Movie prime

‘മണ്ണ്’ സമകാലിക ജീവിതത്തിൻ്റെ നേർക്കാഴ്ചയെന്ന് തിരക്കഥാകൃത്ത് പി എസ് റഫീഖ്

PS Rafeeq അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെൻ്ററികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമാണ് രാംദാസ് കടവല്ലൂരിൻ്റെ ‘മണ്ണ് ‘. ഡോക്യുമെൻ്ററി കണ്ട അനുഭവത്തെക്കുറിച്ചാണ് പ്രശസ്ത തിരക്കഥാകൃത്ത് പി എസ് റഫീഖ് എഴുതുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് പതിറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ടതിൻ്റെ കഥയാണ് ‘മണ്ണ് ‘. എന്നാൽ അത് മൂന്നാറിൻ്റെ മാത്രം കഥയല്ലെന്നും അതിജീവനത്തിനായി പൊരുതുന്ന മുഴുവൻ മനുഷ്യരുടെയും ജീവിത യാഥാർഥ്യമാണ് അത് പ്രതിനിധാനം ചെയ്യുന്നതെന്നും റഫീഖ് പറയുന്നു. ജാതിശ്രേണിയിൽ ഏറ്റവും താഴെ നിൽക്കുന്നവരുടെയും തൊഴിലാളികളുടെയും പലായനം ചെയ്യുന്നവരുടെയും അഭയാർഥികളുടെയും More
 
‘മണ്ണ്’ സമകാലിക ജീവിതത്തിൻ്റെ നേർക്കാഴ്ചയെന്ന് തിരക്കഥാകൃത്ത് പി എസ് റഫീഖ്

PS Rafeeq

അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെൻ്ററികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമാണ് രാംദാസ് കടവല്ലൂരിൻ്റെ ‘മണ്ണ് ‘. ഡോക്യുമെൻ്ററി കണ്ട അനുഭവത്തെക്കുറിച്ചാണ് പ്രശസ്ത തിരക്കഥാകൃത്ത് പി എസ് റഫീഖ് എഴുതുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് പതിറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ടതിൻ്റെ കഥയാണ് ‘മണ്ണ് ‘. എന്നാൽ അത് മൂന്നാറിൻ്റെ മാത്രം കഥയല്ലെന്നും അതിജീവനത്തിനായി പൊരുതുന്ന മുഴുവൻ മനുഷ്യരുടെയും ജീവിത യാഥാർഥ്യമാണ് അത് പ്രതിനിധാനം ചെയ്യുന്നതെന്നും റഫീഖ് പറയുന്നു. ജാതിശ്രേണിയിൽ ഏറ്റവും താഴെ നിൽക്കുന്നവരുടെയും തൊഴിലാളികളുടെയും പലായനം ചെയ്യുന്നവരുടെയും അഭയാർഥികളുടെയും നിരാലംബരായ വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിനു മുമ്പിൽ വിവസ്ത്രരായി പോകുന്ന സ്ത്രീകളുടെയും കഥയാണ് മണ്ണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കവളപ്പാറയിലും പുത്തുമലയിലും പെട്ടിമുടിയിലും മണ്ണിനടിയിൽ പൊലിഞ്ഞുപോയ നൂറുകണക്കിന് മനുഷ്യജീവിതങ്ങളെ കൂടിയാണ് റഫീഖ് ഈ കുറിപ്പിൽ അനുസ്മരിക്കുന്നത്. ചെറുകഥാകൃത്തും ആമേൻ, തൊട്ടപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് പി എസ് റഫീഖ്.PS Rafeeq

……….

‘മണ്ണ്’ സമകാലിക ജീവിതത്തിൻ്റെ നേർക്കാഴ്ചയെന്ന് തിരക്കഥാകൃത്ത് പി എസ് റഫീഖ്
പി.എസ്.റഫീഖ്

പ്രിയ സുഹൃത്ത് രാംദാസ് കടവല്ലൂരിന്റെ ‘മണ്ണ്’ എന്ന ഡോക്യുമെന്ററി ഫിലിം ഒരു നടുക്കത്തോടെയാണ് കണ്ടു തീർത്തത്. രാജ്യ താൽപര്യങ്ങളുടെയും വികസനത്തിന്റെയും പേരിൽ ലാഭക്കൊതിയൻമാരുടെയും ചൂഷകരുടെയും നിരന്തരമായ ആക്രമണങ്ങൾക്ക് മുൻപിൽ ഒരു പ്രതിരോധവും തീർക്കാനാവാതെ ജീവിതത്തിൽ നിന്ന് തിരോഭവിക്കേണ്ടിവരുന്ന കുറേ മനുഷ്യരുടെ നേർ ജീവിതമാണ് ‘മണ്ണ്.

മണ്ണ്, മൂന്നാറിലെ തോട്ടം തൊഴിലാളികളുടെയും തലമുറകളായി അവർ അനുഭവിക്കുന്ന നീതിനിഷേധത്തിന്റെയും ഒരു വനസ്ഥലിയുടെയും മാത്രം കാഴ്ചയല്ല. ‘എന്നെ പെറ്റ മണ്ണേ… ഞാൻ ഇറങ്ങിപ്പോന്നൊരു മണ്ണ് ‘ എന്ന വിലാപത്തോടെ ആരംഭിക്കുന്ന ഈ ജീവിതക്കാഴ്ച ഇന്ത്യൻ സമൂഹത്തിന്റെ ജാതിശ്രേണിയിൽ ഏറ്റവും താഴെ നിൽക്കുന്നവരുടെയും തൊഴിലാളികളുടെയും പലായനം ചെയ്യുന്നവരുടെയും അഭയാർഥികളുടെയും നിരാലംബരായ വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിനു മുമ്പിൽ വിവസ്ത്രരായി പോകുന്ന സ്ത്രീകളുടെയും കഥയാണ്. അവരുടെ ആകെത്തുകയാണ്.

ലാഭക്കൊതിയുടെ ദുരന്തഫലമായ മലയിടിച്ചിൽ കവളപ്പാറയിൽ നാമാദ്യം കണ്ടു. പുത്തുമലയിൽ അതേസമയത്തുതന്നെ അതാവർത്തിച്ചു. ഇത്തവണത്തെ മഴയിൽ പെട്ടിമുടിയിലും അത് തുടർന്നു. വെള്ളത്തിൻ്റെയും ഭീമാകാരമായ പാറകളുടെയും മലയോളം തന്നെയുള്ള മണ്ണിൻ്റെയുമടിയിൽ എത്ര മനുഷ്യ ജീവിതങ്ങളാണ് ശ്വാസംമുട്ടി തീർന്നു പോയത്. രക്ഷാപ്രവർത്തനത്തിനിടയിൽ മൺകുട്ടയിൽ നിന്ന് താഴെ പോയ മനുഷ്യൻ്റെ തല കണ്ട് മോഹാലസ്യപ്പെട്ടവരുടെ ദൃക്സാക്ഷിവിവരണം നാം കേട്ടു. പക്ഷേ വനം നഗരവാസിക്ക് എന്നും കാൽപനികതയിൽ നിലകൊള്ളുന്ന ഇടം മാത്രമാണ്. മീശപ്പുലിമലയും നീലക്കുറിഞ്ഞിയും ഉയരങ്ങളിലെ ചായയുടെ സ്വാദുമാണ്.

‘മണ്ണ്’ സമകാലിക ജീവിതത്തിൻ്റെ നേർക്കാഴ്ചയെന്ന് തിരക്കഥാകൃത്ത് പി എസ് റഫീഖ്

ഈ നേർ ചിത്രത്തിൽ മൂന്നാറിലെ ഇന്നും അടിമപ്പെട്ടു കിടക്കുന്ന മനുഷ്യർ കണ്ണീരോടെ പറയുന്ന കാര്യങ്ങൾ പൊതു സമൂഹത്തിൻ്റെ ശ്രദ്ധയിൽ വരേണ്ടതു തന്നെയാണ്. ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാത്തവർ. മാറി മാറി വരുന്ന സർക്കാരുകളുടെ ദയാരഹിതമായ ഭരണയന്ത്രം അവരെ മെരുക്കിയെടുത്തിരിക്കുന്നത് എങ്ങനെയെന്ന് നമുക്കിതിൽ കാണാം. റിസോർട്ടുകാർക്ക് മാത്രം പട്ടയം ലഭ്യമാകുന്ന തരത്തിലുള്ള ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും അതിനീചമായ ഇരട്ടത്താപ്പിനെക്കുറിച്ച് ഓരോരുത്തർക്കും കഥകളുണ്ട്. നൂറും നൂറ്റിയിരുപതും വർഷം പഴക്കമുള്ള ലായങ്ങളിലിരുന്ന് തങ്ങളുടെ ചുറ്റും മുതലാളിമാരും ഉദ്യോഗസ്ഥരും പണിതുയർത്തിയ ബംഗ്ലാവുകൾ നോക്കി അവർ നെടുവീർപ്പിടുന്നു. നാലോ അഞ്ചോ തലമുറയായി നടക്കുന്ന കൂലി നിഷേധവും അടിമത്തവും അവകാശ നിഷേധങ്ങളും അവർ എണ്ണമിട്ടു നിരത്തുന്നു.

പൊമ്പളൈ ഒരുമൈ മൂന്നാറിൽ നിന്നുയർന്നുവന്ന ഒരു വലിയ സാധ്യതയായിരുന്നു. സ്ത്രീകളുടെ ശബ്ദം കേട്ട് വിരണ്ട പ്രമാണിമാർ മെനഞ്ഞ തന്ത്രങ്ങളിൽ ആ കൂട്ടായ്മ താൽക്കാലികമായെങ്കിലും ഇന്ന് നിർജ്ജീവമാണ്. അപവാദ പ്രചാരണം നടത്തിയും തെറിവിളിച്ചും എല്ലിൻ കഷണങ്ങൾ ഇട്ടു കൊടുത്തും ജാതി കളിച്ചും തമിഴനും മലയാളിയും എന്ന വിഭാഗീയതയുണ്ടാക്കിയും മർദിച്ചും അതിൻ്റെ നേതൃസ്ഥാനത്തിരുന്നവരെ അധികാരികൾ ചിതറിച്ചു കളഞ്ഞിരിക്കുന്നു. എങ്കിലും അവർ തിരികെ വരുമെന്ന് ‘മണ്ണ്’ പറയുന്നു.

പ്രിയ രാംദാസ്, താങ്കളുടെ കാഴ്ചകൾ മൂന്നാറിലെ യഥാർഥ മുഖം തുറക്കുന്നു.”കരിയടുപ്പ് എങ്കളുക്ക്… കറൻ്റട്പ്പ് ഉങ്കള്ക്കാ…” എന്ന പെണ്ണുങ്ങളുടെ നിലവിളിയെ ആഴത്തിൽ രേഖപ്പെടുത്തുന്നു.