Movie prime

അവർക്കുമുണ്ട് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം

 

ആമകളെയും അവയുടെ ആവാസ വ്യവസ്ഥകളെയും കുറിച്ച് പൊതുസമൂഹത്തിന് അറിവ് പകരുന്നതിനാണ് മെയ് 23 ലോക ആമ ദിനമായി  ആചരിക്കുന്നത്. എന്നാൽ ഈ മഹാമാരി കാലത്ത് ആമകൾ (turtles) നേരിടുന്നത് ഒരു വലിയ വിപത്താണ്. നമ്മൾ ഉപയോഗ ശേഷം വലിച്ചെറിയുന്ന മാസ്കുകളും, വൈറസിൽ നിന്നും സംരക്ഷിക്കുന്ന വസ്തുക്കളും അവയുടെ ആവാസ വ്യവസ്ഥയെ തകർത്തെറിയുകയാണ്.

ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ മാസ്കുകൾ കേരളത്തിന്റെ തീരപ്രദേശത്ത് ചിതറികിടക്കുകയാണെന്നാണ് പ്രകൃതി സംരക്ഷകർ പറയുന്നത്. മൺസൂണോടെ ഇവ കടലിലേക്ക് തള്ളപ്പെടും അത് കടലിലെ ആവാസവ്യവസ്ഥയ്ക്ക് വലിയ രീതിയിലുള്ള ഭീഷണി ഉയർത്തും.

ഒറ്റത്തവണ മാത്രം ഉപയോഗമുള്ള മാസ്കുകളിൽ പോളി പ്രോപ്പലിൻ പോലുള്ള പോളിമർ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ നശിക്കുന്നത്തിന് 100 വർഷമെങ്കിലും എടുക്കും. ഇവ കടലിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന മൈക്രോഫൈബർ ആയി മാറും. മാത്രമല്ല മാസ്കുകളുടെ ഇലാസ്റ്റിക്കുകളിൽ കുടുങ്ങി കടൽ ജീവികൾക്ക് ജീവഹാനിയും സംഭവിക്കാം.