിമമായി ഉൽപാദിപ്പിച്ച മഞ്ഞക്കൂരിയുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയും സംസ്ഥാന സർക്കാർ പിഎംഎഫ്ജിആറിനെ സമീപിച്ചിട്ടുണ്ട്.

പിഎംഎഫ്ജിആർ സെന്ററിലെ സയന്റിസ്‌റ് ഇൻ ചാർജ്  ഡോ. ടി ടി അജിത് കുമാറിന്റെയും എൻബിഎഫ്ജിആർ ഡയറക്ടർ ഡോ. കുൽദീപ് കെ. ലാലിന്റെയും മാർഗനിർദേശപ്രകാരം ഡോ ചരൺ രവി, ഡോ വി എസ് ബഷീർ, അഭിലാഷ്,  കൃഷ്ണ  പ്രസൂൺ എൻ പി, ചന്ദന കെ പി എന്നിവരടങ്ങിയ എൻബിഎഫ്ജിആർ ഗവേഷക സംഘമാണ് ഈ നേട്ടം കൈവരിച്ചത്.