Movie prime

‘പാരസൈറ്റ്’ കോടതി കയറുന്നു

ഈ വർഷത്തെ അക്കാദമി അവാർഡ് നേടിയ ബോങ് ജൂ ഹോയുടെ കൊറിയൻ ചിത്രം ഒരു തമിഴ്ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ആരോപണം. ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിന് ഓസ്കർ എന്ന അത്യപൂർവ ബഹുമതിക്ക് അർഹമായ ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റാണ് കോടതി കയറേണ്ടിവരുന്നത്. തന്റെ തമിഴ് ചിത്രം മിൻസാര കണ്ണയുടെ കോപ്പിയടിയാണ് പാരസൈറ്റ് എന്ന ആരോപണവുമായി നിർമാതാവ് തെന്നപ്പനാണ് രംഗത്തെത്തിയിട്ടുള്ളത്. ബോങ് ജൂ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കും മികച്ച വിദേശഭാഷാ More
 
‘പാരസൈറ്റ്’ കോടതി കയറുന്നു

ഈ വർഷത്തെ അക്കാദമി അവാർഡ് നേടിയ ബോങ് ജൂ ഹോയുടെ കൊറിയൻ ചിത്രം ഒരു തമിഴ്ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ആരോപണം. ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിന് ഓസ്കർ എന്ന അത്യപൂർവ ബഹുമതിക്ക് അർഹമായ ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റാണ് കോടതി കയറേണ്ടിവരുന്നത്. തന്റെ തമിഴ് ചിത്രം മിൻസാര കണ്ണയുടെ കോപ്പിയടിയാണ് പാരസൈറ്റ് എന്ന ആരോപണവുമായി നിർമാതാവ് തെന്നപ്പനാണ് രംഗത്തെത്തിയിട്ടുള്ളത്.

ബോങ് ജൂ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കും മികച്ച വിദേശഭാഷാ ചിത്രത്തിനും ഉൾപ്പെടെ നാല് അക്കാദമി അവാർഡുകൾ സ്വന്തമാക്കിയിരുന്നു. നവമാധ്യമങ്ങളിലാണ് രണ്ടു ചിത്രങ്ങൾക്കും തമ്മിലുള്ള സാദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ആദ്യം പ്രതികരണങ്ങൾ വരുന്നത്. അതോടെ ചിത്രത്തിന്റെ സംവിധായകൻ കെ എസ് രവികുമാർ പാരസൈറ്റിന്റെ സംവിധായകനെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. മിൻസാര കണ്ണ പാരസൈറ്റിനു പ്രചോദനമായതിൽ സന്തോഷം പ്രകടിപ്പിച്ചായിരുന്നു രവികുമാറിന്റെ ട്വീറ്റ്.

‘പാരസൈറ്റ്’ കോടതി കയറുന്നു

വിജയ്, മോണിക്ക കാസ്റ്റലിനോ, ഖുശ്ബു, രംഭ, മണിവണ്ണൻ, മൻസൂർ അലിഖാൻ, സുന്ദർ രാജൻ, കരൺ തുടങ്ങിയവർ അഭിനയിച്ച മിൻസാര കണ്ണ 1999 -ലാണ് റിലീസായത്. ഒരു സമ്പന്ന ഗൃഹത്തിൽ കടന്നു കൂടി ജീവിതം അല്ലലില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്ന ഒരു ദരിദ്ര കുടുംബത്തിന്റെ കഥയാണ് പാരസൈറ്റിന്റെതെങ്കിൽ കാമുകിയുടെ കുടുംബത്തിൽ സ്വന്തം വീട്ടുകാരെയെല്ലാം എത്തിച്ച് പ്രണയം സഫലമാക്കാനുള്ള കുറുക്കുവിദ്യകൾ തേടുന്ന നായകനെ പറ്റിയാണ് കെ എസ് രവികുമാറിന്റെ ചിത്രം. അന്യവീട്ടിൽ കുടുംബക്കാരെയെല്ലാം അപരിചിതരായി എത്തിക്കുന്നതിൽ തീരുന്നു രണ്ടു ചിത്രങ്ങൾക്കും തമ്മിലുള്ള സാദൃശ്യം എന്നാണ് ആരോപണങ്ങളെ തള്ളുന്നവരുടെ അവകാശവാദം. സമ്പന്നരുടെയും ദരിദ്രരുടെയും ജീവിതങ്ങൾ തമ്മിലുള്ള അന്തരങ്ങൾ കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ബോങ് ജൂ ഹോ ചിത്രം പ്രണയമല്ല സമ്പത്തിന്റെ രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്.

കിം കി ടേക് തൊഴിൽ രഹിതനായ ഒരു ഡ്രൈവറാണ്. ഭാര്യ ചോങ് സൂക്, മകൻ കി വൂ, മകൾ കി ജോങ് എന്നിവർക്കൊപ്പം ഒരു കെട്ടിടത്തിന്റെ ഭൂഗർഭ നിലയിലാണ് അയാളുടെ താമസം. കുടുംബത്തിൽ ആർക്കും തന്നെ ജോലിയില്ല. അപ്പപ്പോൾ കിട്ടുന്ന ചില്ലറപ്പണികൾ കൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. അതിനിടയ്ക്കാണ് കി വൂവിന്റെ സുഹൃത്ത് അവനൊരു പണി ഒപ്പിച്ചു കൊടുക്കുന്നത്. ഒരു ധനിക കുടുംബത്തിലെ പെൺകുട്ടിക്ക് ഇംഗ്ലീഷ് ട്യൂഷൻ എടുക്കലാണ് പണി. കോളെജ് പഠനം പൂർത്തിയാക്കാത്ത അവൻ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊട്ടാര സദൃശമായ ആ ഗൃഹത്തിൽ കയറിപ്പറ്റുന്നു. അനുകൂല സാഹചര്യം മുതലാക്കി ആ വീട്ടിലെ ജോലിക്കാരെയെല്ലാം തന്ത്രപൂർവം ഒഴിവാക്കി പകരം സ്വന്തം കുടുംബത്തിലുള്ളവരെ അവിടെ കേറ്റുന്നു.

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽനിന്നും സമ്പന്നതയുടെ സുഖ ശീതളിമയിലേക്ക് അതിവേഗമാണ് അവർ എത്തിപ്പെടുന്നത്. ഇതിനിടയിൽ പെൺകുട്ടിയുമായി കി വൂ പ്രണയത്തിലാകുന്നുമുണ്ട്. ലളിത സുന്ദരമായ ഈ പ്രമേയത്തിൽ നിന്ന് കാഴ്ചക്കാരന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന അസ്വസ്ഥജനകമായ അന്തരീക്ഷത്തിലേക്ക് ചിത്രം മാറിമറിയുന്നു. അതേവരെ കണ്ടതൊന്നുമല്ല സിനിമ എന്ന യാഥാർഥ്യത്തിലേക്ക് പ്രേക്ഷകൻ വലിച്ചെറിയപ്പെടുന്നു. അസമത്വം സൃഷ്ടിക്കുന്ന പൊട്ടിത്തെറികളാണ് പാരസൈറ്റ് സംവാദവിഷയമാക്കുന്നത്. മിൻസാര കണ്ണയുടെ പ്രമേയം ഇതല്ല എന്നാണ് എതിർവാദം ഉന്നയിക്കുന്നവർ പറയുന്നത്. രണ്ടു സിനിമകളിലെയും നായകന്മാർ സ്വന്തം കുടുംബക്കാരെ അപരിചിതരായി അവതരിപ്പിച്ച് കാര്യസാധ്യം നേടാൻ ശ്രമിക്കുന്നു എന്നത് ശരിതന്നെ. എന്നാൽ പാരസൈറ്റിന്റെ ഇതിവൃത്തം പ്രണയമല്ല, സാമ്പത്തിക അസമത്വത്തിന്റെ രാഷ്ട്രീയമാണ്.

എന്തായാലും കേസുമായി മുന്നോട്ടുപോകുമെന്നാണ് ചിത്രത്തിന്റെ അവകാശം ഇപ്പോൾ കയ്യിലുള്ള പി എൽ തെന്നപ്പൻ എന്ന നിർമാതാവ് പറയുന്നത്. അതിനായി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരു അഭിഭാഷകനെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേസ് ഫയൽ ചെയ്യും. അവരുടെ ഏതെങ്കിലും ചിത്രവുമായി നമ്മുടെ ഒരു ചിത്രത്തിന് സാദൃശ്യം വന്നാൽ അവർ കേസ് കൊടുക്കാറില്ലേ, നമ്മളും അതുതന്നെ ചെയ്യണം- അതാണ് തെന്നപ്പന്റെ പക്ഷം.